നമ്മുടെ മരണസമയം മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ടോ?
ബൈബിളിന്റെ ഉത്തരം
ഇല്ല. ആരും മരിക്കാൻ മുൻകൂട്ടി ഒരു സമയം നിശ്ചയിച്ചിട്ടില്ല. വിധിവിശ്വാസത്തെ പിന്തുണയ്ക്കുന്നതിനു പകരം “അപ്രതീക്ഷിതസംഭവങ്ങ”ളാണ് മിക്കപ്പോഴും മരണത്തിന് കാരണമെന്ന് ബൈബിൾ പറയുന്നു.—സഭാപ്രസംഗകൻ 9:11.
“മരിക്കാൻ ഒരു സമയം” ഉണ്ടെന്ന് ബൈബിൾ പറയുന്നില്ലേ?
ഉണ്ട്. “ജനിക്കാൻ ഒരു സമയം, മരിക്കാൻ ഒരു സമയം. നടാൻ ഒരു സമയം, നട്ടതു പറിച്ചുകളയാൻ ഒരു സമയം” എന്നു സഭാപ്രസംഗകൻ 3:2 പറയുന്നു. ‘ജീവിതമാകുന്ന ചക്രത്തിൽ’ സാധാരണയായി സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് ബൈബിൾ ഇവിടെ പറയുന്നതെന്ന് ഈ വാക്യത്തിന്റെ സന്ദർഭം വ്യക്തമാക്കുന്നു. (സഭാപ്രസംഗകൻ 3:1-8) ഒരു നിശ്ചിതസമയത്ത് വിത്ത് നടാൻ ഒരു കർഷകനെ ദൈവം നിർബന്ധിക്കാത്തതുപോലെ നമ്മൾ മരിക്കുന്ന സമയവും നേരത്തേ തീരുമാനിച്ചുവെക്കുന്നില്ല. എന്നാൽ നമ്മുടെ സ്രഷ്ടാവിനെ അവഗണിക്കുന്ന അളവോളം ജീവിതത്തിലെ അനുദിനകാര്യങ്ങളിൽ മുഴുകിയിരിക്കുന്നത് നമ്മൾ ഒഴിവാക്കണം എന്നതാണ് ഈ വാക്യത്തിലെ ആശയം.—സഭാപ്രസംഗകൻ 3:11; 12:1, 13.
ജീവിതദൈർഘ്യം വർധിപ്പിക്കാനാകും
ജീവിതത്തിൽ ഒട്ടേറെ അനിശ്ചിതത്വങ്ങളുണ്ടെങ്കിലും ജ്ഞാനത്തോടെ തീരുമാനങ്ങളെടുക്കുന്നെങ്കിൽ നമുക്ക് കൂടുതൽ കാലം ജീവിച്ചിരിക്കാനാകും. “ബുദ്ധിയുള്ളവന്റെ ഉപദേശം ജീവന്റെ ഉറവാണ്; അതു മരണത്തിന്റെ കുടുക്കുകളിൽനിന്ന് ഒരുവനെ രക്ഷിക്കുന്നു” എന്നു ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ 13:14) അതുപോലെ ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്നെങ്കിൽ “ദീർഘായുസ്സോടിരിക്കാൻ” കഴിയുമെന്ന് മോശ ഇസ്രായേല്യരോട് പറഞ്ഞു. (ആവർത്തനം 6:2) എന്നാൽ മോശവും ബുദ്ധിശൂന്യവും ആയ തീരുമാനങ്ങളെടുത്തുകൊണ്ട് ജീവിതദൈർഘ്യം അനാവശ്യമായി കുറയ്ക്കാനും നമുക്കാകും.—സഭാപ്രസംഗകൻ 7:17.
എന്നാൽ എത്രതന്നെ ജ്ഞാനത്തോടെ തീരുമാനങ്ങളെടുത്താലും ജാഗ്രതയോടെയിരുന്നാലും നമുക്ക് മരണത്തിൽനിന്ന് രക്ഷപെടാനാകില്ല. (റോമർ 5:12) പക്ഷേ, ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വരും. കാരണം, “മേലാൽ മരണം ഉണ്ടായിരിക്കില്ല” എന്നാണ് ബൈബിൾ വാഗ്ദാനം ചെയ്യുന്നത്!—വെളിപാട് 21:4.