യുവജനങ്ങൾ ചോദിക്കുന്നു
സെക്സിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്നത് എനിക്ക് എങ്ങനെ ഒഴിവാക്കാം?
“സെക്സിനെക്കുറിച്ചുള്ള ചിന്ത എവിടെനിന്ന് വരുന്നെന്നു എനിക്കറിയില്ല. വന്നുകഴിഞ്ഞാൽ പിന്നെ വേറെ ഒന്നിനെപറ്റിയും എനിക്കു ചിന്തിക്കാൻ പറ്റില്ല. മറ്റാരോ എന്നെ നിയന്ത്രിക്കുന്നതുപോലെ തോന്നും.”—വെരാ.
“സെക്സിനെക്കുറിച്ച് ചിന്തിക്കാതിരിക്കുക എന്നു പറഞ്ഞാൽ അതു നടക്കാത്ത കാര്യമാണ്. ചിലപ്പോൾ ആ ലോകത്തേക്കു എനിക്കു പറക്കാൻ തോന്നും.”—ജോൺ.
ജോണിനെയും വെരായെയും പോലെയാണോ നിങ്ങൾക്കും തോന്നുന്നത്? അങ്ങനെയാണെങ്കിൽ ഈ ലേഖനം നിങ്ങൾക്കുവേണ്ടിയാണ്.
സെക്സിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കരുതാത്തത് എന്തുകൊണ്ട്?
“സെക്സിനുള്ള ആഗ്രഹം ദൈവം തന്നിട്ടുണ്ടെങ്കിൽ, ആ ആഗ്രഹം തൃപ്തിപ്പെടുത്താനായിരിക്കില്ലേ ദൈവം ഉദ്ദേശിച്ചതെന്ന് എന്റെ അങ്കിൾ എന്നോടു പറഞ്ഞു”എന്ന് ചെറുപ്പക്കാരനായ അലക്സ് പറയുന്നു.
അലക്സിന്റെ അങ്കിൾ പറഞ്ഞതിൽ പകുതി ശരിയുണ്ട്. ലൈംഗികാഗ്രഹങ്ങൾ ദൈവം ആണ് തന്നത്. അതിനു ന്യായമായ കാരണമുണ്ട്. ഇന്നത്തെ മനുഷ്യകുടുംബം നിലനിൽക്കുന്നതു മനുഷ്യർ ആ ആഗ്രഹം നിവർത്തിക്കുന്നതിലൂടെയാണ്. അപ്പോൾപ്പിന്നെ എന്തുകൊണ്ടാണു സെക്സിനെക്കുറിച്ച് കൂടുതൽ ചിന്തിച്ചുകൊണ്ടിരിക്കരുതെന്നു പറയുന്നത്? രണ്ടു കാരണങ്ങൾ നോക്കാം:
വിവാഹിതരായ പുരുഷനും സ്ത്രീയും തമ്മിൽ മാത്രമേ ലൈംഗികബന്ധം പാടുള്ളൂ. അതാണു ദൈവത്തിന്റെ നിർദേശമെന്നു ബൈബിൾ പഠിപ്പിക്കുന്നു.—ഉൽപത്തി 1:28; 2:24.
ദൈവത്തിന്റെ ധാർമികനിലവാരത്തെ ബഹുമാനിക്കുന്ന, വിവാഹം കഴിക്കാത്ത ഒരാളാണോ നിങ്ങൾ? സെക്സിനെക്കുറിച്ചുതന്നെ നിങ്ങൾ ചിന്തിച്ചുകൊണ്ടിരുന്നാൽ ആ ആഗ്രഹം നടക്കാതെ വരുമ്പോൾ അതു നിങ്ങളെ അസ്വസ്ഥനാക്കും. ഒടുവിൽ നിങ്ങൾ അതിൽത്തന്നെ ചെന്നുചാടും. പലർക്കും ഇങ്ങനെ പറ്റിയിട്ട് പിന്നീട് വിഷമിക്കേണ്ടിവന്നിട്ടുണ്ട്.
സെക്സിനെക്കുറിച്ചുള്ള ചിന്ത നിയന്ത്രിക്കാൻ പഠിക്കുന്നത് ആത്മനിയന്ത്രണമെന്ന ഗുണം വളർത്തിയെടുക്കാൻ നിങ്ങളെ സഹായിക്കും. ജീവിതത്തിൽ അതു നിങ്ങൾക്ക് ഒരുപാട് ഗുണം ചെയ്യും.—1 കൊരിന്ത്യർ 9:25.
ആത്മനിയന്ത്രണമെന്ന ഗുണം സന്തോഷകരമായ കുടുംബജീവിതത്തിനു നിങ്ങളെ ഇപ്പോഴും ഭാവിയിലും വളരെയധികം സഹായിക്കും. ആത്മനിയന്ത്രണമുള്ള കുട്ടികൾക്കു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കുറവായിരിക്കും, പണത്തെക്കുറിച്ചുള്ള ആശങ്ക കുറവായിരിക്കും, മുതിർന്നുവരുമ്പോൾ നിയമക്കുരുക്കുകളിൽനിന്ന് അവർ ഒഴിവുള്ളവരായിരിക്കും എന്നാണു ചില ഗവേഷകരുടെ കണ്ടെത്തൽ. a
അതു വളരെ ബുദ്ധിമുട്ടായിരിക്കുന്നത് എന്തുകൊണ്ട്?
ഒരു കാരണം, ചുറ്റുമുള്ള ആളുകൾ എപ്പോഴും സെക്സിനെക്കുറിച്ചാണു ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നത്. ഇനി, മറ്റൊരു കാരണം നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനമാണ്.
“വിവാഹത്തിനു മുമ്പ് സെക്സിൽ ഏർപ്പെടുന്നതിൽ ഒരു കുഴപ്പവും ഇല്ലെന്നും അത് ഒരു നല്ല കാര്യമാണെന്നും ആണ് ഇന്നത്തെ മിക്ക ടിവി പരിപാടികളും കാണിക്കുന്നത്.”—രൂത്ത്.
“ജോലിസ്ഥലത്തു സെക്സിനെക്കുറിച്ച് വൃത്തിക്കെട്ട രീതിയിൽ സംസാരിക്കുന്നതു ഞാൻ കേട്ടിട്ടുണ്ട്. അത് എന്റെ ആകാംക്ഷ വർധിപ്പിച്ചു. അധാർമികതയിൽ ഏർപ്പെടുന്നത് ഒരു സാധാരണ സംഗതിയായിട്ടാണ് ആളുകൾ കാണുന്നത്. അതുകൊണ്ട് അതിൽ ഒരു തെറ്റും ഇല്ലെന്നു ഞാൻ ചിന്തിച്ചുപോയി.”—നിക്കോൾ.
“സമൂഹമാധ്യമത്തിലെ ചിത്രങ്ങൾ നോക്കുമ്പോൾ ജാഗ്രത നഷ്ടപ്പെടാൻ എളുപ്പമാണ്. ഒരു അശ്ലീലചിത്രം കണ്ടാൽ അതു മറക്കാൻ കഴിയാത്ത വിധം നമ്മുടെ മനസ്സിൽ പതിയും.”—മരിയ.
ഇതുപോലുള്ള ചില കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ അപ്പോസ്തലനായ പൗലോസ് പറഞ്ഞതിനോടു നമ്മളും യോജിക്കും. അദ്ദേഹം എഴുതി: “ഞാൻ നന്മ ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിലും തിന്മ എന്നോടൊപ്പമുണ്ട്.”—റോമർ 7:21.
നിങ്ങൾക്കു ചെയ്യാനാകുന്നത്
മറ്റ് എന്തെങ്കിലും ചിന്തിക്കുക. സെക്സിനെക്കുറിച്ച് അല്ലാതെ മറ്റ് എന്തിനെയെങ്കിലും കുറിച്ച് ചിന്തിക്കുക. ഹോബിയോ സ്പോർട്സോ വ്യായാമമോ അങ്ങനെ മറ്റു വിഷയങ്ങളിലേക്കു ശ്രദ്ധ തിരിച്ചുവിടുക. “ബൈബിൾവായന ഒരു സഹായമാണെന്നു” വലെറി എന്ന പെൺകുട്ടി പറയുന്നു. “അതിൽ ദൈവത്തിന്റെ ഉയർന്ന ചിന്തകളാണുള്ളത്. ദൈവികചിന്തകൾ ഉള്ളപ്പോൾ മറ്റു ചിന്തകൾക്ക് അധികം സ്ഥാനമുണ്ടാകില്ല.”
സെക്സിനെക്കുറിച്ചുള്ള ചിന്ത മനസ്സിൽ വന്നേക്കാം എന്നത് വാസ്തവമാണ്. എന്നാൽ ആ ചിന്തകൾ ഒഴിവാക്കാനുള്ള ശക്തി നിങ്ങൾക്കുണ്ട്. അതു ചെയ്യേണ്ടതു നിങ്ങൾതന്നെയാണ്.
“സെക്സിനെക്കുറിച്ചുള്ള ചിന്ത വരുമ്പോൾത്തന്നെ മറ്റ് എന്തെങ്കിലും കാര്യങ്ങളെക്കുറിച്ച് ഞാൻ മനഃപൂർവം ചിന്തിക്കും. ആ ചിന്ത വരാനുള്ള കാരണം ഞാൻ കണ്ടുപിടിക്കും. ചിലപ്പോൾ അത് ഞാൻ ഒഴിവാക്കേണ്ട പാട്ടോ ചിത്രമോ ആയിരിക്കും.”—ഹെലന.
ബൈബിൾതത്ത്വം: “നീതിനിഷ്ഠമായതും നിർമലമായതും (ശുദ്ധമായതും, അടിക്കുറിപ്പ്) . . . തുടർന്നും ചിന്തിച്ചുകൊണ്ടിരിക്കുക.”—ഫിലിപ്പിയർ 4:8.
നല്ല കൂട്ടുകാരെ കണ്ടെത്തുക. നിങ്ങളുടെ കൂട്ടുകാർ എപ്പോഴും സെക്സിനെക്കുറിച്ചാണു സംസാരിക്കുന്നതെങ്കിൽ നിങ്ങളുടെ മനസ്സ് ശുദ്ധമായി കാത്തുസൂക്ഷിക്കാൻ ബുദ്ധിമുട്ടായിരിക്കും.
“കൗമാരക്കാരിയായ എനിക്കു ചിന്തകളുമായി നല്ലൊരു പോരാട്ടംതന്നെയുണ്ട്. അതിന്റെ പ്രധാനകാരണം എന്റെ കൂട്ടുകാർതന്നെയാണ്. തെറ്റായ കാര്യങ്ങൾ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന കൂട്ടുകാരാണു നിങ്ങൾക്കുള്ളതെങ്കിൽ തെറ്റായ ആഗ്രഹങ്ങൾ നിയന്ത്രിക്കാൻ നിങ്ങൾ പാടുപെടും. അവർ എരിതീയിൽ എണ്ണ ഒഴിക്കുന്നവരായിരിക്കും.”—സാറ.
ബൈബിൾതത്ത്വം: “ജ്ഞാനികളുടെകൂടെ നടക്കുന്നവൻ ജ്ഞാനിയാകും; എന്നാൽ വിഡ്ഢികളോടു കൂട്ടുകൂടുന്നവൻ ദുഃഖിക്കേണ്ടിവരും.”—സുഭാഷിതങ്ങൾ 13:20.
മോശമായ വിനോദങ്ങൾ ഒഴിവാക്കുക. ഇന്നത്തെ ഭൂരിഭാഗം വിനോദങ്ങളും സെക്സിനെ പ്രോത്സാഹിപ്പിക്കുന്നതാണ്. നിക്കോൾ പറയുന്നു: “എന്റെ കാര്യത്തിൽ സംഗീതമാണു വലിയ പ്രശ്നം. അതിനു നമ്മുടെ ആഗ്രഹങ്ങളെ ശക്തിപ്പെടുത്താനും നമ്മളെ കീഴ്പ്പെടുത്താനും ഉള്ള ശക്തിയുണ്ട്.”
“ലൈംഗികകാര്യങ്ങളുള്ള സിനിമകളും ടിവി ഷോകളും ഞാൻ കാണാൻ തുടങ്ങി. അത് എന്നെ വളരെയധികം സ്വാധീനിക്കുന്നുണ്ടെന്ന കാര്യം ഞാൻ തിരിച്ചറിഞ്ഞതേ ഇല്ല. കാരണം അത്രയ്ക്കു ഞാൻ അതിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയിരുന്നു. ഇതിന്റെയൊക്കെ കാരണം എന്താണെന്നു പെട്ടെന്നുതന്നെ ഞാൻ മനസ്സിലാക്കി. അങ്ങനെ ഞാൻ എല്ലാ മോശം സിനിമകളും ടിവി ഷോകളും കാണുന്നതു നിറുത്തി. അത് സെക്സിനെക്കുറിച്ച് അധികം ചിന്തിക്കാതിരിക്കാൻ എന്നെ സഹായിച്ചു. നമ്മൾ നല്ല വിനോദങ്ങൾ മാത്രമാണു തിരഞ്ഞെടുക്കുന്നതെങ്കിൽ തെറ്റായ ചിന്തകൾക്ക് എതിരെ പോരാടുന്നത് എളുപ്പമായിരിക്കും.”—ജ്വോൻ.
ബൈബിൾതത്ത്വം: “ലൈംഗിക അധാർമികത, എതെങ്കിലും തരം അശുദ്ധി, അത്യാഗ്രഹം എന്നിവ നിങ്ങളുടെ ഇടയിൽ പറഞ്ഞുകേൾക്കാൻപോലും പാടില്ല.”—എഫെസ്യർ 5:3.
ചുരുക്കിപ്പറഞ്ഞാൽ: ലൈംഗികാഗ്രഹങ്ങൾ നിയന്ത്രിക്കാൻ ശ്രമിക്കരുതെന്നാണ്—അതിനു കഴിയില്ലെന്നാണ്—ചില ആളുകൾ കരുതുന്നത്. എന്നാൽ ചിന്തകളെ നിയന്ത്രിക്കാനുള്ള കഴിവ് നമുക്ക് ഉണ്ടെന്നാണു ബൈബിൾ പറയുന്നത്. അതുകൊണ്ട് നമ്മൾ ചെയ്യുന്നതെല്ലാം ദൈവം വളരെ പ്രാധാന്യത്തോടെ കാണുന്നു.
ബൈബിൾതത്ത്വം: “നിങ്ങളുടെ ചിന്താരീതി പുതുക്കിക്കൊണ്ടേയിരിക്കുക.”—എഫെസ്യർ 4:23.
a വിവാഹത്തിനു മുമ്പേ ആത്മനിയന്ത്രണമെന്ന ഗുണം ചെറുപ്പക്കാർക്കു വളർത്തിയെടുക്കാൻ കഴിയും. കാരണം അവരുടെ വിവാഹജീവിതത്തിൽ അതിനു വളരെ പ്രാധാന്യമുണ്ട്.