യുവജനങ്ങൾ ചോദിക്കുന്നു
‘മെച്ചപ്പെടാനുള്ള ഉപദേശത്തോടു ഞാൻ എങ്ങനെ പ്രതികരിക്കും?’
സ്വയം പരിശോധിക്കുക
ചിലപ്പോഴെങ്കിലും നമുക്കു മെച്ചപ്പെടാനുള്ള ഉപദേശം ആവശ്യമാണ്. എന്നു പറഞ്ഞാൽ, നമ്മുടെ ജോലിയിലോ മനോഭാവത്തിലോ നമ്മൾ മാറ്റം വരുത്തേണ്ട കാര്യത്തെക്കുറിച്ച് നമുക്കു കിട്ടുന്ന ഉപദേശം. ഇതു മനസ്സിൽപ്പിടിച്ചുകൊണ്ട് പിൻവരുന്ന സാഹചര്യങ്ങൾ പരിശോധിക്കുക:
● നിങ്ങൾ ചെയ്ത പ്രോജക്റ്റ് അത്ര നന്നായിട്ടില്ല എന്നു ടീച്ചർ നിങ്ങളോടു പറയുകയാണ്. “നന്നായി റിസേർച്ച് ചെയ്തിട്ടു വേണം ചെയ്യാൻ” എന്നൊരു ഉപദേശവും ടീച്ചർ തരുന്നു.
മെച്ചപ്പെടാൻവേണ്ടി ടീച്ചർ പറഞ്ഞ ഈ ഉപദേശത്തോടു നിങ്ങൾ എങ്ങനെ പ്രതികരിക്കും?
തള്ളിക്കളയും. (‘അല്ലെങ്കിലും ആ ടീച്ചർക്ക് എന്നെ ഇഷ്ടമല്ല.’)
സ്വീകരിക്കും. (‘അടുത്ത പ്രോജക്റ്റിന് ടീച്ചർ പറഞ്ഞതുപോലെ ചെയ്യണം.’)
● നിങ്ങൾ നിങ്ങളുടെ മുറി ഒരു വിധം വൃത്തിയാക്കി. അപ്പോഴാണ് അമ്മ പറയുന്നത് ‘അത്ര വൃത്തിയായിട്ടില്ലല്ലോ?’
അമ്മ പറഞ്ഞ ഈ ഉപദേശത്തോട് നിങ്ങൾ എങ്ങനെ പ്രതികരിക്കും?
തള്ളിക്കളയും. (എത്ര ചെയ്താലും അമ്മ ഇങ്ങനെ പറയൂ.)
സ്വീകരിക്കും. (‘ശരിയാ, എനിക്ക് കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നു.’)
● ഭരിക്കാൻ വരുന്നത് ഇഷ്ടമല്ലെന്ന് അനിയത്തി നിങ്ങളോടു പറയുന്നു.
അനിയത്തി പറഞ്ഞ ഈ കാര്യത്തോടു നിങ്ങൾ എങ്ങനെ പ്രതികരിക്കും?
തള്ളിക്കളയും. (‘അതൊക്കെ പറയാൻ അവൾ ആരാണ്?’)
സ്വീകരിക്കും. (‘ഞാൻ കുറച്ചുകൂടി ദയയോടെ അവളോടു പെരുമാറണം’)
യുവപ്രായത്തിലുള്ള ചിലർ തൊട്ടാവാടികളെപോലെയാണെന്നു പറയാറുണ്ട്. ചെറിയ എന്തെങ്കിലും ഉപദേശം ലഭിച്ചാൽ മതി അവർ വാടിപ്പോകും. നിങ്ങൾ അതുപോലെയാണോ? അങ്ങനെയാണെങ്കിൽ ജീവിതത്തിലെ വലിയൊരു അവസരം നിങ്ങൾ നഷ്ടപ്പെടുത്തുകയാണ്. എന്തുകൊണ്ട്? മെച്ചപ്പെടാനുള്ള ഉപദേശം തരുമ്പോൾ അതു ശ്രദ്ധിച്ച് അതിൽനിന്ന് പഠിക്കുന്നത് വളർത്തിയെടുക്കേണ്ട ഒരു കഴിവു തന്നെയാണ്. ആ കഴിവ് ഇപ്പോഴും ഭാവിയിലും നിങ്ങൾക്ക് ഒരുപാട് ഗുണം ചെയ്യും.
മെച്ചപ്പെടാനുള്ള ഉപദേശം എനിക്ക് എന്തിന്?
നിങ്ങൾ തികഞ്ഞവരല്ല. ബൈബിൾ പറയുന്നു: “നമുക്കെല്ലാം തെറ്റുകൾ പറ്റാറുണ്ടല്ലോ.” (യാക്കോബ് 3:2, അടിക്കുറിപ്പ്.) അതുകൊണ്ട് മെച്ചപ്പെടാനുള്ള ഉപദേശം എല്ലാവർക്കും വേണം.
“നമുക്കെല്ലാവർക്കും തെറ്റു പറ്റും. അതു നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തിരുത്തേണ്ട കാര്യം മറ്റുള്ളവർ പറയുമ്പോൾ ഞാൻ അതു ശ്രദ്ധിക്കും. പിന്നെ ആ തെറ്റ് ആവർത്തിക്കാതിരിക്കാനും നോക്കും.”—ഡേവിഡ്.
നിങ്ങൾക്ക് ഇനിയും മെച്ചപ്പെടാൻ പറ്റും. ബൈബിൾ പറയുന്നു: “ജ്ഞാനിക്ക് അറിവ് പകർന്നുകൊടുക്കുക, അവൻ കൂടുതൽ ജ്ഞാനിയാകും.” (സുഭാഷിതങ്ങൾ 9:9) മറ്റുള്ളവരുടെ അഭിപ്രായം ശ്രദ്ധിക്കുന്നതു നിങ്ങൾക്കു ഗുണം ചെയ്യും.
“ഉപദേശം കേൾക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു. അതു കേൾക്കുമ്പോൾ ഞാൻ എന്തോ മോശക്കാരിയാണെന്നു തോന്നും. എന്നാൽ ഇപ്പോൾ ഞാൻ ഉപദേശം കേൾക്കാറുണ്ട്. ചിലപ്പോൾ ഞാൻ ഉപദേശം ചോദിക്കാറുമുണ്ട്. എങ്ങനെ മെച്ചപ്പെടണം എന്ന് അറിയാനുള്ള ആഗ്രഹം എനിക്ക് ഇപ്പോഴുണ്ട്.”—സെലീന.
അതുകൊണ്ട് മെച്ചപ്പെടാനുള്ള വശത്തെക്കുറിച്ച് ചോദിക്കാൻ കഴിയും. പക്ഷേ ചോദിക്കാതെ ആരെങ്കിലും നമുക്ക് ഉപദേശം തരുന്നെങ്കിലോ? ചിലപ്പോൾ കഥയാകെ മാറിയേക്കാം. നതാലിക്ക് അതാണ് സംഭവിച്ചത്. അവൾക്ക് ഉപദേശം അടങ്ങിയ ഒരു കാർഡ് കിട്ടി. നതാലി പറയുന്നു: “അതുകണ്ട് ഞാൻ ആകെ ഞെട്ടിപ്പോയി. എന്നെ അത് ആകെ വിഷമിപ്പിച്ചു. എല്ലാം നന്നായിട്ട് ചെയ്യാൻ ഞാൻ എന്തുമാത്രം കഷ്ടപ്പെടുന്നുണ്ട്. എന്നിട്ട് കിട്ടിയതോ, ഈ ഉപദേശവും.”
ഇതുപോലെ എന്തെങ്കിലും നിങ്ങൾക്കു സംഭവിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അതിനെ എങ്ങനെ നേരിടാം?
മെച്ചപ്പെടാനുള്ള ഉപദേശം എനിക്ക് എങ്ങനെ സ്വീകരിക്കാം?
നന്നായി ശ്രദ്ധിക്കുക.
ബൈബിൾ പറയുന്നു: “അറിവുള്ളവൻ വാക്കുകൾ നിയന്ത്രിക്കുന്നു; വകതിരിവുള്ളവൻ ശാന്തത പാലിക്കും.” (സുഭാഷിതങ്ങൾ 17:27) ആരെങ്കിലും നമ്മളോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ നമ്മൾ ഇടയ്ക്കുകയറി പറയരുത്. ചിന്തിക്കാതെ പെട്ടെന്നു സംസാരിക്കരുത്. പിന്നീട് അതെക്കുറിച്ചോർത്ത് ദുഃഖിക്കേണ്ടി വരും!
“ഉപദേശം കിട്ടുമ്പോൾ ഞാൻ ന്യായീകരിക്കാൻ നോക്കും. പക്ഷേ ശരിക്കും ചെയ്യേണ്ടിയിരുന്നത് ഉപദേശം ശ്രദ്ധിച്ച് അടുത്ത പ്രാവശ്യം മെച്ചപ്പെടാൻ നോക്കുക എന്നതായിരുന്നു.”—സാറാ.
ഉപദേശിക്കുന്ന ആളെയല്ല ഉപദേശത്തെ ശ്രദ്ധിക്കുക.
ഉപദേശിക്കുന്ന ആളുടെ കുഴപ്പങ്ങളിലേക്കു നോക്കാനുള്ള ഒരു പ്രവണത നിങ്ങൾക്കുണ്ടായേക്കാം. അതുകൊണ്ട് ബൈബിളിന്റെ ഉപദേശം കേൾക്കുന്നതാണു നല്ലത്. “കേൾക്കാൻ തിടുക്കമുള്ളവരായിരിക്കണം; എന്നാൽ സംസാരിക്കാൻ തിടുക്കം കൂട്ടരുത്.” (യാക്കോബ് 1:19) മിക്കപ്പോഴും നമുക്കു കിട്ടുന്ന ഉപദേശത്തിൽ എന്തെങ്കിലും ഒക്കെ കഴമ്പുണ്ടായിരിക്കും. ഉപദേശം സ്വീകരിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ, അക്കാരണത്താൽ നിങ്ങൾക്കു പ്രയോജനം ചെയ്യുന്ന ഒരു ഉപദേശം കേൾക്കാതെ നഷ്ടപ്പെടുത്തിക്കളയരുത്.
“ഡാഡിയും മമ്മിയും എനിക്ക് എന്തെങ്കിലും തിരുത്തൽ തരുമ്പോൾ ‘ഓ, അത് എനിക്ക് അറിയാം’ എന്ന് ഞാൻ ദേഷ്യത്തോടെ പറയാറുണ്ട്. എന്നാൽ അവർ പറയുന്ന കാര്യം കേട്ട് ഞാൻ മാറ്റം വരുത്തിയപ്പോൾ എനിക്ക് അത് ഒരുപാട് ഗുണം ചെയ്തു.”—എഡ്വേർഡ്.
നിങ്ങളെക്കുറിച്ച് തന്നെ അമിതമായി ചിന്തിക്കരുത്.
മെച്ചപ്പെടാനുള്ള ഉപദേശം കിട്ടിയെന്നു കരുതി നിങ്ങൾ ഒരു പരാജയമാണെന്ന് അതിന് അർഥമില്ല. മറ്റുള്ളവരെപ്പോലെ നിങ്ങൾക്കും കുറവുകൾ ഉണ്ടെന്നു മാത്രമാണ്. നിങ്ങളെ തിരുത്തുന്ന വ്യക്തിക്കും ഇതുപോലെ ഇടയ്ക്കൊക്കെ ഉപദേശം വേണ്ടിവരും. ബൈബിൾ പറയുന്നു: “നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമുഖത്തില്ലല്ലോ.”—സഭാപ്രസംഗകൻ 7:20.
“ഒരു ആവശ്യവുമില്ലാത്ത ഉപദേശമാണു കൂട്ടുകാരി തന്നത് എന്ന് എനിക്കു തോന്നി. അത് എന്നെ വിഷമിപ്പിച്ചു. എന്നാലും കാര്യം തുറന്ന് പറഞ്ഞതിനു ഞാൻ അവളോടു നന്ദി പറഞ്ഞു. പിന്നീട് എനിക്കു മനസ്സിലായി അവൾ പറഞ്ഞതിൽ കാര്യമുണ്ടെന്ന്. ആ ഉപദേശം എനിക്കു ഗുണം ചെയ്തു. ഞാൻ വേണ്ട മാറ്റങ്ങൾ വരുത്തി. അവൾ അതു പറഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ അതു ശ്രദ്ധിക്കില്ലായിരുന്നു.”—സോഫിയ.
മെച്ചപ്പെടാൻ ലക്ഷ്യം വെക്കുക.
“വിവേകമുള്ളവൻ തിരുത്തൽ സ്വീകരിക്കുന്നു” എന്നാണു ബൈബിൾ പറയുന്നത്. (സുഭാഷിതങ്ങൾ 15:5) ഉപദേശം കേട്ട് മാറ്റം വരുത്താൻ ചിന്തിച്ചുതുടങ്ങുമ്പോൾ, ഉപദേശം കിട്ടിയപ്പോഴുണ്ടായ വിഷമം മറക്കാനും പുരോഗതി വരുത്താനും കഴിയും. എന്താണു ചെയ്യാൻ പോകുന്നത് എന്നതിനെ കുറിച്ച് ഒരു പ്ലാൻ തയ്യാറാക്കുക. എന്നിട്ട് അടുത്ത ഏതാനും മാസങ്ങളിൽ അതിൽ പുരോഗതി വരുത്തുന്നുണ്ടോ എന്നും പരിശോധിക്കുക.
“ഉപദേശം ശ്രദ്ധിക്കുന്നതും സത്യസന്ധതയും തമ്മിൽ ബന്ധമുണ്ട്. കാരണം നിങ്ങൾ സത്യസന്ധരാണെങ്കിൽ നിങ്ങളുടെ കുറവുകൾ നിങ്ങൾ അംഗീകരിക്കും, ക്ഷമ ചോദിക്കും, മെച്ചപ്പെടാനുള്ള വഴികൾ നോക്കും.”—എമ.
ചുരുക്കിപ്പറഞ്ഞാൽ: “ഇരുമ്പ് ഇരുമ്പിനു മൂർച്ചകൂട്ടുന്നു; മനുഷ്യൻ മനുഷ്യന്റെ ജ്ഞാനം വർദ്ധിപ്പിക്കുന്നു.” എന്നു ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ 27:17, സത്യവേദപുസ്തകം, ആധുനിക വിവർത്തനം.) മെച്ചപ്പെടുന്നതിനുവേണ്ടി മറ്റുള്ളവർ തരുന്ന ഉപദേശം ശ്രദ്ധിച്ചാൽ നിങ്ങൾ മികച്ച വ്യക്തിത്വത്തിന് ഉടമകളാകും.