എന്താണ് പുനരുത്ഥാനം?
ബൈബിളിന്റെ ഉത്തരം
ബൈബിളിൽ “പുനരുത്ഥാനം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന അനസ്താസിസ് എന്ന ഗ്രീക്കുപദത്തിന്റെ അർഥം “എഴുന്നേൽപ്പിക്കുക” എന്നോ “എഴുന്നേറ്റുനിൽക്കുക” എന്നോ ആണ്. പുനരുത്ഥാനപ്പെടുന്ന അഥവാ ഉയിർത്തെഴുന്നേൽക്കുന്ന ഒരാൾ മരണത്തിൽനിന്ന് എഴുന്നേറ്റുവരുകയാണ്. അയാൾക്കു ജീവൻ തിരിച്ചുകിട്ടുന്നു. മുമ്പ് ആരായിരുന്നോ അതേ വ്യക്തിയായിട്ടായിരിക്കും അയാൾ തിരിച്ചുവരുന്നത്.—1 കൊരിന്ത്യർ 15:12, 13.
“പുനരുത്ഥാനം” എന്ന വാക്ക് അങ്ങനെതന്നെ പഴയനിയമം എന്ന് അറിയപ്പെടുന്ന എബ്രായതിരുവെഴുത്തുകളിലില്ല. എങ്കിലും ആ വാക്കിലൂടെ ബൈബിൾ നമ്മളെ പഠിപ്പിക്കാൻ ഉദ്ദേശിക്കുന്ന ആശയം അവിടെയും കാണാം. ഉദാഹരണത്തിന്, പ്രവാചകനായ ഹോശേയയിലൂടെ ദൈവം ഇങ്ങനെ ഉറപ്പുതരുന്നു: “ശവക്കുഴിയുടെ പിടിയിൽനിന്ന് ഞാൻ എന്റെ ജനത്തെ മോചിപ്പിക്കും. മരണത്തിൽനിന്ന് ഞാൻ അവരെ വീണ്ടെടുക്കും.”—ഹോശേയ 13:14; ഇയ്യോബ് 14:13-15; യശയ്യ 26:19; ദാനിയേൽ 12:2, 13.
എവിടേക്കായിരിക്കും ആളുകൾ പുനരുത്ഥാനപ്പെടുക? ചിലർ പുനരുത്ഥാനപ്പെടുന്നത് സ്വർഗത്തിലേക്കായിരിക്കും. അവർ അവിടെ ക്രിസ്തുവിന്റെകൂടെ രാജാക്കന്മാരായി ഭരിക്കും. (2 കൊരിന്ത്യർ 5:1; വെളിപാട് 5:9, 10) ഈ പുനരുത്ഥാനത്തെ ബൈബിൾ ‘ഒന്നാമത്തെ പുനരുത്ഥാനം’ എന്നും ‘നേരത്തേ നടക്കുന്ന പുനരുത്ഥാനം’ എന്നും വിളിക്കുന്നുണ്ട്. (വെളിപാട് 20:6; ഫിലിപ്പിയർ 3:11) അതിന്റെ അർഥം അതിനു ശേഷം മറ്റൊരു പുനരുത്ഥാനം നടക്കുമെന്നാണ്. രണ്ടാമത് നടക്കുന്ന ആ പുനരുത്ഥാനം ഭൂമിയിൽ ജീവിക്കാനുള്ളവരുടെ പുനരുത്ഥാനമാണ്. മരിച്ചവരിൽ ബഹുഭൂരിപക്ഷംപേരും പുനരുത്ഥാനപ്പെട്ടുവരുന്നത് ഭൂമിയിലേക്കായിരിക്കും.—സങ്കീർത്തനം 37:29.
എങ്ങനെയായിരിക്കും ആളുകൾ പുനരുത്ഥാനപ്പെടുക? മരിച്ചവരെ ഉയിർപ്പിക്കാനുള്ള അധികാരവും ശക്തിയും ദൈവം യേശുവിന് കൊടുക്കും. (യോഹന്നാൻ 11:25) ‘സ്മാരകക്കല്ലറകളിലുള്ള എല്ലാവർക്കും’ യേശു ജീവൻ തിരിച്ചുകൊടുക്കും. അവർക്ക് ഓരോരുത്തർക്കും അവരുടെ വ്യക്തിത്വസവിശേഷതകളും ഓർമകളും എല്ലാം തിരിച്ചുകിട്ടും. (യോഹന്നാൻ 5:28, 29) സ്വർഗത്തിലേക്കു പുനരുത്ഥാനപ്പെടുന്നവർക്ക് ആത്മശരീരമായിരിക്കും കിട്ടുന്നത്. ഭൂമിയിലേക്കു പുനരുത്ഥാനപ്പെടുന്നവർക്ക് രോഗമോ വൈകല്യങ്ങളോ ഒന്നുമില്ലാത്ത നല്ല ആരോഗ്യമുള്ള മനുഷ്യശരീരം കിട്ടും.—യശയ്യ 33:24; 35:5, 6; 1 കൊരിന്ത്യർ 15:42-44, 50.
ആരൊക്കെ പുനരുത്ഥാനപ്പെടും? ബൈബിൾ പറയുന്നത്, ‘നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും’ എന്നാണ്. (പ്രവൃത്തികൾ 24:15) ദൈവത്തോടു വിശ്വസ്തരായ ആളുകളാണ് നീതിമാന്മാർ. നോഹയെയും സാറയെയും അബ്രാഹാമിനെയും ഒക്കെപ്പോലെ. (ഉൽപത്തി 6:9; എബ്രായർ 11:11; യാക്കോബ് 2:21) എന്നാൽ നീതികെട്ടവരിൽ, ദൈവത്തിന്റെ നിലവാരങ്ങൾ അറിയാനോ അനുസരിക്കാനോ അവസരം കിട്ടാതെ മരിച്ചുപോയവർ ഉൾപ്പെടുന്നു.
എന്നാൽ മാറ്റംവരുത്താൻ കൂട്ടാക്കാത്ത അങ്ങേയറ്റം ദുഷ്ടരായ ആളുകൾ പുനരുത്ഥാനപ്പെടില്ല. അങ്ങനെയുള്ളവർ മരിക്കുമ്പോൾ അവർ എന്നെന്നേക്കുമായി ഇല്ലാതാകുന്നു. പുനരുത്ഥാനത്തിലൂടെ അവർക്ക് ഒരിക്കലും ജീവൻ തിരിച്ചുകിട്ടില്ല.—മത്തായി 23:33; എബ്രായർ 10:26, 27.
എപ്പോഴായിരിക്കും പുനരുത്ഥാനം നടക്കുക? സ്വർഗത്തിലേക്കുള്ള പുനരുത്ഥാനം നടക്കുന്നത് ക്രിസ്തുവിന്റെ സാന്നിധ്യകാലത്താണെന്ന് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. അത് 1914-ൽ തുടങ്ങി. (1 കൊരിന്ത്യർ 15:21-23) ഭൂമിയിലേക്കുള്ള പുനരുത്ഥാനം നടക്കുന്നത് യേശുക്രിസ്തുവിന്റെ ആയിരംവർഷത്തെ ഭരണത്തിന്റെ സമയത്തായിരിക്കും. അന്ന് ഭൂമി മുഴുവനും ഒരു പറുദീസയായിത്തീരും.—ലൂക്കോസ് 23:43; വെളിപാട് 20:6, 12, 13.
പുനരുത്ഥാനത്തിൽ വിശ്വസിക്കാൻ ന്യായമായ എന്തെല്ലാം കാരണങ്ങളാണുള്ളത്? ഒമ്പതു പുനരുത്ഥാനങ്ങളെക്കുറിച്ചുള്ള വിശദമായ വിവരണങ്ങൾ ബൈബിളിലുണ്ട്. ആ പുനരുത്ഥാനങ്ങളെല്ലാം നേരിൽ കണ്ട ആളുകളുമുണ്ട്. (1 രാജാക്കന്മാർ 17:17-24; 2 രാജാക്കന്മാർ 4:32-37; 13:20, 21; ലൂക്കോസ് 7:11-17; 8:40-56; യോഹന്നാൻ 11:38-44; പ്രവൃത്തികൾ 9:36-42; പ്രവൃത്തികൾ 20:7-12; 1 കൊരിന്ത്യർ 15:3-6) അക്കൂട്ടത്തിൽ യേശു ലാസറിനെ പുനരുത്ഥാനപ്പെടുത്തിയ സംഭവം എടുത്തുപറയേണ്ട ഒന്നുതന്നെയാണ്. മരിച്ചിട്ട് നാലു ദിവസമായ ലാസറിനെയാണ് യേശു ഉയിർപ്പിച്ചത്. മാത്രമല്ല, ഒരുപാടു പേരുടെ മുമ്പിൽവെച്ചാണ് യേശു ആ അത്ഭുതം പ്രവർത്തിച്ചത്. (യോഹന്നാൻ 11:39, 42) അങ്ങനെയൊരു അത്ഭുതം നടന്ന കാര്യം യേശുവിനെ എതിർത്തിരുന്നവർക്കുപോലും നിഷേധിക്കാനായില്ല. അതുകൊണ്ടാണ് യേശുവിനെ കൊല്ലുന്ന കൂട്ടത്തിൽ ലാസറിനെയും കൂടെ കൊല്ലാൻ അവർ പദ്ധതിയിട്ടത്.—യോഹന്നാൻ 11:47, 53; 12:9-11.
മരിച്ചവരെ ഉയിർപ്പിക്കാനുള്ള ആഗ്രഹവും കഴിവും ദൈവത്തിനുണ്ടെന്ന് ബൈബിൾ പറയുന്നു. താൻ പുനരുത്ഥാനപ്പെടുത്താൻ ഉദ്ദേശിക്കുന്ന ഓരോ വ്യക്തിയെയും കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും ദൈവം തന്റെ പരിധിയില്ലാത്ത ഓർമയിൽ സൂക്ഷിക്കുന്നു. തന്റെ അപാരമായ ശക്തി ഉപയോഗിച്ച് ദൈവം അവരെയെല്ലാം പുനരുത്ഥാനപ്പെടുത്തും. (ഇയ്യോബ് 37:23; മത്തായി 10:30; ലൂക്കോസ് 20:37, 38) ദൈവത്തിന് മരിച്ചവരെ ഉയിർപ്പിക്കാനുള്ള കഴിവും ശക്തിയും ഉണ്ടെന്നു മാത്രമല്ല അങ്ങനെ ചെയ്യാൻ ദൈവം ആഗ്രഹിക്കുന്നുമുണ്ട്! മരിച്ചവരെ പുനരുത്ഥാനപ്പെടുത്താനുള്ള ദൈവത്തിന്റെ ആഗ്രഹത്തെക്കുറിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു: “അങ്ങയുടെ കൈകൾ രൂപം നൽകിയവയെ കാണാൻ അങ്ങയ്ക്കു കൊതി തോന്നും.”—ഇയ്യോബ് 14:15.
പുനരുത്ഥാനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ
തെറ്റിദ്ധാരണ: മരിക്കുമ്പോൾ വേർപെട്ടുപോയ ആത്മാവ് വീണ്ടും ശരീരവുമായി ഒന്നിക്കുന്നതാണ് പുനരുത്ഥാനം.
സത്യം: ഒരാൾ മരിക്കുമ്പോൾ അയാൾ ഇല്ലാതാകുന്നു എന്നാണ് ബൈബിൾ പറയുന്നത്. മരണത്തിനു ശേഷം പിന്നെയും ജീവിക്കുന്ന ഒരു ആത്മാവില്ല. (സഭാപ്രസംഗകൻ 9:5, 10) അതുകൊണ്ടുതന്നെ മരിക്കുമ്പോൾ വേർപെട്ടുപോയ ആത്മാവ് വീണ്ടും ശരീരവുമായി ഒന്നിക്കുന്നതാണ് പുനരുത്ഥാനം എന്നു പറയാൻപറ്റില്ല. പുനരുത്ഥാനപ്പെടുന്ന ഒരു വ്യക്തിയെ ദൈവം വീണ്ടും സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
തെറ്റിദ്ധാരണ: ചിലരെ പുനരുത്ഥാനപ്പെടുത്തിയിട്ട് അപ്പോൾത്തന്നെ നശിപ്പിച്ചുകളയും.
സത്യം: ‘മോശമായ കാര്യങ്ങൾ ചെയ്തവർക്ക് ന്യായവിധിക്കായുള്ള പുനരുത്ഥാനം’ കിട്ടുമെന്ന് ബൈബിൾ പറയുന്നുണ്ട്. (യോഹന്നാൻ 5:29) എന്നാൽ അവരെ ന്യായം വിധിക്കുന്നത് പുനരുത്ഥാനപ്പെട്ടുവന്നതിനു ശേഷം അവർ ചെയ്യുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. അല്ലാതെ മരിക്കുന്നതിന് മുമ്പ് ചെയ്ത കാര്യങ്ങളുടെ അടിസ്ഥാനത്തിലല്ല. യേശു പറഞ്ഞു: “മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കുകയും കേട്ടനുസരിക്കുന്നവർ ജീവിക്കുകയും ചെയ്യുന്ന സമയം വരുന്നു.” (യോഹന്നാൻ 5:25) പുനരുത്ഥാനപ്പെട്ടുവന്നതിനു ശേഷം പഠിക്കുന്ന കാര്യങ്ങൾ ‘അനുസരിക്കുന്നവരുടെ’ പേരുകൾ ‘ജീവന്റെ ചുരുളിൽ’ രേഖപ്പെടുത്തും.—വെളിപാട് 20:12, 13.
തെറ്റിദ്ധാരണ: പുനരുത്ഥാനപ്പെടുന്ന ഒരു വ്യക്തിക്ക് അയാൾ മരിക്കുന്നതിനു മുമ്പുണ്ടായിരുന്ന അതേ ശരീരമായിരിക്കും കിട്ടുന്നത്.
സത്യം: മരണശേഷം ഒരു വ്യക്തിയുടെ ശരീരം ജീർണിച്ച് ഇല്ലാതായിപ്പോകുന്നു.—സഭാപ്രസംഗകൻ 3:19, 20.