പിശാചിനെ സൃഷ്ടിച്ചത് ദൈവമാണോ?
ബൈബിളിന്റെ ഉത്തരം
പിശാചിനെ സൃഷ്ടിച്ചത് ദൈവമല്ല എന്ന് ബൈബിൾ പറയുന്നു. ദൈവം സൃഷ്ടിച്ച ഒരു ആത്മവ്യക്തി പിന്നീട് പിശാച് ആയിത്തീരുകയായിരുന്നു. ദൈവത്തെക്കുറിച്ച് ബൈബിൾ പറയുന്നു: “ദൈവത്തിന്റെ പ്രവൃത്തികൾ അത്യുത്തമം, ദൈവത്തിന്റെ വഴികളെല്ലാം നീതിയുള്ളവ. ദൈവം വിശ്വസ്തൻ, അനീതിയില്ലാത്തവൻ; നീതിയും നേരും ഉള്ളവൻതന്നെ.” (ആവർത്തനം 32:3-5) ഈ പ്രസ്താവനയിൽനിന്നും ഒരു കാര്യം വ്യക്തമാണ്. പിന്നീട് പിശാചായ സാത്താൻ ആയിത്തീർന്ന വ്യക്തി ഒരിക്കൽ ദൈവദൂതന്മാരുടെ ഗണത്തിൽപ്പെട്ട പൂർണതയുള്ള, നീതിമാനായ ഒരു ദൂതനായിരുന്നു.
പിശാച് “സത്യത്തിൽ ഉറച്ചുനിന്നില്ല” എന്ന് യോഹന്നാൻ 8:44-ൽ യേശു പറഞ്ഞു. സാത്താൻ, ഒരിക്കൽ സത്യസന്ധനും കുറ്റമില്ലാത്തവനും ആയിരുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു.
സാത്താനായിത്തീർന്ന ഈ ദൂതനും യഹോവയുടെ ബുദ്ധിശക്തിയുള്ള മറ്റ് സൃഷ്ടികളെപ്പോലെ തെറ്റും ശരിയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ദൈവത്തോടുള്ള ഒരു മത്സരഗതി തിരഞ്ഞെടുക്കുകയും ആദ്യമനുഷ്യജോഡികളെ അതിനായി പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ട് അവൻ “എതിരാളി” എന്നർഥമുള്ള സാത്താനായിത്തീർന്നു.—ഉൽപത്തി 3:1-5; വെളിപാട് 12:9.