ഉണർന്നിരിക്കുക!
എന്തുകൊണ്ട് ഇത്രയധികം വിദ്വേഷം?—ബൈബിളിനു പറയാനുള്ളത്
വിദ്വേഷം ഊട്ടിവളർത്തുന്ന പ്രസംഗങ്ങളും വർണവിവേചനത്തിന്റെയും വെറുപ്പിന്റെയും പേരിലുള്ള കുറ്റകൃത്യങ്ങളും യുദ്ധങ്ങളും ഒക്കെയാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്.
“ഇസ്രായേലും ഗാസയും തമ്മിലുള്ള പോരാട്ടവും അക്രമത്തിനും വിദ്വേഷത്തിനും തിരികൊളുത്തുന്ന ആളുകളും കാരണം വെറുപ്പ് വളർത്തുന്ന സംസാരമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുന്നത്.”—ദ ന്യൂയോർക്ക് ടൈംസ്, 2023 നവംബർ 15.
“ഒക്ടോബർ 7 മുതൽ ലോകത്താകെ, മുൻവിധി കാരണമുള്ള വിദ്വേഷം നിറഞ്ഞ സംസാരവും അക്രമവും മുമ്പത്തെക്കാളധികം വർധിച്ചിരിക്കുന്നതായി കാണാം.”—ഡെന്നിസ് ഫ്രാൻസിസ്, ഐക്യരാഷ്ട്ര പൊതുസഭയുടെ പ്രസിഡന്റ്, 2023 നവംബർ 3.
വിദ്വേഷം നിറഞ്ഞ സംസാരവും അക്രമവും യുദ്ധവും ഒന്നും പുതിയ കാര്യങ്ങളല്ല. പണ്ടും ആളുകൾ “അവരുടെ ക്രൂരമായ വാക്കുകൾ അമ്പുകൾപോലെ ഉന്നം വെച്ചതിനെക്കുറിച്ചും” അക്രമം, യുദ്ധം പോലുള്ള കാര്യങ്ങളിൽ ഏർപ്പെട്ടതിനെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്. (സങ്കീർത്തനം 64:3; 120:7; 140:1) എന്നാൽ ഇന്ന് ആളുകൾക്കിടയിൽ കാണുന്ന വിദ്വേഷത്തിന് വലിയൊരു അർഥമുണ്ട്.
വിദ്വേഷം—അത് എന്തിന്റെയെങ്കിലും തെളിവാണോ?
വിദ്വേഷം ഇന്ന് സർവസാധാരണമായിരിക്കുന്നതിന്റെ രണ്ട് കാരണങ്ങൾ ബൈബിൾ പറയുന്നു.
1. ‘മിക്കവരുടെയും സ്നേഹം തണുത്തുപോകുന്ന’ ഒരു കാലത്തെക്കുറിച്ച് ബൈബിൾ മുൻകൂട്ടിപ്പറയുന്നുണ്ട്. (മത്തായി 24:12) അന്ന് സ്നേഹത്തിന് പകരം വിദ്വേഷവും വെറുപ്പും നിറഞ്ഞ മനോഭാവമായിരിക്കും പൊതുവേ ആളുകൾക്കിടയിൽ ഉണ്ടായിരിക്കുക.—2 തിമൊഥെയൊസ് 3:1-5.
2. ഇന്ന് ആളുകൾക്കിടയിൽ വിദ്വേഷം ആളിക്കത്തുന്നതിന്റെ കാരണം പിശാചായ സാത്താന്റെ പകയും ദുഷ്ടതയും നിറഞ്ഞ സ്വാധീനമാണ്. “ലോകം മുഴുവനും ദുഷ്ടന്റെ നിയന്ത്രണത്തിലാണ്” എന്ന് ബൈബിൾ പറയുന്നു.—1 യോഹന്നാൻ 5:19; വെളിപാട് 12:9, 12.
എന്നാൽ വെറുപ്പിന് പിന്നിലെ എല്ലാ അടിസ്ഥാന കാരണങ്ങളും ദൈവം നീക്കം ചെയ്യുമെന്ന് ബൈബിൾ പറയുന്നു. കൂടാതെ, വെറുപ്പ് കാരണം ഉണ്ടായ എല്ലാ കഷ്ടപ്പാടുകളും വേദനയും ദൈവം ഇല്ലാതാക്കും. ബൈബിൾ ഇങ്ങനെ ഉറപ്പു തരുന്നു:
“ദൈവം അവരുടെ കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല. പഴയതെല്ലാം കഴിഞ്ഞുപോയി!”—വെളിപാട് 21:4.