പുനരുത്ഥാനശേഷം യേശുവിനുണ്ടായിരുന്നത് ജഡശരീരമാണോ ആത്മശരീരമാണോ?
ബൈബിളിന്റെ ഉത്തരം
യേശുവിനെക്കുറിച്ച് “ജഡത്തിൽ മരണശിക്ഷ ഏൽക്കുകയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും (പുനരുത്ഥാനപ്പെടുകയും) ചെയ്തു” എന്ന് ബൈബിൾ പറയുന്നു.—1 പത്രോസ് 3:18; പ്രവൃത്തികൾ 13:34; 1 കൊരിന്ത്യർ 15:45; 2 കൊരിന്ത്യർ 5:16.
പുനരുത്ഥാനപ്പെടുന്നത് ജഡശരീരത്തോടെ ആയിരിക്കില്ലെന്നാണ് യേശുവിന്റെ തന്നെ വാക്കുകൾ സൂചിപ്പിക്കുന്നത്. അതായത് ‘ലോകത്തിന്റെ ജീവനുവേണ്ടിയുള്ള മാംസം’ താൻ മനുഷ്യകുടുംബത്തിന് മറുവിലയായി നൽകും എന്ന്. (യോഹന്നാൻ 6:51; മത്തായി 20:28)പുനരുത്ഥാനം പ്രാപിക്കുമ്പോൾ സ്വന്തം മാംസശരീരം അഥവാ ജഡശരീരം വീണ്ടും എടുക്കുകയാണെങ്കിൽ അതുവഴി മറുവില റദ്ദാക്കുകയായിരിക്കും യേശു ചെയ്യുന്നത്. എന്നാൽ അങ്ങനെയല്ല സംഭവിച്ചത്. കാരണം, യേശു തന്റെ മാംസവും രക്തവും ‘ഒരിക്കലായി നിത്യമായ’ ബലിയർപ്പിച്ചു എന്നാണ് ബൈബിൾ പറയുന്നത്.—എബ്രായർ 9:11, 12.
യേശു പുനരുത്ഥാനപ്പെട്ടത് ആത്മശരീരത്തോടെയാണെങ്കിൽ, ശിഷ്യന്മാർക്ക് യേശുവിനെ കാണാൻ കഴിഞ്ഞത് എങ്ങനെ?
ആത്മവ്യക്തികൾക്ക് മനുഷ്യരൂപം എടുക്കാൻ കഴിയും. ഉദാഹരണത്തിന്, മുൻകാലങ്ങളിൽ ദൂതന്മാർ മനുഷ്യരുടെ കൂടെ തിന്നുകയും കുടിക്കുകയും വരെ ചെയ്തിട്ടുണ്ട്. (ഉല്പത്തി 18:1-8; 19:1-3) എങ്കിൽപ്പോലും അവർ അപ്പോഴും ആത്മവ്യക്തികളായിരുന്നു. കൂടാതെ, ഭൂമിയിൽനിന്നു പോകാനും അവർക്ക് കഴിയുമായിരുന്നു.—ന്യായാധിപന്മാർ 13:15-21.
പുനരുത്ഥാനശേഷം യേശു ചില അവസരങ്ങളിൽ മനുഷ്യരൂപം സ്വീകരിച്ചിട്ടുണ്ട്, പണ്ട് ദൂതന്മാർ ചെയ്തിരുന്നതുപോലെ. ആത്മവ്യക്തിയായതിനാൽ, യേശുവിന് പെട്ടെന്ന് കാണപ്പെടാനും മറഞ്ഞുപോകാനും കഴിയുമായിരുന്നു. (ലൂക്കോസ് 24:31; യോഹന്നാൻ 20:19, 26) അതുപോലെ ആ സമയങ്ങളിലെല്ലാം യേശു എടുത്തത് വ്യത്യസ്തജഡശരീരങ്ങളായിരുന്നു. അതിനാൽ യേശുവിന്റെ അടുത്ത സുഹൃത്തുക്കൾപോലും യേശു പറഞ്ഞതോ ചെയ്തതോ ആയ കാര്യങ്ങളിൽനിന്നാണ് യേശുവിനെ തിരിച്ചറിഞ്ഞത്.—ലൂക്കോസ് 24:30, 31, 35; യോഹന്നാൻ 20:14-16; 21:6, 7.
അപ്പൊസ്തലനായ തോമസിന് പ്രത്യക്ഷനായപ്പോൾ യേശു സ്വീകരിച്ചത് മുറിപ്പാടുകൾ ഉള്ള ശരീരമായിരുന്നു. അത് താൻ പുനരുത്ഥാനം പ്രാപിച്ച കാര്യം സംശയിച്ച തോമസിന്റെ വിശ്വാസം ഉറപ്പിക്കാനാണ്.—യോഹന്നാൻ 20:24-29.