ബൈബിൾ ശരിക്കും എന്താണ്?
ബൈബിളിന്റെ ഉത്തരം
ബൈബിൾ 66 വിശുദ്ധപുസ്തകങ്ങൾ ചേർന്നതാണ്. 1,600-ലധികം വർഷംകൊണ്ടാണ് ഇത് എഴുതിയത്. ബൈബിളിൽ ദൈവത്തിന്റെ സന്ദേശങ്ങളാണ് ഉള്ളത്. അത് ശരിക്കും “ദൈവവചനം”തന്നെയാണ്.—1 തെസ്സലോനിക്യർ 2:13.
ഈ ലേഖനത്തിൽ:
ബൈബിളിനെക്കുറിച്ചുള്ള വസ്തുതകൾ
ബൈബിൾ എഴുതിയത് ആരാണ്? ബൈബിളിന്റെ ഗ്രന്ഥകാരൻ ദൈവമാണ്. അത് എഴുതാൻ ദൈവം ഏകദേശം 40 പേരെ ഉപയോഗിച്ചു. മോശ, ദാവീദ്, മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്നിവരാണ് അവരിൽ ചിലർ. a ദൈവം തന്റെ ആശയങ്ങൾ എഴുത്തുകാരുടെ മനസ്സിലേക്ക് പകർന്നു. അങ്ങനെയാണ് അവർ അത് എഴുതിയത്.—2 തിമൊഥെയൊസ് 3:16.
ഇതു മനസ്സിലാക്കാൻ നമുക്ക് ഒരു ദൃഷ്ടാന്തം നോക്കാം. ഒരു കമ്പനിയുടെ മാനേജർ കത്തു തയ്യാറാക്കാൻ സെക്രട്ടറിയെ ഏൽപ്പിക്കുന്നെന്നു വിചാരിക്കുക. അദ്ദേഹം പ്രധാന ആശയങ്ങൾ പറഞ്ഞുകൊടുക്കുന്നു, സെക്രട്ടറി കത്ത് തയ്യാറാക്കുന്നു. എഴുതുന്നത് സെക്രട്ടറിയാണെങ്കിലും കത്ത് മാനേജരുടേതാണ്. അതുപോലെ ബൈബിൾ എഴുതാൻ ദൈവം മനുഷ്യരെയാണ് ഉപയോഗിച്ചത്. എന്നാൽ അതിലെ ആശയങ്ങൾ ദൈവത്തിന്റേത് ആയതുകൊണ്ട് ദൈവമാണ് അതിന്റെ ഗ്രന്ഥകാരൻ.
“ബൈബിൾ” എന്ന വാക്കിന്റെ അർഥം എന്താണ്? ബിബ്ലിയ എന്ന ഗ്രീക്കുവാക്കിൽനിന്നാണ് “ബൈബിൾ” എന്ന വാക്കു വന്നിരിക്കുന്നത്. അതിന്റെ അർഥം “ചെറുപുസ്തകങ്ങൾ” എന്നാണ്. ക്രമേണ ബിബ്ലിയ എന്ന വാക്ക് ബൈബിളിന്റെ ഭാഗമായ എല്ലാ ചെറുപുസ്തകങ്ങളെയും കുറിക്കാൻ ഉപയോഗിച്ചുതുടങ്ങി.
ബൈബിൾ എഴുതിയത് എന്നാണ്? ബി.സി. 1513-ലാണ് ബൈബിൾ എഴുതാൻ തുടങ്ങിയത്. ഏതാണ്ട് എ.ഡി. 98 ആയപ്പോഴേക്കും അതിന്റെ എഴുത്ത് അവസാനിച്ചു. അതായത് 1,600-ലധികം വർഷംകൊണ്ടാണ് ബൈബിളിന്റെ എഴുത്ത് പൂർത്തിയായത്.
ആദ്യം എഴുതിയ ബൈബിൾ എവിടെ? ആദ്യം എഴുതിയ ബൈബിൾ ഇന്ന് എവിടെയെങ്കിലും ഉള്ളതായി അറിവില്ല. കാരണം ബൈബിളെഴുത്തുകാർ അന്നു ലഭ്യമായിരുന്ന പപ്പൈറസിലും തുകൽ ചുരുളുകളിലുമാണ് അത് എഴുതിയിരുന്നത്. അവ നശിച്ചുപോകുന്ന വസ്തുക്കളാണുതാനും. എങ്കിലും വിദഗ്ധരായ പകർപ്പെഴുത്തുകാർ ബൈബിളിന്റെ കോപ്പികൾ വളരെ ശ്രദ്ധയോടെ എഴുതിയുണ്ടാക്കി. കോപ്പികളിൽനിന്നും വീണ്ടും കോപ്പികളുണ്ടാക്കുന്ന ഈ പ്രക്രിയ നൂറ്റാണ്ടുകളോളം തുടർന്നു. അങ്ങനെ ബൈബിളിലെ ആശയങ്ങൾ കാത്തുസൂക്ഷിക്കാൻ കഴിഞ്ഞു.
“പഴയ നിയമവും” “പുതിയ നിയമവും” എന്താണ്? പ്രധാനമായും എബ്രായഭാഷയിൽ b എഴുതിയിരിക്കുന്ന ബൈബിൾഭാഗമാണ് പഴയ നിയമം. അതിനെ എബ്രായതിരുവെഴുത്തുകൾ എന്നും വിളിക്കുന്നു. അതുപോലെ ഗ്രീക്കുഭാഷയിൽ എഴുതിയിരിക്കുന്ന ഭാഗമാണ് പുതിയ നിയമം. അതിനെ ഗ്രീക്കുതിരുവെഴുത്തുകൾ എന്നും വിളിക്കാറുണ്ട്. ഈ രണ്ടു ഭാഗങ്ങളുംകൂടി ചേർന്നതാണ് ബൈബിൾ. ഇത് മൊത്തത്തിൽ വിശുദ്ധതിരുവെഴുത്തുകൾ എന്ന് അറിയപ്പെടുന്നു. c
ബൈബിളിൽ എന്താണുള്ളത്? ബൈബിളിൽ ചരിത്രം, നിയമങ്ങൾ, പ്രവചനങ്ങൾ, കവിതകൾ, പഴഞ്ചൊല്ലുകൾ, പാട്ടുകൾ, കത്തുകൾ എന്നിവയെല്ലാം ഉണ്ട്.—“ ബൈബിൾപുസ്തകങ്ങളുടെ പേരുകൾ” കാണുക.
ബൈബിളിന്റെ ഉള്ളടക്കം
സർവശക്തനായ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചതിനെക്കുറിച്ചുള്ള ഒരു ചെറുവിവരണത്തോടെയാണ് ബൈബിൾ തുടങ്ങുന്നത്. ബൈബിളിലൂടെ ദൈവം തന്റെ പേര് യഹോവ എന്നാണെന്നു പറഞ്ഞുകൊണ്ട് സ്വയം പരിചയപ്പെടുത്തുന്നു. അങ്ങനെ തന്നെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ആളുകളെ ക്ഷണിക്കുന്നു.—സങ്കീർത്തനം 83:18.
ദൈവത്തെക്കുറിച്ച് പല തെറ്റിദ്ധാരണകളും ആളുകൾക്കുണ്ടെന്ന് ബൈബിൾ പറയുന്നു. എന്നാൽ ദൈവം എങ്ങനെ തന്റെ സത്പേര് വീണ്ടെടുക്കുമെന്നും അത് വിശദീകരിക്കുന്നുണ്ട്.
മനുഷ്യരെയും ഭൂമിയെയും കുറിച്ചുള്ള ദൈവത്തിന്റെ ആഗ്രഹം എന്താണെന്ന് ബൈബിൾ പറയുന്നുണ്ട്. ഭാവിയിൽ മനുഷ്യരുടെ കഷ്ടപ്പാടുകളെല്ലാം ദൈവം എങ്ങനെയാണ് തുടച്ചുനീക്കാൻ പോകുന്നതെന്നും അത് വെളിപ്പെടുത്തുന്നു.
നമ്മുടെ ജീവിതത്തിനു വേണ്ട പ്രായോഗികമായ ഉപദേശങ്ങളും ബൈബിൾ തരുന്നു. ചില ഉദാഹരണങ്ങൾ നോക്കാം:
നല്ല ബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ. “മറ്റുള്ളവർ നിങ്ങൾക്കു ചെയ്തുതരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം അവർക്കും ചെയ്തുകൊടുക്കണം.”—മത്തായി 7:12.
അർഥം: നമ്മളോട് മറ്റുള്ളവർ പെരുമാറാൻ ആഗ്രഹിക്കുന്നതുപോലെ നമ്മൾ അവരോടും പെരുമാറണം.
മാനസിക പിരിമുറുക്കത്തെ തരണം ചെയ്യാൻ. “അടുത്ത ദിവസത്തെ ഓർത്ത് ഒരിക്കലും ഉത്കണ്ഠപ്പെടരുത്. ആ ദിവസത്തിന് അതിന്റേതായ ഉത്കണ്ഠകളുണ്ടായിരിക്കുമല്ലോ.”—മത്തായി 6:34.
അർഥം: ഭാവിയിൽ എന്തു സംഭവിക്കും എന്നോർത്ത് അമിതമായി വിഷമിക്കുന്നതിനു പകരം അന്നന്നത്തെ കാര്യങ്ങൾ നന്നായി ചെയ്ത് മുന്നോട്ടുപോകുക.
ദാമ്പത്യജീവിതം ആസ്വദിക്കാൻ. “നിങ്ങൾ ഓരോരുത്തരും ഭാര്യയെ തന്നെപ്പോലെതന്നെ സ്നേഹിക്കണം. അതേസമയം ഭാര്യ ഭർത്താവിനെ ആഴമായി ബഹുമാനിക്കുകയും വേണം.”—എഫെസ്യർ 5:33.
അർഥം: വിജയകരമായ ദാമ്പത്യത്തിൽ സ്നേഹത്തിനും ബഹുമാനത്തിനും വലിയ സ്ഥാനമുണ്ട്.
ബൈബിളിന് മാറ്റം വന്നിട്ടുണ്ടോ?
ഇല്ല. ബൈബിൾപണ്ഡിതർ ആദ്യകാല കൈയെഴുത്തുപ്രതികൾ ഇപ്പോഴത്തെ ബൈബിളുമായി ഒത്തുനോക്കി. അപ്പോൾ ബൈബിളിന്റെ സന്ദേശത്തിന് ഒരു മാറ്റവും വന്നിട്ടില്ലെന്ന് അവർ കണ്ടെത്തി. നമ്മൾ ദൈവത്തിന്റെ വചനം വായിക്കാനും മനസ്സിലാക്കാനും ദൈവം ആഗ്രഹിക്കുന്നതുകൊണ്ട് ബൈബിളിന്റെ സന്ദേശത്തിന് മാറ്റമൊന്നും വന്നിട്ടില്ലെന്ന് ദൈവം ഉറപ്പുവരുത്തിയിട്ടുണ്ട്. ദൈവത്തിന്റെ വചനത്തിൽനിന്ന് നമ്മൾ പ്രതീക്ഷിക്കുന്നതും അതുതന്നെയല്ലേ? d—യശയ്യ 40:8.
പല ബൈബിൾഭാഷാന്തരങ്ങൾ ഉള്ളത് എന്തുകൊണ്ടാണ്?
ഇന്നത്തെ മിക്ക ആളുകൾക്കും ബൈബിൾ ആദ്യം എഴുതിയ ഭാഷകൾ അറിയില്ല. എന്നാൽ ബൈബിളിലെ ‘സന്തോഷവാർത്ത എല്ലാ ജനതകൾക്കും ഗോത്രങ്ങൾക്കും ഭാഷക്കാർക്കും’ വേണ്ടിയുള്ളതാണ്. (വെളിപാട് 14:6) അതുകൊണ്ട് ആളുകൾക്ക് അവരവരുടെ ഭാഷയിൽ വായിച്ച് മനസ്സിലാക്കാൻ പലപല പരിഭാഷകൾ ആവശ്യമായി വന്നു.
മൂന്നു തരത്തിലുള്ള ബൈബിൾ പരിഭാഷകൾ ഉണ്ട്:
പദാനുപദ പരിഭാഷ. ഓരോ വാക്കിനും തത്തുല്യമായ വാക്ക് ഉപയോഗിച്ചുകൊണ്ടുള്ള പരിഭാഷയാണ് ഇത്.
ആശയങ്ങളുടെ പരിഭാഷ. ആശയങ്ങൾ എടുത്ത് പരിഭാഷ ചെയ്യുന്ന രീതിയാണ് ഇത്.
പരാവർത്തന പരിഭാഷ. വായന രസകരമാക്കുക എന്ന ഉദ്ദേശ്യത്തിൽ പരിഭാഷകൻ അൽപ്പം സ്വാതന്ത്ര്യം എടുത്ത് ചെയ്യുന്ന പരിഭാഷയാണ് ഇത്. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ ചിലപ്പോൾ അർഥം മാറിപ്പോയേക്കാം.
ഒരു നല്ല ബൈബിൾപരിഭാഷ സാധ്യമാകുന്നിടത്തോളം പദാനുപദ പരിഭാഷയായിരിക്കും. അതേസമയം അത് സാധാരണക്കാർക്ക് മനസ്സിലാകുന്നതും കൃത്യതയുള്ളതും ആയിരിക്കും. e
ബൈബിളിൽ എന്തൊക്കെ ഉൾപ്പെടുത്തണമെന്ന് തീരുമാനിച്ചത് ആരാണ്?
ബൈബിളിന്റെ ഗ്രന്ഥകാരൻ ദൈവമായതുകൊണ്ട് അതിൽ എന്താണ് ഉൾപ്പെടുത്തേണ്ടതെന്ന് തീരുമാനിച്ചത് ദൈവംതന്നെയാണ്. ദൈവം ആദ്യം തന്റെ ‘വിശുദ്ധമായ അരുളപ്പാടുകൾ ഏൽപ്പിച്ചത്’ പഴയകാല ഇസ്രായേൽ ജനത്തെയാണ്. അവരായിരുന്നു എബ്രായ തിരുവെഴുത്തുകളുടെ സൂക്ഷിപ്പുകാർ.—റോമർ 3:2.
ഏതെങ്കിലും പുസ്തകങ്ങൾ ബൈബിളിൽ ഉൾപ്പെടുത്താൻ വിട്ടുപോയിട്ടുണ്ടോ?
ഇല്ല. ബൈബിൾ പൂർണമാണ്. ഒരു പുസ്തകവും ഉൾപ്പെടുത്താൻ വിട്ടുപോയിട്ടില്ല. ചിലർ അവകാശപ്പെടുന്നത് വളരെക്കാലം മൂടിവെക്കപ്പെട്ടിരുന്ന ചില പുസ്തകങ്ങൾ ബൈബിളിന്റെ ഭാഗമാണെന്നാണ്. f എന്നാൽ ഒരു പുസ്തകം ബൈബിളിന്റെ ഭാഗമാണോ അല്ലയോ എന്നു മനസ്സിലാക്കാനുള്ള അടിസ്ഥാനം ബൈബിൾതന്നെ തരുന്നുണ്ട്. (റോമർ 6:17, അടിക്കുറിപ്പ്) ഈ മാതൃക അനുസരിച്ച് ദൈവത്തിൽനിന്നുള്ള ഒരു പുസ്തകം അങ്ങനെയുള്ള മറ്റു പുസ്തകങ്ങളുമായി പൂർണമായും യോജിപ്പിലായിരിക്കണം. പക്ഷേ ബൈബിളിന്റെ ഭാഗമാണെന്ന് ചിലർ കരുതുന്ന എല്ലാ പുസ്തകങ്ങളെക്കുറിച്ചും ഇങ്ങനെ പറയാൻ കഴിയില്ല. g
ബൈബിൾവാക്യങ്ങൾ എങ്ങനെ കണ്ടുപിടിക്കാം?
ബൈബിൾപുസ്തകങ്ങളുടെ പേരുകൾ
a ബൈബിളിലെ പുസ്തകങ്ങളുടെ പേരുകളും അവ ഓരോന്നും ആരാണ് എഴുതിയതെന്നും എവിടെവെച്ചാണ് എഴുതിയതെന്നും അറിയാൻ “ബൈബിൾപുസ്തകങ്ങളുടെ വിവരപ്പട്ടിക” കാണുക.
b എബ്രായഭാഷയോട് വളരെ സാമ്യമുള്ള അരമായഭാഷയിലാണ് ബൈബിളിലെ കുറച്ച് ഭാഗങ്ങൾ എഴുതിയിരിക്കുന്നത്.
c പല ബൈബിൾ വായനക്കാർക്കും “എബ്രായതിരുവെഴുത്തുകൾ” എന്നും “ഗ്രീക്കുതിരുവെഴുത്തുകൾ” എന്നും പറയുന്നതാണ് ഇഷ്ടം. കാരണം “പഴയ നിയമം” എന്നും “പുതിയ നിയമം” എന്നും വിളിക്കുകയാണെങ്കിൽ “പഴയ നിയമം” പഴയതാണെന്നും “പുതിയ നിയമം” അതിനു പകരം വന്നതാണെന്നും ചിന്തിക്കാൻ ഇടയാകും.
d “ബൈബിളിൽ എന്തെങ്കിലും മാറ്റങ്ങളോ തിരിമറികളോ വരുത്തിയിട്ടുണ്ടോ?” എന്ന ലേഖനം കാണുക.
e പലർക്കും വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം ബൈബിൾ വായിക്കാൻ വളരെ ഇഷ്ടമാണ്. കാരണം അത് വായിക്കാൻ എളുപ്പമുള്ളതും കൃത്യതയുള്ളതും ആണ്. “പുതിയ ലോക ഭാഷാന്തരം കൃത്യതയുള്ളതാണോ?” (ഇംഗ്ലീഷ്) എന്ന ലേഖനം കാണുക.
f ഈ പുസ്തകങ്ങളെ മൊത്തത്തിൽ അപ്പോക്രീഫാ എന്നു വിളിക്കുന്നു. ബ്രിട്ടാനിക്ക സർവവിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നത് അനുസരിച്ച് “ബൈബിൾസാഹിത്യത്തിൽ (ഈ പദപ്രയോഗം അർഥമാക്കുന്നത്) വിശുദ്ധ ലിഖിതങ്ങളുടെ അംഗീകരിക്കപ്പെട്ട കാനോന് പുറത്തുള്ള പുസ്തകങ്ങളെയാണ്.” അതിന്റെ അർഥം ആധികാരികമായ ബൈബിൾപുസ്തകങ്ങളുടെ കൂട്ടത്തിൽ അപ്പോക്രീഫാ ഗ്രന്ഥങ്ങൾ വരുന്നില്ല എന്നാണ്.
g കൂടുതൽ അറിയാൻ, “അപ്പോക്രീഫാ സുവിശേഷങ്ങൾ—യേശുവിനെക്കുറിച്ചുള്ള മറഞ്ഞിരുന്ന സത്യങ്ങളോ?” (ഇംഗ്ലീഷ്) എന്ന ലേഖനം കാണുക.