ഉണർന്നിരിക്കുക!
മക്കളുടെ ജീവിതത്തിൽ സോഷ്യൽ മീഡിയ വില്ലനാകുന്നുണ്ടോ?—മാതാപിതാക്കൾക്കു ബൈബിൾ നൽകുന്ന സഹായം
“യുവജനങ്ങൾക്കിടയിലെ മാനസികാരോഗ്യം ഇന്നു വലിയ അപകടത്തിലാണ്. സോഷ്യൽ മീഡിയയാണ് അതിന്റെ ഒരു പ്രധാന കാരണക്കാരൻ.”—ഡോ. വിവേക് മൂർത്തി, യു.എസ്. സർജൻ ജനറൽ, ന്യൂയോർക്ക് ടൈംസ്, 2024 ജൂൺ 17
സോഷ്യൽ മീഡിയയുടെ അപകടത്തിൽനിന്ന് മാതാപിതാക്കൾക്കു മക്കളെ എങ്ങനെ സംരക്ഷിക്കാം? പ്രയോജനം ചെയ്യുന്ന ഉപദേശങ്ങൾ ബൈബിൾ തരുന്നുണ്ട്.
മാതാപിതാക്കൾക്കു ചെയ്യാനാകുന്നത്
ഈ ബൈബിൾതത്ത്വങ്ങളെക്കുറിച്ച് ചിന്തിക്കുക.
“വിവേകമുള്ളവൻ ഓരോ കാലടിയും ശ്രദ്ധയോടെ വെക്കുന്നു.”—സുഭാഷിതങ്ങൾ 14:15.
‘ഇക്കാലത്ത് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ മക്കളെ അനുവദിക്കാതെ വഴിയില്ല’ എന്നൊന്നും നിങ്ങൾ ചിന്തിക്കേണ്ടതില്ല. കാരണം അതിൽ ഒരുപാട് അപകടങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. സോഷ്യൽ മീഡിയ ഉപയോഗിക്കാൻ കുട്ടിയെ അനുവദിക്കുന്നതിന് മുമ്പ് അവന്/അവൾക്ക് അതിനുള്ള പക്വതയുണ്ടെന്ന് ഉറപ്പുവരുത്തണം. അതായത്, സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് ഒരു സമയപരിധി വെച്ചാൽ അത് അവൻ പാലിക്കുമെന്നും തെറ്റായ കൂട്ടുകെട്ടിലേക്കു പോകില്ലെന്നും മോശമായ കാര്യങ്ങൾ ഒഴിവാക്കാൻ അവന് അറിയാമെന്നും നിങ്ങൾക്ക് ഉറപ്പ് വേണം.
കൂടുതൽ അറിയാൻ, “എന്റെ കുട്ടി സോഷ്യൽ മീഡിയ ഉപയോഗിക്കണോ?” എന്ന ലേഖനവും “സോഷ്യൽ മീഡിയ സുരക്ഷിതമായി ഉപയോഗിക്കാൻ കൗമാരപ്രായത്തിലുള്ള മക്കളെ സഹായിക്കുക” എന്ന ലേഖനവും വായിക്കുക.
“സമയം ഏറ്റവും നന്നായി ഉപയോഗിക്കുക.”—എഫെസ്യർ 5:16.
സോഷ്യൽ മീഡിയ ഉപയോഗിക്കാൻ മക്കളെ അനുവദിക്കുമ്പോൾ, അത് എങ്ങനെ ഉപയോഗിക്കണം എന്ന കാര്യത്തിൽ ചില നിയമങ്ങൾ വെക്കണം. ആ നിയമങ്ങൾ അവരെ എങ്ങനെയാണ് സംരക്ഷിക്കുന്നത് എന്ന് അവർക്കു പറഞ്ഞ് കൊടുക്കുകയും വേണം. ഇനി, കുട്ടിയുടെ പെരുമാറ്റത്തിൽ എന്തെങ്കിലും മാറ്റമുണ്ടോ എന്നു നിങ്ങൾ ശ്രദ്ധിക്കണം. സോഷ്യൽ മീഡിയയുടെ ഉപയോഗം നിയന്ത്രിക്കണം എന്നതിന്റെ സൂചനയായിരിക്കാം അത്.
നിയന്ത്രണങ്ങൾ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ കുട്ടിയെ സഹായിക്കുന്നതിന് സോഷ്യൽ നെറ്റ്വർക്കുകൾ ബുദ്ധിപൂർവം ഉപയോഗിക്കുക എന്ന ബോർഡിലെ രേഖാചിത്രീകരണം ഉപയോഗിക്കുക.
കൂടുതൽ മനസ്സിലാക്കാൻ
‘ബുദ്ധിമുട്ടു നിറഞ്ഞ സമയത്താണ്’ നമ്മൾ ജീവിക്കുന്നതെന്നു ബൈബിൾ പറയുന്നു. (2 തിമൊഥെയൊസ് 3:1-5) എന്നാൽ മുന്നോട്ടുപോകാൻ നമ്മളെ സഹായിക്കുന്ന ഉപദേശങ്ങളും ബൈബിളിലുണ്ട്. അവ എല്ലാ കാലത്തും പ്രയോജനം ചെയ്യുന്നതാണ്. അത്തരം നിർദേശങ്ങൾ അടങ്ങിയ 20-ലധികം ലേഖനങ്ങളുടെ ഒരു ലിസ്റ്റ്, താളംതെറ്റുന്ന കൗമാരമനസ്സുകളെക്കുറിച്ചുള്ള ഈ ലേഖനത്തിൽ കാണാം. അവ മാതാപിതാക്കൾക്കും മക്കൾക്കും ഒരുപാടു പ്രയോജനം ചെയ്യും.