ഉണർന്നിരിക്കുക!
മാന്യതയെ മാനിക്കാത്ത ഒരു ലോകം—ബൈബിളിനു പറയാനുള്ളത്
മാന്യതയുടെ നിലവാരങ്ങൾ ഇന്നു തകർന്നടിയുകയാണ്. മര്യാദയില്ലാത്ത രോഗികൾ ഡോക്ടർമാരോടു തട്ടിക്കയറുന്നു. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വരുന്ന ആളുകൾ വെയിറ്റർമാരോട് അപമര്യാദയോടെ സംസാരിക്കുന്നു. ചില യാത്രക്കാർ എയർഹോസ്റ്റസിനെയും മറ്റും കൈയേറ്റം ചെയ്യുന്നു. അച്ചടക്കമില്ലാത്ത കുട്ടികൾ അധ്യാപകരെ കളിയാക്കുന്നു, ഭീഷണിപ്പെടുത്തുന്നു, ഉപദ്രവിക്കുകപോലും ചെയ്യുന്നു. ഇനി, ചില രാഷ്ട്രീയക്കാർ വിവാദപരമായ കാര്യങ്ങളിൽ ഉൾപ്പെടുന്നു; എന്നാൽ മറ്റു ചിലർ തങ്ങൾ വലിയ മാന്യന്മാരാണെന്നു വരുത്തിത്തീർക്കുന്നു.
ശരിക്കും മാന്യമായ പെരുമാറ്റം എന്താണ് എന്നതിനുള്ള ആശ്രയയോഗ്യമായ ഒരു വഴികാട്ടിയാണു ബൈബിൾ. ഇന്ന് ആളുകളുടെ മര്യാദ കുറഞ്ഞുവരുന്നത് എന്തുകൊണ്ടാണെന്നും അതു വിശദീകരിക്കുന്നു.
മാന്യമായ പെരുമാറ്റത്തിന് എന്തു സംഭവിച്ചു?
മാന്യതയോടെയുള്ള പെരുമാറ്റം ഇന്നു ലോകമെങ്ങും കുറഞ്ഞുവരുകയാണ്. ഒരു കാലത്ത് സ്വീകാര്യമായി കണ്ടിരുന്ന, ഉയർന്ന ധാർമികനിലവാരമുള്ള നല്ല പെരുമാറ്റരീതികൾ ഇന്ന് ഏതാണ്ട് ഇല്ലാതായിരിക്കുന്നു.
അടുത്ത കാലത്ത് ഐക്യനാടുകളിൽ നടന്ന ഒരു അഭിപ്രായവോട്ടെടുപ്പു കാണിക്കുന്നത്, കഴിഞ്ഞ 22 വർഷത്തോടുള്ള താരതമ്യത്തിൽ അവിടെയുള്ള ആളുകളുടെ ധാർമികനിലവാരം തീരെ താണുപോയിരിക്കുന്നു എന്നാണ്.
28 രാജ്യങ്ങളിൽനിന്നുള്ള 32,000-ത്തിലേറെ ആളുകളെ ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ മറ്റൊരു സർവേയിൽ, 65 ശതമാനം പേരും അഭിപ്രായപ്പെട്ടതു മുമ്പെന്നത്തെക്കാൾ അധികമായി ആളുകൾ ഇന്നു സാമാന്യമരാദ കാണിക്കാൻ പരാജയപ്പെടുന്നു എന്നാണ്.
എന്നാൽ ഇന്നു കാണുന്ന ഈ പെരുമാറ്റരീതിയെക്കുറിച്ച് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരുന്നു.
“അവസാനനാളുകളിൽ അനേകം കഷ്ടങ്ങളുണ്ടാകും. ആ കാലത്ത് ജനം തങ്ങളെത്തന്നെയും പണത്തെയും മാത്രമേ സ്നേഹിക്കൂ. അവർ അഹങ്കാരികളും പൊങ്ങച്ചക്കാരും ആകും. ആളുകൾ നിന്ദകരും മാതാപിതാക്കളെ അനുസരിക്കാത്തവരും നന്ദിയില്ലാത്തവരും . . . ദയയില്ലാത്തവരും അക്രമസ്വഭാവമുള്ളവരും ആയിരിക്കും.”—2 തിമൊഥെയൊസ് 3:1-3, ഗുഡ്ന്യൂസ് ട്രാൻസ്ലേഷൻ.
ഈ പ്രവചനം ഇന്ന് എങ്ങനെയാണു നിറവേറുന്നത് എന്നതിനെക്കുറിച്ച് കൂടുതലായി അറിയാൻ “ഇന്നത്തെ ആളുകൾ എങ്ങനെയുള്ളവരായിരിക്കുമെന്ന് ബൈബിളിൽ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ടോ?” എന്ന ലേഖനം വായിക്കുക.
മാന്യമായ പെരുമാറ്റത്തിനുള്ള ആശ്രയയോഗ്യമായ വഴികാട്ടി
മാന്യതയുടെ നിലവാരങ്ങൾ ഇന്നു തകർന്നടിയുമ്പോൾ നല്ല പെരുമാറ്റത്തിനുള്ള മികച്ച വഴികാട്ടിയാണു ബൈബിളെന്നു ലക്ഷക്കണക്കിന് ആളുകൾ കണ്ടെത്തിയിരിക്കുന്നു. അതിലെ ഉപദേശങ്ങളെ “എപ്പോഴും ആശ്രയിക്കാം, ഇന്നും എന്നും.” (സങ്കീർത്തനം 111:8) ചില ഉദാഹരണങ്ങൾ കാണുക:
ബൈബിൾ പറയുന്നത്: “മറ്റുള്ളവർ നിങ്ങൾക്കു ചെയ്തുതരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം അവർക്കും ചെയ്തുകൊടുക്കണം.”—മത്തായി 7:12.
അർഥം: മറ്റുള്ളവർ നമ്മളോട് ഇടപെടാൻ ആഗ്രഹിക്കുന്നതുപോലെതന്നെ ദയയോടെയും ആദരവോടെയും അവരോടും ഇടപെടുക.
ബൈബിൾ പറയുന്നത്: “അതുകൊണ്ട്, വഞ്ചന ഉപേക്ഷിച്ചിരിക്കുന്ന നിങ്ങൾ ഓരോരുത്തരും അയൽക്കാരനോടു സത്യം സംസാരിക്കണം.”—എഫെസ്യർ 4:25.
അർഥം: നമ്മൾ പറയുന്നതും ചെയ്യുന്നതും ആയ എല്ലാ കാര്യങ്ങളിലും സത്യസന്ധരായിരിക്കണം.
ഈ വിഷയത്തെക്കുറിച്ച് കൂടുതൽ അറിയാൻ:
“ശരിയോ? തെറ്റോ?—എങ്ങനെ തീരുമാനിക്കും?” എന്ന വിഷയത്തിലുള്ള വീക്ഷാഗോപുരം കാണുക.
“വ്യത്യസ്തതകളെ ആദരിക്കുക—ബൈബിൾ നൽകുന്ന സഹായം” എന്ന ലേഖനം വായിക്കുക.