കാലാവസ്ഥാ വ്യതിയാനവും നമ്മുടെ ഭാവിയും—ബൈബിൾ പറയുന്നത്
“കാലാവസ്ഥാ വ്യതിയാനം ഒരു ദുരന്തമായി മാറിയിരിക്കുന്നു. ജീവിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് ഭൂമി ഇപ്പോൾത്തന്നെ മാറുകയാണ്.”—ദി ഗാർഡിയൻ.
താൻതന്നെ കുഴിച്ച കുഴിയിൽ മനുഷ്യൻ ഇപ്പോൾ വീണിരിക്കുന്നെന്നു പറയാം. മനുഷ്യരുടെ പ്രവൃത്തികൾതന്നെയാണ് ആഗോളതാപനത്തിന് കാരണം എന്ന് മിക്ക ശാസ്ത്രജ്ഞരും സമ്മതിക്കുന്നു. ഇങ്ങനെ ചൂട് കൂടുന്നത് കാലാവസ്ഥാ മാറ്റത്തിന് കാരണമായിരിക്കുന്നു. അതിന്റെ ഫലമായി:
കടുത്ത ചൂട്, വരൾച്ച, കൊടുങ്കാറ്റ് എന്നിങ്ങനെയുള്ള രൂക്ഷമായ കാലാവസ്ഥാ പ്രശ്നങ്ങൾ കൂടെക്കൂടെ ഉണ്ടാകുന്നു. ഇവയുടെ ചുവടുപിടിച്ച് പ്രളയവും കാട്ടുതീയും.
ഹിമാനികളും ആർട്ടിക്കിലെ മഞ്ഞും ഉരുകുന്നു.
സമുദ്രനിരപ്പ് ഉയരുന്നു.
കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളിൽ ചിലത് മാത്രമാണ് ഇവ. കാലാവസ്ഥാ മാറ്റം പ്രശ്നം സൃഷ്ടിക്കാത്ത ഒരിടവും ഈ ഭൂമിയിലില്ല. 193 രാജ്യങ്ങളിലെ അവസ്ഥ വിവരിച്ചുകൊണ്ട് ന്യൂയോർക്ക് ടൈംസ് ഇങ്ങനെ റിപ്പോർട്ട് ചെയ്തു: “ഭൂഗ്രഹം സഹായത്തിനായി കേഴുകയാണ്.” കാലാവസ്ഥാ വ്യതിയാനം വളരെയേറേ മരണവും ദുരിതവും വിതയ്ക്കുന്നതുകൊണ്ട് ലോകാരോഗ്യ സംഘടന അതിനെ വിളിച്ചിരിക്കുന്നത് “മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ആരോഗ്യവിപത്ത്” എന്നാണ്.
എന്നാലും നമുക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്. ഇന്ന് സംഭവിക്കുന്ന കാര്യങ്ങളൊക്കെ ബൈബിൾ മുൻകൂട്ടിപ്പറഞ്ഞതാണ്. എന്നാൽ അത് മാത്രമല്ല ബൈബിൾ പറയുന്നത്. ദൈവം ഇക്കാര്യത്തിൽ ഇടപെടുമെന്ന് പ്രതീക്ഷിക്കാൻ കഴിയുന്നത് എന്തുകൊണ്ടെന്നും നമുക്ക് ഒരു നല്ല ഭാവി തരാനായി ദൈവം എന്തൊക്കെയാണ് ചെയ്യാൻപോകുന്നതെന്നും അതു പറയുന്നു.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ബൈബിൾ എന്തെങ്കിലും സൂചിപ്പിക്കുന്നുണ്ടോ?
ഉണ്ട്. ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന ചില കാര്യങ്ങളിൽനിന്ന് നമ്മുടെ ഈ കാലത്ത് ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഒക്കെ ഉണ്ടാകുമെന്ന് നമ്മൾ മനസ്സിലാക്കുന്നു.
പ്രവചനം: ദൈവം ‘ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കും.’—വെളിപാട് 11:18.
മനുഷ്യന്റെ പ്രവർത്തനങ്ങൾ ഭൂമിയെ നാശത്തിന്റെ വക്കോളം കൊണ്ടെത്തിക്കുമെന്ന് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. മനുഷ്യന്റെ കൈയാൽ ഭൂമി ഇത്രയും നശിച്ച ഒരു കാലം വേറെയില്ല. അത്രയേറെ കെടുതികളാണ് ആഗോളതാപനംകൊണ്ട് ഉണ്ടായിരിക്കുന്നത്.
ഈ പ്രശ്നങ്ങളിൽനിന്നൊക്കെ ഭൂമിയെ രക്ഷിക്കാൻ മനുഷ്യരെക്കൊണ്ട് ആകാത്തതിന്റെ ഒരു കാരണം ഈ പ്രവചനത്തിൽ പറയുന്നു. “ഭൂമിയെ നശിപ്പിക്കുന്നവരെ” ദൈവം നശിപ്പിക്കുമെന്നാണ് അവിടെ എഴുതിയിരിക്കുന്നത്. അതായത്, മനുഷ്യർ ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ദൈവം ഇടപെടുന്നത്. നല്ല മനസ്സുള്ള കുറെ ആളുകൾ ഭൂമിയെ നശിപ്പിക്കുന്നതിൽനിന്ന് മനുഷ്യനെ തടയാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ അവർ എന്തൊക്കെ ചെയ്തെന്നു പറഞ്ഞാലും മനുഷ്യർ തുടർന്നും ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കും.
പ്രവചനം: ‘പേടിപ്പിക്കുന്ന കാഴ്ചകൾ ദൃശ്യമാകും.’—ലൂക്കോസ് 21:11.
നമ്മുടെ കാലത്ത് ‘പേടിപ്പിക്കുന്ന കാഴ്ചകൾ’ അല്ലെങ്കിൽ ഭയപ്പെടുത്തുന്ന സംഭവങ്ങൾ ഉണ്ടാകുമെന്ന് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. മാറിമറിയുന്ന കാലാവസ്ഥകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ ലോകം മുഴുവനുള്ള ആളുകളെ ഭയത്തിലാക്കുന്നു. ഇങ്ങനെ പോയാൽ പരിസ്ഥിതിക്ക് എന്തു സംഭവിക്കുമെന്ന പേടിയും ഉത്കണ്ഠയും ഒക്കെ ഇന്ന് ചില ആളുകളെ വിടാതെ പിടികൂടിയിരിക്കുകയാണ്.
പ്രവചനം: “അവസാനകാലത്ത് ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകുമെന്നു മനസ്സിലാക്കിക്കൊള്ളുക. കാരണം മനുഷ്യർ സ്വസ്നേഹികളും പണക്കൊതിയന്മാരും . . . വിശ്വസിക്കാൻ കൊള്ളാത്തവരും . . . ഒരു കാര്യത്തോടും യോജിക്കാത്തവരും . . . ചതിയന്മാരും . . . അഹങ്കാരത്താൽ ചീർത്തവരും . . . ആയിരിക്കും.”—2 തിമൊഥെയൊസ് 3:1-5.
ബൈബിൾ ഇവിടെ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന മനുഷ്യരുടെ സ്വഭാവസവിശേഷതകൾതന്നെയാണ് പരിസ്ഥിതി പ്രശ്നങ്ങൾക്കും കാരണമായിരിക്കുന്നത്. ഭാവി തലമുറകളെക്കുറിച്ച് ചിന്തിക്കാതെ ഇപ്പോൾ എങ്ങനെയും പണം ഉണ്ടാക്കണം എന്ന ഒറ്റ ചിന്തയേ ഗവൺമെന്റുകൾക്കും ബിസിനെസ്സുകാർക്കും ഉള്ളൂ. ഇനി ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ ശ്രമം നടത്തിയാൽത്തന്നെ ആഗോളതാപനത്തിന് തടയിടാൻ എന്തു ചെയ്യണമെന്ന കാര്യത്തിൽ യോജിപ്പിലെത്താൻ അവർക്കു കഴിയുന്നില്ല.
ആളുകൾ സ്വഭാവമൊക്കെ മാറ്റി ഈ ഭൂമിയെ സംരക്ഷിക്കാൻ തുടങ്ങുമെന്നു പ്രതീക്ഷിക്കാൻ ഒരു ന്യായവുമില്ലെന്ന് ഈ പ്രവചനം സൂചിപ്പിക്കുന്നു. പകരം ബൈബിൾ പറയുന്നത് സ്വാർഥഗുണങ്ങൾ കാണിക്കുന്ന ആളുകൾ “അടിക്കടി അധഃപതിക്കും” എന്നാണ്.—2 തിമൊഥെയൊസ് 3:13.
ദൈവം ഇടപെടുമെന്ന് നമുക്ക് ഉറപ്പുള്ളത് എന്തുകൊണ്ട്?
ദൈവമായ യഹോവ, a നമ്മുടെ സ്രഷ്ടാവ് ഈ ഭൂഗ്രഹത്തെയും അതിലുള്ളവരെയും സംരക്ഷിക്കാൻ അതിയായി ആഗ്രഹിക്കുന്നുവെന്ന് ബൈബിൾ വെളിപ്പെടുത്തുന്നു. ദൈവം ഇടപെടുമെന്ന് കാണിക്കുന്ന ബൈബിൾ വാക്യങ്ങളിൽ മൂന്നെണ്ണം മാത്രം ഇപ്പോൾ നോക്കാം.
1. ദൈവം ‘ഭൂമിയെ വെറുതേയല്ല, മനുഷ്യർക്കു താമസിക്കാനാണ് ഉണ്ടാക്കിയത്.’—യശയ്യ 45:18.
ഭൂമിയെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന് എന്ത് ഉദ്ദേശ്യമാണോ ഉണ്ടായിരുന്നത് അതു ദൈവം നടപ്പിലാക്കുകതന്നെ ചെയ്യും. (യശയ്യ 55:11) ഭൂമി നശിച്ചുപോകാനോ ജീവിക്കാൻ കൊള്ളാത്ത ഒരിടമായിത്തീരാനോ ദൈവം ഒരിക്കലും അനുവദിക്കില്ല.
2. “സൗമ്യതയുള്ളവർ ഭൂമി കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ അത്യധികം ആനന്ദിക്കും. നീതിമാന്മാർ ഭൂമി കൈവശമാക്കും; അവർ അവിടെ എന്നുമെന്നേക്കും ജീവിക്കും.”—സങ്കീർത്തനം 37:11, 29.
സമാധാനം നിറഞ്ഞ ചുറ്റുപാടിൽ മനുഷ്യർ ഈ ഭൂമിയിൽത്തന്നെ എന്നെന്നും ജീവിക്കുമെന്ന് ദൈവം ഉറപ്പുതരുന്നു.
3. “ദുഷ്ടന്മാരെ ഭൂമിയിൽനിന്ന് ഇല്ലാതാക്കും.”—സുഭാഷിതങ്ങൾ 2:22.
മാറ്റം വരുത്താൻ കൂട്ടാക്കാത്ത ദുഷ്ടന്മാരെ നീക്കം ചെയ്യുമെന്ന് ദൈവം പറയുന്നു. ഭൂമിയെ നശിപ്പിക്കുന്നവരും അക്കൂട്ടത്തിൽപ്പെടും.
ദൈവം നമുക്കുവേണ്ടി എന്താണ് ചെയ്യാൻപോകുന്നത്?
ഭൂമിയെ സംബന്ധിച്ച തന്റെ വാഗ്ദാനങ്ങൾ ദൈവം എങ്ങനെയായിരിക്കും നിറവേറ്റുക? ലോകം മുഴുവൻ ഭരിക്കുന്ന ഒരു ഗവൺമെന്റിലൂടെ. അതാണ് ദൈവരാജ്യം. (മത്തായി 6:10) ആ രാജ്യം സ്വർഗത്തിൽനിന്നായിരിക്കും ഭരിക്കുക. ഭൂമിയെയും പരിസ്ഥിതിയെയും സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ മനുഷ്യഗവൺമെന്റുകളുടെ ഒന്നും സമ്മതം അതിന് ആവശ്യമില്ല. കാരണം ദൈവരാജ്യം ഭൂമിയിൽ ഭരണം തുടങ്ങുമ്പോഴേക്കും മനുഷ്യരുടെ ഗവൺമെന്റുകളെയൊക്കെ നീക്കം ചെയ്തിരിക്കും.—ദാനിയേൽ 2:44.
ദൈവരാജ്യം ഭരിക്കുമെന്ന വാർത്ത മുഴുമനുഷ്യർക്കും മുറിവേറ്റ പരിസ്ഥിതിക്കും വലിയ ആശ്വാസമാണ്. (സങ്കീർത്തനം 96:10-13) ദൈവമായ യഹോവ തന്റെ രാജ്യം മുഖേന എന്തൊക്കെയാണ് ചെയ്യാൻപോകുന്നതെന്ന് നോക്കാം.
പരിസ്ഥിതിക്കേറ്റ മുറിവ് ഉണക്കും
ബൈബിൾ പറയുന്നത്: “വിജനഭൂമിയും വരണ്ടുണങ്ങിയ ദേശവും സന്തോഷിച്ചുല്ലസിക്കും, മരുപ്രദേശം ആനന്ദിച്ച് കുങ്കുമംപോലെ പൂക്കും.”—യശയ്യ 35:1.
ഭാവിയിൽ പ്രതീക്ഷിക്കാവുന്നത്: മനുഷ്യൻ ഭൂമിക്കേൽപ്പിച്ച മുറിവുകൾ യഹോവ സുഖപ്പെടുത്തും. മനുഷ്യൻ അങ്ങേയറ്റം നശിപ്പിച്ച ഇടങ്ങൾപോലും ദൈവം പഴയപടിയാക്കും.
താളം തെറ്റിയ കാലാവസ്ഥയെ നിയന്ത്രിക്കും
ബൈബിൾ പറയുന്നത്: “ദൈവം കൊടുങ്കാറ്റു ശാന്തമാക്കുന്നു; കടലിലെ തിരമാലകൾ അടങ്ങുന്നു.”—സങ്കീർത്തനം 107:29.
ഭാവിയിൽ പ്രതീക്ഷിക്കാവുന്നത്: കാറ്റും മഴയും പോലുള്ളവയെ നിയന്ത്രിക്കാനുള്ള ശക്തി യഹോവയ്ക്കുണ്ട്. കാലാവസ്ഥാ വ്യതിയാനം പിന്നെ മനുഷ്യന് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല.
ഭൂമിയെ നന്നായി പരിപാലിക്കാൻ മനുഷ്യരെ പഠിപ്പിക്കും
ബൈബിൾ പറയുന്നത്: “ഞാൻ നിനക്ക് ഉൾക്കാഴ്ച തരും, പോകേണ്ട വഴി നിന്നെ പഠിപ്പിക്കും.”—സങ്കീർത്തനം 32:8.
ഭാവിയിൽ പ്രതീക്ഷിക്കാവുന്നത്: ഭൂമിയെ പരിപാലിക്കാനുള്ള ഉത്തരവാദിത്വം ദൈവം മനുഷ്യർക്കു കൊടുത്തിട്ടുണ്ട്. (ഉൽപത്തി 1:28; 2:15) ദൈവത്തിന്റെ സൃഷ്ടികളെ എങ്ങനെ നന്നായി പരിപാലിക്കാമെന്നും പ്രകൃതിയോട് ഇണങ്ങിച്ചേർന്ന് എങ്ങനെ ജീവിക്കാമെന്നും ഒക്കെ യഹോവ നമ്മളെ പഠിപ്പിക്കും.
a ദൈവത്തിന്റെ പേര് യഹോവ എന്നാണ്. (സങ്കീർത്തനം 83:18) “ആരാണ് യഹോവ?” എന്ന ലേഖനം കാണുക.