അധ്യായം 64
ക്ഷമിക്കേണ്ടതിന്റെ ആവശ്യം
-
ഏഴു തവണ ക്ഷമിച്ചാൽ മതിയോ?
-
കരുണ കാണിക്കാത്ത അടിമയെക്കുറിച്ചുള്ള ദൃഷ്ടാന്തം
സഹോദരങ്ങൾ തമ്മിലുള്ള പ്രശ്‌നം നേരിട്ടു പറഞ്ഞു തീർക്കണം എന്ന യേശുവിന്റെ ഉപദേശം പത്രോസ് കേട്ടു. പക്ഷേ അതിനുവേണ്ടി കൃത്യം എത്ര പ്രാവശ്യം ശ്രമിക്കണം എന്ന് അറിയാൻ പത്രോസ് ആഗ്രഹിക്കുന്നു.
പത്രോസ് ചോദിക്കുന്നു: “കർത്താവേ, എന്നോടു പാപം ചെയ്യുന്ന സഹോദരനോടു ഞാൻ എത്ര തവണ ക്ഷമിക്കണം? ഏഴു തവണ മതിയോ?” മൂന്നു തവണവരെ ക്ഷമിക്കണം എന്നാണു ചില മതനേതാക്കന്മാർ പഠിപ്പിക്കുന്നത്. അതുകൊണ്ട് “ഏഴു തവണ” സഹോദരനോടു ക്ഷമിക്കുന്നത് വലിയ ഔദാര്യമാണെന്നു പത്രോസ് ഒരുപക്ഷേ ചിന്തിക്കുന്നുണ്ടാകും.—മത്തായി 18:21.
പക്ഷേ, ഒരാൾ നമ്മളോട് എത്ര തവണ തെറ്റു ചെയ്‌തു എന്നതിന്റെ കണക്കു സൂക്ഷിക്കുന്നതു യേശുവിന്റെ പഠിപ്പിക്കലുമായി ഒത്തുപോകുന്നില്ല. അതുകൊണ്ട് യേശു പത്രോസിനെ തിരുത്തുന്നു: “7 അല്ല, 77 തവണ എന്നു ഞാൻ പറയുന്നു.” (മത്തായി 18:22) മറ്റു വാക്കുകളിൽ പറഞ്ഞാൽ എപ്പോഴും ക്ഷമിക്കണമെന്ന്. പത്രോസ് എത്ര പ്രാവശ്യം സഹോദരനോടു ക്ഷമിക്കുന്നു എന്നതിനു പരിധി വെക്കരുതെന്നാണ് അതിന്റെ അർഥം.
തുടർന്ന്, ക്ഷമിക്കാൻ കടപ്പെട്ടവരാണെന്ന കാര്യം ബോധ്യപ്പെടുത്താൻ യേശു പത്രോസിനോടും മറ്റുള്ളവരോടും ഒരു ദൃഷ്ടാന്തം പറയുന്നു. തന്നോടു കരുണ കാണിച്ച യജമാനന്റെ മാതൃക അനുകരിക്കാൻ പരാജയപ്പെട്ട ഒരു അടിമയെക്കുറിച്ചുള്ളതാണ് അത്. തന്റെ അടിമകളുമായി കണക്കു തീർക്കാൻ ഒരു രാജാവ് ആഗ്രഹിക്കുന്നു. അദ്ദേഹത്തിനു 10,000 താലന്തു (6,00,00,000 ദിനാറെ) കൊടുത്തുതീർക്കാനുള്ള ഒരാളെ അവിടെ കൊണ്ടുവരുന്നു. ആ കടം അടച്ചുതീർക്കാൻ അയാൾക്ക് ഒരിക്കലും പറ്റില്ല. അതുകൊണ്ട് അയാളെയും ഭാര്യയെയും മക്കളെയും ഉൾപ്പെടെ അയാൾക്കുള്ളതെല്ലാം വിറ്റ് കടം വീട്ടാൻ രാജാവ് കല്പിക്കുന്നു. അപ്പോൾ ആ അടിമ അദ്ദേഹത്തിന്റെ മുന്നിൽ വീണ് താണുവണങ്ങി ഇങ്ങനെ പറയുന്നു: “എനിക്കു കുറച്ച് സമയം തരണേ; ഞാൻ എല്ലാം തന്നുതീർത്തുകൊള്ളാം.”—മത്തായി 18:26.
മനസ്സ് അലിഞ്ഞിട്ട് രാജാവ് കരുണയോടെ ആ അടിമയുടെ വലിയ കടം മുഴുവൻ എഴുതിത്തള്ളുന്നു. രാജാവ് അങ്ങനെ ചെയ്‌തു കഴിഞ്ഞപ്പോൾ അയാൾ പോയി തനിക്ക് 100 ദിനാറെ തരാനുള്ള സഹയടിമയെ കണ്ടുപിടിക്കുന്നു. എന്നിട്ട് അയാളുടെ കഴുത്തിനു പിടിച്ച് ഞെരിച്ചുകൊണ്ട്, “എനിക്കു തരാനുള്ള കടം തന്നുതീർക്ക് ” എന്നു പറയുന്നു. അപ്പോൾ ആ അടിമ അയാളുടെ കാൽക്കൽ വീണ്, “എനിക്ക് കുറച്ച് സമയം തരണേ; ഞാൻ കടം തന്നുതീർത്തുകൊള്ളാം” മത്തായി 18:28, 29) പക്ഷേ, രാജാവിൽനിന്ന് കടം ഇളച്ചുകിട്ടിയ ആ അടിമ യജമാനന്റെ മാതൃക അനുകരിക്കുന്നില്ല. തനിക്കു കിട്ടാനുള്ള തുക നിസ്സാരമാണെങ്കിലും അതു തന്ന് തീർക്കുന്നതുവരെ സഹയടിമയെ പിടിച്ച് ജയിലിൽ അടയ്ക്കുന്നു.
എന്നു കരഞ്ഞപേക്ഷിക്കുന്നു. (തുടർന്ന് എന്തു സംഭവിച്ചെന്നു യേശു വിവരിക്കുന്നു. അയാളുടെ കണ്ണിൽ ചോരയില്ലാത്ത ഈ പെരുമാറ്റം കാണുമ്പോൾ മറ്റ് അടിമകൾ ചെന്ന് യജമാനനോടു കാര്യം പറയുന്നു. അപ്പോൾ രാജാവ് ദേഷ്യത്തോടെ അയാളെ വിളിപ്പിച്ച് ഇങ്ങനെ പറയുന്നു: “ദുഷ്ടനായ അടിമേ, നീ കെഞ്ചിയപേക്ഷിച്ചപ്പോൾ നിന്റെ കടമൊക്കെ ഞാൻ എഴുതിത്തള്ളിയില്ലേ? ഞാൻ നിന്നോടു കരുണ കാണിച്ചതുപോലെ നീയും നിന്റെ സഹയടിമയോടു കരുണ കാണിക്കേണ്ടതല്ലായിരുന്നോ?” അങ്ങേയറ്റം ദേഷ്യം വന്ന രാജാവ്, കടം മുഴുവൻ വീട്ടുന്നതുവരെ അയാളെ ജയിലിൽ അടയ്‌ക്കാൻ പറഞ്ഞ് ജയിലധികാരികളെ ഏൽപ്പിക്കുന്നു. യേശു പറയുന്നു: “നിങ്ങൾ ഓരോരുത്തനും സഹോദരനോടു ഹൃദയപൂർവം ക്ഷമിക്കാതിരുന്നാൽ എന്റെ സ്വർഗീയപിതാവ് നിങ്ങളോടും ഇതുപോലെ ചെയ്യും.”—മത്തായി 18:32-35.
ക്ഷമിക്കുന്നതിനെക്കുറിച്ചുള്ള എത്ര നല്ല പാഠം! പാപത്തിന്റെ വലിയ ഒരു കടമാണു ദൈവം നമുക്കു ക്ഷമിച്ചുതന്നിരിക്കുന്നത്. അതിനോടുള്ള താരതമ്യത്തിൽ ഒരു ക്രിസ്തീയസഹോദരൻ നമ്മളോടു ചെയ്യുന്ന ദ്രോഹം വളരെ നിസ്സാരമാണ്. ഇനി, യഹോവ നമ്മളോടു ക്ഷമിക്കുന്നത് ഒരു തവണയല്ല, ആയിരക്കണക്കിനു തവണയാണ്. പരാതിക്കു കാരണം ഉണ്ടെങ്കിൽത്തന്നെ നമുക്കു നമ്മുടെ സഹോദരനോടു പലവട്ടം ക്ഷമിക്കാൻ കഴിയില്ലേ? മലയിലെ പ്രസംഗത്തിൽ യേശു പഠിപ്പിച്ചതുപോലെ ‘നമ്മളോടു കടപ്പെട്ടിരിക്കുന്നവരോടു നമ്മൾ ക്ഷമിച്ചതുപോലെ നമ്മുടെ കടങ്ങൾ ദൈവം നമ്മളോടും ക്ഷമിക്കും.’—മത്തായി 6:12.