ഹോസ്പിറ്റൽ ജീവനക്കാർക്ക് തക്കസമയത്ത് ഒരു സഹായം
യു.എസ്.എ.-യിലെ വടക്കൻ കരോലിനയിലാണ് ബ്രിൻ താമസിക്കുന്നത്. യഹോവയുടെ സാക്ഷികളായ രോഗികൾക്ക് വേണ്ട സഹായം ലഭ്യമാക്കാൻ ആശുപത്രികളുമായി ചേർന്നുപ്രവർത്തിക്കുന്ന പ്രാദേശിക ആശുപത്രി ഏകോപനസമിതിയിലെ ഒരു അംഗമാണ് അദ്ദേഹം.
കോവിഡ്-19 മഹാമാരി കാരണം മിക്ക ഹോസ്പിറ്റലുകളും സന്ദർശകരെ അനുവദിച്ചിരുന്നില്ല. എങ്കിലും യഹോവയുടെ സാക്ഷികളായ രോഗികൾക്ക് എങ്ങനെ സഹായം എത്തിക്കാമെന്ന് അറിയാൻവേണ്ടി അവിടെയുള്ള ഒരു ഹോസ്പിറ്റലിലേക്കു വിളിച്ചുചോദിക്കാൻ ബ്രിൻ തീരുമാനിച്ചു. ആ ഹോസ്പിറ്റലിൽ രോഗികൾക്കും ബന്ധുക്കൾക്കും വൈകാരികവും ആത്മീയവും ആയ സഹായം കൊടുക്കുന്ന ഒരു വിഭാഗം ഉണ്ടായിരുന്നു. അതിന്റെ ചുമതല വഹിക്കുന്ന ഡയറക്ടറെയാണ് അദ്ദേഹം വിളിച്ചത്.
ഡയറക്ടറുടെ സഹായിയെയാണ് ഫോണിൽ കിട്ടിയത്. രോഗികളെ സന്ദർശിക്കുന്നതിന് നിയന്ത്രണങ്ങളുള്ളതുകൊണ്ട് സാക്ഷികളായ രോഗികൾക്ക് തന്റെ ഫോൺ നമ്പർ കൊടുക്കാമോ എന്ന് ബ്രിൻ ചോദിച്ചു. അങ്ങനെ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു.
അപ്പോഴാണ് ബ്രിൻ ഹോസ്പിറ്റൽ ജീവനക്കാരെക്കുറിച്ചും ഓർത്തത്. ആശുപത്രിയിൽ രോഗികൾക്കുവേണ്ടി അവർ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും തനിക്കു വലിയ മതിപ്പാണെന്ന് പറഞ്ഞ അദ്ദേഹം അവരുടെ സുഖവിവരവും തിരക്കി. ഈ മഹാമാരി കാരണം എല്ലാവരും, പ്രത്യേകിച്ച് ആശുപത്രിജീവനക്കാർ, എത്രമാത്രം ടെൻഷനിലൂടെയാണ് കടന്നുപോകുന്നതെന്ന് താൻ വായിച്ചതായും പറഞ്ഞു.
ബ്രിൻ പറഞ്ഞതിനോട് ഡയറക്ടറുടെ സഹായി യോജിച്ചു. കോവിഡ്-19 മഹാമാരി ഹോസ്പിറ്റൽ ജീവനക്കാരുടെയെല്ലാം സമ്മർദം വളരെയധികം കൂട്ടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അപ്പോൾ ബ്രിൻ പറഞ്ഞു: “ടെൻഷനെ എങ്ങനെ നന്നായി കൈകാര്യം ചെയ്യാമെന്നു പറയുന്ന വിവരങ്ങൾ ഞങ്ങളുടെ വെബ്സൈറ്റിലുണ്ട്. jw.org എന്ന വെബ്സൈറ്റിലേക്കു പോയി, ‘തിരയുക’ എന്ന ഭാഗത്ത് ‘ടെൻഷൻ’ എന്നു ടൈപ്പ് ചെയ്താൽ നിങ്ങളുടെ ജീവനക്കാരെ വളരെയധികം സഹായിച്ചേക്കാവുന്ന ചില ലേഖനങ്ങൾ കിട്ടും.”
അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ ഡയറക്ടറുടെ സഹായി വെബ്സൈറ്റിലേക്കു പോയി ‘ടെൻഷൻ’ എന്ന വാക്ക് തിരഞ്ഞു. ആ വിഷയത്തിലുള്ള ലേഖനങ്ങളും അപ്പോൾത്തന്നെ കണ്ടു. അദ്ദേഹം പറഞ്ഞു: “കൊള്ളാല്ലോ, ഞാൻ ഇത് ഡയറക്ടറെ കാണിക്കാം. ഇത് ഉറപ്പായും ഞങ്ങളുടെ ജീവനക്കാർക്കും മറ്റുള്ളവർക്കും പ്രയോജനപ്പെടും. ഇത് ഞാൻ പ്രിന്റ് എടുത്ത് എല്ലാവർക്കും കൊടുക്കാം.”
കുറച്ച് ആഴ്ചകൾ കഴിഞ്ഞ് ബ്രിൻ ഡയറക്ടറുമായി സംസാരിച്ചു. തങ്ങൾ ആ വെബ്സൈറ്റ് എടുത്തുനോക്കിയെന്നും ടെൻഷനും അതുപോലുള്ള വിഷയങ്ങളും ചർച്ച ചെയ്യുന്ന ചില ലേഖനങ്ങൾ പ്രിന്റ് എടുത്തെന്നും അദ്ദേഹം പറഞ്ഞു. അത് അവിടുത്തെ നഴ്സുമാർക്കും മറ്റു ജീവനക്കാർക്കും വിതരണം ചെയ്യുകയും ചെയ്തിരുന്നു.
ബ്രിൻ പറയുന്നു: “നമ്മൾ ചെയ്യുന്നത് വളരെ നല്ലൊരു കാര്യമാണെന്ന് ഡയറക്ടർ എന്നോട് പറഞ്ഞു. എല്ലാം നല്ല ലേഖനങ്ങളാണെന്നും അതെല്ലാം വളരെ ഉപകാരപ്പെട്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.”