പിശാചിന് മനുഷ്യരെ നിയന്ത്രിക്കാൻ കഴിയുമോ?
ബൈബിളിന്റെ ഉത്തരം
സാത്താനും ഭൂതങ്ങളും മനുഷ്യരെ സ്വാധീനിക്കുന്നു എന്നു വ്യക്തമാക്കിക്കൊണ്ട് ബൈബിൾ ഇങ്ങനെ പറയുന്നു: “ലോകം മുഴുവനും ദുഷ്ടന്റെ നിയന്ത്രണത്തിലാണ്.” (1 യോഹന്നാൻ 5:19) സാത്താൻ ആളുകളുടെമേൽ സ്വാധീനം ചെലുത്തുന്ന വ്യത്യസ്ത വിധങ്ങൾ ബൈബിളിൽ പറയുന്നു.
വഞ്ചന. “പിശാചിന്റെ കുടിലതന്ത്രങ്ങളോട് എതിർത്തുനില്ക്കാൻ” ബൈബിൾ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു. (എഫെസ്യർ 6:11) അവൻ ആളുകളെ വഞ്ചിക്കാൻ കുടിലതന്ത്രങ്ങൾ ഉപയോഗിക്കുന്നു. അതിലൊന്ന്, തന്റെ പക്ഷത്തുള്ള ആളുകളെ ദൈവത്തിന്റെ ആരാധകരായി തോന്നിപ്പിക്കുക എന്നതാണ്.—2 കൊരിന്ത്യർ 11:13-15.
ഭൂതവിദ്യ. ആത്മാക്കളുടെ ഉപദേശം തേടുന്നവർ, ഭാവി പറയുന്നവർ, ജ്യോതിഷക്കാർ എന്നിവരിലൂടെയെല്ലാം പിശാച് ആളുകളെ വഴിതെറ്റിക്കുന്നു. (ആവർത്തനം 18:10-12) ഹിപ്നോട്ടിസം, മയക്കുമരുന്നുകളുടെ ഉപയോഗം, മനസ്സിനെ ശൂന്യമാക്കുന്നതരത്തിലുള്ള ധ്യാനം എന്നിവയെല്ലാം ഒരാളെ സാത്താന്റെ നിയന്ത്രണത്തിൽ കൊണ്ടുവരുന്നു. (ലൂക്കോസ് 11:24-26)
വ്യാജമതം. തെറ്റായ ഉപദേശങ്ങൾ പഠിപ്പിക്കുന്ന മതങ്ങൾ ദൈവത്തോട് അനുസരണക്കേട് കാണിക്കാനാണ് ആളുകളെ പ്രേരിപ്പിക്കുന്നത്. (1 കൊരിന്ത്യർ 10:20) അത്തരം വ്യാജപഠിപ്പിക്കലുകളെ “ഭൂതോപദേശങ്ങൾ” എന്നാണ് ബൈബിൾ വിളിക്കുന്നത്.—1 തിമൊഥെയൊസ് 4:1.
ഭൂതബാധ. വ്യക്തികളുടെ മേൽ നിയന്ത്രണമുണ്ടായിരുന്ന ദുഷ്ടരായ ഭൂതങ്ങളെക്കുറിച്ച് ബൈബിൾ പറയുന്നു. ഭൂതബാധിതരായ ചിലരുടെ കാഴ്ചയും സംസാരപ്രാപ്തിയും നഷ്ടപ്പെടുകയും ചിലർ തങ്ങളെത്തന്നെ മുറിവേൽപ്പിക്കുകയും ചെയ്തതായി കാണാം.—മത്തായി 12:22; മർക്കോസ് 5:2-5.
പിശാചിന്റെ സ്വാധീനം ഒഴിവാക്കാനാകുന്ന വിധം
ഭൂതങ്ങളുടെ സ്വാധീനത്തിൻകീഴിൽ ജീവിക്കുന്നതിനെക്കുറിച്ച് ഓർത്ത് നമ്മൾ പേടിക്കേണ്ടതില്ല. കാരണം പിശാചിനെ എതിർത്തുതോൽപ്പിക്കാൻ എങ്ങനെ കഴിയുമെന്ന് ബൈബിൾ പറയുന്നു:
സാത്താന്റെ പ്രവർത്തനരീതി തിരിച്ചറിയാൻ പഠിക്കുക. ബൈബിൾ പറയുന്നത് നമ്മൾ “സാത്താന്റെ തന്ത്രങ്ങൾ അറിയാത്തവരല്ല” എന്നാണ്.
ബൈബിളിന്റെ അറിവ് നേടുക, അത് പ്രാവർത്തികമാക്കാൻ ശ്രമിക്കുക. ബൈബിൾതത്ത്വങ്ങൾ പ്രായോഗികമാക്കിക്കൊണ്ട് സാത്താന്റെ സ്വാധീനത്തിൽനിന്ന് നമുക്ക് സംരക്ഷണം നേടാം.—എഫെസ്യർ 6:11-18.
ഭൂതവിദ്യയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ഒഴിവാക്കുക. (പ്രവൃത്തികൾ 19:19) അതിൽ ഭൂതവിദ്യയെ പ്രോത്സാഹിപ്പിക്കുന്ന സംഗീതം, പുസ്തകങ്ങൾ, മാസികകൾ, പോസ്റ്ററുകൾ, വീഡിയോകൾ എന്നിവയെല്ലാം ഉൾപ്പെടും.