മരണഭീതി—അതിനെ എങ്ങനെ മറികടക്കാം?
ബൈബിളിന്റെ ഉത്തരം
ഒരു ശത്രുവിനെ എന്നപോലെ മരണത്തെ നമ്മൾ ഭയക്കുന്നു. ജീവൻ രക്ഷിക്കാൻ നമുക്കു ചെയ്യാനാകുന്നതെല്ലാം നമ്മൾ ചെയ്യും. (1 കൊരിന്ത്യർ 15:26) അന്ധവിശ്വാസങ്ങളുടെയോ വ്യാജമായ ആശയങ്ങളുടെയോ പേരിലുള്ള അകാരണമായ ഒരു ഭയം ആളുകളെ “ആയുഷ്കാലം മുഴുവൻ . . . അടിമത്തത്തിൽ” ആക്കിവെക്കുകയാണ്. (എബ്രായർ 2:15) ഈ ഭയം നമ്മുടെ ജീവിതത്തിലെ സന്തോഷം മുഴുവൻ കെടുത്തിക്കളയും. എന്നാൽ, സത്യം അറിയുന്നത് അനാരോഗ്യകരമായ ഈ മരണഭീതിയിൽനിന്ന് നമ്മളെ സ്വതന്ത്രരാക്കും.—യോഹന്നാൻ 8:32.
മരണത്തെക്കുറിച്ചുള്ള സത്യം
മരിച്ചവർക്കു ബോധമില്ല. (സങ്കീർത്തനം 146:4) ബൈബിൾ മരണത്തെ ഉറക്കത്തോടാണ് ഉപമിച്ചിരിക്കുന്നത്. അതുകൊണ്ട് മരണശേഷം ദണ്ഡനമോ വേദനയോ അനുഭവിക്കേണ്ടിവരുമെന്നോർത്ത് പേടിക്കേണ്ട കാര്യമില്ല.—സങ്കീർത്തനം 13:3; യോഹന്നാൻ 11:11-14.
മരിച്ചവർക്കു നമ്മളെ ഉപദ്രവിക്കാനാവില്ല. ജീവിച്ചിരുന്നപ്പോൾ അക്രമാസക്തരായിരുന്ന ശത്രുക്കൾപോലും മരണശേഷം ‘അശക്തരാണ്.’ (സുഭാഷിതങ്ങൾ 21:16, അടിക്കുറിപ്പ്.) മരിച്ചവരുടെ “സ്നേഹവും വെറുപ്പും അസൂയയും നശിച്ചുപോയി” എന്നും ബൈബിൾ പറയുന്നു.—സഭാപ്രസംഗകൻ 9:6.
മരണത്തോടെ എല്ലാം എന്നെന്നേക്കുമായി അവസാനിക്കുകയാണോ? അവശ്യം അങ്ങനെയല്ല! മരിച്ചുപോയ ആളുകളെ ദൈവം പുനരുത്ഥാനത്തിലൂടെ ജീവനിലേക്കു കൊണ്ടുവരും.—യോഹന്നാൻ 5:28, 29; പ്രവൃത്തികൾ 24:15.
‘മേലാൽ മരണം ഉണ്ടായിരിക്കില്ലാത്ത’ ഒരു കാലത്തെക്കുറിച്ച് ദൈവം ഉറപ്പുതന്നിട്ടുണ്ട്. (വെളിപാട് 21:4) ആ കാലത്തെക്കുറിച്ച് ബൈബിൾ പറയുന്നു: “നീതിമാന്മാർ ഭൂമി കൈവശമാക്കും; അവർ അവിടെ എന്നുമെന്നേക്കും ജീവിക്കും.”—സങ്കീർത്തനം 37:29.