യുവജനങ്ങൾ ചോദിക്കുന്നു
ഇത് സൗഹൃദമോ പ്രണയമോ?—ഭാഗം 1: എനിക്ക് ലഭിക്കുന്ന സൂചനകളുടെ അർഥം എന്താണ്?
എതിർലിംഗത്തിൽപ്പെട്ട ഈ വ്യക്തിയെ നിങ്ങൾക്കു വളരെ ഇഷ്ടമാണ്. ആ വ്യക്തിക്കും അതേ തോന്നലാണുള്ളതെന്ന് നിങ്ങൾക്ക് ഉറപ്പാണ്. അങ്ങനെ ചിന്തിക്കാൻ കാരണമുണ്ട്. മിക്കപ്പോഴും നിങ്ങൾ പരസ്പരം മെസേജുകൾ അയയ്ക്കുന്നു, കൂടിവരവുകളിൽ നിങ്ങൾ ജോഡിതിരിയുന്നു. ഇനി ആ വ്യക്തിയിൽനിന്ന് നിങ്ങൾക്കു ലഭിക്കുന്ന മെസേജുകളാകട്ടെ പ്രണയാർദ്രവുമാണ്.
അതുകൊണ്ട് കാര്യത്തിന്റെ സത്യാവസ്ഥ ഉറപ്പാക്കാൻ നിങ്ങൾ തീരുമാനിക്കുന്നു. നിങ്ങളുടെ ഇഷ്ടം അറിയിച്ചപ്പോൾ “ഞാൻ നിന്നെ ഒരു സുഹൃത്തായി മാത്രമേ കണ്ടിട്ടുള്ളൂ, അതിനപ്പുറം ഒന്നുമില്ല” എന്നാണു ലഭിച്ച മറുപടി.
അപ്പോൾ എന്തു തോന്നി
“എനിക്ക് അങ്ങേയറ്റം ദേഷ്യമായിരുന്നു—അവനോടും എന്നോടുതന്നെയും! എല്ലാ ദിവസവും ഞങ്ങൾ മെസേജ് അയയ്ക്കുമായിരുന്നു. അവൻ എന്നോടു ഒരു പ്രത്യേകതാത്പര്യം കാണിച്ചിരുന്നു. സ്വാഭാവികമായും ഞാൻ അവനെ ഇഷ്ടപ്പെടാൻ തുടങ്ങി.”—ജാസ്മിൻ.
“ഞാനും ഒരു പെൺകുട്ടിയും മറ്റൊരു പ്രണയജോഡിക്കു തുണപോകുമായിരുന്നു. ചില സന്ദർഭങ്ങളിൽ രണ്ടു ജോഡികളും ഒരുപോലെ പ്രണയബദ്ധരാണോ എന്ന് തോന്നിപ്പോകും. ഞങ്ങൾ ഒരുപാട് സംസാരിച്ചു. പിന്നെ ഞങ്ങൾ മെസേജുകൾ അയയ്ക്കാനും തുടങ്ങി. എന്നാൽ ഒരു സുഹൃത്തായി മാത്രമേ അവൾ എന്നെ കാണുന്നുള്ളൂ എന്നും അവളുടെ മനസ്സിൽ മറ്റൊരാളുണ്ട് എന്നും അറിഞ്ഞപ്പോൾ ഞാൻ തകർന്നുപോയി.”—റിച്ചാഡ്.
“ഒരു പയ്യൻ എന്നും എനിക്ക് മെസേജുകൾ അയയ്ക്കുമായിരുന്നു. സത്യം പറഞ്ഞാൽ ഞങ്ങൾ പരസ്പരം ‘ശൃംഗരിക്കാറുണ്ട്’. ഒരു ദിവസം എന്റെ ഇഷ്ടത്തെക്കുറിച്ച് അവനോടു പറഞ്ഞപ്പോൾ അവൻ ചിരിച്ചുകൊണ്ട് ‘എനിക്ക് പ്രേമിക്കാനുള്ള പ്രായമായിട്ടില്ല’ എന്നു പറഞ്ഞ് എന്നെ തഴഞ്ഞു. അവനെ ഓർത്ത് ഞാൻ കുറെ നാൾ കരഞ്ഞു.”—തമാര.
ചുരുക്കത്തിൽ: നിങ്ങൾക്ക് ഒരാളുമായി പ്രത്യേക അടുപ്പമുണ്ടെന്നു തോന്നുകയും പിന്നീട് അതു നിങ്ങൾക്കു മാത്രം ഉണ്ടായ തോന്നലാണെന്ന് തിരിച്ചറിയുകയും ചെയ്യേണ്ടിവരുമ്പോൾ ദേഷ്യവും നാണക്കേടും എന്തിന് വഞ്ചിക്കപ്പെട്ടതായി പോലും അനുഭവപ്പെട്ടേക്കാം. “എന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു കാര്യം സംഭവിച്ചപ്പോൾ ഞാൻ ആകെ തകർന്നുപോയി. ഹൃദയവേദന ഉളവാക്കുന്ന ഒരു കാര്യമാണ് അത്. അതോടെ മറ്റുള്ളവരിലുള്ള വിശ്വാസം എനിക്കു നഷ്ടപ്പെട്ടു” എന്ന് യുവാവായ സ്റ്റീവൻ പറയുന്നു.
അങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ട്
നിങ്ങളെ പ്രണയിക്കാത്ത ഒരാളോട് വൈകാരികമായ അടുപ്പം തോന്നാൻ മെസേജും സോഷ്യൽ നെറ്റ്വർക്കിങ്ങും ഇടയാക്കുന്നു. ചില ചെറുപ്പക്കാർക്ക് എന്താണു പറയാനുള്ളതെന്നു ശ്രദ്ധിക്കുക.
“സമയംകളയാൻ വേണ്ടി മാത്രം ചിലർ നിങ്ങൾക്കു മെസേജുകൾ അയയ്ച്ചേക്കാം, എന്നാൽ അതിനെ നിങ്ങളോടുള്ള താത്പര്യമുള്ളതിന്റെ ഒരു ലക്ഷണമായി നിങ്ങൾ കണക്കാക്കിയേക്കാം. മെസേജുകൾ ഒരു പതിവാകുമ്പോൾ, അയാൾ നിങ്ങളെ പ്രണയിക്കുന്നതായി തോന്നിയേക്കാം.”—ജെനിഫർ.
“ഒരു വ്യക്തിക്ക് മറ്റൊരാളിൽ ആത്മാർഥമായ താത്പര്യമുണ്ടെന്നുവരാം. എന്നാൽ മറ്റേ വ്യക്തിക്ക്, മിണ്ടാനും പറയാനും ഒരാളെയോ തനിക്ക് ആത്മവിശ്വാസം തരാൻ കഴിയുന്ന ഒരാളെയോ ഒക്കെയായിരിക്കാം ആവശ്യം.”—ജയിംസ്.
“‘ഗുഡ് നൈറ്റ്’ എന്ന ഒരു ചെറിയ മെസേജുപോലും പ്രണയമായി തെറ്റിദ്ധരിക്കാനിടയുണ്ട്. എന്നാൽ ടെലിഫോണിലൂടെ കച്ചവടം നടത്തുന്ന ഒരാൾക്ക് ഉപഭോക്താവിനോടു തോന്നുന്ന താത്പര്യം മാത്രമേ മറ്റേ വ്യക്തിക്ക് ഉണ്ടായിക്കാണുകയുള്ളൂ.”—ഹെയ്ലി.
“മെസേജിനോടൊപ്പം ചിരിച്ച മുഖമുള്ള ഒരു ചിഹ്നം അയയ്ക്കുന്നത്, ഒന്നുകിൽ ‘താൻ ഒരു മര്യാദക്കാരനാണെന്നോ,’ അല്ലെങ്കിൽ ‘താൻ ഒരു പൂവാലനാണെന്നോ’ അർഥമാക്കും. എന്നാൽ മിക്കപ്പോഴും ആ ചിഹ്നം കാണുന്ന വ്യക്തി മറ്റേയാൾ തന്നോടു ശ്രംഗരിക്കുകയാണെന്ന് വിചാരിച്ചേക്കാം.”—അലീസിയ.
ചുരുക്കത്തിൽ: മറ്റുള്ളവർ നമ്മളോടു കാണിക്കുന്ന എല്ലാ താത്പര്യത്തെയും പ്രണയമായി തെറ്റിദ്ധരിക്കരുത്.
പറയാൻ എളുപ്പമാണല്ലേ? എങ്കിൽ ബൈബിൾ പറയുന്നു: “ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളതു.” (യിരെമ്യ 17:9) നിങ്ങളുടെ ഇഷ്ടം, കേവലം ഭാവനയിൽ മാത്രം ഇതൾവിരിഞ്ഞ ഒന്നാണെന്ന് തിരിച്ചറിയുമ്പോൾ, ഒരു തിര വന്ന് ഒലിച്ചുപോകുന്ന മണൽകൊട്ടാരം പോലെ അത് തകർന്നടിയും.
നിങ്ങൾക്ക് എന്തു ചെയ്യാനാകും
വസ്തുനിഷ്ഠമായി വിലയിരുത്തുക. നിങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒന്ന് മനസ്സിരുത്തി ചിന്തിക്കുക. നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക, ‘മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമായി എന്നെ ഇയാൾ കാണുന്നെന്ന് ചിന്തിക്കാൻ ഈടുറ്റ എന്ത് അടിസ്ഥാനമാണുള്ളത്?’ ഒരിക്കലും വികാരങ്ങൾ നിങ്ങളുടെ ‘കാര്യബോധത്തെ’ കീഴടക്കാൻ അനുവദിക്കരുത്.—റോമർ 12:1.
വിവേചനയുള്ളവരായിരിക്കുക. ഒരു സൗഹൃദത്തിനപ്പുറം എന്തൊക്കെയോ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന സൂചനകൾക്ക് കൊടുക്കുന്നതിനെക്കാൾ ശ്രദ്ധ, മറിച്ചുചിന്തിക്കാൻ ഇടയാക്കുന്ന സൂചനകൾക്ക് നൽകുക. നിങ്ങൾക്കു ഒരാളോട് ഒരു പ്രത്യേക അടുപ്പം തോന്നുന്നു എന്ന ഒറ്റ കാരണത്താൽ മറ്റേ വ്യക്തിക്കും അതേ വികാരങ്ങളാണുള്ളതെന്ന് നിഗമനം ചെയ്യാതിരിക്കുക.
ക്ഷമയുള്ളവരായിരിക്കുക. നിങ്ങളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്ന് മറ്റേ വ്യക്തി തുറന്നുപറയുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുക. അതിനു മുമ്പ് ഭാവനകൾ നെയ്തുകൂട്ടുന്നത്, താങ്ങാവുന്നതിലധികം നഷ്ടം വരാൻ സാധ്യതയുള്ള ഒരു കച്ചവടത്തിനായി മുതൽ മുടക്കുന്നതുപോലെയായിരിക്കും.
സത്യസന്ധരായിരിക്കുക. “സംസാരിപ്പാൻ ഒരു കാലം” ഉണ്ടെന്ന് ബൈബിൾ പറയുന്നു. (സഭാപ്രസംഗി 3:7) ഒരാൾക്കു നിങ്ങളോട് പ്രത്യേകതാത്പര്യം ഉണ്ടോയെന്ന് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, അയാളോട് അതെക്കുറിച്ച് നേരിട്ട് സംസാരിക്കുക. “നിങ്ങൾക്കു രണ്ടു പേർക്കും പരസ്പരം താത്പര്യം ഇല്ലെങ്കിൽ, മാസങ്ങൾക്കു ശേഷം പ്രണയനൈരാശ്യത്തിൽ മുങ്ങിത്തകർന്നുപോകുന്നതിനെക്കാൾ നല്ലത് അതു മൊട്ടിട്ടുതുടങ്ങുമ്പോൾത്തന്നെ പിഴുതുകളയുന്നതാണ്” എന്ന് 21 വയസ്സുള്ള വലേറി പറയുന്നു.
ചുരുക്കത്തിൽ: “ഹൃദയത്തെ കാത്തുകൊൾക” എന്ന് സദൃശവാക്യങ്ങൾ 4:23 പറയുന്നു. നിങ്ങൾക്കു മറ്റൊരാളോട് അടുപ്പം തോന്നുന്നെങ്കിൽ അയാൾക്കും അതേ താത്പര്യമുണ്ടോ എന്ന് ആദ്യംതന്നെ ഉറപ്പു വരുത്തുക. എന്നാൽ അതിനുമുമ്പ് പ്രണയവികാരങ്ങൾ ഹൃദയത്തിൽ വേരുപിടിക്കാൻ അനുവദിക്കുന്നത് ഒരു പാറപ്പുറത്ത് ചെടി നടാൻ ശ്രമിക്കുന്നതുപോലെയാണ്.
മറ്റേ വ്യക്തിക്കും നിങ്ങൾക്കുള്ള അതേ താത്പര്യമാണുള്ളതെന്നു കണ്ടെത്തിക്കഴിഞ്ഞാൽ ആ ബന്ധം തുടരണോ വേണ്ടയോ എന്ന് നിങ്ങൾക്കു തീരുമാനിക്കാം—അതിനുള്ള പ്രായം നിങ്ങൾക്ക് ആയിട്ടുണ്ടെങ്കിൽ. ഓർക്കുക, ഒരേ ആത്മീയലക്ഷ്യങ്ങളുള്ളവരും തുറന്ന ആശയവിനിമയം ചെയ്യുന്നവരും സത്യസന്ധമായി ഇടപെടുന്നവരും ആയ ഭാര്യഭർത്താക്കന്മാർക്ക് മാത്രമേ ശക്തമായ ഒരു വിവാഹബന്ധം കെട്ടിപ്പടുക്കാനാകൂ. (1 കൊരിന്ത്യർ 7:39) നല്ല സുഹൃത്തുക്കളെന്ന നിലയിലല്ലേ നിങ്ങളുടെ ബന്ധം തുടങ്ങിയത്? അത് തുടരേണ്ടതും അങ്ങനെതന്നെയാണ്.—സദൃശവാക്യങ്ങൾ 5:18.