കുടുംബങ്ങൾക്കുവേണ്ടി | മക്കളെ വളർത്തൽ
നിങ്ങളുടെ കുട്ടിക്കു ബോറടിക്കുന്നുണ്ടോ?
“എനിക്കു ബോറടിക്കുന്നു!” ഒന്നും ചെയ്യാനില്ലാതെ വീട്ടിൽത്തന്നെ ഇരിക്കേണ്ടിവരുന്ന നിങ്ങളുടെ കുട്ടി ഇങ്ങനെ പറഞ്ഞേക്കാം. അവനോടു ടിവി കാണാനോ ഇഷ്ടപ്പെട്ട വീഡിയോ ഗെയിം കളിച്ചോളാനോ പറയാൻ വരട്ടെ. അതിനു മുമ്പ് ചില കാര്യങ്ങളൊന്ന് ചിന്തിക്കാം.
ബോറടിച്ചിരിക്കുന്ന കുട്ടികൾ—ചില മാതാപിതാക്കളുടെ അഭിപ്രായങ്ങൾ
വിനോദം—എത്രത്തോളം സമയം, ഏതുതരം എന്നതിൽ കാര്യമുണ്ട്. ഒരു അച്ഛനായ റോബർട്ട് പറയുന്നു: “ചില കുട്ടികൾക്കു ടിവി കാണുന്നതും വീഡിയോ ഗെയിം കളിക്കുന്നതും ഒക്കെയായി താരതമ്യം ചെയ്യുമ്പോൾ ജീവിതം ബോറായിട്ടാണ് തോന്നുന്നത്. അവർക്ക് ജീവിതത്തിലെ സാധാരണ കാര്യങ്ങളിൽ താത്പര്യം കുറഞ്ഞുവരും.”
അദ്ദേഹത്തിന്റെ ഭാര്യയായ ബാർബറയുടെ അഭിപ്രായവും ഇതുതന്നെയാണ്. ബാർബറ പറയുന്നു: “ശരിക്കുമുള്ള ജീവിതത്തിൽ ചിന്തയും പ്രയത്നവും ആവശ്യമാണ്. ഇനി, അതിന്റെയൊക്കെ ഫലം അറിയാൻ കഴിയുന്നത് മിക്കപ്പോഴും പതുക്കെയുമായിരിക്കും. എന്നാൽ കൂടുതൽ നേരം ടിവി കാണുകയും വീഡിയോ ഗെയിം കളിക്കുകയും ചെയ്യുന്ന കുട്ടികൾക്ക് ഇതൊക്കെ ബോറായി തോന്നും.”
സോഷ്യൽമീഡിയ ഉപയോഗിക്കുന്നത് അനാവശ്യ താരതമ്യങ്ങൾക്ക് വഴിവെച്ചേക്കാം. സോഷ്യൽമീഡിയയിലൂടെ കൂട്ടുകാർ ചെയ്യുന്ന കാര്യങ്ങളൊക്കെ കാണുമ്പോൾ, തങ്ങളുടെ ജീവിതത്തിന് ഒരു രസവുമില്ലെന്ന് കുട്ടികൾക്കു തോന്നാൻ സാധ്യതയുണ്ട്. ബെത്ത് എന്നു പേരുള്ള ഒരു പെൺകുട്ടി പറയുന്നു: “‘ഞാൻ വീട്ടിൽത്തന്നെ ഇരിക്കുന്നു, പക്ഷേ എന്റെ കൂട്ടുകാരൊക്കെ അടിച്ചുപൊളിക്കുകയാണ്’ എന്നെനിക്ക് പലപ്പോഴും തോന്നാറുണ്ട്.”
കൂടാതെ, മണിക്കൂറുകളോളം സോഷ്യൽമീഡിയ ഉപയോഗിക്കുന്ന ഒരാൾക്ക് പലപ്പോഴും ശൂന്യതയായിരിക്കും തോന്നുക, ബോറടിയാണെങ്കിൽ മാറണമെന്നുമില്ല. ക്രിസ് എന്ന ഒരു ചെറുപ്പക്കാരൻ പറയുന്നു: “ഇത് സമയം പോകാൻ നല്ലൊരു വഴിയാണ്. എങ്കിലും, അവസാനം അതുകൊണ്ട് വലിയ ഗുണമൊന്നും ഉണ്ടായില്ലെന്ന് നിങ്ങൾക്കു മനസ്സിലാകും.”
ബോറടിയെ ഒരു അവസരമാക്കി മാറ്റാം. ബോറടി കുട്ടികൾക്കു പുതിയപുതിയ ഐഡിയകളെക്കുറിച്ച് ചിന്തിക്കാൻ അവസരം തുറന്നുകൊടുക്കുമെന്നാണ് ഒരു അമ്മയായ കാതറിന്റെ അഭിപ്രായം. കാതറിൻ പറയുന്നു: “ഒരു ചെറിയ പെട്ടി, കാറോ ബസ്സോ ബോട്ടോ ഒക്കെയായി മാറും. ഒരു പുതപ്പു കിട്ടിയാൽ കുട്ടി അതുകൊണ്ട് ഒരു ടെന്റ് ഉണ്ടാക്കും.”
ഒരു സൈക്കോളജിസ്റ്റായ ഷെറി ടെർക്കിൾ പറയുന്നത് ഇതാണ്: “ബോറടി നമ്മുടെ ഭാവന ഉണർത്താനുള്ള ഒരു അവസരമാണ്.” a അതുകൊണ്ട് ബോറടി തീർത്തും ഒഴിവാക്കേണ്ട ഒന്നല്ല. കുഴങ്ങിപ്പോയവർ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു: “ഭാരം എടുക്കുന്നത് മസിലിന് എങ്ങനെയാണോ ഗുണം ചെയ്യുന്നത്, അങ്ങനെയാണ് ബോറടി തലച്ചോറിനും.”
ചുരുക്കിപ്പറഞ്ഞാൽ: നിങ്ങളുടെ കുട്ടിയുടെ ബോറടിയെ ഒരു പ്രശ്നമായി കാണുന്നതിനു പകരം പുതിയപുതിയ ഐഡിയകൾ കണ്ടെത്താൻ അവരെ സഹായിക്കാനുള്ള അവസരമായി കാണുക.
ബോറടിച്ചിരിക്കുന്ന കുട്ടികൾ—മാതാപിതാക്കൾക്ക് എന്തു ചെയ്യാനാകും
സാഹചര്യങ്ങൾ അനുവദിക്കുന്നെങ്കിൽ കുട്ടികളെ വീടിനു പുറത്തു കളിക്കാൻ വിടുക. മുമ്പു കണ്ട ബാർബറ പറയുന്നു: “സൂര്യപ്രകാശവും കാറ്റും അടിക്കുമ്പോൾ ബോറടിയുടെ മൂടൽമഞ്ഞ് നീങ്ങിപ്പോകുന്നതു കാണാൻ എന്തു രസമാണെന്നോ! ഞങ്ങളുടെ കുട്ടികൾ പുറത്തു കളിക്കാൻ തുടങ്ങിയപ്പോൾ അവരുടെ ഭാവനാശേഷി കൂടുതൽ വികസിച്ചു.”
ബൈബിൾ തത്ത്വം: “എല്ലാത്തിനും ഒരു നിയമിതസമയമുണ്ട്. . . ചിരിക്കാൻ ഒരു സമയം. . . തുള്ളിച്ചാടാൻ ഒരു സമയം.”—സഭാപ്രസംഗകൻ 3:1, 4.
ചിന്തിക്കാനായി: കുട്ടികൾ പുറത്തുപോയി കളിക്കാൻവേണ്ടി അവർക്ക് എന്തൊക്കെ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ എനിക്കാകും? ഇനി, പുറത്തുപോയി കളിക്കാനാകുന്നില്ലെങ്കിൽ അവരുടെ ചിന്തയെ ഉണർത്തുന്ന എന്തെല്ലാം കാര്യങ്ങൾ അവർക്ക് വീട്ടിലിരുന്ന് ചെയ്യാൻ പറ്റുന്നുണ്ട്?
മറ്റുള്ളവരെക്കുറിച്ച് ചിന്തയുള്ളവരായിരിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുക. ലില്യാൻ എന്ന ഒരു അമ്മ പറയുന്നു: “മറ്റുള്ളവർക്കുവേണ്ടി എന്തെങ്കിലും ചെയ്തുകൊടുക്കുന്നത് ശരിക്കും സന്തോഷം തരും. പ്രായമായ ആരുടെയെങ്കിലും വീടും മുറ്റവും വൃത്തിയാക്കുന്നതോ അവർക്ക് ഭക്ഷണം പാകംചെയ്ത് കൊടുക്കുന്നതോ അവരുടെ സുഖവിവരം അന്വേഷിക്കുന്നതോ ഒക്കെ അതിൽപ്പെടും.”
ബൈബിൾ തത്ത്വം: “ഔദാര്യം കാണിക്കുന്നവനു സമൃദ്ധി ഉണ്ടാകും; ഉന്മേഷം പകരുന്നവന് ഉന്മേഷം ലഭിക്കും.”—സുഭാഷിതങ്ങൾ 11:25.
ചിന്തിക്കാനായി: മറ്റുള്ളവരെ സഹായിക്കുന്നതിന്റെ സന്തോഷം ആസ്വദിക്കാൻ നിങ്ങൾക്ക് എങ്ങനെയെല്ലാം മക്കളെ സഹായിക്കാം?
കുട്ടികൾക്ക് ഒരു നല്ല മാതൃക വെക്കുക. ദിവസവും ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ സംസാരം കുട്ടികളെ ബാധിച്ചേക്കാം. സാറാ എന്ന ഒരു അമ്മ പറയുന്നു: “നമ്മുടെ ജീവിതം വളരെ മടുപ്പിക്കുന്നതാണ് എന്ന രീതിയിൽ സംസാരിച്ചാൽ നമ്മൾ കുട്ടികളെ ബോറടിക്കാൻ പഠിപ്പിക്കുകയായിരിക്കും. എന്നാൽ, ജീവിതത്തിലെ ഓരോ കാര്യവും നമ്മൾ ആസ്വദിച്ചാണ് ചെയ്യുന്നതെങ്കിൽ കുട്ടികളും അങ്ങനെതന്നെ ചെയ്യാനുള്ള സാധ്യതയുണ്ട്.”
ബൈബിൾ തത്ത്വം: “ഹൃദയത്തിൽ സന്തോഷമുള്ളവന് എന്നും വിരുന്ന്.”—സുഭാഷിതങ്ങൾ 15:15.
ചിന്തിക്കാനായി: അനുദിനജീവിതത്തെക്കുറിച്ചുള്ള എന്റെ സംസാരത്തിൽനിന്ന് കുട്ടികൾ എന്താണ് മനസ്സിലാക്കുന്നത്? ബോറടി മാറ്റുന്നതിനായി ഞാൻ എന്തു ചെയ്യുന്നതായിട്ടാണ് കുട്ടികൾ കാണുന്നത്?
ചെയ്യാനാകുന്നത്: കുട്ടികളുടെ ചിന്താപ്രാപ്തിയും ഭാവനാശേഷിയും വളർത്താൻ സഹായിക്കുന്ന കാര്യങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കാൻ അവരെ സഹായിക്കുക. അലിസൺ എന്ന ഒരു അമ്മ പറയുന്നു: “വീട്ടിൽ ഞങ്ങൾ ഒരു ബോക്സ് വെച്ചിട്ടുണ്ട്. ഓരോരുത്തരും മനസ്സിൽ തോന്നുന്ന ഐഡിയകൾ എഴുതി ആ ബോക്സിൽ ഇടും.”
a ആശയവിനിമയം പുനരാരംഭിക്കുന്നു (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽനിന്ന്.