അധ്യായം 59
മനുഷ്യപുത്രൻ ആരാണ്?
മത്തായി 16:13-27; മർക്കോസ് 8:22-38; ലൂക്കോസ് 9:18-26
-
യേശു ഒരു അന്ധനെ സുഖപ്പെടുത്തുന്നു
-
ദൈവരാജ്യത്തിന്റെ താക്കോലുകൾ പത്രോസിന്
-
യേശു തന്റെ മരണവും പുനരുത്ഥാനവും മുൻകൂട്ടിപ്പറയുന്നു
യേശുവും ശിഷ്യന്മാരും ബേത്ത്സയിദയിൽ എത്തുമ്പോൾ ആളുകൾ ഒരു അന്ധനെ യേശുവിന്റെ അടുക്കൽ കൊണ്ടുവരുന്നു. അയാളെ തൊട്ട് സുഖപ്പെടുത്താൻ അവർ യേശുവിനോട് അപേക്ഷിക്കുന്നു.
അന്ധന്റെ കൈയിൽ പിടിച്ച് യേശു അയാളെ ഗ്രാമത്തിനു വെളിയിലേക്കു കൊണ്ടുപോകുന്നു. യേശു അയാളുടെ കണ്ണുകളിൽ തുപ്പിയിട്ട് “നിനക്ക് എന്തെങ്കിലും കാണാൻ പറ്റുന്നുണ്ടോ” എന്നു ചോദിക്കുന്നു. “എനിക്ക് ആളുകളെ കാണാം. പക്ഷേ കണ്ടിട്ട് മരങ്ങൾ നടക്കുന്നതുപോലുണ്ട്,” അയാൾ പറയുന്നു. (മർക്കോസ് 8:23, 24) ആ മനുഷ്യന്റെ കണ്ണുകളിൽ യേശു കൈകൾ വെക്കുമ്പോൾ അയാൾക്കു കാഴ്ച തിരിച്ചുകിട്ടുന്നു. എല്ലാം ഇപ്പോൾ വ്യക്തമായി കാണാം. തിരിച്ച് ഗ്രാമത്തിലേക്കു പോകരുതെന്നു പറഞ്ഞ് യേശു അയാളെ വീട്ടിലേക്കു പറഞ്ഞയയ്ക്കുന്നു.
അടുത്തതായി യേശുവും ശിഷ്യന്മാരും വടക്കുള്ള കൈസര്യഫിലിപ്പി പ്രദേശത്തേക്കു പോകുന്നു. അങ്ങോട്ട് ഏതാണ്ട് 40 കിലോമീറ്റർ വരും; വലിയ കയറ്റമാണ്. സമുദ്രനിരപ്പിൽനിന്ന് 1,150 അടി ഉയരത്തിലാണ് ഈ ഗ്രാമം. വടക്കുകിഴക്കായി മഞ്ഞുമൂടിക്കിടക്കുന്ന ഹെർമോൻ പർവതം തല ഉയർത്തി നിൽക്കുന്നു. സാധ്യതയനുസരിച്ച് അങ്ങോട്ടുള്ള യാത്രയ്ക്കു കുറച്ച് ദിവസം വേണം.
യാത്രയ്ക്ക് ഇടയിൽ ഒരു സമയത്ത് യേശു തനിച്ച് പ്രാർഥിക്കാൻവേണ്ടി പോകുന്നു. യേശുവിന്റെ മരണത്തിന് ഇനി ഒമ്പതോ പത്തോ മാസമേ ഉള്ളൂ. ശിഷ്യന്മാരെക്കുറിച്ച് യേശുവിന് ഉത്കണ്ഠയുണ്ട്. അടുത്തയിടെ പലരും യേശുവിനെ അനുഗമിക്കുന്നതു നിറുത്തി. മറ്റുള്ളവരാണെങ്കിൽ ആശയക്കുഴപ്പത്തിലോ നിരാശയിലോ ആണ്. രാജാവാക്കാൻ നോക്കിയപ്പോൾ യേശു അതിനു സമ്മതിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അവർക്കു മനസ്സിലാകുന്നില്ല. താൻ ശരിക്കും ആരാണെന്നു തെളിയിക്കാനുള്ള അടയാളം യേശു കാണിക്കാത്തത് എന്തുകൊണ്ടെന്നും അവർ ചിന്തിക്കുന്നുണ്ടാകാം.
യേശു പ്രാർഥിക്കുന്നിടത്ത് ശിഷ്യന്മാർ ചെല്ലുമ്പോൾ യേശു അവരോട്, “മനുഷ്യപുത്രൻ ആരാണെന്നാണു ജനം പറയുന്നത് ” എന്നു ചോദിക്കുന്നു. അവർ പറയുന്നു: “ചിലർ സ്നാപകയോഹന്നാൻ എന്നും മറ്റു ചിലർ ഏലിയ എന്നും വേറെ ചിലർ യിരെമ്യയോ ഏതോ ഒരു പ്രവാചകനോ എന്നും പറയുന്നു.” മരിച്ചുപോയ അവർ ആരെങ്കിലും ഉയിർത്തെഴുന്നേറ്റു വന്നതാണ് ഈ യേശു എന്നാണ് ആളുകൾ കരുതുന്നത്. എന്നാൽ ശിഷ്യന്മാർ എന്താണു തന്നെക്കുറിച്ച് ചിന്തിക്കുന്നതെന്ന് അറിയാൻ യേശു ചോദിക്കുന്നു: “ഞാൻ ആരാണെന്നാണു നിങ്ങൾക്കു തോന്നുന്നത്?” ഉടനെ ശിമോൻ പത്രോസ് പറയുന്നു: “അങ്ങ് ജീവനുള്ള ദൈവത്തിന്റെ മകനായ ക്രിസ്തുവാണ്.”—മത്തായി 16:13-16.
ദൈവം ഇതു വെളിപ്പെടുത്തിക്കൊടുത്തതുകൊണ്ട് പത്രോസിനു സന്തോഷിക്കാമെന്നു യേശു പറയുന്നു. “ഞാൻ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേൽ ഞാൻ എന്റെ സഭ പണിയും. ശവക്കുഴിയുടെ കവാടങ്ങൾ അതിനെ ജയിച്ചടക്കില്ല.” യേശു ഉദ്ദേശിക്കുന്നതു താൻതന്നെ ഒരു സഭ പണിയുമെന്നാണ്. അതിലെ അംഗങ്ങൾ ഭൂമിയിൽ വിശ്വസ്തമായി ജീവിച്ചാൽ ശവക്കുഴിക്കുപോലും അവരെ പിടിച്ചുവെക്കാനാകില്ല. കൂടാതെ, “സ്വർഗരാജ്യത്തിന്റെ താക്കോലുകൾ ഞാൻ നിനക്കു തരും” എന്നു യേശു പത്രോസിന് ഉറപ്പുകൊടുക്കുന്നു.—മത്തായി 16:18, 19.
യേശു പത്രോസിനു മറ്റെല്ലാ അപ്പോസ്തലന്മാരെക്കാളും മുന്തിയ ഒരു സ്ഥാനം കൊടുക്കുന്നില്ല. പത്രോസ് സഭയുടെ അടിസ്ഥാനമാണെന്നും യേശു പറയുന്നില്ല. യേശുവാണ് പാറ. ആ പാറമേലാണു സഭ പണിയാനിരിക്കുന്നത്. (1 കൊരിന്ത്യർ 3:11; എഫെസ്യർ 2:20) പത്രോസിനു പക്ഷേ മൂന്നു താക്കോലുകൾ കിട്ടും. സ്വർഗരാജ്യത്തിൽ കടക്കാൻ പല കൂട്ടങ്ങൾക്ക് അവസരത്തിന്റെ വാതിൽ തുറന്നുകൊടുക്കാനുള്ള പദവിയാണു പത്രോസിനു കിട്ടുന്നത്.
പ്രവൃത്തികൾ 2:37, 38; 8:14-17; 10:44-48.
എ.ഡി. 33-ലെ പെന്തിക്കോസ്തിലായിരിക്കും പത്രോസ് ആദ്യത്തെ താക്കോൽ ഉപയോഗിക്കുന്നത്. മാനസാന്തരപ്പെടുന്ന ജൂതന്മാരും ജൂതമതം സ്വീകരിച്ചവരും രക്ഷ നേടാൻ എന്തു ചെയ്യണമെന്നു പത്രോസ് അപ്പോൾ കാണിച്ചുകൊടുക്കും. വിശ്വസിക്കുന്ന ശമര്യക്കാർക്കു ദൈവരാജ്യത്തിൽ പ്രവേശിക്കാനുള്ള ഒരു അവസരം തുറന്നുകൊടുക്കാൻ പത്രോസ് രണ്ടാമത്തെ താക്കോൽ ഉപയോഗിക്കും. പിന്നീട് എ. ഡി. 36-ൽ മറ്റു ജനതയിൽപ്പെട്ട പരിച്ഛേദനയേൽക്കാത്തവർക്ക്, കൊർന്നേല്യൊസിനും മറ്റുള്ളവർക്കും, ആ അവസരം നീട്ടിക്കൊടുക്കാൻ പത്രോസ് മൂന്നാമത്തെ താക്കോലും ഉപയോഗിക്കും.—ഈ ചർച്ചയിൽ, യരുശലേമിൽ തനിക്കു കഷ്ടപ്പാടുകൾ സഹിക്കേണ്ടിവരുമെന്നും താൻ മരിക്കുമെന്നും യേശു പറയുന്നു. അതു കേട്ട് അപ്പോസ്തലന്മാർ ആകെ അസ്വസ്ഥരാണ്. യേശു സ്വർഗീയജീവനിലേക്ക് ഉയിർപ്പിക്കപ്പെടേണ്ടതാണെന്ന കാര്യം മനസ്സിലാക്കാതെ പത്രോസ് യേശുവിനെ മാറ്റി നിറുത്തി ശകാരിക്കുന്നു. പത്രോസ് പറയുന്നു: “കർത്താവേ, അങ്ങനെ പറയരുത്. അങ്ങയ്ക്ക് ഒരിക്കലും അങ്ങനെയൊന്നും സംഭവിക്കില്ല.” അപ്പോൾ യേശു പുറംതിരിഞ്ഞ് പത്രോസിനോടു പറയുന്നു: “സാത്താനേ, എന്റെ മുന്നിൽനിന്ന് മാറൂ! നീ എന്റെ വഴിയിൽ ഒരു തടസ്സമാണ്. നിന്റെ ചിന്തകൾ ദൈവത്തിന്റെ ചിന്തകളല്ല, മനുഷ്യരുടേതാണ്.”—മത്തായി 16:22, 23.
യേശു ഇപ്പോൾ അപ്പോസ്തലന്മാരെയും മറ്റു ജനങ്ങളെയും അടുത്ത് വിളിച്ച് തന്റെ അനുഗാമിയായിരിക്കുന്നത് എളുപ്പമായിരിക്കില്ല എന്നു വ്യക്തമാക്കുന്നു. യേശു പറയുന്നു: “എന്റെ അനുഗാമിയാകാൻ ആഗ്രഹിക്കുന്നവൻ സ്വയം ത്യജിച്ച് തന്റെ ദണ്ഡനസ്തംഭം എടുത്ത് എന്നെ അനുഗമിക്കട്ടെ. ആരെങ്കിലും തന്റെ ജീവൻ രക്ഷിക്കാൻ ആഗ്രഹിച്ചാൽ അതു നഷ്ടമാകും. എന്നാൽ ആരെങ്കിലും എനിക്കുവേണ്ടിയും ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്തയ്ക്കുവേണ്ടിയും ജീവൻ നഷ്ടപ്പെടുത്തിയാൽ അതിനെ രക്ഷിക്കും.”—മർക്കോസ് 8:34, 35.
യേശുവിന്റെ അംഗീകാരം കിട്ടാൻ അനുഗാമികൾ ധൈര്യശാലികളും ആത്മത്യാഗം ചെയ്യുന്നവരും ആയിരിക്കണം. യേശു പറയുന്നു: “വ്യഭിചാരികളുടെയും പാപികളുടെയും ഈ തലമുറയിൽ ആർക്കെങ്കിലും എന്നെയും എന്റെ വാക്കുകളെയും കുറിച്ച് ലജ്ജ തോന്നിയാൽ, തന്റെ പിതാവിന്റെ മഹത്ത്വത്തിൽ വിശുദ്ധദൂതന്മാരോടൊപ്പം വരുമ്പോൾ മനുഷ്യപുത്രനും അയാളെക്കുറിച്ച് ലജ്ജ തോന്നും.” (മർക്കോസ് 8:38) അതെ, യേശു അങ്ങനെ വരുമ്പോൾ “ഓരോരുത്തനും അവനവന്റെ പ്രവൃത്തിക്കനുസരിച്ച് പ്രതിഫലം കൊടുക്കും.”—മത്തായി 16:27.