വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 48

അത്ഭുതങ്ങൾ ചെയ്യുന്നു, പക്ഷേ നസറെ​ത്തിൽപ്പോ​ലും സ്വീക​രി​ക്കു​ന്നില്ല

അത്ഭുതങ്ങൾ ചെയ്യുന്നു, പക്ഷേ നസറെ​ത്തിൽപ്പോ​ലും സ്വീക​രി​ക്കു​ന്നില്ല

മത്തായി 9:27-34; 13:54-58; മർക്കോസ്‌ 6:1-6

  • യേശു അന്ധനെ​യും ഊമ​നെ​യും സുഖ​പ്പെ​ടു​ത്തു​ന്നു

  • നസറെ​ത്തി​ലെ ആളുകൾ യേശു​വി​നെ സ്വീക​രി​ക്കു​ന്നി​ല്ല

രാവി​ലെ​മു​തൽ യേശു നല്ല തിരക്കി​ലാണ്‌. ദക്കപ്പൊ​ലി​യിൽനിന്ന്‌ മടങ്ങി വന്ന യേശു രക്തസ്രാ​വ​മുള്ള സ്‌ത്രീ​യെ സുഖ​പ്പെ​ടു​ത്തി. യായീ​റൊ​സി​ന്റെ മകളെ ഉയിർപ്പി​ച്ചു. പക്ഷേ, തീർന്നില്ല. യേശു യായീ​റൊ​സി​ന്റെ വീട്ടിൽനിന്ന്‌ പോകു​മ്പോൾ രണ്ട്‌ അന്ധർ, “ദാവീ​ദു​പു​ത്രാ, ഞങ്ങളോ​ടു കരുണ കാണി​ക്കണേ” എന്നു വിളി​ച്ചു​പ​റ​ഞ്ഞു​കൊണ്ട്‌ യേശു​വി​ന്റെ പിന്നാലെ ചെല്ലുന്നു.​—മത്തായി 9:27.

അവർ യേശു​വി​നെ “ദാവീ​ദു​പു​ത്രാ” എന്നു വിളി​ക്കു​ന്നു. അതിലൂ​ടെ യേശു ദാവീ​ദി​ന്റെ സിംഹാ​സ​ന​ത്തിന്‌ അവകാ​ശി​യാ​ണെ​ന്നും അതു​കൊണ്ട്‌ മിശി​ഹ​യാ​ണെ​ന്നും അവർ വിശ്വ​സി​ക്കു​ന്നെന്നു കാണി​ക്കു​ക​യാണ്‌. അവർ എത്ര നേരം അങ്ങനെ വിളി​ക്കു​മെന്നു കാണാ​നാ​യി​രി​ക്കാം യേശു ആദ്യ​മൊ​ക്കെ അവരുടെ നിലവി​ളി അവഗണി​ക്കു​ന്നത്‌. പക്ഷേ അവർ നിറു​ത്തു​ന്നില്ല. യേശു ഒരു വീട്ടിൽ കയറു​മ്പോൾ അവരു​മുണ്ട്‌ പുറകേ. യേശു അവരോട്‌, “എനിക്ക്‌ ഇതു ചെയ്യാൻ കഴിയു​മെന്നു നിങ്ങൾ വിശ്വ​സി​ക്കു​ന്നു​ണ്ടോ” എന്നു ചോദി​ക്കു​ന്നു. “ഉണ്ട്‌ കർത്താവേ, വിശ്വ​സി​ക്കു​ന്നുണ്ട്‌ ” എന്ന്‌ അവർ ഉറച്ച ബോധ്യ​ത്തോ​ടെ പറയുന്നു. അപ്പോൾ യേശു അവരുടെ കണ്ണുക​ളിൽ തൊട്ട്‌ “നിങ്ങളു​ടെ വിശ്വാ​സം​പോ​ലെ സംഭവി​ക്കട്ടെ” എന്നു പറയുന്നു.​—മത്തായി 9:28, 29.

പെട്ടെന്ന്‌ അവർക്കു കാഴ്‌ച കിട്ടുന്നു. മുമ്പ്‌ പലരോ​ടും പറഞ്ഞി​ട്ടു​ള്ള​തു​പോ​ലെ യേശു ഇവരോ​ടും, താൻ ചെയ്‌തതു പരസ്യ​മാ​ക്ക​രുത്‌ എന്നു നിർദേ​ശി​ക്കു​ന്നു. പക്ഷേ, സന്തോഷം അടക്കാ​നാ​കാ​തെ അവർ പിന്നീട്‌ യേശു​വി​നെ​ക്കു​റിച്ച്‌ എല്ലായി​ട​ത്തും പോയി പറയുന്നു.

ഈ രണ്ടു പേരും പോകു​മ്പോൾ ഭൂതം ബാധി​ച്ചിട്ട്‌ സംസാ​രി​ക്കാൻ കഴിയാത്ത ഒരാളെ ആളുകൾ അകത്ത്‌ കൊണ്ടു​വ​രു​ന്നു. യേശു ആ ഭൂതത്തെ പുറത്താ​ക്കിയ ഉടനെ ആ മനുഷ്യൻ സംസാ​രി​ച്ചു​തു​ട​ങ്ങു​ന്നു. ഇതെല്ലാം കണ്ട്‌ അതിശ​യി​ക്കുന്ന ജനം, “ഇങ്ങനെ​യൊന്ന്‌ ഇതിനു മുമ്പ്‌ ഇസ്രാ​യേ​ലിൽ കണ്ടിട്ടില്ല” എന്നു പറയുന്നു. പരീശ​ന്മാ​രും അവി​ടെ​യുണ്ട്‌. ഈ അത്ഭുതങ്ങൾ നടന്നു എന്ന കാര്യം അവർക്കു നിഷേ​ധി​ക്കാ​നാ​കില്ല. അതു​കൊണ്ട്‌ പഴയ ആരോ​പ​ണം​തന്നെ അവർ വീണ്ടും ഉന്നയി​ക്കു​ന്നു: “ഭൂതങ്ങ​ളു​ടെ അധിപ​നെ​ക്കൊ​ണ്ടാണ്‌ ഇവൻ ഭൂതങ്ങളെ പുറത്താ​ക്കു​ന്നത്‌.”​—മത്തായി 9:33, 34.

അതുക​ഴിഞ്ഞ്‌ അധികം വൈകാ​തെ യേശു സ്വന്തം നാടായ നസറെ​ത്തി​ലേക്കു മടങ്ങുന്നു. ഇത്തവണ ശിഷ്യ​ന്മാ​രു​മുണ്ട്‌ കൂടെ. ഏതാണ്ട്‌ ഒരു വർഷം മുമ്പാണ്‌ യേശു അവി​ടെ​യുള്ള സിന​ഗോ​ഗിൽ പഠിപ്പി​ച്ചത്‌. യേശു പഠിപ്പി​ച്ചതു കേട്ട്‌ ആദ്യം അവർ അതിശ​യി​ച്ചെ​ങ്കി​ലും പിന്നീട്‌ അവരുടെ മട്ട്‌ മാറി, യേശു​വി​നെ കൊല്ലാൻ നോക്കി. ഇപ്പോൾ യേശു വീണ്ടും തന്റെ പഴയ അയൽക്കാ​രെ സഹായി​ക്കാ​നുള്ള ശ്രമത്തി​ലാണ്‌.

ശബത്തു​ദി​വ​സം പഠിപ്പി​ക്കാൻവേണ്ടി യേശു വീണ്ടും സിന​ഗോ​ഗിൽ ചെല്ലുന്നു. പലരും ആശ്ചര്യ​ത്തോ​ടെ, “ഈ ജ്ഞാനവും അത്ഭുതങ്ങൾ ചെയ്യാ​നുള്ള കഴിവും ഇയാൾക്ക്‌ എവി​ടെ​നിന്ന്‌ കിട്ടി” എന്നു ചോദി​ക്കു​ന്നു. അവർ പറയുന്നു: “ഇയാൾ ആ മരപ്പണി​ക്കാ​രന്റെ മകനല്ലേ? ഇയാളു​ടെ അമ്മയുടെ പേര്‌ മറിയ എന്നല്ലേ? ഇയാളു​ടെ സഹോ​ദ​ര​ന്മാ​രല്ലേ യാക്കോ​ബും യോ​സേ​ഫും ശിമോ​നും യൂദാ​സും? ഇയാളു​ടെ സഹോ​ദ​രി​മാ​രെ​ല്ലാം നമ്മു​ടെ​കൂ​ടെ​യി​ല്ലേ? പിന്നെ, ഇയാൾക്ക്‌ ഇതൊക്കെ എവി​ടെ​നിന്ന്‌ കിട്ടി?”​—മത്തായി 13:54-56.

യേശു​വി​നെ ആ നാട്ടിലെ വെറും സാധാ​ര​ണ​ക്കാ​ര​നായ ഒരു മനുഷ്യ​നാ​യി​ട്ടാണ്‌ ആളുകൾ കാണു​ന്നത്‌. ‘ഇവനെ നമുക്കു കുട്ടി​ക്കാ​ലം മുതലേ അറിയാ​വു​ന്ന​തല്ലേ? ഇവൻ എങ്ങനെ മിശി​ഹ​യാ​കും’ എന്നാണ്‌ അവരുടെ ചിന്ത. അതു​കൊണ്ട്‌ യേശു​വി​ന്റെ വലിയ ജ്ഞാനവും അത്ഭുത​പ്ര​വർത്ത​ന​ങ്ങ​ളും ഉൾപ്പെടെ എല്ലാ തെളി​വു​ക​ളും ഉണ്ടായി​ട്ടും അവർ യേശു​വി​നെ അംഗീ​ക​രി​ക്കാൻ തയ്യാറാ​കു​ന്നില്ല. യേശു​വി​നെ അടുത്ത്‌ അറിയാ​വു​ന്ന​തു​കൊണ്ട്‌ സ്വന്തം ബന്ധുക്കൾപോ​ലും യേശു​വിൽ വിശ്വ​സി​ക്കു​ന്നില്ല. അതു​കൊണ്ട്‌ യേശു പറയുന്നു: “ഒരു പ്രവാ​ച​കനെ സ്വന്തം നാട്ടു​കാ​രും വീട്ടു​കാ​രും മാത്രമേ ആദരി​ക്കാ​തി​രി​ക്കൂ.”​—മത്തായി 13:57.

അവരുടെ വിശ്വാ​സ​മി​ല്ലായ്‌മ യേശു​വിന്‌ ഒട്ടും ഉൾക്കൊ​ള്ളാ​നാ​കു​ന്നില്ല. അതു​കൊണ്ട്‌ “ഏതാനും രോഗി​ക​ളു​ടെ മേൽ കൈകൾ വെച്ച്‌ അവരെ സുഖ​പ്പെ​ടു​ത്തി​യ​ത​ല്ലാ​തെ മറ്റ്‌ അത്ഭുത​ങ്ങ​ളൊ​ന്നും” യേശു അവിടെ ചെയ്യു​ന്നില്ല.​—മർക്കോസ്‌ 6:5, 6.