വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 12

പൗലോ​സി​ന്റെ ധീരനായ അനന്തരവൻ

പൗലോ​സി​ന്റെ ധീരനായ അനന്തരവൻ

തന്റെ അമ്മാവന്റെ ജീവൻ രക്ഷിച്ച ഒരു യുവാ​വി​നെ​ക്കു​റിച്ച്‌ നമുക്കു പഠിക്കാം. പൗലോസ്‌ അപ്പൊ​സ്‌ത​ല​നാ​യി​രു​ന്നു ആ യുവാ​വി​ന്റെ അമ്മാവൻ. നമുക്ക്‌ അവന്റെ പേര്‌ അറിഞ്ഞു​കൂ​ടാ. പക്ഷേ, അവൻ വളരെ ധൈര്യ​ത്തോ​ടെ ഒരു കാര്യം ചെയ്‌തു. അവൻ ചെയ്‌തത്‌ എന്താ​ണെന്ന്‌ അറിയാ​മോ?—

യേശു​വി​നെ​ക്കു​റി​ച്ചു പ്രസം​ഗി​ച്ച​തു​കൊണ്ട്‌ ശത്രുക്കൾ പൗലോ​സി​നെ ഒരിക്കൽ യെരു​ശ​ലേ​മിൽ ജയിലി​ലാ​ക്കി. ചില ദുഷ്ടന്മാർക്ക്‌ പൗലോ​സി​നെ ഇഷ്ടമല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ അവർ അവനെ കൊല്ലാൻ ഒരു ഉപായം ആലോ​ചി​ച്ചു. അവർ തമ്മിൽത്ത​മ്മിൽ ഇങ്ങനെ പറഞ്ഞു: ‘പൗലോ​സി​നെ കോട​തി​യി​ലേക്ക്‌ കൊണ്ടു​വ​രാൻ പട്ടാള​മേ​ധാ​വി​യെ​ക്കൊ​ണ്ടു സമ്മതി​പ്പി​ക്കണം. എന്നിട്ട്‌ നമുക്കു വഴിയിൽ ഒളിച്ചി​രി​ക്കാം. പട്ടാള​ക്കാർ പൗലോ​സി​നെ കൊണ്ടു​വ​രു​മ്പോൾ നമുക്ക്‌ അവനെ കൊന്നു​ക​ള​യാം!’

പൗലോസിന്റെ അനന്തരവൻ പൗലോ​സി​നോ​ടും പട്ടാള​മേ​ധാ​വി​യോ​ടും ദുഷ്ടന്മാ​രു​ടെ ഗൂഢാ​ലോ​ച​ന​യെ​പ്പറ്റി പറഞ്ഞു

പൗലോ​സി​ന്റെ അനന്തരവൻ (പൗലോ​സി​ന്റെ പെങ്ങളു​ടെ മകൻ) ഈ ഉപായ​ത്തെ​ക്കു​റിച്ച്‌ അറിഞ്ഞു. അവൻ എന്തു ചെയ്‌തു​കാ​ണും? അവൻ നേരെ ജയിലി​ലേക്കു പോയി പൗലോ​സി​നോട്‌ കാര്യം പറഞ്ഞു. ഈ ഗൂഢാ​ലോ​ച​ന​യെ​ക്കു​റിച്ച്‌ ഉടൻതന്നെ പട്ടാള​മേ​ധാ​വി​യോട്‌ പറയാൻ പൗലോസ്‌ അവനോട്‌ ആവശ്യ​പ്പെട്ടു. പൗലോ​സി​ന്റെ അനന്തര​വന്‌ പട്ടാള​മേ​ധാ​വി​യോട്‌ ഇക്കാര്യം പറയാൻ എളുപ്പ​മാ​യി​രു​ന്നോ?— അല്ല, കാരണം വലിയ അധികാ​ര​മുള്ള ഒരു ഉദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു അദ്ദേഹം! പക്ഷേ, പൗലോ​സി​ന്റെ അനന്തരവൻ ധൈര്യ​ശാ​ലി​യാ​യി​രു​ന്നു. അവൻ ചെന്ന്‌ ആ ഉദ്യോ​ഗ​സ്ഥ​നോ​ടു സംസാ​രി​ച്ചു.

ആ ഉദ്യോ​ഗ​സ്ഥന്‌ കാര്യം മനസ്സി​ലാ​യി. അദ്ദേഹം പൗലോ​സി​നെ രക്ഷിക്കാൻ ഉടൻതന്നെ 500-ഓളം പട്ടാള​ക്കാ​രെ വിളി​ച്ചു​കൂ​ട്ടി. അവരോട്‌ ആ രാത്രി​യിൽത്തന്നെ പൗലോ​സി​നെ​യും കൂട്ടി കൈസ​ര്യ​യി​ലേക്കു പോകാൻ അദ്ദേഹം ആവശ്യ​പ്പെട്ടു. പൗലോസ്‌ രക്ഷപ്പെ​ട്ടോ?— തീർച്ച​യാ​യും! ആ ദുഷ്ടന്മാർക്ക്‌ അവനെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അവരുടെ ഉപായം പൊളി​ഞ്ഞു!

ഈ കഥയിൽനി​ന്നു മോന്‌ എന്തു പഠിക്കാം?— പൗലോ​സി​ന്റെ അനന്തര​വ​നെ​പ്പോ​ലെ മോനും നല്ല ധൈര്യ​ശാ​ലി​യാ​യി​രി​ക്കണം. കാരണം, യഹോ​വ​യെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു സംസാ​രി​ക്കാൻ നമുക്ക്‌ ധൈര്യം ആവശ്യ​മാണ്‌. മോൻ ധൈര്യ​ത്തോ​ടെ യഹോ​വ​യെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു സംസാ​രി​ക്കു​മോ?— അങ്ങനെ ചെയ്‌താൽ മോനും ആരു​ടെ​യെ​ങ്കി​ലും ജീവൻ രക്ഷിക്കാം!