വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 27

മത്തായി​യെ വിളി​ക്കു​ന്നു

മത്തായി​യെ വിളി​ക്കു​ന്നു

മത്തായി 9:9-13; മർക്കോസ്‌ 2:13-17; ലൂക്കോസ്‌ 5:27-32

  • യേശു നികു​തി​പി​രി​വു​കാ​ര​നായ മത്തായി​യെ വിളി​ക്കു​ന്നു

  • പാപി​കളെ സഹായി​ക്കാൻ ക്രിസ്‌തു അവരോ​ടു സഹവസി​ക്കു​ന്നു

തളർവാ​ത​രോ​ഗി​യെ സുഖ​പ്പെ​ടു​ത്തി​യ​തി​നു ശേഷം യേശു കുറച്ച്‌ നാൾ ഗലീല​ക്ക​ട​ലിന്‌ അടുത്തുള്ള കഫർന്ന​ഹൂം പ്രദേ​ശ​ത്തു​തന്നെ താമസി​ക്കു​ന്നു. ആളുകൾ വീണ്ടും യേശു​വി​ന്റെ അടുക്കൽ വരുന്നു; യേശു അവരെ പഠിപ്പി​ക്കാൻതു​ട​ങ്ങു​ന്നു. യേശു നടന്നു​പോ​കു​മ്പോൾ നികുതി പിരി​ക്കു​ന്നി​ടത്ത്‌ ഇരിക്കുന്ന മത്തായി​യെ കാണുന്നു. “എന്നെ അനുഗ​മി​ക്കുക” എന്നു പറഞ്ഞ്‌ അദ്ദേഹത്തെ ക്ഷണിക്കു​ന്നു. മത്തായിക്ക്‌ ലേവി എന്നും പേരുണ്ട്‌.​—മത്തായി 9:9.

പത്രോസ്‌, അന്ത്ര​യോസ്‌, യാക്കോബ്‌, യോഹ​ന്നാൻ എന്നിവ​രെ​പ്പോ​ലെ, സാധ്യ​ത​യ​നു​സ​രിച്ച്‌ മത്തായി​ക്കും യേശു​വി​ന്റെ പഠിപ്പി​ക്ക​ലു​ക​ളെ​യും അത്ഭുത​ങ്ങ​ളെ​യും പറ്റി കുറ​ച്ചൊ​ക്കെ അറിയാം. അവരെ​പ്പോ​ലെ​ത​ന്നെ​യാ​ണു മത്തായി​യു​ടെ​യും പ്രതി​ക​രണം. തന്റെ സുവി​ശേ​ഷ​ത്തിൽ അദ്ദേഹം​തന്നെ ഇതെക്കു​റിച്ച്‌ വിവരി​ക്കു​ന്നത്‌ “ഉടനെ മത്തായി എഴു​ന്നേറ്റ്‌ യേശു​വി​നെ അനുഗ​മി​ച്ചു” എന്നാണ്‌. (മത്തായി 9:9) അങ്ങനെ മത്തായി ഒരു നികു​തി​പി​രി​വു​കാ​രൻ എന്ന തന്റെ ഉത്തരവാ​ദി​ത്വം ഉപേക്ഷിച്ച്‌ യേശു​വി​ന്റെ ഒരു ശിഷ്യ​നാ​യി​ത്തീ​രു​ന്നു.

യേശു​വിൽനിന്ന്‌ കിട്ടിയ പ്രത്യേ​ക​ക്ഷ​ണ​ത്തി​നുള്ള നന്ദി കാണി​ക്കാ​നാ​യി​രി​ക്കാം, മത്തായി ഒരിക്കൽ വീട്ടിൽ ഒരു വലിയ വിരുന്ന്‌ ഒരുക്കു​ന്നു. യേശു​വി​നെ​യും ശിഷ്യ​ന്മാ​രെ​യും കൂടാതെ മറ്റാ​രെ​യും​കൂ​ടെ മത്തായി ക്ഷണിക്കു​ന്നു? മത്തായി​യു​ടെ പഴയ കൂട്ടു​കാ​രിൽ പലരും, അതായത്‌ മറ്റു നികു​തി​പി​രി​വു​കാ​രും, എത്തിയി​ട്ടുണ്ട്‌. എല്ലാവ​രും വെറു​ക്കുന്ന റോമൻ അധികാ​രി​കൾക്കു​വേ​ണ്ടി​യാണ്‌ അവർ നികുതി പിരി​ക്കു​ന്നത്‌. തുറമു​ഖത്തു വരുന്ന കപ്പലി​നും അതു​പോ​ലെ പ്രധാ​ന​വീ​ഥി​യി​ലൂ​ടെ പോകുന്ന യാത്രാ​ക്കൂ​ട്ട​ത്തി​നും ഇറക്കു​മതി ചെയ്യുന്ന സാധന​ങ്ങൾക്കും ഉള്ള നികുതി ഇതിൽ ഉൾപ്പെ​ടു​ന്നു. ഈ നികു​തി​പി​രി​വു​കാ​രെ ജൂതന്മാർ പൊതു​വേ എങ്ങനെ​യാ​ണു വീക്ഷി​ക്കു​ന്നത്‌? സാധാരണ നിരക്കി​നെ​ക്കാൾ കൂടിയ നികുതി ഇവർ ആളുക​ളു​ടെ കൈയിൽനിന്ന്‌ വഞ്ചി​ച്ചെ​ടു​ക്കു​ന്ന​തു​കൊണ്ട്‌ ആളുകൾക്ക്‌ ഇവരെ വെറു​പ്പാണ്‌. അധാർമി​ക​ജീ​വി​തം നയിക്കു​ന്ന​തി​നു കുപ്ര​സി​ദ്ധ​രായ ‘പാപി​കളു’മുണ്ട്‌ ഈ വിരു​ന്നിൽ.​—ലൂക്കോസ്‌ 7:37-39.

ഇത്തരം ആളുക​ളു​ടെ​കൂ​ടെ യേശു​വി​നെ കാണുന്ന സ്വയനീ​തി​ക്കാ​രായ പരീശ​ന്മാർ യേശു​വി​ന്റെ ശിഷ്യ​ന്മാ​രോ​ടു ചോദി​ക്കു​ന്നു: “ഇത്‌ എന്താ നിങ്ങളു​ടെ ഗുരു നികു​തി​പി​രി​വു​കാ​രു​ടെ​യും പാപി​ക​ളു​ടെ​യും കൂടെ ഭക്ഷണം കഴിക്കു​ന്നത്‌?” (മത്തായി 9:11) ഇതു കേൾക്കുന്ന യേശു പറയുന്നു: “ആരോ​ഗ്യ​മു​ള്ള​വർക്കല്ല, രോഗി​കൾക്കാ​ണു വൈദ്യ​നെ ആവശ്യം. ‘ബലിയല്ല, കരുണ​യാ​ണു ഞാൻ ആഗ്രഹി​ക്കു​ന്നത്‌ ’ എന്നു പറയു​ന്ന​തി​ന്റെ അർഥം എന്താ​ണെന്നു പോയി പഠിക്ക്‌. നീതി​മാ​ന്മാ​രെയല്ല, പാപി​കളെ വിളി​ക്കാ​നാ​ണു ഞാൻ വന്നത്‌.” (മത്തായി 9:12, 13; ഹോശേയ 6:6) ഒരു ആത്മാർഥ​ത​യു​മി​ല്ലാ​തെ​യാ​ണു പരീശ​ന്മാർ യേശു​വി​നെ​ക്കു​റിച്ച്‌ “ഗുരു” എന്നു പറയു​ന്നത്‌. കാരണം ശരി എന്തെന്ന്‌ യേശു​വിൽനിന്ന്‌ പഠിക്കാൻ അവസര​മു​ണ്ടെ​ങ്കി​ലും അവർക്ക്‌ അതിനു താത്‌പ​ര്യ​മില്ല.

സാധ്യ​ത​യ​നു​സ​രിച്ച്‌ നികു​തി​പി​രി​വു​കാ​രും പാപി​ക​ളും ആയ “അനേകർ യേശു​വി​നെ അനുഗ​മി​ച്ചി​രു​ന്നു.” അവർക്കും യേശു​വിൽനിന്ന്‌ കേട്ട്‌ പഠിക്കാ​നും ആത്മീയ​സു​ഖ​പ്പെ​ടു​ത്തൽ ലഭിക്കാ​നും കഴി​യേ​ണ്ട​തിന്‌ മത്തായി അവരെ​യും തന്റെ വീട്ടി​ലേക്കു ക്ഷണിക്കു​ന്നു. (മർക്കോസ്‌ 2:15) ദൈവ​വു​മാ​യി ഒരു നല്ല ബന്ധത്തി​ലേക്കു വരാൻ അവരെ സഹായി​ക്കു​ന്ന​തി​നു യേശു ആഗ്രഹി​ക്കു​ന്നു. സ്വയനീ​തി​ക്കാ​രായ പരീശ​ന്മാർ അവരെ വെറു​ക്കു​ന്നെ​ങ്കി​ലും യേശു അങ്ങനെയല്ല അവരെ കാണു​ന്നത്‌. അനുക​മ്പ​യോ​ടെ​യും കരുണ​യോ​ടെ​യും ആണ്‌ യേശു അവരോട്‌ ഇടപെ​ടു​ന്നത്‌, ആത്മീയ​രോ​ഗ​മു​ള്ള​വർക്ക്‌ ഒരു ആത്മീയ​വൈ​ദ്യ​നാ​യി​രി​ക്കാൻ യേശു​വി​നു സാധി​ക്കും.

നികു​തി​പി​രി​വു​കാ​രോ​ടും പാപി​ക​ളോ​ടും യേശു കരുണ കാണി​ക്കു​ന്നു. അതുവഴി യേശു അവരുടെ പാപങ്ങൾക്കു നേരെ കണ്ണടയ്‌ക്കു​കയല്ല, മറിച്ച്‌ രോഗി​ക​ളോ​ടു കാണി​ച്ച​തു​പോ​ലുള്ള അതേ മനസ്സലിവ്‌ കാണി​ക്കു​ക​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌ ഒരു കുഷ്‌ഠ​രോ​ഗി​യെ യേശു അനുക​മ്പ​യോ​ടെ തൊട്ടു​കൊണ്ട്‌ “എനിക്കു മനസ്സാണ്‌, ശുദ്ധനാ​കുക” എന്നു പറഞ്ഞില്ലേ? (മത്തായി 8:3) അത്തരത്തിൽ ആളുക​ളോ​ടു കരുണ കാണി​ക്കാൻ നമ്മളും പഠി​ക്കേ​ണ്ട​തല്ലേ? അതു​പോ​ലെ സഹായം ആവശ്യ​മു​ള്ള​വരെ, പ്രത്യേ​കിച്ച്‌ ആത്മീയ​സ​ഹാ​യം ആവശ്യ​മു​ള്ള​വരെ, നമ്മളും സഹായി​ക്കേ​ണ്ട​തല്ലേ?