അധ്യായം 41
അത്ഭുതങ്ങൾ—ആരുടെ ശക്തിയാൽ?
മത്തായി 12:22-32; മർക്കോസ് 3:19-30; ലൂക്കോസ് 8:1-3
-
യേശുവിന്റെ രണ്ടാം പ്രസംഗപര്യടനം ആരംഭിക്കുന്നു
-
ഭൂതങ്ങളെ പുറത്താക്കുന്നു, ക്ഷമ കിട്ടാത്ത പാപത്തെക്കുറിച്ചുള്ള മുന്നറിയിപ്പ്
പരീശനായ ശിമോന്റെ വീട്ടിൽവെച്ച് ക്ഷമയെക്കുറിച്ച് സംസാരിച്ചശേഷം ഉടനെതന്നെ യേശു ഗലീലയിൽ മറ്റൊരു പ്രസംഗപര്യടനം ആരംഭിക്കുന്നു. യേശുവിന്റെ ശുശ്രൂഷയുടെ രണ്ടാം വർഷമാണ് ഇത്. യേശു ഒറ്റയ്ക്കല്ല യാത്ര ചെയ്യുന്നത്. 12 അപ്പോസ്തലന്മാർ കൂടെയുണ്ട്. കൂടാതെ യേശു സുഖപ്പെടുത്തിയിട്ട് “ദുഷ്ടാത്മാക്കളിൽനിന്നും രോഗങ്ങളിൽനിന്നും മുക്തരായ” ചില സ്ത്രീകളുമുണ്ട് ഒപ്പം. (ലൂക്കോസ് 8:2) മഗ്ദലക്കാരി മറിയ, സൂസന്ന, ഹെരോദ് അന്തിപ്പാസ് രാജാവിന്റെ ഒരു ഉദ്യോഗസ്ഥന്റെ ഭാര്യ യോഹന്ന എന്നിവരാണ് അവരിൽ ചിലർ.
കൂടുതൽക്കൂടുതൽ ആളുകൾ യേശുവിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അറിഞ്ഞുവരുകയാണ്. അതനുസരിച്ച് വിവാദങ്ങളും വർധിക്കുന്നുണ്ട്. അതിന്റെ നല്ലൊരു തെളിവാണ് ഭൂതം ബാധിച്ച ഒരാളെ യേശു സുഖപ്പെടുത്തുമ്പോൾ സംഭവിക്കുന്നത്. അയാൾ അന്ധനും ഊമനും ആണ്. യേശു അയാളിലെ ഭൂതത്തെ പുറത്താക്കുന്നതോടെ അയാൾക്ക് കാണാനും സംസാരിക്കാനും കഴിയുന്നു. ഇതു കണ്ട് അതിശയിക്കുന്ന ആളുകൾ “ഇവൻതന്നെയായിരിക്കുമോ ദാവീദുപുത്രൻ” എന്നു പറയുന്നു.—മത്തായി 12:23.
വലിയ ജനക്കൂട്ടം യേശു താമസിക്കുന്ന വീടിനു ചുറ്റും കൂടുന്നു. യേശുവിനും ശിഷ്യന്മാർക്കും ആഹാരം കഴിക്കാൻപോലും പറ്റുന്നില്ല. പക്ഷേ, വാഗ്ദാനം ചെയ്തിരുന്ന “ദാവീദുപുത്രൻ” യേശുവാണെന്ന് എല്ലാവരും കരുതുന്നില്ല. അങ്ങ് യരുശലേമിൽനിന്ന് ചില ശാസ്ത്രിമാരും പരീശന്മാരും എത്തിയിട്ടുണ്ട്. യേശുവിൽനിന്ന് പഠിക്കാനോ യേശുവിനെ പിന്തുണയ്ക്കാനോ അല്ല അവർ വന്നിരിക്കുന്നത്. അവർ ആളുകളോടു പറയുന്നു: “ഇവനിൽ ബയെത്സെബൂബ് കയറിയിട്ടുണ്ട്.” അതുകൊണ്ട് “ഭൂതങ്ങളുടെ അധിപനെക്കൊണ്ടാണ് ” ഇവൻ പ്രവർത്തിക്കുന്നത്. (മർക്കോസ് 3:22) യേശുവിന്റെ ബന്ധുക്കൾ ഈ ബഹളങ്ങളെക്കുറിച്ച് കേൾക്കുമ്പോൾ യേശുവിനെ പിടിച്ചുകൊണ്ട് പോകാൻ വരുന്നു. അത് എന്തിനാണ്?
ആ സമയത്ത്, യേശു ദൈവപുത്രനാണെന്നുള്ള കാര്യം സ്വന്തം അനിയന്മാർപോലും വിശ്വസിക്കുന്നില്ല. (യോഹന്നാൻ 7:5) അവരുടെ നോട്ടത്തിൽ യേശു വലിയ പ്രശ്നങ്ങളുണ്ടാക്കുകയാണ്. ചെറുപ്പകാലത്ത് നസറെത്തിൽവെച്ച് അവർ കണ്ട യേശുവേ അല്ല ഇത്. അതുകൊണ്ട് യേശുവിനു മാനസികമായി എന്തെങ്കിലും കുഴപ്പം കാണുമെന്ന് അവർ കരുതുന്നു. “അവനു ഭ്രാന്താണ് ” എന്നാണ് അവർ പറയുന്നത്.—മർക്കോസ് 3:21.
പക്ഷേ, തെളിവുകൾ എന്താണു സൂചിപ്പിക്കുന്നത്? ഭൂതം ബാധിച്ച ഒരു മനുഷ്യനെ യേശു സുഖപ്പെടുത്തിയതേ ഉള്ളൂ. അയാൾക്ക് ഇപ്പോൾ കാണാനും സംസാരിക്കാനും കഴിയും. അത് ആർക്കും നിഷേധിക്കാൻ പറ്റില്ല. അതുകൊണ്ട് തെറ്റായ മറ്റൊരു ആരോപണത്തിലൂടെ യേശുവിന്റെ പേര് ചീത്തയാക്കാൻ ശാസ്ത്രിമാരും പരീശന്മാരും ശ്രമിക്കുന്നു. അവർ പറയുന്നു: “ഭൂതങ്ങളുടെ അധിപനായ ബയെത്സെബൂബിനെക്കൊണ്ടാണ് ഇവൻ ഭൂതങ്ങളെ പുറത്താക്കുന്നത്.”—ശാസ്ത്രിമാരുടെയും പരീശന്മാരുടെയും ഉള്ളിലിരുപ്പ് യേശുവിന് അറിയാം. അതുകൊണ്ട് യേശു പറയുന്നു: “ആളുകൾ പരസ്പരം പോരടിക്കുന്ന രാജ്യം നശിച്ചുപോകും. ആളുകൾ പരസ്പരം പോരടിക്കുന്ന നഗരവും വീടും നിലനിൽക്കില്ല. അതുപോലെതന്നെ സാത്താൻ സാത്താനെ പുറത്താക്കുന്നെങ്കിൽ അവൻ തന്നോടുതന്നെ പോരടിക്കുന്നു. അപ്പോൾപ്പിന്നെ അവന്റെ രാജ്യം നിലനിൽക്കുന്നത് എങ്ങനെയാണ്?”—മത്തായി 12:25, 26.
ഉഗ്രൻ ന്യായവാദം! ജൂതന്മാരിൽ ചിലർ ഭൂതങ്ങളെ പുറത്താക്കുന്ന കാര്യം ഈ പരീശന്മാർക്ക് അറിയാം. (പ്രവൃത്തികൾ 19:13) അതുകൊണ്ട് യേശു ചോദിക്കുന്നു: “ബയെത്സെബൂബിനെക്കൊണ്ടാണു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നതെങ്കിൽ നിങ്ങളുടെ പുത്രന്മാർ ആരെക്കൊണ്ടാണ് അവയെ പുറത്താക്കുന്നത്?” മറ്റു വാക്കുകളിൽ പറഞ്ഞാൽ അവരുടെ ആരോപണം ഇക്കൂട്ടർക്കും ബാധകമാണ്. എന്നിട്ട് യേശു ഇങ്ങനെയുംകൂടി പറയുന്നു: “ദൈവാത്മാവിനാലാണു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നതെങ്കിൽ ഉറപ്പായും ദൈവരാജ്യം നിങ്ങളെ കടന്നുപോയിരിക്കുന്നു.”—മത്തായി 12:27, 28.
ഭൂതങ്ങളെ പുറത്താക്കുന്നതു സാത്താന്റെ മേൽ തനിക്കുള്ള അധികാരത്തിന്റെ തെളിവാണെന്നു കാണിക്കാൻ യേശു പറയുന്നു: “ശക്തനായ ഒരാളുടെ വീട്ടിൽ കടന്ന് സാധനങ്ങൾ കൊള്ളയടിക്കണമെങ്കിൽ ആദ്യം അയാളെ പിടിച്ചുകെട്ടേണ്ടേ? അയാളെ പിടിച്ചുകെട്ടിയാലേ അതിനു കഴിയൂ. എന്റെ പക്ഷത്ത് നിൽക്കാത്തവനെല്ലാം എനിക്ക് എതിരാണ്. എന്റെകൂടെ നിന്ന് ശേഖരിക്കാത്തവൻ വാസ്തവത്തിൽ ചിതറിക്കുകയാണു ചെയ്യുന്നത്.” (മത്തായി 12:29, 30) ശാസ്ത്രിമാരും പരീശന്മാരും യേശുവിന് എതിരാണ്. അങ്ങനെ അവർ സാത്താന്റെ ഏജന്റുമാരാണെന്ന് തെളിയിക്കുന്നു. അവർ ആളുകളെ ദൈവപുത്രനിൽനിന്ന് ചിതറിച്ചുകളയുന്നു. യേശു വാസ്തവത്തിൽ പ്രവർത്തിക്കുന്നത് യഹോവയുടെ പിന്തുണയോടെയാണ്.
സാത്താന്റെ പക്ഷം ചേർന്നിരിക്കുന്ന ഈ എതിരാളികളോടു യേശു പറയുന്നു: “മനുഷ്യരുടെ ഏതൊരു പാപവും വിശുദ്ധകാര്യങ്ങളോടുള്ള നിന്ദയും അവരോടു ക്ഷമിക്കും. പക്ഷേ ആരെങ്കിലും പരിശുദ്ധാത്മാവിനെ നിന്ദിച്ചാൽ അത് ഒരിക്കലും ക്ഷമിക്കില്ല. ആ പാപം അവന് എന്നേക്കുമായി കണക്കിടും.” (മർക്കോസ് 3:28, 29) വ്യക്തമായും ദൈവാത്മാവിന്റെ സഹായത്താൽ നടക്കുന്ന ഒരു കാര്യം സാത്താനാലാണ് എന്നു പറയുന്നവരുടെ കാര്യത്തിൽ യേശുവിന്റെ വാക്കുകൾ എന്ത് അർഥമാക്കുന്നെന്നു നോക്കുക!