മനസ്സിനെ അസ്വസ്ഥമാക്കുന്ന ചിന്തകൾ കുറയ്ക്കാനായി . . .
ആവശ്യമില്ലാതെ വേവലാതിപ്പെടുന്നതു നിങ്ങളെ മാനസികമായും ശാരീരികമായും തളർത്തും. ഇപ്പോൾ നിങ്ങൾ നേരിടുന്ന പ്രശ്നത്തെക്കാൾ വലിയ പ്രശ്നങ്ങളിലേക്ക് അതു കൊണ്ടുചെന്നെത്തിക്കും.
ഇത്തരം ചിന്തകൾ കുറയ്ക്കാൻ . . .
മനസ്സിനെ മടുപ്പിക്കുന്ന വാർത്തകൾ കേൾക്കുന്നതു കുറയ്ക്കുക. ഒരു വാർത്ത കേൾക്കുമ്പോൾ അതിന്റെ മുക്കുംമൂലയും അരിച്ചുപെറുക്കേണ്ട ആവശ്യമില്ലായിരിക്കും. ദുരന്തവാർത്തകളെക്കുറിച്ച് നിങ്ങൾ എത്ര കൂടുതൽ അറിയുന്നുവോ അതിനനുസരിച്ച് നിങ്ങളുടെ പേടിയും അസ്വസ്ഥതയും ഒക്കെ കൂടും.
ബൈബിൾതത്ത്വം: “തകർന്ന മനസ്സു ശക്തി ചോർത്തിക്കളയുന്നു.”—സുഭാഷിതങ്ങൾ 17:22.
“ഞെട്ടിക്കുന്ന വാർത്തകൾ കേൾക്കുമ്പോൾ അതെക്കുറിച്ച് കൂടുതൽ വിവരങ്ങൾ തപ്പിക്കൊണ്ടിരിക്കാൻ നമുക്കു തോന്നും. പക്ഷേ അതൊരു നല്ല ശീലമല്ല. ഞാൻ ഇപ്പോൾ അത്തരം വാർത്തകളൊക്കെ കാണുന്നതു കുറച്ചു. അതുകൊണ്ട് എനിക്ക് ഇപ്പോൾ സമാധാനമുണ്ട്.”—ജോൺ.
ചിന്തിക്കാനായി: ‘ഓരോ വാർത്തയുടെയും പുതിയ വിവരങ്ങൾ അറിയാൻ ഞാൻ എത്ര കൂടെക്കൂടെ അതു നോക്കുന്നുണ്ട്?’
ചിട്ടയുള്ള ഒരു ജീവിതമുണ്ടായിരിക്കുക. എഴുന്നേൽക്കാനും ഭക്ഷണം കഴിക്കാനും വീട്ടുജോലികൾ ചെയ്യാനും ഉറങ്ങാനും ഒരു കൃത്യസമയം വെക്കുക. അങ്ങനെ ചിട്ടയോടെ കാര്യങ്ങൾ ചെയ്യുമ്പോൾ നിങ്ങൾക്കു സന്തോഷം തോന്നും.
ബൈബിൾതത്ത്വം: “പരിശ്രമശാലിയുടെ പദ്ധതികൾ വിജയിക്കും.”—സുഭാഷിതങ്ങൾ 21:5.
“നേരത്തേ എല്ലാത്തിനും നല്ല അടുക്കുംചിട്ടയും ഉണ്ടായിരുന്നു. എന്നാൽ കോവിഡ്-19 തുടങ്ങിയപ്പോൾമുതൽ അതെല്ലാം താളംതെറ്റി. ഒരു പ്രയോജനവുമില്ലാത്ത കാര്യങ്ങളൊക്കെ ചെയ്ത് വെറുതെ സമയം കളഞ്ഞു. അതുകൊണ്ട് എല്ലാം നന്നായി ചെയ്യാൻ ഞാൻ ഇപ്പോൾ ഒരു ഷെഡ്യൂൾ ഉണ്ടാക്കി.”—ജോസഫ്.
ചിന്തിക്കാനായി: “ഓരോ ദിവസം അവസാനിക്കുമ്പോഴും, ‘വിചാരിച്ചതുപോലെയൊക്കെ കാര്യങ്ങൾ ചെയ്യാൻ പറ്റി’ എന്നു പറയാൻ കഴിയുന്ന ഒരു ദിനചര്യ എനിക്കുണ്ടോ?”
ജീവിതത്തിലെ നല്ല കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. ‘അന്ന് ഇങ്ങനെ ചെയ്താൽ മതിയായിരുന്നു,’ ‘ഭാവിയിൽ കാര്യങ്ങൾ കൂടുതൽ മോശമാകുമോ’ എന്നൊക്കെ ചിന്തിച്ചുകൊണ്ടിരുന്നാൽ നിങ്ങൾ കൂടുതൽ വിഷമിക്കാൻ ഇടയുണ്ട്. പകരം ജീവിതത്തിൽ നിങ്ങൾക്കു സന്തോഷം തരുന്ന ചില കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക.
ബൈബിൾതത്ത്വം: ‘നിങ്ങൾ നന്ദിയുള്ളവരാണെന്നു കാണിക്കുക.’—കൊലോസ്യർ 3:15.
“ബൈബിൾ വായിക്കുന്നതുകൊണ്ട് മനസ്സിനെ വിഷമിപ്പിക്കുന്ന മോശം വാർത്തകളുടെ പുറകെ പോകാതെ നല്ല കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ എനിക്കു കഴിയുന്നു. ഇത് എപ്പോഴും പറഞ്ഞുകേൾക്കുന്നതല്ലേ എന്നു ചിലപ്പോൾ തോന്നിയേക്കാം. പക്ഷേ അതു ശരിക്കും പ്രയോജനം ചെയ്യും.”—ലിസ.
ചിന്തിക്കാനായി: ‘ഞാൻ എന്റെ ജീവിതത്തിലെ നല്ല കാര്യങ്ങളൊക്കെ മാറ്റിവെച്ചിട്ട് മോശം കാര്യങ്ങളെക്കുറിച്ച് മാത്രമാണോ ചിന്തിക്കുന്നത്?’
മറ്റുള്ളവരെക്കുറിച്ച് ചിന്തയുള്ളവരായിരിക്കുക. മനസ്സ് അസ്വസ്ഥമായിരിക്കുമ്പോൾ നമുക്ക് ഒറ്റയ്ക്കിരിക്കാനായിരിക്കും തോന്നുക. എന്നാൽ അതിനു പകരം മറ്റുള്ളവരെ എങ്ങനെ സഹായിക്കാമെന്നു ചിന്തിക്കാനാകുമോ?
ബൈബിൾതത്ത്വം: “നിങ്ങൾ സ്വന്തം താത്പര്യം മാത്രം നോക്കാതെ മറ്റുള്ളവരുടെ താത്പര്യവുംകൂടെ നോക്കണം.”—ഫിലിപ്പിയർ 2:4.
“മറ്റുള്ളവർക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുമ്പോൾ ശരിക്കും സന്തോഷം തോന്നും, അവരെയും നമ്മൾ സന്തോഷിപ്പിക്കുവാണല്ലോ. എന്റെ വിഷമങ്ങളൊക്കെ കുറയ്ക്കാൻ അത് എന്നെ സഹായിക്കുന്നു. സത്യം പറഞ്ഞാൽ, ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ വിഷമിച്ചിരിക്കാൻ സമയം കിട്ടുന്നേ ഇല്ല.”—മരിയ.
ചിന്തിക്കാനായി: ‘സഹായം ആവശ്യമുള്ള ആരെയൊക്കെ എനിക്ക് അറിയാം? എനിക്ക് അവരെ എങ്ങനെ സഹായിക്കാനാകും?’
ആരോഗ്യം നോക്കുക. ആവശ്യത്തിന് വ്യായാമം ചെയ്യുക, വേണ്ടത്ര വിശ്രമിക്കുക, പോഷകാഹാരം കഴിക്കുക. നല്ല ആരോഗ്യമുണ്ടെങ്കിൽ ജീവിതത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുതന്നെ മാറും. അനാവശ്യമായ ചിന്തകൾ ഒഴിവാക്കാനും അതു സഹായിക്കും.
ബൈബിൾതത്ത്വം: “വ്യായാമം അൽപ്പപ്രയോജനമുള്ളതാണ്.”—1 തിമൊഥെയൊസ് 4:8, അടിക്കുറിപ്പ്.
“പുറത്തുപോയി എക്സെർസൈസ് ചെയ്യാനാണ് എനിക്കും മോനും ഇഷ്ടം, പക്ഷേ അതിനു പറ്റാറില്ല. അതുകൊണ്ട് വീട്ടിൽത്തന്നെ ചെയ്യും. എന്നും എക്സെർസൈസ് ചെയ്യുന്നതുകൊണ്ട് ഞങ്ങളുടെ മനസ്സിനു നല്ല സന്തോഷമുണ്ട്. ഞങ്ങൾക്കു പരസ്പരം നല്ല രീതിയിൽ ഇടപെടാനും പറ്റുന്നു.”—ക്യാതറിൻ.
ചിന്തിക്കാനായി: ‘ആരോഗ്യം മെച്ചപ്പെടുത്താൻ ഭക്ഷണത്തിന്റെയും വ്യായാമത്തിന്റെയും കാര്യത്തിൽ ഞാൻ എന്തെങ്കിലും മാറ്റം വരുത്തണോ?’
മനസ്സിനെ മടുപ്പിക്കുന്ന ചിന്തകൾ കുറയ്ക്കാൻ ഈ കാര്യങ്ങൾ മാത്രല്ല ഭാവിയെക്കുറിച്ചുള്ള ബൈബിളിന്റെ വാഗ്ദാനങ്ങളെക്കുറിച്ച് പഠിക്കുന്നതും ചിലരെ സഹായിച്ചിട്ടുണ്ട്. “ദൈവരാജ്യത്തിന്റെ നേട്ടങ്ങൾ” എന്ന ലേഖനം കാണുക.