ക്രിസ്തുവിന്റെ രാജ്യം മുഖാന്തരം യഹോവ തന്റെ നാമത്തെ വിശുദ്ധീകരിക്കുകയും തന്റെ പരമാധികാരം സംസ്ഥാപിക്കുകയും എല്ലാ തിന്മയും തുടച്ചുനീക്കുകയും ചെയ്യും
ബൈബിളിലെ അവസാന പുസ്തകമായ വെളിപാട് മുഴുമനുഷ്യരാശിക്കും പ്രത്യാശ പകരുന്നു. യോഹന്നാൻ അപ്പൊസ്തലൻ എഴുതിയ ഈ പുസ്തകത്തിൽ ദർശനങ്ങളുടെ ഒരു പരമ്പരതന്നെയുണ്ട്. അവയുടെ അവസാനത്തിൽ ദൈവോദ്ദേശ്യം പൂർത്തീകരിക്കപ്പെടുന്നത് നമുക്കു കാണാനാകും.
ഒന്നാമത്തെ ദർശനത്തിൽ, ഉയിർത്തെഴുന്നേറ്റ യേശു വിവിധ സഭകളെ അഭിനന്ദിക്കുകയും തിരുത്തുകയും ചെയ്യുന്നു. അടുത്ത ദർശനം നമ്മെ ദൈവത്തിന്റെ സ്വർഗീയ സിംഹാസനത്തിനു മുന്നിലെത്തിക്കുന്നു. സിംഹാസനത്തിനു മുമ്പാകെ അത്മസ്വരൂപികൾ ദൈവത്തെ വാഴ്ത്തിപ്പാടുന്നു.
ദൈവോദ്ദേശ്യം നിവർത്തിക്കപ്പെടവെ, കുഞ്ഞാടായ യേശുക്രിസ്തുവിന് ഏഴുമുദ്രകളാൽ മുദ്രയിട്ട ഒരു ചുരുൾ ലഭിക്കുന്നു. ആദ്യത്തെ നാലുമുദ്രകൾ പൊട്ടിക്കുമ്പോൾ പ്രതീകാർഥത്തിലുള്ള നാലുകുതിരക്കാർ ലോകരംഗത്തേക്ക് കടന്നുവരുന്നു. അവരിൽ ആദ്യത്തേത് യേശുവാണ്. ഒരു വെള്ളക്കുതിരയുടെ പുറത്ത് സവാരിചെയ്യുന്ന അവന്റെ തലയിൽ രാജകിരീടമുണ്ട്. തുടർന്ന് ചുവപ്പ്, കറുപ്പ്, മഞ്ഞ എന്നീ നിറങ്ങളിലുള്ള കുതിരകളെയും അവയുടെ പുറത്ത് സവാരിചെയ്യുന്ന കുതിരക്കാരെയും യോഹന്നാൻ കാണുന്നു. ഇവയ്ക്കെല്ലാം പ്രാവചനിക അർഥമുണ്ട്. ഈ ലോകവ്യവസ്ഥിതിയുടെ അന്ത്യനാളുകളിൽ സംഭവിക്കാനിരിക്കുന്ന യുദ്ധം, ക്ഷാമം, മഹാവ്യാധി എന്നിവയെയാണ് അവ പ്രതിനിധാനംചെയ്യുന്നത്. ഏഴാമത്തെ മുദ്ര പൊട്ടിക്കുമ്പോൾ പ്രതീകാർഥത്തിലുള്ള ഏഴു കാഹളങ്ങൾ ഒന്നൊന്നായി മുഴങ്ങുന്നു. ദൈവത്തിന്റെ ന്യായവിധി പ്രഖ്യാപനങ്ങളെയാണ് അവ പ്രതീകപ്പെടുത്തുന്നത്. അതേത്തുടർന്ന് പ്രതീകാർഥത്തിലുള്ള ഏഴുബാധകൾ അഥവാ ദൈവകോപത്തിന്റെ പ്രകടനങ്ങൾ ഉണ്ടാകുന്നു.
അടുത്തതായി ഒരു നവജാത ശിശുവിനെ, ഒരു ആൺകുഞ്ഞിനെ, യോഹന്നാൻ ദർശനത്തിൽ കാണുന്നു. ദൈവരാജ്യം സ്വർഗത്തിൽ സ്ഥാപിതമാകുന്നതിനെ അതു പ്രതീകപ്പെടുത്തി. പിന്നെ സ്വർഗത്തിൽ ഒരു യുദ്ധമുണ്ടാകുന്നു. സാത്താനും അവന്റെ ദുഷ്ടദൂതന്മാരും ഭൂമിയിലേക്കു തള്ളിയിടപ്പെടുന്നു. ‘ഭൂമിക്ക് അയ്യോ കഷ്ടം’ എന്ന് ഉച്ചത്തിൽ പറയുന്ന ഒരു ശബ്ദം യോഹന്നാൻ കേൾക്കുന്നു. തനിക്ക് അൽപ്പകാലമേയുള്ളൂ എന്ന് അറിയാവുന്നതിനാൽ പിശാച് മഹാക്രോധത്തിലാണ്.—വെളിപാട് 12:12.
യോഹന്നാൻ സ്വർഗത്തിൽ ഒരു കുഞ്ഞാടിനെ കാണുന്നു. ആ കുഞ്ഞാട് യേശുവിനെ പ്രതീകപ്പെടുത്തി. മനുഷ്യരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവരായ 1,44,000 പേരും അവനോടൊപ്പം ഉണ്ടായിരുന്നു. ഇവർ യേശുവിനോടുകൂടെ ‘രാജാക്കന്മാരായി വാഴും.’ ഉല്പത്തി പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന “സന്തതി”യിൽ യേശുക്രിസ്തുവിനെ കൂടാതെ ഒരു ഉപവിഭാഗവും ഉണ്ടെന്ന് നേരത്തേ പറഞ്ഞുവല്ലോ; അത് 1,44,000 പേർ ചേർന്നതായിരിക്കുമെന്ന് വെളിപാട് വ്യക്തമാക്കുന്നു.—വെളിപാട് 14:1; 20:6.
ഭൂമിയിലെ ഭരണാധിപന്മാർ “സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ”മായ അർമ്മഗെദ്ദോനുവേണ്ടി ഒത്തുകൂടുന്നു. സ്വർഗീയ സൈന്യത്തെ നയിച്ചുകൊണ്ട് വെള്ളക്കുതിരപ്പുറത്ത് മുന്നേറുന്ന യേശുവുമായി അവർ യുദ്ധംചെയ്യുന്നു. ഈ ലോകത്തിലെ ഭരണാധികാരികളെല്ലാം നശിപ്പിക്കപ്പെടുന്നു. സാത്താൻ ബന്ധനത്തിലാകുന്നു. യേശുവും 1,44,000 പേരും “ആയിരം വർഷം” ഭൂമിമേൽ വാഴ്ചനടത്തുന്നു. ആയിരം വർഷത്തിനൊടുവിൽ സാത്താൻ നശിപ്പിക്കപ്പെടുന്നു.—വെളിപാട് 16:14; 20:4.
ക്രിസ്തുവിന്റെയും സഹഭരണാധിപന്മാരുടെയും ആയിരംവർഷ വാഴ്ചക്കാലത്ത് അനുസരണമുള്ള മനുഷ്യർക്ക് എന്ത് അനുഗ്രഹങ്ങൾ ലഭിക്കും? യോഹന്നാൻ രേഖപ്പെടുത്തുന്നു: “(യഹോവ) അവരുടെ കണ്ണിൽനിന്നു കണ്ണുനീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കുകയില്ല. വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കുകയില്ല. ഒന്നാമത്തേതു കഴിഞ്ഞുപോയി.” (വെളിപാട് 21:4) ഭൂമി ഒരു പറുദീസയാകും!
അങ്ങനെ വെളിപാടു പുസ്തകത്തിൽ ബൈബിളിന്റെ സന്ദേശം പൂർത്തിയാകുന്നു. മിശിഹായുടെ രാജ്യത്തിലൂടെ എന്നന്നേക്കുമായി യഹോവയുടെ നാമം വിശുദ്ധീകരിക്കപ്പെടുകയും അവന്റെ പരമാധികാരം സംസ്ഥാപിക്കപ്പെടുകയും ചെയ്യും!