“എന്നെക്കൊണ്ട് പറ്റുന്നതുപോലെ ഞാൻ ചെയ്യുന്നു”
ജർമനിയിൽ താമസിക്കുന്ന ഇർമയ്ക്കു 90 വയസ്സിനടുത്ത് പ്രായമുണ്ട്. രണ്ടു വലിയ അപകടങ്ങൾക്കും പല ശസ്ത്രക്രിയകൾക്കും ശേഷം, മുമ്പ് ചെയ്തിരുന്നതുപോലെ വീടുകൾ തോറും പോയി സുവിശേഷം അറിയിക്കാൻ ഇർമയ്ക്കു പറ്റുന്നില്ല. അതുകൊണ്ട് കുടുംബാംഗങ്ങൾക്കും പരിചയക്കാർക്കും കത്തുകൾ എഴുതിക്കൊണ്ടാണ് ഇർമ ഇപ്പോൾ തന്റെ വിശ്വാസത്തെക്കുറിച്ച് മറ്റുള്ളവരോടു പറയുന്നത്. പ്രോത്സാഹനത്തിന്റെയും അനുശോചനത്തിന്റെയും കത്തുകൾ ആളുകൾ വളരെ നല്ല രീതിയിൽത്തന്നെയാണു സ്വീകരിച്ചിരിക്കുന്നത്. മിക്കപ്പോഴും, എന്നാണ് അടുത്ത കത്ത് വരുന്നതെന്നു ചോദിച്ചുകൊണ്ടുള്ള ഫോൺ കോളുകൾവരെ വരാറുണ്ട്. ഇനിയും കത്ത് എഴുതണം എന്ന് അറിയിച്ചുകൊണ്ടുള്ള പല നന്ദിക്കത്തുകളും ലഭിക്കാറുണ്ട്. ഇർമ പറയുന്നു: “ഇതൊക്കെയാണ് എനിക്കു സന്തോഷം തരുന്നതും ആത്മീയകാര്യങ്ങളിൽ മുഴുകാൻ സഹായിക്കുന്നതും.”
ഇർമ വൃദ്ധസദനങ്ങളിലുള്ളവർക്കും കത്ത് എഴുതാറുണ്ട്. ഇർമ പറയുന്നു: “ഒരിക്കൽ പ്രായമുള്ള ഒരു സ്ത്രീ എന്നെ ഫോൺ വിളിച്ചിട്ട്, അവരുടെ ഭർത്താവ് മരിച്ചപ്പോൾ എന്റെ കത്തുകൾ അവർക്ക് ഒരുപാട് ആശ്വാസം നൽകിയെന്നു പറഞ്ഞു. ബൈബിളിൽ സൂക്ഷിച്ചുവെച്ചിരിക്കുന്ന ആ കത്തുകൾ അവർ മിക്ക വൈകുന്നേരങ്ങളിലും വായിക്കും. ഇയ്യടുത്ത് ഭർത്താവ് മരിച്ച വേറൊരു സ്ത്രീ പറഞ്ഞത്, പുരോഹിതന്റെ പ്രസംഗത്തെക്കാൾ അവരെ ആശ്വസിപ്പിച്ചത് എന്റെ കത്തുകളായിരുന്നെന്നാണ്. അവർക്കു ധാരാളം ചോദ്യങ്ങളുണ്ടായിരുന്നു. അതിന്റെ ഉത്തരം അറിയാൻ എന്നെ വന്നു കണ്ടോട്ടേ എന്ന് അവർ ചോദിച്ചു.”
മറ്റൊരു സ്ഥലത്തേക്കു താമസം മാറിയ, ഇർമയുടെ ഒരു പരിചയക്കാരി തനിക്കും കത്ത് എഴുതണമെന്ന് ഇർമയോടു പറഞ്ഞിരുന്നു. ഇർമ പറയുന്നു: “ആ സ്ത്രീ എന്റെ എല്ലാ കത്തുകളും സൂക്ഷിച്ചുവെച്ചു. അവർ മരിച്ചപ്പോൾ അവരുടെ മകൾ എനിക്ക് ഫോൺ ചെയ്തു. അമ്മയ്ക്ക് എഴുതിയ കത്തുകളെല്ലാം വായിച്ചെന്നും ബൈബിൾവിഷയങ്ങളെക്കുറിച്ച് പറയുന്ന അതുപോലുള്ള കത്തുകൾ തനിക്കും അയച്ചുതരാമോ എന്നും ആ മകൾ ചോദിച്ചു.”
ഇർമ ശുശ്രൂഷ നന്നായി ആസ്വദിക്കുന്നു. ഇർമ പറയുന്നത് ഇതാണ്: “യഹോവയെ സേവിക്കാനുള്ള ശക്തി തുടർന്നും തരണേ എന്ന് ഞാൻ യഹോവയോട് അപേക്ഷിക്കാറുണ്ട്. എനിക്കു വീടുകൾ തോറും പോയി പ്രസംഗിക്കാൻ കഴിയില്ല. എങ്കിലും എന്നെക്കൊണ്ട് പറ്റുന്നതുപോലെ ഞാൻ ചെയ്യുന്നു.”