യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിനുവേണ്ട പണം എവിടെനിന്നാണ് ലഭിക്കുന്നത്?
ലോകവ്യാപകമായുള്ള ഞങ്ങളുടെ പ്രവർത്തനങ്ങൾക്കുവേണ്ട പണം പ്രധാനമായും ലഭിക്കുന്നത് യഹോവയുടെ സാക്ഷികൾ സ്വമേധയാ നൽകുന്ന സംഭാവനകളിൽനിന്നാണ്. a ഞങ്ങളുടെ യോഗസ്ഥലങ്ങളിൽ സംഭാവനപ്പെട്ടികൾ വെച്ചിട്ടുണ്ട്. ഞങ്ങളുടെ വെബ്സൈറ്റിലുള്ള സംഭാവനകൾ എന്ന പേജിൽ സംഭാവന ചെയ്യാനുള്ള മറ്റു വഴികളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. ആ പേജിൽ ലോകവ്യാപകവേലയ്ക്കോ സഭയിലെ ചെലവുകൾക്കോ അല്ലെങ്കിൽ രണ്ടിനുമായി സംഭാവനകൾ കൊടുക്കാനുള്ള വിധങ്ങൾ കാണാം.
യഹോവയുടെ സാക്ഷികൾ ദശാംശമോ അല്ലെങ്കിൽ ഒരു നിശ്ചിത തുകയോ ശമ്പളത്തിന്റെ ഒരു പ്രത്യേക ശതമാനമോ സംഭാവനയായി കൊടുക്കണമെന്ന് ഒരു നിർബന്ധവുമില്ല. (2 കൊരിന്ത്യർ 9:7) യോഗങ്ങൾക്കു വരുമ്പോൾ യഹോവയുടെ സാക്ഷികൾ പണപ്പിരിവ് നടത്താറില്ല, യോഗങ്ങൾക്കുവേണ്ടി പ്രത്യേക ചാർജ് ഈടാക്കാറുമില്ല. സ്നാനം, സംസ്കാരശുശ്രൂഷ, വിവാഹം, മറ്റു മതപരമായ സേവനങ്ങൾ എന്നിവ ഞങ്ങളുടെ ശുശ്രൂഷകർ ഫീസ് വാങ്ങിയല്ല ചെയ്യുന്നത്. ഭക്ഷണമോ മറ്റെന്തെങ്കിലും സാധനങ്ങളോ വിറ്റോ അല്ലെങ്കിൽ ഏതെങ്കിലും പരിപാടികൾ നടത്തിയോ ഞങ്ങൾ പണമുണ്ടാക്കാറില്ല. സംഭാവന ഇടാൻ മറ്റുള്ളവരോടു പറയാറുമില്ല. സംഭാവന നൽകുന്നവരുടെ പേരുകൾ ഞങ്ങൾ വെളിപ്പെടുത്താറില്ല. (മത്തായി 6:2-4) വരുമാനം ഉണ്ടാക്കാൻവേണ്ടി തങ്ങളുടെ വെബ്സൈറ്റിലോ പ്രസിദ്ധീകരണങ്ങളിലോ പരസ്യങ്ങൾ കൊടുക്കുന്ന രീതി യഹോവയുടെ സാക്ഷികൾക്കില്ല.
യഹോവയുടെ സാക്ഷികളുടെ ഓരോ സഭയും മാസംതോറും കണക്കുറിപ്പോർട്ടുകൾ സഭാംഗങ്ങളുടെ മുമ്പാകെ അവതരിപ്പിക്കാറുണ്ട്. അതുപോലെ, സംഭാവനയായി കിട്ടിയ പണം ശരിയായ രീതിയിൽ കൈകാര്യം ചെയ്തെന്ന് ഉറപ്പാക്കാൻ സഭകൾ കണക്ക് പതിവായി ഓഡിറ്റ് ചെയ്യുന്നു.—2 കൊരിന്ത്യർ 8:20, 21.
സംഭാവന ചെയ്യാനുള്ള വഴികൾ
സംഭാവനപ്പെട്ടികൾ: മീറ്റിങ്ങുകൾ നടത്തുന്ന രാജ്യഹാളുകളിലോ സമ്മേളനഹാളുകളിലോ മറ്റു സ്ഥലങ്ങളിലോ വെച്ചിരിക്കുന്ന സംഭാവനപ്പെട്ടികളിൽ നിങ്ങൾക്കു സംഭാവന പണമായോ ചെക്കായോ ഇടാവുന്നതാണ്.
ഓൺലൈനായി നൽകുന്ന സംഭാവനകൾ: പല രാജ്യങ്ങളിലും പണം ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഉപയോഗിച്ചോ ബാങ്ക് വഴി ട്രാൻസ്ഫർ ചെയ്തോ മറ്റ് ഇലക്ട്രോണിക് രൂപത്തിലോ സംഭാവനയായി നൽകുന്നു. അങ്ങനെ ചെയ്യുന്നതിന് ഞങ്ങളുടെ വെബ്സൈറ്റിലെ “യഹോവയുടെ സാക്ഷികൾക്കു സംഭാവന നൽകുക” എന്ന ഭാഗം നിങ്ങൾക്ക് ഉപയോഗിക്കാം. b ഈ രീതികളിൽ ഏതെങ്കിലും ഉപയോഗിച്ച് എല്ലാ മാസവും കൃത്യമായി ഒരു നിശ്ചിത തുക സംഭാവന ചെയ്യാനുള്ള ഒരു മാർഗം ചില യഹോവയുടെ സാക്ഷികൾ ക്രമീകരിച്ചുവെച്ചിരിക്കുന്നു. അങ്ങനെ അവർ സംഭാവനയ്ക്കായി ‘ഒരു തുക നീക്കിവെക്കുന്നു.’—1 കൊരിന്ത്യർ 16:2.
ആസൂത്രിതകൊടുക്കൽ: ഇത്തരത്തിൽ സംഭാവന നൽകുന്നതിന് മുൻകൂട്ടി ആസൂത്രണം ചെയ്യണം. ചിലപ്പോൾ അതിന് നിയമോപദേശവും ആവശ്യമായി വന്നേക്കാം. നിങ്ങളുടെ രാജ്യത്ത് ഇത്തരത്തിൽ സംഭാവനകൾ നൽകുമ്പോൾ നിങ്ങൾക്കു ചിലപ്പോൾ നികുതിയിളവുകൾ കാണും. ജീവിതകാലത്തോ മരണശേഷമോ തങ്ങളുടെ പണമോ വസ്തുവകകളോ ദാനമായി കൊടുക്കാൻ കഴിയും എന്നറിഞ്ഞത് ആ മാർഗങ്ങൾ ഉപയോഗിക്കാൻ പലരെയും സഹായിച്ചു. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു രീതിയിൽ സംഭാവനകൾ നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങളുടെ പ്രദേശത്തെ ബ്രാഞ്ചോഫീസുമായി ബന്ധപ്പെടുക:
ബാങ്ക് അക്കൗണ്ടുകൾ
ഇൻഷ്വറൻസും റിട്ടയർമെന്റ് പദ്ധതികളും
സ്ഥാവരവസ്തുക്കൾ
സ്റ്റോക്കുകളും ബോണ്ടുകളും
വിൽപ്പത്രങ്ങളും ട്രസ്റ്റുകളും
നിങ്ങളുടെ പ്രദേശത്ത് സംഭാവനകൾ നൽകുന്ന വിധങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ, “യഹോവയുടെ സാക്ഷികൾക്കു സംഭാവന നൽകുക” എന്ന പേജ് കാണുക.
a യഹോവയുടെ സാക്ഷികളല്ലാത്ത ചിലരും ഈ വേലയ്ക്കുവേണ്ടി സംഭാവനകൾ ചെയ്യാൻ ആഗ്രഹിക്കാറുണ്ട്.
b കൂടുതൽ വിവരങ്ങൾക്കായി സംഭാവനകൾ ഇലക്ട്രോണിക് രൂപത്തിൽ എങ്ങനെ കൊടുക്കാം? എന്ന വീഡിയോ കാണുക.