ജീവൻ എങ്ങനെ ഉത്ഭവിച്ചു?
നിങ്ങൾ ഈ വാചകം എങ്ങനെ പൂർത്തിയാക്കും?
ജീവൻ ഉണ്ടായത്. . .
പരിണാമത്തിലൂടെയാണ്
സൃഷ്ടിയിലൂടെയാണ്
ശാസ്ത്രത്തെ പിന്താങ്ങുന്നവർ “പരിണാമത്തിലൂടെ” എന്നും മതഭക്തർ “സൃഷ്ടിയിലൂടെ” എന്നും പറയുമെന്നാണു ചിലർ വിചാരിക്കുന്നത്.
പക്ഷേ എപ്പോഴും അങ്ങനെയല്ല.
പല ശാസ്ത്രജ്ഞന്മാർ ഉൾപ്പെടെ അഭ്യസ്തവിദ്യരായ അനേകർ പരിണാമസിദ്ധാന്തത്തെ ചോദ്യം ചെയ്യുന്നു എന്നതാണു വസ്തുത.
കോളേജിൽവെച്ച് പരിണാമത്തെക്കുറിച്ച് പഠിച്ചിരുന്ന കീടശാസ്ത്ര പ്രൊഫസറായ ഗെരാർഡ് പറയുന്നു: “പരീക്ഷകൾ നടക്കുമ്പോൾ പ്രൊഫസർമാരെ തൃപ്തിപ്പെടുത്തുന്ന തരം ഉത്തരം ഞാൻ കൊടുക്കുമായിരുന്നു. പക്ഷേ ആ പഠിച്ചതൊന്നും ശരിയാണെന്നു ഞാൻ വിശ്വസിച്ചില്ല.”
ചില ശാസ്ത്രജ്ഞന്മാർക്കുപോലും പരിണാമത്തിലൂടെയാണു ജീവനുണ്ടായതെന്ന് അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ളത് എന്തുകൊണ്ടാണ്? ഉത്തരം കിട്ടുന്നതിന് പല ഗവേഷകരെയും കുഴപ്പിക്കുന്ന രണ്ട് ചോദ്യങ്ങൾ നമുക്ക് നോക്കാം. (1) എങ്ങനെയായിരുന്നു ജീവന്റെ തുടക്കം? (2) ജീവജാലങ്ങൾ എങ്ങനെ ഉണ്ടായി?
എങ്ങനെയായിരുന്നു ജീവന്റെ തുടക്കം?
ചിലർ പറയുന്നത്. ജീവനില്ലാത്ത വസ്തുക്കളിൽനിന്ന് തനിയെ ജീവൻ ഉണ്ടായി.
ചിലർക്ക് ഈ ഉത്തരം തൃപ്തികരമായി തോന്നാത്തതിന്റെ കാരണം. ജീവന്റെ രസതന്ത്രത്തെക്കുറിച്ചും തന്മാത്രാഘടനയെക്കുറിച്ചും ശാസ്ത്രജ്ഞന്മാർക്കു മുമ്പെന്നത്തെക്കാളും അറിയാമെങ്കിലും എന്താണു ജീവനെന്നു കൃത്യമായി നിർവചിക്കാൻ കഴിയുന്നില്ല. ജീവനില്ലാത്ത വസ്തുവും ഏറ്റവും ലളിതമായ ജീവകോശവും തമ്മിലുള്ള അന്തരം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.
കോടിക്കണക്കിനു വർഷങ്ങൾക്കു മുമ്പു ഭൂമിയിലെ അവസ്ഥ എന്തായിരുന്നെന്നു ശാസ്ത്രജ്ഞന്മാർക്ക് ഊഹിക്കാനേ പറ്റൂ. ജീവനുണ്ടായത് എവിടെനിന്നാണ് എന്ന കാര്യത്തിൽ അവർക്കു വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. ചിലർ പറയുന്നത് അഗ്നിപർവതത്തിന്റെ ഉള്ളിൽനിന്നാണെന്നാണ്. വേറെ ചിലർ പറയുന്നത് സമുദ്രത്തിന്റെ അഗാധത്തിൽനിന്നാണെന്നാണ്. ജീവന്റെ ഘടകങ്ങൾ പ്രപഞ്ചത്തിൽ എവിടെയോ ആദ്യം രൂപപ്പെട്ടെന്നും ഉൽക്കകൾ വഴി അത് ഇവിടെ എത്തിയെന്നതുമാണു മറ്റൊരു വിശ്വാസം. പക്ഷേ ഇതും ജീവന്റെ തുടക്കം എങ്ങനെയായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം തരുന്നില്ല. പകരം ജീവൻ ശ്യൂന്യാകാശത്ത് എങ്ങോ ഉണ്ടായി എന്നു മാത്രമേ പറയുന്നുള്ളൂ.
ചില തന്മാത്രകൾ പിന്നീടു ജനിതകവസ്തുക്കളായി മാറിയതായിരിക്കാം എന്നു ശാസ്ത്രജ്ഞന്മാർ കരുതുന്നു. ഈ തന്മാത്രകൾ സാധ്യതയനുസരിച്ച് അചേതനവസ്തുക്കളിൽനിന്ന് തനിയെ രൂപപ്പെട്ടതും സ്വയം പകർപ്പെടുക്കാൻ കഴിവുള്ളതും ആണെന്നാണ് അവർ കരുതുന്നത്. എങ്കിലും ഇത്തരം തന്മാത്രകൾ എന്നെങ്കിലും ഉണ്ടായിരുന്നു എന്നതിനുള്ള തെളിവു ശാസ്ത്രം ഇതുവരെ കണ്ടെത്തിയിട്ടില്ല. അവ പരീക്ഷണശാലകളിൽ നിർമിക്കാനും ശാസ്ത്രജ്ഞർക്കു കഴിഞ്ഞിട്ടില്ല.
വിവരങ്ങൾ ശേഖരിച്ചുവെക്കുന്നതിനും അവ കൈകാര്യം ചെയ്യുന്നതിനും ജീവനുള്ള വസ്തുക്കൾക്കുള്ള കഴിവ് ഒന്നു വേറെതന്നെയാണ്. കോശങ്ങൾ അതിന്റെ ജനിതക കോഡിലെ നിർദേശങ്ങൾ മനസ്സിലാക്കുകയും അവ നടപ്പിലാക്കുകയും ചെയ്യുന്നു. ചില ശാസ്ത്രജ്ഞർ ജനിതക കോഡിനെ കമ്പ്യൂട്ടർ സോഫ്റ്റ്വെയറിനോടും കോശത്തിന്റെ രാസഘടനയെ കമ്പ്യൂട്ടർ ഹാർഡ്വെയറിനോടും താരതമ്യം ചെയ്യാറുണ്ട്. പക്ഷേ ജനിതക കോഡിലെ വിവരങ്ങൾ വന്നത് എവിടെനിന്നാണെന്നു പരിണാമത്തിനു വിശദീകരിക്കാൻ കഴിയുന്നില്ല.
ഒരു കോശത്തിന്റെ പ്രവർത്തനത്തിനു പ്രോട്ടീൻ തന്മാത്രകൾ അത്യാവശ്യമാണ്. ഒരു പ്രോട്ടീൻ തന്മാത്രയിൽ നൂറുകണക്കിന് അമിനോ ആസിഡുകൾ ഒരു പ്രത്യേകക്രമത്തിൽ കോർത്തിണക്കിയിട്ടുണ്ട്. അതോടൊപ്പം പ്രോട്ടീൻ തന്മാത്രകൾ ശരിയായി പ്രവർത്തിക്കുന്നതിന് അവ ഒരു പ്രത്യേക ത്രിമാനരൂപത്തിൽ മടങ്ങിയിരിക്കുകയും വേണം. ഒരൊറ്റ പ്രോട്ടീൻ തന്മാത്രപോലും തനിയെ ഉണ്ടാകാനുള്ള സാധ്യത തീരെ കുറവാണെന്നു ചില ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു. “ജീവനുള്ള ഒരു കോശത്തിന്റെ പ്രവർത്തനത്തിന് ആയിരക്കണക്കിനു വ്യത്യസ്ത പ്രോട്ടീനുകൾ ആവശ്യമായിരിക്കുന്ന സ്ഥിതിക്ക് ഇവ തനിയെ ഉണ്ടായെന്നു വിശ്വസിക്കുന്നതിൽ അർഥമില്ല” എന്നു ഭൗതികശാസ്ത്രജ്ഞനായ പോൾ ഡേവിസ് എഴുതി.
ചുരുക്കം. ദശകങ്ങളായി ഒട്ടുമിക്ക ശാസ്ത്രശാഖകളിലും ഗവേഷണങ്ങൾ നടത്തിയെങ്കിലും ജീവൻ ജീവനുള്ള ഒന്നിൽനിന്ന് മാത്രമേ ഉണ്ടാകൂ എന്ന വസ്തുത മാറ്റമില്ലാതെ തുടരുന്നു.
ജീവജാലങ്ങൾ എങ്ങനെ ഉണ്ടായി?
ചിലർ പറയുന്നത്. ആദ്യം ഉണ്ടായ ജീവരൂപം ക്രമേണ വികാസം പ്രാപിച്ച് മനുഷ്യർ ഉൾപ്പെടെയുള്ള വ്യത്യസ്തജീവികൾ ഉണ്ടായി. ആകസ്മിക ഉൽപരിവർത്തനത്തിലൂടെയും (ജീവികളിൽ ആകസ്മികമായി ഉണ്ടാകുന്നതും പാരമ്പര്യമായി കൈമാറാവുന്നതുമായ മാറ്റങ്ങൾ) പ്രകൃതിനിർധാരണത്തിലൂടെയും (പരിസ്ഥിതിയോട് കൂടുതൽ യോജിച്ചുപോകുന്ന വ്യതിയാനങ്ങൾ കാണിക്കുന്ന ജീവജാലങ്ങളെ മാത്രം പ്രകൃതി തിരഞ്ഞെടുത്ത് നിലനിറുത്തുന്നു.) ആണ് ഇങ്ങനെ സംഭവിച്ചത്.
ചിലർക്ക് ഈ ഉത്തരം തൃപ്തികരമായി തോന്നാത്തതിന്റെ കാരണം. ചില കോശങ്ങൾ മറ്റുള്ളവയെക്കാൾ വളരെ സങ്കീർണമാണ്. ഒരു പ്രസിദ്ധീകരണം പറയുന്നതനുസരിച്ച് ലഘുകോശങ്ങൾ അതിസങ്കീർണമായ കോശങ്ങളായി മാറുക എന്നത് “പരിണാമസിദ്ധാന്തത്തിലെ രണ്ടാമത്തെ വലിയ നിഗൂഢതയാണെന്നു കരുതുന്നു; ആദ്യത്തേതു ജീവന്റെ ഉത്ഭവവും.”
ഓരോ കോശത്തിനുള്ളിലും സങ്കീർണമായ പണികൾ ചെയ്യാൻ യോജിച്ച് പ്രവർത്തിക്കുന്ന പ്രോട്ടീൻ തന്മാത്രകൾ ചേർന്നുണ്ടായ അതിസങ്കീർണമായ തന്മാത്രായന്ത്രങ്ങൾ ഉള്ളതായി ശാസ്ത്രജ്ഞർ കണ്ടുപിടിച്ചിട്ടുണ്ട്. ഈ പണികളിൽ പോഷകങ്ങൾ വഹിച്ചുകൊണ്ട് പോകുന്നതും അവയെ ഊർജമാക്കി മാറ്റുന്നതും കോശഭാഗങ്ങളിലെ കേടുപോക്കുന്നതും സന്ദേശങ്ങൾ കോശത്തിനുള്ളിൽ എല്ലായിടത്തേക്കും എത്തിക്കുന്നതും ഉൾപ്പെടുന്നു. സങ്കീർണമായ ഈ ഘടകങ്ങൾ ഒത്തൊരുമിക്കുന്നതും പ്രവർത്തിക്കുന്നതും ആകസ്മിക ഉൽപരിവർത്തനത്തിലൂടെയും പ്രകൃതിനിർധാരണത്തിലൂടെയും ആയിരിക്കുമോ? അത് അങ്ങനെയാണെന്ന് അംഗീകരിക്കാൻ പലർക്കും ബുദ്ധിമുട്ടു തോന്നുന്നു.
മനുഷ്യരും മറ്റു ജീവികളും വളർന്നുവരുന്നതു ബീജസംയോഗം നടന്ന ഒരു അണ്ഡത്തിൽനിന്നാണ്. ഭ്രൂണത്തിനുള്ളിൽ കോശങ്ങൾ പെരുകുകയും അവ ക്രമേണ വ്യത്യസ്തരൂപം കൈവരിക്കുകയും പ്രത്യേകധർമ്മങ്ങൾ നിർവഹിക്കാൻ പ്രാപ്തമാകുകയും ചെയ്യുന്നു. അങ്ങനെ അവ ഓരോ ശരീരഭാഗങ്ങളായിത്തീരുന്നു. എന്തായിത്തീരണമെന്നും ശരീരത്തിൽ എവിടേക്കു നീങ്ങണമെന്നും ഓരോ കോശവും “അറിയുന്നത്” എങ്ങനെയാണെന്നു വിശദീകരിക്കാൻ പരിണാമത്തിനു കഴിയുന്നില്ല.
ഒരു ജീവിവർഗം മറ്റൊന്നായി മാറണമെങ്കിൽ അതിനുള്ള മാറ്റങ്ങൾ കോശത്തിനുള്ളിൽ തന്മാത്രാതലത്തിൽ നടക്കണമെന്നു ശാസ്ത്രജ്ഞന്മാർക്ക് ഇപ്പോൾ അറിയാം. ഒരു “ലഘു”കോശംപോലും പരിണാമത്തിലൂടെ ഉണ്ടാകുന്നത് എങ്ങനെയാണെന്നു കാണിക്കാൻ ശാസ്ത്രജ്ഞന്മാർക്കു കഴിയാത്തതുകൊണ്ട് ഭൂമിയിൽ കാണുന്ന ജീവജാലങ്ങളെല്ലാം ആകസ്മിക ഉൽപരിവർത്തനത്തിലൂടെയും പ്രകൃതിനിർധാരണത്തിലൂടെയും ആണ് ഉണ്ടായതെന്നു വിശ്വസിക്കുന്നതു യുക്തിസഹമാണോ? ജീവികളുടെ ഘടന ‘വിചാരിച്ചതിലും അതിസങ്കീർണമാണെന്നു ഗവേഷണത്തിലൂടെ മനസ്സിലായെങ്കിലും, ബുദ്ധിരഹിതമായ പ്രക്രിയയിലൂടെ ഈ സങ്കീർണത എങ്ങനെ ഉണ്ടായി എന്നു മനസ്സിലാക്കുന്ന കാര്യത്തിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല’ എന്നാണു ജീവശാസ്ത്ര പ്രൊഫസറായ മൈക്കിൾ ബീഹി പറയുന്നത്.
മനുഷ്യർക്കു ബോധപൂർവം ചിന്തിക്കാനും കാര്യങ്ങൾ വിലയിരുത്താനും ഉള്ള കഴിവുണ്ട്. കൂടാതെ ഉദാരതയും ആത്മത്യാഗവും പോലുള്ള ധാർമികഗുണങ്ങളും ശരിയും തെറ്റും സംബന്ധിച്ച ബോധവും ഉണ്ട്. മനുഷ്യർക്ക് ഈ അനുപമമായ ഗുണങ്ങൾ എങ്ങനെ വന്നെന്നു വിശദീകരിക്കാൻ ആകസ്മിക ഉൽപരിവർത്തനത്തിനും പ്രകൃതിനിർധാരണത്തിനും കഴിയുന്നില്ല.
ചുരുക്കം. ജീവൻ ഉത്ഭവിച്ചത് പരിണാമത്തിലൂടെയാണ് എന്നതു തർക്കമറ്റ വസ്തുതയാണെന്നു പലരും പറയുന്നെങ്കിലും, ജീവൻ എങ്ങനെ ഉത്ഭവിച്ചു എന്നതിനും ജീവജാലങ്ങൾ എങ്ങനെ ഉണ്ടായി എന്നതിനും പരിണാമം തരുന്ന ഉത്തരം മറ്റു ചിലർക്കു തൃപ്തികരമായി തോന്നുന്നില്ല.
ചിന്തിച്ചുനോക്കാൻ ഒരു ഉത്തരം
തെളിവുകൾ പരിശോധിക്കുമ്പോൾ ജീവൻ ഉണ്ടായതിനു പിന്നിൽ ശ്രേഷ്ഠമായ ഒരു ബുദ്ധിശക്തിയുണ്ടെന്നു പലരും മനസ്സിലാക്കുന്നു. ഇക്കാര്യം തിരിച്ചറിഞ്ഞ ഒരാളാണു തത്ത്വശാസ്ത്ര പ്രൊഫസറായ ആന്റണി ഫ്ലൂ. ഒരു കാലത്ത് കടുത്ത നിരീശ്വരവാദിയായിരുന്ന അദ്ദേഹം ജീവന്റെ അതിശയിപ്പിക്കുന്ന സങ്കീർണതയെക്കുറിച്ചും പ്രപഞ്ചത്തിന്റെ ഭൗതികനിയമങ്ങളെക്കുറിച്ചും മനസ്സിലാക്കിയപ്പോൾ തന്റെ അഭിപ്രായത്തിനു മാറ്റം വരുത്തി. പഴയ കാലത്തെ തത്ത്വശാസ്ത്രജ്ഞരുടെ ഒരു വാദം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി: “തെളിവ് എങ്ങോട്ടാണോ നയിക്കുന്നത് അങ്ങോട്ടു വേണം നമ്മളും പോകാൻ.” ഒരു സ്രഷ്ടാവിന്റെ അസ്തിത്വത്തിലേക്കാണു പ്രൊഫസർ ഫ്ലൂവിനെ തെളിവുകൾ നയിച്ചത്.
മുമ്പു പറഞ്ഞ ഗെരാർഡും സമാനമായ നിഗമനത്തിലെത്തി. കീടശാസ്ത്രത്തിൽ മികച്ച വിദ്യാഭ്യാസം നേടുകയും ആ മേഖലയിൽ വളരെക്കാലം ജോലി ചെയ്യുകയും ചെയ്തിട്ടും അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: “ജീവനില്ലാത്ത വസ്തുക്കളിൽനിന്ന് ജീവൻ തനിയെ ഉണ്ടായതിനു ഞാൻ ഒരു തെളിവും കണ്ടിട്ടില്ല. മറിച്ച് ഒരു ജീവിയുടെ ശരീരത്തിലെ ക്രമത്തിൽനിന്നും സങ്കീർണതയിൽനിന്നും എനിക്കു മനസ്സിലാക്കാനായത് ഇതിന്റെ പിന്നിൽ ഒരു സംഘാടകനും രൂപരചയിതാവും ഉണ്ടെന്നാണ്.”
ഒരു കലാസൃഷ്ടിയിൽനിന്ന് അതിന്റെ കലാകാരനെക്കുറിച്ച് മനസ്സിലാക്കാവുന്നതുപോലെ പ്രകൃതിയെക്കുറിച്ച് പഠിച്ചുകൊണ്ട് സ്രഷ്ടാവിന്റെ ഗുണങ്ങളെക്കുറിച്ച് അദ്ദേഹം മനസ്സിലാക്കി. സ്രഷ്ടാവിന്റേതെന്ന് അവകാശപ്പെടുന്ന ബൈബിൾ എന്ന പുസ്തകം മനസ്സിലാക്കാനും അദ്ദേഹം സമയം ചെലവഴിച്ചു. (2 തിമൊഥെയൊസ് 3:16) മനുഷ്യരുടെ ഉത്ഭവത്തെക്കുറിച്ചുള്ള ചോദ്യങ്ങളുടെ തൃപ്തികരമായ ഉത്തരവും മനുഷ്യർ ഇന്നു നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരവും അദ്ദേഹം അതിൽ കണ്ടെത്തി. ബൈബിളിന്റെ പിന്നിലും ബുദ്ധിമാനായ ഒരാളുണ്ടെന്ന് അദ്ദേഹത്തിനു ബോധ്യമായി.
ഗെരാർഡ് കണ്ടെത്തിയതുപോലെ ബൈബിളിന്റെ ഉത്തരം മനസ്സിരുത്തി ചിന്തിക്കാൻ തക്ക മൂല്യമുള്ളതാണ്. അതു പരിശോധിച്ചുനോക്കാൻ നിങ്ങളെയും ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.