കുടുംബങ്ങൾക്കുവേണ്ടി | മക്കളെ വളർത്തൽ
ചിന്തയും ഭാവനയും വളരാൻ ക്രിയേറ്റീവ് കളികൾ!
കുട്ടികളുടെ ഭാവനയും അവരുടെ ചിന്തിക്കാനുള്ള കഴിവും ഉണർത്തുന്ന തരം പല കളികളും ഇന്നുണ്ട്. അത്തരം ക്രിയേറ്റീവായ കളികൾ അവരുടെ വളർച്ചയ്ക്കു സഹായിക്കും, കാര്യങ്ങൾ ഏറ്റവും നന്നായി ചെയ്യാനുള്ള അവരുടെ കഴിവും വർധിപ്പിക്കും.
അവയിൽ ചിലത്:
ചിത്രങ്ങൾ വരയ്ക്കുക
ഭക്ഷണം പാകം ചെയ്യുക
മറ്റുള്ളവരെ അഭിനയിച്ചുകാണിക്കുക
പാട്ടു പാടുക
ബിൽഡിംഗ് ബ്ലോക്കുകൾവെച്ച് കളിക്കുക
കാർഡ്ബോർഡ് പെട്ടികൾ ഉപയോഗിച്ച് എന്തെങ്കിലും ഉണ്ടാക്കുക
പല നാടുകളിലും, കുട്ടികൾ ചിന്തയോ ബുദ്ധിയോ ഉപയോഗിച്ച് കളിക്കുന്നതിനു പകരം മറ്റുള്ളവർ പറഞ്ഞുകൊടുക്കുന്നതുപോലെതന്നെ കളിക്കുകയും ആക്റ്റിവിറ്റികളിൽ ഏർപ്പെടുകയും ചെയ്യുന്നു. അതുമല്ലെങ്കിൽ അവർ വെറുതേ ഇരുന്ന് വിനോദങ്ങൾ കാണുന്നു.
അതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ?
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
നല്ല കുട്ടികളായി വളരാൻ ക്രിയേറ്റീവ് കളികൾ വേണം. ഇത്തരം കളികളുടെ പ്രയോജനം ഒന്നും രണ്ടും അല്ല. മാനസികവും ശാരീരികവും ആയ വളർച്ചയ്ക്ക് അതു ഗുണം ചെയ്യും. കുട്ടികളുടെ ഭാവനാശേഷി വളരും. അവർ നല്ല തീരുമാനങ്ങളെടുക്കാൻ കഴിവുള്ളവരാകും. ദേഷ്യം, വാശി പോലുള്ള വികാരങ്ങളെ നിയന്ത്രിക്കാനും ക്ഷമയോടെ ഇടപെടാനും അവർ പഠിക്കും. ഇനി, ഒരു കൂട്ടത്തോടൊപ്പമാണ് കളിക്കുന്നതെങ്കിൽ എല്ലാവരുമായി ഒത്തുപോകാനും അവർ പഠിക്കും. ചുരുക്കിപ്പറഞ്ഞാൽ, പക്വതയോടെ വളർന്നുവരാൻ ഇത്തരം കളികൾ കുട്ടികളെ സഹായിക്കും.
മൊബൈലിലും ടിവിയിലും കണ്ണുംനട്ടിരിക്കുന്നത് നല്ലതല്ല. കുട്ടികൾ എപ്പോഴും ഇലക്ട്രോണിക് ഉപകരണങ്ങളുടെ മുന്നിൽത്തന്നെ ഇരുന്നാൽ കുറെക്കഴിയുമ്പോൾ അവർക്ക് അത് ഇല്ലാതെ പറ്റില്ലെന്നുവരും. അമിതമായി വണ്ണംവെക്കാനും ദേഷ്യംപോലുള്ള മോശമായ സ്വഭാവങ്ങൾ വളരാനും സാധ്യതയുണ്ട്. അടങ്ങിയിരിക്കാൻവേണ്ടി കുട്ടികളെ ഈവക കാര്യങ്ങളുടെ മുമ്പിൽ ഇരുത്തുന്ന മാതാപിതാക്കളാണ് ഇതു ശരിക്കും ശ്രദ്ധിക്കേണ്ടത്.
എപ്പോഴും എന്തെങ്കിലും ചെയ്യിപ്പിച്ചുകൊണ്ടിരുന്നാൽ ഗുണത്തെക്കാൾ ദോഷമാകും ഫലം. ഒന്നിനു പുറകെ ഒന്നായി പലപല ആക്റ്റിവിറ്റികൾ കുട്ടികൾക്കു കൊടുത്തുകൊണ്ടിരുന്നാൽ ബുദ്ധിയെയും ചിന്തയെയും ഉണർത്തുന്ന തരത്തിലുള്ള കളികൾക്കു സമയം കിട്ടാതെവരും. എടുത്താൽ പൊങ്ങാത്ത ഭാരം കുട്ടികളുടെ മേൽ വെയ്ക്കുന്നത് ബുദ്ധിയല്ല.
നിങ്ങൾക്കു ചെയ്യാനാകുന്നത്
ക്രിയേറ്റീവ് കളികളിൽ ഏർപ്പെടാനുള്ള അവസരങ്ങൾ ഒരുക്കുക. സാഹചര്യം അനുവദിക്കുമെങ്കിൽ കുട്ടികളെ വെളിയിൽ കളിക്കാൻ വിടാം. അങ്ങനെ പ്രകൃതിയുമായി അവർ ഇണങ്ങി ജീവിക്കട്ടെ. കുട്ടികളുടെ ഭാവനയും ചിന്താശേഷിയും വളർത്തുന്ന തരം കളിപ്പാട്ടങ്ങൾ അവർക്കു വാങ്ങിച്ചുകൊടുക്കുക. അതുപോലെയുള്ള ഹോബികൾ തുടങ്ങാനും സഹായിക്കുക. a
ചിന്തിക്കാനായി: ഇത്തരം ക്രിയേറ്റീവായിട്ടുള്ള കളികളിൽ ഏർപ്പെട്ടാൽ എന്റെ കുട്ടിക്ക് എന്തെല്ലാം കഴിവുകളും ഗുണങ്ങളും വളർത്താനാകും? ഭാവിയിൽ അവർക്ക് അത് എങ്ങനെ പ്രയോജനം ചെയ്യും?
ബൈബിൾതത്ത്വം: “വ്യായാമം അൽപ്പപ്രയോജനമുള്ളതാണ്.”—1 തിമൊഥെയൊസ് 4:8, അടിക്കുറിപ്പ്.
‘സ്ക്രീൻ ടൈം’ കുറയ്ക്കുക. കുട്ടികളെ അടക്കിയിരുത്താനായി അവരുടെ കൈയിൽ ഫോണോ ടാബോ ഒക്കെ കൊടുക്കുമ്പോൾ അതു വേണോ വേണ്ടയോ എന്നു ചിന്തിക്കുക. രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾ സ്ക്രീനിൽ നോക്കരുതെന്നാണ് ശിശുരോഗവിദഗ്ധരുടെ അഭിപ്രായം. രണ്ടിനും അഞ്ചിനും ഇടയിലുള്ള കുട്ടികൾ ദിവസത്തിൽ ഒരു മണിക്കൂറിലധികം നോക്കുന്നതും ഒഴിവാക്കണമെന്ന് അവർ പറയുന്നു. b
ചിന്തിക്കാനായി: എന്റെ കുട്ടി മൊബൈലിലും മറ്റും നോക്കിയിരിക്കുന്നതിന് ഒരു പരിധിവെക്കാൻ എനിക്ക് എന്തു ചെയ്യാനാകും? ആ സമയത്ത് ഞാനും അവന്റെകൂടെ ഇരുന്നാലോ? ടിവിയും മറ്റും നോക്കിയിരിക്കുന്നതിനു പകരം കുട്ടിക്ക് മറ്റ് എന്തു ചെയ്യാനാകും?
ബൈബിൾതത്ത്വം: “നിങ്ങൾ എങ്ങനെ ജീവിക്കുന്നെന്നു പ്രത്യേകം ശ്രദ്ധിക്കുക; ബുദ്ധിഹീനരായല്ല, ബുദ്ധിയോടെ നടന്ന് സമയം ഏറ്റവും നന്നായി ഉപയോഗിക്കുക.”—എഫെസ്യർ 5:15, 16.
കുട്ടികൾക്ക് എത്രമാത്രം ആക്റ്റിവിറ്റികൾ കൊടുക്കണമെന്ന് നന്നായി ചിന്തിക്കുക. സ്പോർട്സിലും മറ്റും ഉള്ള കുട്ടികളുടെ കഴിവുകൾ മെച്ചപ്പെടുത്താൻ ചില ആക്റ്റിവിറ്റികൾ സഹായിക്കുമെന്നതു ശരിയാണ്. എന്നാൽ അമിതമായാൽ കുട്ടിക്ക് അതൊരു ഭാരമായിത്തീരും. ഇതിനുവേണ്ടി ഓടിനടക്കുന്ന മാതാപിതാക്കൾക്കും അത് ഒരു ബുദ്ധിമുട്ടായി മാറും. ‘സമയം നന്നായി ഉപയോഗിക്കുക’ എന്ന എഫെസ്യർ 5:15, 16-ലെ തത്ത്വം ഇക്കാര്യത്തിലും ബാധകമാണ്.
ചിന്തിക്കാനായി: പലപല ആക്റ്റിവിറ്റികൾകൊണ്ട് എന്റെ കുട്ടി ഭാരപ്പെടുന്നുണ്ടോ? എങ്കിൽ ഞാൻ എന്തൊക്കെ മാറ്റങ്ങൾ വരുത്തണം?
ബൈബിൾതത്ത്വം: “കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഏതെന്ന് ഉറപ്പുവരുത്തുക.”—ഫിലിപ്പിയർ 1:10.
a പല കളിപ്പാട്ടങ്ങളും കുട്ടികളെ ക്രിയേറ്റീവായി ചിന്തിക്കാൻ സഹായിക്കുന്ന തരത്തിലുള്ളതല്ല. എന്നാൽ ബിൽഡിംഗ് ബ്ലോക്കുകളോ കാർഡ്ബോർഡ് ബോക്സുകളോ പോലുള്ള ചെറിയ ചില കളിപ്പാട്ടങ്ങളും സാധനങ്ങളും കുട്ടികളുടെ ഭാവനാശേഷി ഉണർത്താൻ സഹായിക്കും.
b ഇവിടെ ’സ്ക്രീൻ ടൈം’ എന്നു പറഞ്ഞിരിക്കുന്നത് വിനോദത്തിനായി മൊബൈലിലോ ടിവിയിലോ നോക്കിത്തന്നെയിരിക്കുന്നതിനെയാണ്. അല്ലാതെ പഠനത്തിനോ കുടുംബത്തോടൊപ്പമുള്ള ആത്മീയകാര്യങ്ങൾക്കോ വേണ്ടി മൊബൈലോ ടാബോ ഉപയോഗിക്കുന്നതിനെയല്ല.