പാഠം 61
അവർ കുമ്പിട്ടില്ല
നെബൂഖദ്നേസർ രാജാവ് പ്രതിമയുടെ സ്വപ്നം കണ്ടിട്ട് കുറച്ച് നാളുകൾ കഴിഞ്ഞുപോയി. രാജാവ് ഇപ്പോൾ സ്വർണംകൊണ്ടുള്ള ഒരു കൂറ്റൻ ബിംബമുണ്ടാക്കി ദൂരാ സമതലത്തിൽ സ്ഥാപിച്ചു. എന്നിട്ട് ശദ്രക്ക്, മേശക്ക്, അബേദ്-നെഗൊ എന്നിവർ ഉൾപ്പെടെ ദേശത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളോടെല്ലാം അതിന്റെ മുന്നിൽ കൂടിവരാൻ ആവശ്യപ്പെട്ടു. രാജാവ് ഇങ്ങനെ കല്പിച്ചു: ‘നിങ്ങൾ കാഹളം, കിന്നരം, സഞ്ചിവാദ്യം എന്നിവയുടെ ശബ്ദം കേൾക്കുമ്പോൾ പ്രതിമയുടെ മുന്നിൽ കുമ്പിടുക. ആരെങ്കിലും കുമ്പിടാതിരുന്നാൽ അവരെ കത്തുന്ന തീച്ചൂളയിലേക്ക് എറിയും.’ ആ മൂന്ന് എബ്രായർ പ്രതിമയുടെ മുന്നിൽ കുമ്പിടുമോ? അതോ യഹോവയെ മാത്രമേ ആരാധിക്കുകയുള്ളോ?
സംഗീതോപകരണങ്ങൾ വായിക്കാൻ രാജാവ് കല്പിച്ചു. മറ്റെല്ലാവരും കമിഴ്ന്നുവീണ് പ്രതിമയെ ആരാധിച്ചെങ്കിലും ശദ്രക്കും മേശക്കും അബേദ്-നെഗൊയും അങ്ങനെ ചെയ്തില്ല. അതു കണ്ട ചിലർ രാജാവിനോട്, ‘ആ മൂന്ന് എബ്രായർ പ്രതിമയെ ആരാധിക്കാൻ കൂട്ടാക്കുന്നില്ല’ എന്നു പറഞ്ഞു. നെബൂഖദ്നേസർ ആ മൂന്നു പേരെയും ആളയച്ച് വിളിപ്പിച്ചിട്ട് ഇങ്ങനെ പറഞ്ഞു: ‘പ്രതിമയെ ആരാധിക്കാൻ ഞാൻ ഒരവസരംകൂടി തരും. ആരാധിച്ചില്ലെങ്കിൽ ഞാൻ നിങ്ങളെ തീച്ചൂളയിലേക്ക് എറിയും. എന്റെ കൈയിൽനിന്ന് നിങ്ങളെ രക്ഷിക്കാൻ ഒരു ദൈവത്തിനും കഴിയില്ല.’ മറുപടിയായി അവർ പറഞ്ഞു: ‘ഞങ്ങൾക്ക് ഇനിയൊരു അവസരം വേണ്ടാ. ഞങ്ങളുടെ ദൈവത്തിനു ഞങ്ങളെ രക്ഷിക്കാൻ സാധിക്കും. അഥവാ രക്ഷിച്ചില്ലെങ്കിലും, രാജാവേ, ഞങ്ങൾ പ്രതിമയെ ആരാധിക്കില്ല.’
നെബൂഖദ്നേസറിനു ദേഷ്യം അടക്കാനായില്ല. ‘തീച്ചൂള പതിവിലും ഏഴു മടങ്ങ് ചൂടാക്കൂ’ എന്ന് രാജാവ് തന്റെ ആളുകളോട് കല്പിച്ചു. എന്നിട്ട് പടയാളികളോട്, ‘ഇവരെ ബന്ധിച്ച് തീച്ചൂളയിലേക്ക് എറിയുക’ എന്ന് ആജ്ഞാപിച്ചു. ചൂളയുടെ ചൂട് അതിഭയങ്കരമായിരുന്നതുകൊണ്ട് പടയാളികൾ അതിന്റെ അടുത്ത് എത്തിയപ്പോൾത്തന്നെ മരിച്ചുപോയി. ആ മൂന്ന്
എബ്രായബാലന്മാർ തീയിലേക്കു വീണു. എന്നാൽ നെബൂഖദ്നേസർ നോക്കിയപ്പോൾ മൂന്നു പേർക്കു പകരം നാലു പേർ തീച്ചൂളയിൽ നടക്കുന്നതു കണ്ടു. രാജാവ് പേടിച്ചുവിറച്ച് ഉദ്യോഗസ്ഥരോടു ചോദിച്ചു: ‘മൂന്നു പേരെയല്ലേ തീയിലേക്ക് എറിഞ്ഞത്? എനിക്കു നാലു പേരെ കാണാം. ഒരാൾ ദൈവദൂതനെപ്പോലെയുണ്ട്.’നെബൂഖദ്നേസർ ചൂളയുടെ അടുത്ത് ചെന്ന് ഉച്ചത്തിൽ ഇങ്ങനെ വിളിച്ചു: ‘അത്യുന്നതദൈവത്തിന്റെ ദാസന്മാരേ പുറത്ത് വരൂ!’ ശദ്രക്കും മേശക്കും അബേദ്-നെഗൊയും അതാ, ഒരു പൊള്ളലും ഏൽക്കാതെ തീയിൽനിന്ന് പുറത്ത് വരുന്നു! അവരുടെ തൊലിയോ മുടിയോ വസ്ത്രമോ ഒന്നും കരിഞ്ഞിട്ടില്ലായിരുന്നു. എന്തിനേറെ, അവർക്കു തീയുടെ മണംപോലും ഉണ്ടായിരുന്നില്ല! കണ്ടുനിന്നവർക്ക് അതിശയം അടക്കാനായില്ല.
നെബൂഖദ്നേസർ പറഞ്ഞു: ‘ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്-നെഗൊയുടെയും ദൈവം മഹാൻതന്നെ! സ്വന്തം ദൂതനെ അയച്ച് ദൈവം തന്റെ ദാസന്മാരെ രക്ഷിച്ചല്ലോ. അവരുടെ ദൈവത്തെപ്പോലെ മറ്റാരുമില്ല!’
എന്തൊക്കെ സംഭവിച്ചാലും യഹോവയോടു വിശ്വസ്തരായിരിക്കാൻ ആ മൂന്ന് എബ്രായബാലന്മാരെപ്പോലെ നിങ്ങളും നിശ്ചയിച്ചുറച്ചിട്ടുണ്ടോ?
“നിന്റെ ദൈവമായ യഹോവയെയാണു നീ ആരാധിക്കേണ്ടത്. ആ ദൈവത്തെ മാത്രമേ നീ സേവിക്കാവൂ.”—മത്തായി 4:10