യുവജനങ്ങൾ ചോദിക്കുന്നു
ഞാൻ മറ്റുള്ളവരെ സഹായിക്കേണ്ടത് എന്തുകൊണ്ട്?
പലർക്കും അറിയില്ലാത്ത രണ്ടു രഹസ്യങ്ങൾ
രഹസ്യം #1: കൊടുത്താൽ തിരിച്ചും കിട്ടും!
നിങ്ങൾ കൊടുക്കാൻ മനസ്സുള്ളയാളാണെന്നു മറ്റുള്ളവർ മനസ്സിലാക്കും. അങ്ങനെയാകുമ്പോൾ നിങ്ങൾക്കു തിരിച്ചുതരാനും അവർ മനസ്സുകാണിച്ചേക്കാം. ബൈബിൾ അതെക്കുറിച്ച് ഇങ്ങനെ പറയുന്നു:
“കൊടുക്കുന്നത് ഒരു ശീലമാക്കുക. അപ്പോൾ ആളുകൾ നിങ്ങൾക്കും തരും. . . . നിങ്ങൾ അളന്നുകൊടുക്കുന്ന അതേ അളവുപാത്രത്തിൽ നിങ്ങൾക്കും അളന്നുകിട്ടും.”—ലൂക്കോസ് 6:38.
രഹസ്യം #2: മറ്റുള്ളവരെ സഹായിക്കുമ്പോൾ നിങ്ങൾ നിങ്ങളെത്തന്നെ സഹായിക്കുകയാണ്!
മറ്റുള്ളവർക്കുവേണ്ടി നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ നിങ്ങളുടെ ആത്മാഭിമാനം വർധിക്കുകയും കൊടുക്കുന്നതിന്റെ സംതൃപ്തി നിങ്ങൾ അനുഭവിച്ചറിയുകയും ചെയ്യും. ബൈബിൾ പറയുന്നതു ശ്രദ്ധിക്കുക:
“വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്.”—പ്രവൃത്തികൾ 20:35.
“അതുകൊണ്ട് വിരുന്നു നടത്തുമ്പോൾ പാവപ്പെട്ടവരെയും വികലാംഗരെയും മുടന്തരെയും അന്ധരെയും ക്ഷണിക്കുക. തിരിച്ചുതരാൻ അവരുടെ കൈയിൽ ഒന്നുമില്ലാത്തതുകൊണ്ട് താങ്കൾക്കു സന്തോഷിക്കാം.”—ലൂക്കോസ് 14:13, 14.
കരുതലുള്ള ചെറുപ്പക്കാർ
മറ്റുള്ളവർക്കായി കരുതുന്ന ചെറുപ്പക്കാർ എല്ലായിടത്തുമുണ്ട്! ചില ഉദാഹരണങ്ങൾ നോക്കാം.
“ചിലപ്പോൾ ടിവി കാണാനായി സോഫയിലിരിക്കുമ്പോൾ ഡാഡിയും മമ്മിയും ജോലി കഴിഞ്ഞ് എത്ര ക്ഷീണിച്ചായിരിക്കും വരുന്നതെന്നു ഞാൻ ഓർക്കാറുണ്ട്. അപ്പോൾ ഞാൻ എഴുന്നേറ്റ് പാത്രം കഴുകുകയും വീട് തൂത്തുതുടച്ച് വൃത്തിയാക്കുകയും ചെയ്യും. അവർക്കു കാപ്പി വളരെ ഇഷ്ടമായതുകൊണ്ട് ഞാൻ അവർക്കായി കാപ്പിയും ഉണ്ടാക്കിവെക്കും. മമ്മി വീട്ടിലെത്തുമ്പോൾ ഇങ്ങനെ പറയുമായിരുന്നു. ‘ഹായ് സുന്ദരിക്കുട്ടീ, എല്ലാം നല്ല വൃത്തിയായിരിക്കുന്നല്ലോ, ഇപ്പോൾ വീട് കാണാൻ എന്തു ഭംഗിയാണ്.’ ഡാഡിക്കും മമ്മിക്കും വേണ്ടി ഇത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞതിൽ എനിക്കു വളരെ സംതൃപ്തി തോന്നും.”—കെയ്സി.
“എന്റെ മാതാപിതാക്കൾ എപ്പോഴും എന്റെ സഹായത്തിനുണ്ടാകും. എനിക്ക് ആവശ്യമുള്ളതെല്ലാം അവർ തന്നിട്ടുണ്ട്. അതുകൊണ്ട് കഴിഞ്ഞ വർഷം അവരുടെ കാറിന് കാര്യമായ ഒരു പണി വന്നപ്പോൾ കുറെ പണം നൽകി ഞാൻ അവരെ സഹായിച്ചു. എന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗംതന്നെ അതിനായി കൊടുത്തു. അവർ അതു വേണ്ടെന്നു പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല. കാരണം അവർ എനിക്കുവേണ്ടി ചെയ്ത കാര്യങ്ങൾ വെച്ചുനോക്കുമ്പോൾ ഞാൻ ഈ ചെയ്യുന്നത് ഒന്നുമല്ല. അവർക്കുവേണ്ടി ഇത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞതിൽ എനിക്കു വളരെ സംതൃപ്തി തോന്നി.”—ഹോളി
നിങ്ങൾക്ക് അറിയാമോ? യഹോവയുടെ സാക്ഷികളായ പല ചെറുപ്പക്കാരും ബൈബിൾവിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തുകൊണ്ട് മറ്റുള്ളവരെ സഹായിക്കുന്നതിന്റെ സന്തോഷം അനുഭവിച്ചറിയുന്നു. മറ്റുള്ളവരെ ബൈബിൾ പഠിപ്പിക്കാനായി, ആവശ്യം കൂടുതലുള്ള അന്യനാടുകളിലേക്കു പോകാൻപോലും ചിലർ തയ്യാറായിട്ടുണ്ട്.
“ബൈബിൾ പഠിക്കാൻ ആളുകളെ സഹായിക്കാനായി ഞാൻ ഐക്യനാടുകളിൽനിന്ന് മെക്സിക്കോയിലേക്കു മാറിത്താമസിച്ചു. പണമോ സാധനങ്ങളോ കൊടുത്ത് മറ്റുള്ളവരെ സഹായിക്കാൻ എല്ലായ്പോഴും സാധിച്ചെന്നുവരില്ല. കാരണം അങ്ങനെ കൊടുക്കാനുള്ള ആസ്തി എനിക്കില്ല. എന്നാൽ ശുശ്രൂഷയിൽ സമയവും ഊർജവും ചിലവഴിക്കുന്നതാണു ഭൗതികമായി കൊടുക്കുന്നതിനെക്കാൾ കൂടുതൽ വിലയുള്ളതെന്നു ഞാൻ മനസ്സിലാക്കി.”—ഇവാൻ
എനിക്കു മറ്റുള്ളവരെ എങ്ങനെ സഹായിക്കാം?
മറ്റുള്ളവരെ സാഹായിക്കുമ്പോൾ കിട്ടുന്ന സന്തോഷം അനുഭവിച്ചറിയാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? ഇതാ ചില നിർദേശങ്ങൾ.
കുടുംബാംഗങ്ങളെ സഹായിക്കാൻ:
ആരും പറയാതെതന്നെ വീടു വൃത്തിയാക്കുക, അടിച്ചുതുടയ്ക്കുക, പാത്രം കഴുകുക
ഒരുനേരത്തെ ആഹാരം ഉണ്ടാക്കുക
മാതാപിതാക്കളോടുള്ള നന്ദി അറിയിക്കുന്ന ഒരു കാർഡ് തയ്യാറാക്കുക
ഗൃഹപാഠം ചെയ്യാൻ കൂടപ്പിറപ്പിനെ സഹായിക്കുക
കുടുംബാംഗങ്ങളല്ലാത്തവരെ സഹായിക്കാൻ:
സുഖമില്ലാതിരിക്കുന്ന ഒരാൾക്ക് ഒരു കാർഡ് അയയ്ക്കുക
വയസ്സായ ഒരു അയൽക്കാരന്റെ മുറ്റം വൃത്തിയാക്കിക്കൊടുക്കുക
ഒറ്റയ്ക്കു താമസിക്കുന്ന ആരെയെങ്കിലും സന്ദർശിക്കുക
ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരാൾക്കു സമ്മാനം വാങ്ങിക്കൊടുക്കുക
ചെയ്യാനാകുന്നത്: ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്നു നിങ്ങൾതന്നെ ചിന്തിച്ചുനോക്കുക. എന്നിട്ട് ഈ ആഴ്ചയിൽ ഒരാളെ സഹായിക്കാനായി ലക്ഷ്യം വെക്കുക. പറഞ്ഞറിയിക്കാനാകാത്ത സന്തോഷമായിരിക്കും അതു നിങ്ങൾക്കു തരുന്നത്!
“മറ്റുള്ളവരെ സഹായിക്കുമ്പോൾ നിങ്ങൾക്കു സന്തോഷം തോന്നും. ഒരു നല്ല കാര്യം ചെയ്തതിന്റെ സംതൃപ്തി നിങ്ങൾക്ക് അനുഭവിക്കാനാകും. മറ്റുള്ളവർ അത് എത്ര വിലമതിക്കുന്നെന്നു തിരിച്ചറിയാനും കഴിയും. നിങ്ങൾ പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ രസകരമായിരിക്കും അത്. എന്തോ ത്യാഗം ചെയ്തതുപോലെയല്ല ഏറെ നേടിയതായിട്ടായിരിക്കും ഒടുവിൽ നിങ്ങൾക്കു തോന്നുക!”—അലാന.