ജൂതന്മാരുടെ ബാബിലോണിലെ പ്രവാസത്തെക്കുറിച്ചുള്ള ബൈബിളിന്റെ വിശദീകരണം കൃത്യമാണോ?
ഏതാണ്ട് 2,600 വർഷങ്ങൾക്കു മുമ്പ് ജൂതന്മാരെ ബാബിലോണിലേക്കു ബന്ദികളായി പിടിച്ചുകൊണ്ടുപോയി. അവർ 70 വർഷം പ്രവാസികളായി അവിടെ ജീവിച്ചു. ബൈബിൾ വായിക്കുമ്പോൾ അവിടെ അവർക്ക് ഉണ്ടാകുമായിരുന്ന ജീവിതസാഹചര്യങ്ങളെക്കുറിച്ച് ദൈവം മുൻകൂട്ടി പറഞ്ഞിരിക്കുന്നതു കാണാം. “നിങ്ങൾ വീടുകൾ പണിത് അവയിൽ താമസിക്കൂ! തോട്ടങ്ങൾ നട്ടുണ്ടാക്കി അവിടെ വിളയുന്നതു കഴിക്കൂ! നിങ്ങൾ വിവാഹം കഴിച്ച് മക്കളെ ജനിപ്പിക്കണം. . . . ഞാൻ നിങ്ങളെ നാടു കടത്തിയ നഗരത്തിൽ സമാധാനം നിലനിറുത്താൻ ശ്രദ്ധിക്കണം.” (യിരെമ്യ 29:1, 4-7) ജൂതന്മാർ ശരിക്കും ഇതുപോലുള്ള ചുറ്റുപ്പാടുകളിലാണോ ജീവിച്ചത്?
പുരാതനബാബിലോണിലും അതിന് അടുത്തുള്ള പ്രദേശങ്ങളിലും നിന്ന് കണ്ടെടുക്കപ്പെട്ടതായി കരുതുന്ന 100 ലേറെ കളിമൺഫലകങ്ങൾ ഗവേഷകർ പരിശോധിച്ചു. ബാബിലോണിന്റെ അധികാരത്തിനു കീഴ്പെട്ടിരുന്നുകൊണ്ട് ജൂതപ്രവാസികൾ അവരുടെ സാംസ്കാരികവും മതപരവും ആയ രീതികൾ പിന്തുടർന്നുപോന്നതായി ആ ഫലകങ്ങളിൽനിന്ന് കാണാം. ബി.സി. 572-477 വരെയുള്ള കാലഘട്ടത്തിലെ ഫലകങ്ങളിൽ വാടകക്കരാറുകളുടെയും കൂട്ടുകച്ചവടത്തിന്റെയും വാഗ്ദാനപത്രത്തിന്റെയും മറ്റു സാമ്പത്തിക കാര്യങ്ങളുടെയും രേഖകൾ കാണാം. ഒരു പുസ്തകം ഇങ്ങനെ പറയുന്നു: “ഗ്രാമീണപശ്ചാത്തലത്തിൽ ജീവിക്കുന്ന സാധാരണക്കാരായ ആളുകളുടെ ജീവിതം അറിയാൻ ഈ രേഖകൾ സഹായിക്കും. അവർ നിലമുഴുതു, വീടുകൾ പണിതു, കരമടച്ചു. രാജാവിനുവേണ്ടി പല സേവനങ്ങളും ചെയ്തു.”
അൽ-യഹൂദു അല്ലെങ്കിൽ യഹൂദാപട്ടണം എന്ന് അറിയപ്പെടുന്ന സ്ഥലത്ത് ജൂതന്മാരുടെ വലിയൊരു കൂട്ടം താമസിച്ചിരുന്നതായി കണ്ടെടുക്കപ്പെട്ട പല പ്രധാനപ്പെട്ട രേഖകളിൽനിന്നും മനസ്സിലാക്കാം. ഒരു ജൂതകുടുംബത്തിലെ നാലു തലമുറകളിൽപ്പെട്ടവരുടെ പേരുകൾ കളിമൺഫലകങ്ങളിൽ കൊത്തിവെച്ചിരിക്കുന്നതു കാണാം. അവയിൽ ചിലത് എബ്രായലിപികളിലാണ്. ഈ കളിമൺഫലകങ്ങൾ കണ്ടുപിടിക്കുന്നതിനു മുമ്പ് ബാബിലോണിൽ പ്രവാസികളായിരുന്ന ജൂതന്മാരെക്കുറിച്ച് പണ്ഡിതന്മാർക്കു വളരെ കുറച്ച് വിവരങ്ങളേ അറിയുമായിരുന്നുള്ളൂ. ഇസ്രായേൽ പുരാവസ്തു വകുപ്പിന്റെ ഡയറക്ടർബോർഡിലെ അംഗമായ ഡോക്ടർ ഫിലിപ്പ് വുക്കേസെവോവിച്ച് പറയുന്നു: “ഒടുവിൽ, ഈ കളിമൺഫലകങ്ങൾ കിട്ടിയപ്പോഴാണു ബാബിലോണിൽ കഴിഞ്ഞ ജൂതന്മാരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനായത്. അവരുടെ പേരുകൾ, എവിടെ ജീവിച്ചു, എന്നു ജീവിച്ചു, എന്തു ചെയ്തു എന്നൊക്കെ.”
ബാബിലോണിലേക്കു കൊണ്ടുപോയ ജൂതന്മാർക്ക് എവിടെ ജീവിക്കണം, എന്തു ചെയ്യണം എന്നീ കാര്യങ്ങളിൽ ഒരളവുവരെയുള്ള സ്വാതന്ത്ര്യം ലഭിച്ചിരുന്നു. വുക്കേസെവോവിച്ച് പറയുന്നതനുസരിച്ച് ജൂതന്മാർ“അൽ-യഹൂദുവിൽ മാത്രമല്ല മറ്റു പന്ത്രണ്ടു നഗരങ്ങളിലും” താമസിച്ചിരുന്നു എന്നാണ്. അവരിൽ ചിലർ പല തൊഴിൽവൈദഗ്ധ്യങ്ങളും നേടിയിരുന്നു. അത് പിന്നീട് യരുശലേമിന്റെ പുനർനിർമാണത്തിന് ഉപകാരപ്പെട്ടു. (നെഹമ്യ 3:8, 31, 32) ബാബിലോണിലുള്ള ജൂതന്മാരുടെ പ്രവാസകാലം അവസാനിച്ചിട്ടും പല ജൂതന്മാരും ബാബിലോണിൽത്തന്നെ തുടരാൻ തീരുമാനിച്ചെന്നും അൽ-യഹൂദുവിലെ കളിമൺഫലകങ്ങൾ പറയുന്നു. ഇതെല്ലാം കാണിക്കുന്നതു ദൈവവചനം സൂചിപ്പിക്കുന്നതുപോലെ ബാബിലോണിൽ അവർക്കു താരതമ്യേനേ സമാധാനപരമായ അന്തരീക്ഷമാണ് ഉണ്ടായിരുന്നത് എന്നാണ്.