സത്യം—അതിന് ഇന്ന് എന്തെങ്കിലും വിലയുണ്ടോ?
സത്യം ഏതാണ്, നുണ ഏതാണ് എന്നു വേർതിരിച്ചറിയാൻ നിങ്ങൾക്കു ബുദ്ധിമുട്ടു തോന്നുന്നുണ്ടോ? സത്യത്തിന്റെയോ വസ്തുതകളുടെയോ അടിസ്ഥാനത്തിലല്ല സ്വന്തം വികാരങ്ങൾക്കും വിശ്വാസങ്ങൾക്കും ചേർച്ചയിലാണ് പലരും ഇന്ന് പ്രവർത്തിക്കുന്നത്. സത്യം എന്ന ഒന്ന് ഇല്ലെന്നാണ് ഇന്ന് ലോകത്തുള്ള പലരുടെയും വിശ്വാസം.
ഇതൊരു പുതിയ കാഴ്ചപ്പാടല്ല. ഏകദേശം 2,000 വർഷങ്ങൾക്കു മുമ്പ് റോമൻ ഗവർണറായ പൊന്തിയൊസ് പീലാത്തൊസ് യേശുവിനോട് പുച്ഛത്തോടെ ഇങ്ങനെ ചോദിച്ചു: “എന്താണു സത്യം?” (യോഹന്നാൻ 18:38) യേശു മറുപടി പറയുന്നതുവരെ അദ്ദേഹം കാത്തുനിന്നില്ല. എങ്കിലും വളരെ പ്രധാനപ്പെട്ട ഒരു ചോദ്യംതന്നെയായിരുന്നു അത്. അതിനുള്ള തൃപ്തികരമായ ഉത്തരം ബൈബിൾ തരുന്നു. സത്യം ഏതാണെന്ന് ഒരു എത്തുംപിടിയും കിട്ടാത്ത ഈ ലോകത്ത് ആ ഉത്തരം നിങ്ങളെ വളരെയധികം സഹായിക്കും.
സത്യം എന്ന ഒന്നുണ്ടോ?
ഉണ്ട്. ബൈബിളിൽ “സത്യം” എന്ന പദം വസ്തുതകളെയും നേരായ കാര്യങ്ങളെയും കുറിക്കാൻ ഉപയോഗിക്കുന്നു. സത്യത്തിന്റെ ഉറവ് ദൈവമായ യഹോവയാണ് a എന്നു ബൈബിൾ പഠിപ്പിക്കുന്നു. അതുകൊണ്ടുതന്നെ യഹോവയെ ‘സത്യത്തിന്റെ ദൈവം’ എന്നാണ് വിളിക്കുന്നത്. (സങ്കീർത്തനം 31:5) ആ ദൈവത്തിൽനിന്നുള്ള സത്യങ്ങളാണ് ബൈബിളിലുള്ളത്. സംശയങ്ങൾ നിറഞ്ഞ ഈ ലോകത്ത് മുന്നോട്ടുപോകാൻ ഈ സത്യങ്ങൾ സഹായിക്കുന്നതുകൊണ്ട് അതിനെ വെളിച്ചത്തോടാണ് താരതമ്യം ചെയ്തിരിക്കുന്നത്.—സങ്കീർത്തനം 43:3; യോഹന്നാൻ 17:17.
സത്യം എങ്ങനെ കണ്ടെത്താം?
ബൈബിളിലെ സത്യങ്ങൾ നമ്മൾ കണ്ണുമടച്ച് വിശ്വസിക്കാൻ ദൈവം ആഗ്രഹിക്കുന്നില്ല. വികാരങ്ങളുടെ അടിസ്ഥാനത്തിലല്ല, നമ്മുടെ ചിന്താപ്രാപ്തി ഉപയോഗിച്ച് അതു പരിശോധിക്കാനാണ് ദൈവം നമ്മളോടു പറയുന്നത്. (റോമർ 12:1) നമ്മൾ ദൈവത്തെ അറിയാനും ‘മുഴുമനസ്സോടെ’ ദൈവത്തെ സ്നേഹിക്കാനും ആണ് ദൈവം പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് ബൈബിളിൽനിന്ന് പഠിക്കുന്ന സത്യങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്താൻ ദൈവം നമ്മളെ പ്രോത്സാഹിപ്പിക്കുന്നു.—മത്തായി 22:37, 38; പ്രവൃത്തികൾ 17:11.
നുണ—അത് എവിടെനിന്ന് വന്നു?
നുണ തുടങ്ങിയത് ദൈവത്തിന്റെ ശത്രുവായ പിശാചായ സാത്താനിലൂടെയാണ്. ബൈബിളിൽ അവനെ ‘നുണയുടെ അപ്പൻ’ എന്നാണ് വിളിക്കുന്നത്. (യോഹന്നാൻ 8:44) ആദ്യമനുഷ്യരോട് അവൻ ദൈവത്തെക്കുറിച്ച് നുണ പറഞ്ഞു. (ഉൽപത്തി 3:1-6, 13, 17-19; 5:5) അന്നുമുതൽ ഇങ്ങോട്ട് സാത്താൻ നുണകൾ പറഞ്ഞുപരത്തുകയും ദൈവത്തെക്കുറിച്ചുള്ള സത്യം മറച്ചുവെക്കുകയും ചെയ്യുകയാണ്.—വെളിപാട് 12:9.
നുണ പറയുന്നത് ഇന്ന് സാധാരണമായിരിക്കുന്നത് എന്തുകൊണ്ട്?
‘അവസാനകാലം’ എന്ന് ബൈബിൾ വിളിക്കുന്ന ഇക്കാലത്ത് സാത്താൻ മുമ്പെന്നത്തെക്കാളും ആളുകളെ സ്വാധീനിക്കുകയും അവരെ വഴിതെറ്റിക്കുകയും ചെയ്യുന്നു. മറ്റുള്ളവരെ വഴിതെറ്റിക്കാനും അവരെ മുതലെടുക്കാനും ആണ് ഇന്ന് ആളുകൾ സാധാരണ നുണ പറയുന്നത്. (2 തിമൊഥെയൊസ് 3:1, 13) മിക്ക മതങ്ങൾക്കിടയിലും ഇന്ന് നുണകൾ സർവസാധാരണമാണ്. നമ്മുടെ കാലത്തെക്കുറിച്ച് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നതുപോലെ ആളുകൾ ‘കാതുകൾക്കു രസിക്കുന്ന കാര്യങ്ങൾ പറയുന്ന ഉപദേഷ്ടാക്കന്മാരെ അവർക്കു ചുറ്റും വിളിച്ചുകൂട്ടി സത്യത്തിനു നേരെ ചെവി അടയ്ക്കുന്നു.’—2 തിമൊഥെയൊസ് 4:3, 4.
സത്യം—അത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
സത്യമുണ്ടെങ്കിലേ ആളുകൾക്കു പരസ്പരം വിശ്വസിക്കാൻ കഴിയൂ. ആ വിശ്വാസമില്ലെങ്കിൽ സൗഹൃദങ്ങളും സമൂഹവും ദൃഢമായി നിൽക്കില്ല. ഇനി, ദൈവത്തെ നമ്മൾ സത്യത്തിന്റെ അടിസ്ഥാനത്തിൽ ആരാധിക്കാനാണ് ദൈവം ആഗ്രഹിക്കുന്നത്. ബൈബിളിൽ ഇങ്ങനെ പറയുന്നു: “ദൈവത്തെ ആരാധിക്കുന്നവർ ദൈവാത്മാവോടെയും സത്യത്തോടെയും ആരാധിക്കണം.” (യോഹന്നാൻ 4:24) അതുപോലെ, മതങ്ങൾക്കിടയിലെ നുണകൾ തിരിച്ചറിയാനും അതിൽനിന്ന് മാറിനിൽക്കാനും ബൈബിളിൽനിന്നുള്ള സത്യം നിങ്ങളെ സഹായിക്കും. അതെക്കുറിച്ച് അറിയാൻ “ദൈവത്തെ വെറുക്കാൻ ഇടയാക്കുന്ന നുണകൾ” എന്ന തലക്കെട്ടിനു കീഴിലുള്ള ലേഖനങ്ങൾ വായിക്കുക.
നമ്മൾ സത്യം അറിയാൻ ദൈവം ആഗ്രഹിക്കുന്നത് എന്തുകൊണ്ട്?
നമ്മൾ രക്ഷ നേടാൻ ദൈവം ആഗ്രഹിക്കുന്നു. അതിനു നമ്മൾ ദൈവത്തെക്കുറിച്ചുള്ള സത്യം അറിയണം. (1 തിമൊഥെയൊസ് 2:4) ശരിയും തെറ്റും സംബന്ധിച്ചുള്ള ദൈവത്തിന്റെ നിലവാരങ്ങൾ നമ്മൾ പഠിക്കുകയും അതിനു ചേർച്ചയിൽ ജീവിക്കുകയും ചെയ്യുന്നെങ്കിൽ നമുക്ക് ദൈവവുമായി ഒരു അടുത്ത സൗഹൃദം നേടാൻ കഴിയും. (സങ്കീർത്തനം 15:1, 2) സത്യം പഠിക്കാൻ ആളുകളെ സഹായിക്കാനാണ് ദൈവം യേശുവിനെ ഭൂമിയിലേക്ക് അയച്ചത്. നമ്മൾ യേശുവിന്റെ പഠിപ്പിക്കലിന് ശ്രദ്ധകൊടുക്കാൻ ദൈവം ആഗ്രഹിക്കുന്നു.—മത്തായി 17:5; യോഹന്നാൻ 18:37.
ദൈവം നുണകൾ നീക്കം ചെയ്യുമോ?
ദൈവം അവ നീക്കം ചെയ്യും. മറ്റുള്ളവരെ മുതലെടുക്കാൻവേണ്ടി ആളുകൾ നുണ പറയുന്നത് ദൈവത്തിനു വെറുപ്പാണ്. നുണ പറയുന്നതിൽ തുടരുന്നവരെ ദൈവം ഭൂമിയിൽനിന്ന് ഇല്ലാതാക്കുമെന്ന് ഉറപ്പുതന്നിരിക്കുന്നു. (സങ്കീർത്തനം 5:6) ദൈവം അതു ചെയ്യുമ്പോൾ അതോടൊപ്പം മറ്റൊരു വാഗ്ദാനവും നിറവേറ്റും: “സത്യം സംസാരിക്കുന്ന ചുണ്ടുകൾ എന്നും നിലനിൽക്കും.”—സുഭാഷിതങ്ങൾ 12:19.
a ദൈവത്തിന്റെ പേരാണ് യഹോവ. (സങ്കീർത്തനം 83:18) “യഹോവ ആരാണ്?” എന്ന ലേഖനം കാണുക.