യുവജനങ്ങൾ ചോദിക്കുന്നു
ഞാൻ എന്റെ ചങ്ങാതിക്കൂട്ടം വലുതാക്കണോ?
“എന്റെ ഗ്യാങ്ങിന്റെകൂടെയായിരിക്കുന്നതാണ് എനിക്ക് ഇഷ്ടം. അതു വിട്ടുപോരാൻ എനിക്ക് ഒട്ടും പറ്റാറില്ല.”—അലൻ.
“എനിക്കു കുറച്ച് കൂട്ടുകാരേ ഉള്ളൂ. അതാണ് എനിക്ക് ഇഷ്ടം. എനിക്കു പരിചയമില്ലാത്തവരോട് സംസാരിച്ച് അവരെയും എന്റെ ചങ്ങാതികളാക്കാൻ ഞാനില്ല.”—സാറ.
അലന്റെയും സാറയുടെയും അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ? ആർക്കും വേർപിരിക്കാനാകാത്ത അങ്ങനെയൊരു ചങ്ങാതിക്കൂട്ടം നിങ്ങൾക്കുണ്ടോ? ആ കൂട്ടത്തിലേക്ക് നിങ്ങൾ ആരെയും കൂട്ടാറില്ലേ?
എങ്കിൽ, ഈ ലേഖനം നിങ്ങൾക്കുള്ളതാണ്!
ഗ്യാങ്ങുണ്ടായാലുള്ള കുഴപ്പം
അടുത്ത ചങ്ങാതിമാരുടെ ഒരു ഗ്യാങ്ങുള്ളത് ഒരു കുഴപ്പമല്ല. നിങ്ങളുടെ കുഴപ്പങ്ങളും മണ്ടത്തരങ്ങളും ഒന്നും കാര്യമാക്കാതെ നിങ്ങളെ മനസ്സിലാക്കുന്ന കൂട്ടുകാരോടൊപ്പമായിരിക്കുന്നത് വലിയൊരു ആശ്വാസമാണ്. നിങ്ങളെ സ്നേഹിക്കാൻ ആരൊക്കെയോ ഉണ്ട് എന്നു നിങ്ങൾക്കു തോന്നും.
“മറ്റുള്ളവർ നമ്മളെ സ്നേഹിക്കുന്നതും അവരുടെ ഗ്രൂപ്പിൽ നമ്മളെ കൂട്ടുന്നതും വലിയൊരു കാര്യമാണ്. എന്നെപ്പോലെ ചെറുപ്പമാണെങ്കിൽ, അങ്ങനെയൊരു കൂട്ടത്തോടൊപ്പമായിരിക്കാനാണ് ആഗ്രഹിക്കുക.”—കാരെൻ, 19.
നിങ്ങൾക്ക് അറിയാമോ? 12 അപ്പോസ്തലന്മാരും യേശുവിന്റെ സുഹൃത്തുക്കളായിരുന്നു. എന്നാൽ അതിൽ മൂന്നു പേരായ പത്രോസും യാക്കോബും യോഹന്നാനും യേശുവിന്റെ അടുത്ത കൂട്ടുകാരായിരുന്നു.—മർക്കോസ് 9:2; ലൂക്കോസ് 8:51.
എന്നാൽ, നിങ്ങളുടെ ഗ്രൂപ്പിലുള്ള കൂട്ടുകാരോടു മാത്രം കൂട്ടുകൂടുന്നതും മറ്റുള്ളവരെ ഒഴിവാക്കുന്നതും ശരിയല്ല. അങ്ങനെ ചെയ്താൽ. . .
നല്ല ചില ചങ്ങാതിമാരുമായുള്ള കൂട്ട് കിട്ടാതെപോയേക്കാം.
“തരപ്പടിക്കാരെ മാത്രം കൂട്ടുകാരാക്കിയാൽ നല്ല വ്യക്തിത്വങ്ങളിലേക്കും പുതിയ അനുഭവങ്ങളിലേക്കും ഉള്ള വാതിൽ നിങ്ങൾ കൊട്ടിയടയ്ക്കുകയായിരിക്കും.”—ഇവാൻ, 21.
നിങ്ങൾക്കു ഭയങ്കര ജാഡയാണെന്ന് മറ്റുള്ളവർ ചിന്തിക്കും.
“കൂട്ടുകാരുടെ ഗ്യാങ്ങിനൊപ്പം മാത്രമായിരുന്നാൽ നിങ്ങൾക്ക് വേറെ ആരോടും സംസാരിക്കാൻ ഇഷ്ടമില്ലെന്ന ധാരണയായിരിക്കും നിങ്ങൾ മറ്റുള്ളവർക്കു നൽകുന്നത്.”—സാറ, 17.
ചട്ടമ്പിത്തരത്തിനു കൂട്ടു നിൽക്കാൻ ഇടയാക്കിയേക്കാം.
“നമ്മളായിട്ട് ചട്ടമ്പിത്തരത്തിനു പോകില്ലായിരിക്കാം. പക്ഷേ നമ്മുടെ ഗ്യാങ്ങ് അങ്ങനെ ചെയ്യുമ്പോൾ നമ്മൾ അതൊരു തമാശയായി കണ്ട് കൂടെ ചേർന്നേക്കാം.”—ജയിംസ്, 17.
എങ്ങനെയും ആ ഗ്രൂപ്പിന്റെകൂടെ ആയിരിക്കണമെന്നു ചിന്തിച്ച് പല പ്രശ്നങ്ങളിലും ചെന്ന് ചാടിയേക്കാം.
“ഗ്രൂപ്പിലെ ഒരാൾ മോശമായ എന്തെങ്കിലും ചെയ്താൽ മതി, ഗ്യാങ്ങിലുള്ള എല്ലാവരും അതിനു കൂട്ടുനിന്നേക്കാം.”—മാർട്ടിന, 17.
നിങ്ങൾക്കു ചെയ്യാനാകുന്നത്
നിങ്ങളുടെ മൂല്യങ്ങളെക്കുറിച്ച് ചിന്തിക്കുക.
നിങ്ങളോടുതന്നെ ചോദിക്കുക: ‘ജീവിതത്തിൽ എന്തു മൂല്യങ്ങൾ മുറുകെ പിടിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്? അങ്ങനെ ചെയ്യാൻ എന്റെ കൂട്ടുകാർ എന്നെ സഹായിക്കുന്നുണ്ടോ അതോ അതു ബുദ്ധിമുട്ടാക്കുകയാണോ? എന്തു വില കൊടുത്തും ഞാൻ ആ കൂട്ടുകാരുടെകൂടെ നിൽക്കണോ?’
ബൈബിൾതത്ത്വം: “ചീത്ത കൂട്ടുകെട്ടു നല്ല ധാർമികമൂല്യങ്ങളെ നശിപ്പിക്കുന്നു.”—1 കൊരിന്ത്യർ 15:33, അടിക്കുറിപ്പ്.
“നിങ്ങളുടെ മൂല്യങ്ങൾ മുറുകെ പിടിക്കാത്ത കൂട്ടുകാരാണ് നിങ്ങളുടെ ഗ്യാങ്ങിലുള്ളതെങ്കിൽ നിങ്ങൾ ഒരിക്കലും ചെയ്യില്ലെന്നു വിചാരിച്ച പല കാര്യങ്ങളും ചെയ്തുപോയേക്കാം.”—എലെൻ, 14.
നിങ്ങളുടെ മുൻഗണനകളെക്കുറിച്ച് ചിന്തിക്കുക.
നിങ്ങളോടുതന്നെ ചോദിക്കുക: ‘ഗ്യാങ്ങിലുള്ളവരോട് അത്രയ്ക്ക് അടുപ്പമുള്ളതുകൊണ്ട് എന്റെ നിലവാരങ്ങളിൽ ഞാൻ അയവ് വരുത്താറുണ്ടോ? കൂട്ടത്തിലുള്ള ഒരാൾ തെറ്റായ ഒരു കാര്യം ചെയ്താൽ ഞാൻ എന്തു ചെയ്യും?’
ബൈബിൾതത്ത്വം: ‘ഞാൻ സ്നേഹിക്കുന്നവരെയൊക്കെ ഞാൻ ശാസിക്കും.’—വെളിപാട് 3:19.
“മൂല്യങ്ങളെ മുറുകെ പിടിക്കാത്ത ഒരാളാണ് നിങ്ങളെങ്കിൽ, ഗ്രൂപ്പിലുള്ള ആരെങ്കിലും കുഴപ്പത്തിൽ ചാടിയാൽ നിങ്ങൾ മിണ്ടാതിരുന്നേക്കാം. കാരണം അതെക്കുറിച്ച് പറഞ്ഞാൽ അയാളെ ചതിക്കുകയാണെന്നു നിങ്ങൾക്കു തോന്നിയേക്കാം.”—മെലാനി, 22.
ചങ്ങാതിക്കൂട്ടം വലുതാക്കുക.
നിങ്ങളോടുതന്നെ ചോദിക്കുക: ‘എനിക്ക് അത്ര പരിചയമില്ലാത്തവരെയും എന്റെ ചങ്ങാതിക്കൂട്ടത്തിൽ കൂട്ടിയാൽ നല്ലതാണോ?’
ബൈബിൾതത്ത്വം: “നിങ്ങൾ സ്വന്തം താത്പര്യം മാത്രം നോക്കാതെ മറ്റുള്ളവരുടെ താത്പര്യവുംകൂടെ നോക്കണം.”—ഫിലിപ്പിയർ 2:4.
“അധികം ആരുടെയും ശ്രദ്ധയിൽപ്പെടാത്ത കുട്ടികളുടെ വീട്ടിലെ കാര്യം ചിലപ്പോൾ കഷ്ടമായിരിക്കും. അവരെ അടുത്തറിഞ്ഞാലേ അവർ എത്ര മിടുക്കരാണെന്നു മനസ്സിലാക്കാനാകൂ.”—ബ്രയൻ, 19.
ചുരുക്കിപ്പറഞ്ഞാൽ: ഇഴയടുപ്പമുള്ള ചങ്ങാതിക്കൂട്ടമുണ്ടായിരിക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ അതോടൊപ്പം മറ്റുള്ളവരെ ആ കൂട്ടത്തിലേക്കു ചേർത്താൽ നിങ്ങൾക്ക് അതു ഗുണം ചെയ്യും. ബൈബിൾ പറയുന്നു: “ഉന്മേഷം പകരുന്നവന് ഉന്മേഷം ലഭിക്കും.”—സുഭാഷിതങ്ങൾ 11:25.