മഗ്ദലക്കാരി മറിയ ആരായിരുന്നു?
ബൈബിളിന്റെ ഉത്തരം
മഗ്ദലക്കാരി മറിയ യേശുക്രിസ്തുവിന്റെ വിശ്വസ്തയായ ഒരു അനുഗാമിയായിരുന്നു. മറിയയ്ക്കു മഗ്ദലക്കാരി എന്ന വിശേഷണം കിട്ടിയത് ഗലീലക്കടലിന് അടുത്തുള്ള മഗ്ദല (സാധ്യതയനുസരിച്ച് മഗദ) എന്ന സ്ഥലപ്പേരിൽനിന്ന് ആയിരിക്കാം. മറിയ ഒരിക്കൽ ആ സ്ഥലത്തു താമസിച്ചിട്ടുണ്ടായിരിക്കണം.
യേശുവിന്റെയും ശിഷ്യന്മാരുടെയും കൂടെ സഞ്ചരിക്കുകയും, തങ്ങളുടെ സ്വത്തുക്കൾകൊണ്ട് അവരെ പിന്തുണയ്ക്കുകയും ചെയ്തിരുന്ന അനേകം സ്ത്രീകളിൽ ഒരാളായിരുന്നു മഗ്ദലക്കാരി മറിയ. (ലൂക്കോസ് 8:1-3) യേശുവിനെ വധിക്കുന്നത് മറിയ നേരിട്ട് കണ്ടിരുന്നു. അതുപോലെ, പുനരുത്ഥാനപ്പെട്ട യേശുവിനെ ആദ്യം കണ്ടവരുടെ കൂട്ടത്തിലും മഗ്ദലക്കാരി മറിയ ഉണ്ടായിരുന്നു.—മർക്കോസ് 15:40; യോഹന്നാൻ 20:11-18.
മഗ്ദലക്കാരി മറിയ ഒരു വ്യഭിചാരിണി ആയിരുന്നോ?
മഗ്ദലക്കാരി മറിയ ഒരു വ്യഭിചാരിണിയായിരുന്നു എന്ന് ബൈബിൾ പറയുന്നില്ല. മറിയയുടെ പശ്ചാത്തലത്തെക്കുറിച്ച് ബൈബിളിൽ ആകെ പറയുന്നത്, യേശു അവളിൽനിന്ന് ഏഴു ഭൂതങ്ങളെ പുറത്താക്കി എന്നു മാത്രമാണ്.—ലൂക്കോസ് 8:2.
യേശുവിന്റെ ഒരു ശിഷ്യയാകുന്നതിനു മുമ്പ് മഗ്ദലക്കാരി മറിയ ഒരു വ്യഭിചാരിണിയായിരുന്നു എന്ന് പലരും കരുതുന്നത് എന്തുകൊണ്ടാണ്? യേശുവിന്റെ പാദങ്ങൾ കണ്ണീരുകൊണ്ട് നനച്ചിട്ട് തലമുടികൊണ്ട് തുടച്ച, പേര് സൂചിപ്പിച്ചിട്ടില്ലാത്ത സ്ത്രീ (സാധ്യതയനുസരിച്ച് ഒരു വ്യഭിചാരിണി) മഗ്ദലക്കാരി മറിയയാണെന്ന് പല ആളുകളും വിശ്വസിക്കുന്നു. (ലൂക്കോസ് 7:36-38) മറിയ മരിച്ച്, നൂറ്റാണ്ടുകൾക്കു ശേഷമാണ് ഇത്തരമൊരു വിശ്വാസം നിലവിൽ വന്നത്. എന്നാൽ ഇതിന് ഒരു ബൈബിൾ അടിസ്ഥാനവും ഇല്ല.
മഗ്ദലക്കാരി മറിയ “അപ്പോസ്തലരുടെ അപ്പോസ്തല” ആയിരുന്നോ?
അല്ല. യേശു പുനരുത്ഥാനം ചെയ്ത വാർത്ത അപ്പോസ്തലന്മാരെ ആദ്യം അറിയിച്ചവരിൽ മഗ്ദലക്കാരി മറിയയും ഉണ്ടായിരുന്നതുകൊണ്ട് കത്തോലിക്കാ സഭ മറിയയെ “വിശുദ്ധ മഗ്ദലന മറിയം” എന്നും “അപ്പോസ്തലരുടെ അപ്പോസ്തല” എന്നും വിളിക്കുന്നു. (യോഹന്നാൻ 20:18) പക്ഷേ ഇതുകൊണ്ട് മഗ്ദലക്കാരി മറിയ ഒരു അപ്പോസ്തല ആകുന്നില്ല. തിരുവെഴുത്തുകളിൽ ഒരിടത്തും അവളെ അങ്ങനെ വിശേഷിപ്പിച്ചിട്ടുമില്ല.—ലൂക്കോസ് 6:12-16.
എ.ഡി. ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോട് അടുത്താണ് ബൈബിൾ മുഴുവനും പൂർത്തിയായത്. എന്നാൽ ആറാം നൂറ്റാണ്ടു മുതൽ, ക്രൈസ്തവ അധികാരികൾ മഗ്ദലക്കാരി മറിയയെ “വിശുദ്ധ” എന്നു വിളിക്കുകയും, ഒരു പ്രത്യേക സ്ഥാനത്തേക്ക് ഉയർത്തുകയും ചെയ്തു. രണ്ടും മൂന്നും നൂറ്റാണ്ടുകളിലെ ചില എഴുത്തുകളിൽ യേശുവിന്റെ അപ്പോസ്തലന്മാരിൽ ചിലർക്കു മറിയയോട് അസൂയ തോന്നിയിരുന്നെന്നു പറയുന്നുണ്ട്. എന്നാൽ ആ എഴുത്തുകളൊന്നും ബൈബിളിന്റെ ഭാഗമല്ല. ഇങ്ങനെ കെട്ടിച്ചമച്ച കഥകൾക്കു തിരുവെഴുത്ത് അടിസ്ഥാനവും ഇല്ല.
മഗ്ദലക്കാരി മറിയ യേശുക്രിസ്തുവിന്റെ ഭാര്യ ആയിരുന്നോ?
അല്ല. യേശു വിവാഹം കഴിച്ചിട്ടില്ലെന്നു ബൈബിൾ വ്യക്തമാക്കുന്നുണ്ട്. a
a “യേശു വിവാഹം കഴിച്ചിട്ടുണ്ടോ? യേശുവിനു കൂടപ്പിറപ്പുകളുണ്ടോ?” എന്ന ലേഖനം കാണുക