യുവജനങ്ങൾ ചോദിക്കുന്നു
ശൃംഗാരം വെറുമൊരു കളിതമാശയാണോ?
എന്താണ് ശൃംഗാരം?
ശൃംഗാരം എന്നു പറഞ്ഞാൽ എതിർലിംഗത്തിലുള്ള ഒരാളോടുള്ള പ്രണയം വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും പ്രകടിപ്പിക്കുന്നതാണെന്ന് പലരും ചിന്തിക്കുന്നു. ഇങ്ങനെ ചെയ്യുന്നതു തെറ്റാണോ? എപ്പോഴും അങ്ങനെയായിരിക്കണമെന്നില്ല. ചെറുപ്പക്കാരിയായ ആൻ പറയുന്നു: “നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു വ്യക്തിയെ പ്രണയിച്ച് വിവാഹം കഴിക്കാനുള്ള പ്രായവും പക്വതയും ഒക്കെ നിങ്ങൾക്കായി. ആ വ്യക്തിക്കു തിരിച്ചും അങ്ങനെ തോന്നുന്നുണ്ടോ എന്ന് പിന്നെ എങ്ങനെ മനസ്സിലാക്കാനാണ്?”
എന്നാൽ ഈ ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യാൻപോകുന്നത് വിവാഹം ചെയ്യാൻ യാതൊരു ഉദ്ദേശ്യവുമില്ലാതെ വെറുമൊരു നേരംപോക്കിന് ഒരാളോട് ശൃംഗരിക്കുന്നതിനെക്കുറിച്ചാണ്.
“ഒരാളെ പ്രണയിക്കാൻ തീരുമാനിച്ചാൽ അയാളോടു നിങ്ങൾ പ്രത്യേക താത്പര്യം കാണിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ആദ്യമൊക്കെ താത്പര്യം കാണിച്ചിട്ട് പിന്നീട് കാലുമാറുന്നത് അത്ര നിസ്സാരകാര്യമല്ല. അതു മറ്റെയാളെ ശരിക്കും തകർത്തുകളയും.”—ഡയാന.
എന്തിനാണ് ചിലർ ശൃംഗരിക്കുന്നത്?
ചിലർ ശൃംഗരിക്കുന്നത് അവരുടെ ആത്മാഭിമാനം വർധിപ്പിക്കാനാണ്. ഹെയ്ലി എന്ന ചെറുപ്പക്കാരി പറയുന്നു: “മറ്റുള്ളവരോട് ശൃംഗരിച്ചുകൊണ്ട് അവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിൽ വിജയിക്കുമ്പോൾ അതു വീണ്ടുംവീണ്ടും ചെയ്യാൻ നിങ്ങൾക്ക് ആഗ്രഹം തോന്നും.”
ഒരാളെ പ്രണയിക്കാൻ നിങ്ങൾക്ക് യാതൊരു ഉദ്ദേശ്യവുമില്ലാതിരിക്കെ അയാളെ പ്രണയിക്കുകയാണെന്ന ധാരണ മനഃപൂർവം നൽകുന്നെങ്കിലോ? എങ്കിൽ നിങ്ങൾ മറ്റെയാളുടെ വികാരങ്ങൾക്ക് യാതൊരു വിലയും കല്പിക്കാതെ പ്രവർത്തിക്കുകയായിരിക്കും. ബൈബിൾ പറയുന്നു: “സാമാന്യബോധമില്ലാത്തവൻ വിഡ്ഢിത്തം കാട്ടുന്നതിൽ രസിക്കുന്നു.”—സുഭാഷിതങ്ങൾ 15:21.
ഹെയ്ലി ഈ സത്യം തിരിച്ചറിഞ്ഞു: “ശൃംഗാരം ഒരു കളിതമാശയായിട്ട് തുടങ്ങിയേക്കാം. പക്ഷേ അതിന്റെ അവസാനം അപകടകരമാണ്.”
എന്തെങ്കിലും അപകടങ്ങൾ ഇതിനു പിന്നിലുണ്ടോ?
ശൃംഗരിക്കുന്നത് നിങ്ങളുടെ സത്പേര് നഷ്ടപ്പെടുത്തും.
“ശൃംഗരിക്കുന്ന ഒരാളെ പക്വതയില്ലാത്ത, അലസയായ ഒരു വ്യക്തിയായേ കാണൂ. അവൾ ഒട്ടും സത്യസന്ധതയില്ലാത്തവളാണെന്നു നമുക്കു തോന്നും. നമ്മളിൽനിന്ന് എന്തെങ്കിലും കിട്ടാൻവേണ്ടിയാണ് അവൾ അങ്ങനെ ചെയ്യുന്നത്.”—ജെറമി.
ബൈബിൾ പറയുന്നു: “സ്നേഹം . . . സ്വാർഥതയോടെ തൻകാര്യം നോക്കുന്നില്ല.”—1 കൊരിന്ത്യർ 13:4, 5.
ചിന്തിക്കാൻ: ശൃംഗരിക്കുന്ന ഒരാളാണെന്ന ലേബൽ നിങ്ങൾക്കു വീഴാൻ ഇടയാക്കുന്ന വാക്കുകളും പ്രവൃത്തികളും ഏതൊക്കെയാണ്?
ശൃംഗരിക്കുന്നത് മറ്റെയാളെ വിഷമിപ്പിക്കുന്നു.
“ശൃംഗരിക്കുന്ന ഒരാളുടെ കൂടെയായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അങ്ങനെ ഒരാൾ എന്നോടു മിണ്ടുന്നത് ഞാൻ ഒരു പെണ്ണായതുകൊണ്ട് മാത്രമാണ്, അല്ലാതെ എന്നോടുള്ള താത്പര്യംകൊണ്ടൊന്നുമല്ല. ഒരു രസത്തിനുവേണ്ടി മാത്രമാണ് അവർ അങ്ങനെ ചെയ്യുന്നത്.”—ജാക്വെലിൻ.
ബൈബിൾ പറയുന്നു: “തനിക്ക് എന്തു നേട്ടമുണ്ടെന്നല്ല, മറ്റുള്ളവർക്ക് എന്തു നേട്ടമുണ്ടാകുമെന്നാണ് ഓരോരുത്തരും നോക്കേണ്ടത്.”—1 കൊരിന്ത്യർ 10:24.
ചിന്തിക്കാൻ: നിങ്ങളെ പ്രണയിക്കുന്നെന്നു വിശ്വസിപ്പിക്കാൻ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ? ആ വ്യക്തി നിങ്ങളെ പറ്റിക്കുകയായിരുന്നെന്നു മനസ്സിലായപ്പോൾ നിങ്ങൾക്ക് എന്താണ് തോന്നിയത്? അങ്ങനെ മറ്റൊരാളെ വേദനിപ്പിക്കുന്നത് നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാം?
ശൃംഗാരം നിങ്ങളുടെ ആത്മാർഥമായ പ്രണയസാധ്യതകൾക്കു മങ്ങലേൽപ്പിക്കും.
“ശൃംഗരിക്കാൻ വരുന്നയാൾ വിവാഹം കഴിക്കാൻ കൊള്ളാത്ത ആളാണ്. അയാളെപ്പറ്റി കൂടുതൽ അറിയേണ്ട ആവശ്യംപോലുമില്ല. വെറുതേ അഭിനയിക്കുന്ന ഒരാളെ എനിക്ക് എങ്ങനെ ശരിക്കും മനസ്സിലാക്കാനും വിശ്വസിക്കാനും കഴിയും?”—ഒലിവിയ.
ബൈബിളിൽ, സങ്കീർത്തനക്കാരനായ ദാവീദ് ഇങ്ങനെ എഴുതി: “തനിസ്വരൂപം മറച്ചുവെക്കുന്നവരെ ഞാൻ ഒഴിവാക്കുന്നു.”—സങ്കീർത്തനം 26:4.
ചിന്തിക്കാൻ: ശൃംഗരിക്കുന്ന ഒരാളെ ഏതുതരത്തിലുള്ള ആൾക്കായിരിക്കും ഇഷ്ടപ്പെടുക? നിങ്ങൾ ശൃംഗരിക്കുന്ന ഒരാളാണെങ്കിൽ അങ്ങനെ ഒരാളായിരിക്കും നിങ്ങളെ ഇഷ്ടപ്പെടുന്നത്. അങ്ങനെ ഒരാളുമായി പ്രണയത്തിലാകാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്?