ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
“ദേഷ്യംകൊണ്ട് ഞാൻ പൊട്ടിത്തെറിക്കുമായിരുന്നു”
ജനനം: 1975
രാജ്യം: മെക്സിക്കോ
ചരിത്രം: അക്രമാസക്തൻ, ജയിൽപ്പുള്ളി
മുൻകാലജീവിതം
മെക്സിക്കോയിലെ ചിയാപാസ് സംസ്ഥാനത്തെ സാൻ ഹുവാൻ ചാൻകാലെയ്റ്റോ എന്ന കൊച്ചുപട്ടണത്തിലാണ് ഞാൻ ജനിച്ചത്. മായാ വംശത്തിലെ ചോൾ ഗോത്രക്കാരാണ് എന്റെ മാതാപിതാക്കൾ. 12 മക്കളിൽ അഞ്ചാമനാണ് ഞാൻ. ചെറുപ്പത്തിൽ ഞാനും എന്റെ സഹോദരങ്ങളും യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ചു. എന്നാൽ ദുഃഖകരമായ കാര്യം, ചെറുപ്പകാലത്ത് ബൈബിളിന്റെ ഉപദേശം ഞാൻ അനുസരിച്ചിരുന്നില്ല എന്നതാണ്.
13 വയസ്സുള്ളപ്പോൾ ഞാൻ മയക്കുമരുന്ന് ഉപയോഗിക്കാൻ തുടങ്ങി, അതോടൊപ്പം മോഷണവും. ഞാൻ വീടുവിട്ട് പലപല സ്ഥലങ്ങളിൽ താമസിച്ചു. 16 വയസ്സുള്ളപ്പോൾ എന്റെ ജോലി ഒരു കഞ്ചാവുതോട്ടത്തിലായിരുന്നു. ഏതാണ്ട് ഒരു വർഷം ഞാൻ അവിടെയുണ്ടായിരുന്നു. ഒരു രാത്രി ബോട്ടിൽ കഞ്ചാവ് കടത്തുന്ന സമയത്ത്, മറ്റൊരു കഞ്ചാവ് കടത്തുസംഘം ഞങ്ങൾക്കു നേരെ വെടിവെച്ചു. ഞാൻ പുഴയിലേക്കു ചാടി. പിന്നെ ഞാൻ പൊങ്ങിയത് ദൂരെയുള്ള ഒരു സ്ഥലത്തു ചെന്നിട്ടാണ്. പിന്നെ ഞാൻ ഐക്യനാടുകളിലേക്കു പോയി.
അവിടെയും ഞാൻ മയക്കുമരുന്നു കടത്താൻ തുടങ്ങി, അങ്ങനെ കൂടുതൽ പ്രശ്നങ്ങളിൽ ചെന്നുപെട്ടു. 19-ാം വയസ്സിൽ മോഷണത്തിന്റെയും കൊലപാതകശ്രമത്തിന്റെയും പേരിൽ എന്നെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ജയിലിൽ ഞാൻ മറ്റൊരു സംഘത്തോടൊപ്പം ചേർന്ന് കൂടുതൽ അക്രമപ്രവൃത്തികൾ ചെയ്യാൻ തുടങ്ങി. അത് കാരണം, ജയിലധികാരികൾ എന്നെ പെൻസിൽവേനിയയിലെ ലെവിസ്ബർഗിൽ കനത്ത കാവലുള്ള ഒരു ജയിലിലേക്കു മാറ്റി.
ലെവിസ്ബർഗിൽ ജയിലിലായിരുന്നപ്പോൾ എന്റെ സ്വഭാവം അധഃപതിച്ചു. പഴയ ഗ്യാങ്ങിന്റെ അടയാളങ്ങൾ എന്റെ ദേഹത്ത് പച്ചകുത്തിയിരുന്നതിനാൽ ഈ ജയിലിലുണ്ടായിരുന്ന എന്റെ പഴയ ഗ്യാങ്ങുകാരോടൊപ്പം ചേരാൻ എനിക്ക് എളുപ്പമായിരുന്നു. ഞാൻ അവരുടെകൂടെക്കൂടി കൂടുതൽ അക്രമാസക്തനായി. ഒരുപാട് അടിപിടികൾ നടത്തി. ഒരിക്കൽ ജയിലിന് ഉള്ളിൽ ബെയ്സ്ബോൾ ബാറ്റുകളും ജിംനേഷ്യം ഉപകരണങ്ങളും ഉപയോഗിച്ച് ഗ്യാങ്ങുകൾ തമ്മിൽ വലിയ ഒരു അടിയുണ്ടായി. ജയിൽഗാർഡുകൾ കണ്ണീർവാതകം പ്രയോഗിച്ചാണ് അത് നിറുത്തിയത്. ആ സംഭവത്തിനു ശേഷം ജയിലധികാരികൾ എന്നെ അപകടകാരികളായ ജയിൽപ്പുള്ളികളെ കിടത്തുന്ന പ്രത്യേകയിടത്തേക്കു മാറ്റി. ദേഷ്യംകൊണ്ട് ഞാൻ പൊട്ടിത്തെറിക്കുമായിരുന്നു. എന്റെ സംസാരം ഒട്ടും മാന്യമല്ലായിരുന്നു. ആളുകളെ അടിക്കുന്നത് എനിക്ക് ഹരമായിരുന്നു. അതിൽ എനിക്ക് ഒരു കുറ്റബോധവും തോന്നിയില്ല.
ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
മിക്ക ദിവസവും എന്നെ ജയിലിനുള്ളിൽത്തന്നെ അടച്ചിട്ടിരിക്കുകയായിരുന്നു. സമയം പോകാൻ ഞാൻ ബൈബിൾ വായിക്കാൻ തുടങ്ങി. ഒരിക്കൽ ഗാർഡ് നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും a എന്ന ഒരു പുസ്തകം എനിക്ക് തന്നു. ആ പുസ്തകം വായിച്ചപ്പോൾ ചെറുപ്പത്തിൽ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിളിൽനിന്ന് പഠിച്ച കാര്യങ്ങളെല്ലാം ഞാൻ ഓർത്തു. അതിനു ശേഷമാണ് എന്റെ അക്രമസ്വഭാവം എന്നെ എത്ര മോശക്കാരനാക്കി എന്ന കാര്യത്തെക്കുറിച്ച് ഞാൻ ചിന്തിക്കാൻതുടങ്ങിയത്. ഞാൻ എന്റെ കുടുംബക്കാരെക്കുറിച്ചും ഓർത്തു. എന്റെ രണ്ട് സഹോദരിമാർ യഹോവയുടെ സാക്ഷികളായിരുന്നു. ‘അവർ എന്നേക്കും ജീവിക്കാൻ പോകുകയാണ്’ എന്ന കാര്യത്തെക്കുറിച്ച് ഞാൻ ചിന്തിച്ചു. ‘എനിക്ക് എന്തുകൊണ്ട് ഇത് സാധിക്കില്ല’ എന്നു ഞാൻ ഓർത്തു. അന്നുമുതൽ ഞാൻ മാറ്റം വരുത്താൻ തീരുമാനിച്ചു.
എന്തായാലും മാറ്റങ്ങൾ വരുത്താൻ എനിക്കു സഹായം ആവശ്യമാണെന്നു ഞാൻ മനസ്സിലാക്കി. അതുകൊണ്ട് ഞാൻ ആദ്യം ദൈവമായ യഹോവയോട് പ്രാർഥിച്ചു, സഹായിക്കാനായി അപേക്ഷിച്ചു. പിന്നെ എന്നെ ബൈബിൾ പഠിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഐക്യനാടുകളിലുള്ള യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസിലേക്ക് ഞാൻ ഒരു കത്തെഴുതി. ബ്രാഞ്ചോഫീസ് അടുത്തുള്ള സഭയോട് എന്നെ സന്ദർശിക്കാൻ ആവശ്യപ്പെട്ടു. ആ സമയത്ത് എന്നെ വന്ന് കാണാൻ കുടുംബക്കാരല്ലാത്ത സന്ദർശകരെ ആരെയും അനുവദിച്ചിരുന്നില്ല. അതുകൊണ്ട് അടുത്തുള്ള സഭയിലെ ഒരു സാക്ഷി കത്തിലൂടെ എന്നെ പ്രോത്സാഹിപ്പിച്ചു. ബൈബിൾപ്രസിദ്ധീകരണങ്ങൾ അദ്ദേഹം എനിക്ക് അയച്ചുതരുമായിരുന്നു. ജീവിതത്തിൽ എങ്ങനെയും മാറ്റം വരുത്തണമെന്ന ആഗ്രഹം എനിക്കു വരാൻതുടങ്ങി.
വർഷങ്ങളായി ഞാനുണ്ടായിരുന്ന ഗ്യാങ്ങ് വിട്ടുപോരാൻ തീരുമാനിച്ചപ്പോൾ ഞാൻ വളരെ പ്രധാനപ്പെട്ട ഒരു കാര്യം ചെയ്തു. ഞാൻ കിടന്ന പ്രത്യേക ജയിലിൽത്തന്നെയായിരുന്നു ഞങ്ങളുടെ ഗ്യാങ്ങിന്റെ നേതാവും. ഒരു ഒഴിവുസമയത്ത് ഞാൻ അദ്ദേഹത്തെ ചെന്നു കണ്ടു. എനിക്കൊരു യഹോവയുടെ സാക്ഷിയാകണം എന്ന കാര്യം ഞാൻ അദ്ദേഹത്തോടു പറഞ്ഞു. എന്നാൽ അദ്ദേഹം പറഞ്ഞത് എന്നെ അതിശയിപ്പിച്ചു: “എല്ലാം തീരുമാനിച്ചുറച്ചെങ്കിൽ അങ്ങനെ ചെയ്തോളൂ. ദൈവികകാര്യങ്ങളിൽ എനിക്ക് ഇടപെടാൻ കഴിയില്ല. എന്നാൽ ഗ്യാങ്ങിൽനിന്നു പോകുന്നതിന്റെ പരിണതഫലങ്ങൾ അറിയാമല്ലോ.”
അടുത്ത രണ്ടു വർഷം, എന്റെ സ്വഭാവത്തിൽ വന്ന മാറ്റം ജയിലധികാരികൾ ശ്രദ്ധിച്ചു. അതുകൊണ്ടുതന്നെ അവർ എന്നോടു വളരെ പരിഗണനയോടെ ഇടപെട്ടു. ഉദാഹരണത്തിന്, എന്നെ ജയിലറയിൽനിന്ന് പുറത്തേക്ക് കുളിക്കാൻ കൊണ്ടുപോകുമ്പോൾ കൈവിലങ്ങ് വെക്കുന്ന പതിവ് ഗാർഡുകൾ നിറുത്തി. ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ കണ്ടിട്ട് ഒരു ഗാർഡ് എന്റെ അടുത്തു വന്ന് തുടർന്നും അങ്ങനെ ചെയ്യാൻ എന്നെ പ്രോത്സാഹിപ്പിച്ചു. പിന്നീട് ജയിലധികാരികൾ പ്രധാനജയിലിന്റെ അടുത്തുതന്നെയുള്ള മറ്റൊരു ജയിലിലേക്ക് എന്നെ മാറ്റി. അവിടെയായിരുന്നു എന്റെ ജയിൽവാസത്തിന്റെ അവസാനവർഷം. 2004-ൽ പത്തു വർഷത്തെ എന്റെ ജയിൽവാസം കഴിഞ്ഞ് ഞാൻ പുറത്തിറങ്ങി. എന്നെ തടവുകാരുടെ ബസ്സിൽ മെക്സിക്കോയിലേക്ക് നാടുകടത്തി.
മെക്സിക്കോയിൽ എത്തിയ ഞാൻ യഹോവയുടെ സാക്ഷികളുടെ ഒരു രാജ്യഹാൾ കണ്ടെത്തി. ജയിലിലെ യൂണിഫോം ധരിച്ചാണ് ഞാൻ ആദ്യത്തെ യോഗം കൂടിയത്. എനിക്ക് ആകെയുണ്ടായിരുന്ന മാന്യമായ വസ്ത്രം അതായിരുന്നു. എന്റെ വേഷം അതായിരുന്നെങ്കിലും യഹോവയുടെ സാക്ഷികൾ എന്നെ സന്തോഷത്തോടെ സ്വാഗതം ചെയ്തു. അവരുടെ ദയ കണ്ടപ്പോൾ, ഞാൻ ശരിക്കുള്ള ക്രിസ്ത്യാനികളുടെ ഇടയിലാണെന്ന് എനിക്കു മനസ്സിലായി. (യോഹന്നാൻ 13:35) ആ യോഗത്തിനു ശേഷം മൂപ്പന്മാർ ഒരു ബൈബിൾപഠനത്തിനു വേണ്ടിയുള്ള ക്രമീകരണങ്ങൾ ചെയ്തുതന്നു. ഒരു വർഷം കഴിഞ്ഞ്, 2005 സെപ്റ്റംബർ 3-ന് യഹോവയുടെ സാക്ഷിയായി ഞാൻ സ്നാനമേറ്റു.
2007 ജനുവരിയിൽ ഒരു മുഴുവൻ സമയ ശുശ്രൂഷകനായി ഞാൻ പ്രവർത്തിക്കാൻ തുടങ്ങി. ഓരോ മാസവും മറ്റുള്ളവരെ ബൈബിൾ പഠിപ്പിക്കാനായി 70 മണിക്കൂർ ഞാൻ ചെലവഴിച്ചു. 2011-ൽ ഏകാകികളായ സഹോദരന്മാർക്കുള്ള ബൈബിൾസ്കൂളിൽനിന്ന് (രാജ്യസുവിശേഷകർക്കുള്ള സ്കൂൾ) ഞാൻ ബിരുദം നേടി. ഈ സ്കൂൾ സഭയിലെ ഉത്തരവാദിത്വങ്ങൾ നന്നായി ചെയ്യാൻ എനിക്കു വലിയൊരു സഹായമായി.
2013-ൽ ഞാൻ പീലാറിനെ വിവാഹം കഴിച്ചു. എന്റെ പഴയ ചരിത്രം വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്ന് ഒരു ചെറു പുഞ്ചിരിയോടെ അവൾ പറയുമായിരുന്നു. എന്റെ പഴയ ജീവിതത്തിലേക്ക് ഞാൻ തിരിച്ചുപോയിട്ടില്ല. ബൈബിളിന് ആളുകളുടെ ജീവിതത്തെ ശക്തമായി സ്വാധീനിക്കാൻ കഴിയും എന്ന് ഞാനും ഭാര്യയും വിശ്വസിക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണം ഞാൻതന്നെയാണ്.—റോമർ 12:2.
എനിക്കു ലഭിച്ച പ്രയോജനങ്ങൾ
“കാണാതെപോയതിനെ കണ്ടെത്തി രക്ഷിക്കാനാണല്ലോ (ഞാൻ) വന്നത്” എന്ന ലൂക്കോസ് 19:10-ലെ യേശുവിന്റെ വാക്കുകൾ എനിക്കു നന്നായി ബാധകമാകുന്നു. കാണാതെപോയിരുന്ന എന്നെ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു. എന്റെ ജീവിതം മേലാൽ പ്രത്യാശയില്ലാത്ത ഒന്നല്ല. ആളുകളെ ദ്രോഹിക്കാൻ ഞാൻ ഇനി പോകുകയുമില്ല. ബൈബിൾ എന്റെ ജീവിതത്തിന് ശ്രേഷ്ഠമായ ലക്ഷ്യവും ദിശാബോധവും നൽകി. മറ്റുള്ളവരോടു സമാധാനത്തിലായിരിക്കാനും അതിലും പ്രധാനമായി സ്രഷ്ടാവായ യഹോവയുമായി നല്ലൊരു ബന്ധമുണ്ടായിരിക്കാനും എനിക്ക് ഇപ്പോൾ കഴിയുന്നു.
[അടിക്കുറിപ്പ്]
a യഹോവയുടെ സാക്ഷികൾ ബൈബിൾ പഠിപ്പിക്കാൻ മുമ്പ് ഉപയോഗിച്ചിരുന്ന ഈ പുസ്തകം ഇപ്പോൾ പ്രസിദ്ധീകരിക്കുന്നില്ല. ഇപ്പോൾ അവർ ബൈബിൾ പഠിപ്പിക്കാൻ ഉപയോഗിക്കുന്ന മുഖ്യ പഠനസഹായി ജീവിതം ആസ്വദിക്കാം പുസ്തകമാണ്.