അധ്യായം 30
പിതാവുമായുള്ള യേശുവിന്റെ ബന്ധം
-
ദൈവമാണു യേശുവിന്റെ പിതാവ്
-
പുനരുത്ഥാനത്തെക്കുറിച്ചുള്ള വാഗ്ദാനം
യേശു ഒരു രോഗിയെ സുഖപ്പെടുത്തുമ്പോൾ ശബത്ത് ലംഘിച്ചെന്നു ജൂതന്മാർ ആരോപിക്കുന്നു. അപ്പോൾ യേശു പറയുന്നു: “എന്റെ പിതാവ് ഇപ്പോഴും കർമനിരതനാണ്; ഞാനും അതുപോലെ കർമനിരതനാണ്.”—യോഹന്നാൻ 5:17.
യേശു ഈ ചെയ്യുന്നതു ശബത്തുനിയമത്തിനു വിരുദ്ധമായ ഒന്നുമല്ല. പ്രസംഗിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുമ്പോൾ യേശു, ദൈവം ചെയ്യുന്ന നല്ല പ്രവർത്തനങ്ങളെ അനുകരിക്കുകയാണ്. അതുകൊണ്ടുതന്നെ എല്ലാ ദിവസവും യേശു നല്ല കാര്യങ്ങൾ ചെയ്യുന്നു. പക്ഷേ യേശുവിന്റെ മറുപടി ആ എതിരാളികളെ കൂടുതൽ ദേഷ്യംപിടിപ്പിക്കുന്നു. അതുകൊണ്ട് അവർ യേശുവിനെ കൊല്ലാൻനോക്കുന്നു. എന്തുകൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നത്?
ആളുകളെ സുഖപ്പെടുത്തുമ്പോൾ യേശു ശബത്ത് ലംഘിക്കുകയാണ് എന്ന തെറ്റിദ്ധാരണ മാത്രമല്ല അവരുടെ ദേഷ്യത്തിനു കാരണം. യേശു ദൈവപുത്രനാണെന്നു പറയുന്നതും അവർക്കു തീരെ പിടിക്കുന്നില്ല. ദൈവം തന്റെ പിതാവാണെന്നു പറയുന്നതു ദൈവദൂഷണമാണ് എന്നാണ് അവരുടെ വാദം. അങ്ങനെ പറയുമ്പോൾ, അവരുടെ നോട്ടത്തിൽ യേശു തന്നെത്തന്നെ ദൈവത്തോടു തുല്യനാക്കുകയാണത്രേ. പക്ഷേ അവരുടെ ഈ ആരോപണങ്ങൾകൊണ്ടൊന്നും യേശു പേടിക്കുന്നില്ല. അതുകൊണ്ട് ദൈവവുമായി തനിക്കുള്ള പ്രത്യേക ബന്ധത്തെക്കുറിച്ച് യേശു വീണ്ടും അവരോടു പറയുന്നു: “പിതാവിനു പുത്രനെ ഇഷ്ടമായതുകൊണ്ട് പിതാവ് ചെയ്യുന്നതെല്ലാം പുത്രനു കാണിച്ചുകൊടുക്കുന്നു.”—യോഹന്നാൻ 5:20.
പിതാവ് ജീവൻ കൊടുക്കുന്നവനാണ്. പുനരുത്ഥാനപ്പെടുത്താനുള്ള ശക്തി ആളുകൾക്കു കൊടുത്തുകൊണ്ട് ദൈവം മുമ്പ് അതിനു തെളിവു നൽകിയിട്ടുണ്ട്. “പിതാവ് മരിച്ചവരെ ഉയിർപ്പിച്ച് അവർക്കു ജീവൻ കൊടുക്കുന്നതുപോലെ പുത്രനും താൻ ആഗ്രഹിക്കുന്നവർക്കു ജീവൻ കൊടുക്കുന്നു” എന്നു യേശു പറയുന്നു. (യോഹന്നാൻ 5:21) പ്രത്യാശയോടെ ഭാവിയിലേക്കു നോക്കാൻ സഹായിക്കുന്ന എത്ര അർഥവത്തായ ഒരു പ്രസ്താവന! ഇപ്പോൾപ്പോലും പുത്രൻ ആത്മീയമായി മരിച്ചവരെ ഉയിർപ്പിക്കുന്നുണ്ട്. യേശു പറയുന്നു: “എന്റെ വചനം കേട്ട് എന്നെ അയച്ച പിതാവിനെ വിശ്വസിക്കുന്നയാൾക്കു നിത്യജീവനുണ്ട്. അയാൾ ന്യായവിധിയിലേക്കു വരാതെ മരണത്തിൽനിന്ന് ജീവനിലേക്കു കടന്നിരിക്കുന്നു.”—യോഹന്നാൻ 5:24.
മരിച്ചുപോയ ആരെയും യേശു അതുവരെ ജീവനിലേക്കു കൊണ്ടുവന്നിട്ടില്ലായിരുന്നു. പക്ഷേ ശരിക്കുള്ള പുനരുത്ഥാനം നടക്കുമെന്നുതന്നെ യേശു എതിരാളികളോടു പറയുന്നു. “സ്മാരകക്കല്ലറകളിലുള്ള എല്ലാവരും അവന്റെ ശബ്ദം കേട്ട് പുറത്ത് വരുന്ന സമയം വരുന്നു” എന്നാണു യേശു പറയുന്നത്.—യോഹന്നാൻ 5:28, 29.
യേശുവിന് സുപ്രധാനമായ ഒരു പദവിയുണ്ടെങ്കിലും താൻ ദൈവത്തെക്കാൾ താഴ്ന്നവനാണെന്നു യേശു തുറന്നുപറയുന്നു. “എനിക്കു സ്വന്തം ഇഷ്ടമനുസരിച്ച് ഒന്നും ചെയ്യാനാകില്ല. . . . എനിക്ക് എന്റെ ഇഷ്ടമല്ല, എന്നെ അയച്ച പിതാവിന്റെ ഇഷ്ടം ചെയ്യാനാണ് ആഗ്രഹം.” (യോഹന്നാൻ 5:30) പക്ഷേ, ദൈവത്തിന്റെ ഉദ്ദേശ്യത്തിൽ തനിക്കുള്ള സുപ്രധാനമായ പങ്കിനെക്കുറിച്ച് യേശു വെളിപ്പെടുത്തുന്നു. ഇതെക്കുറിച്ച് യേശു ഇത്ര പരസ്യമായി പറയുന്നത് ആദ്യമായിട്ടാണ്. പക്ഷേ ഈ എതിരാളികൾക്ക് ഇക്കാര്യത്തിൽ യേശുവിന്റെ വാക്കുകൾ മാത്രമല്ല തെളിവായിട്ടുള്ളത്. “നിങ്ങൾ (സ്നാപക) യോഹന്നാന്റെ അടുത്തേക്ക് ആളുകളെ അയച്ചല്ലോ. യോഹന്നാൻ സത്യത്തിനു സാക്ഷി പറഞ്ഞു” എന്ന് യേശു അവരെ ഓർമിപ്പിക്കുന്നു.—യോഹന്നാൻ 5:33.
സാധ്യതയനുസരിച്ച്, ഏതാണ്ടു രണ്ടു വർഷം മുമ്പ് തന്റെ പിന്നാലെ വരുന്ന വ്യക്തിയെക്കുറിച്ച് യോഹന്നാൻ ജൂതമതനേതാക്കന്മാരോടു പറഞ്ഞത് ഈ എതിരാളികൾക്കു നന്നായി അറിയാം. ആ വ്യക്തിയെക്കുറിച്ച് ‘പ്രവാചകൻ’ എന്നും ‘ക്രിസ്തു’ എന്നും പറഞ്ഞിട്ടുണ്ട്. (യോഹന്നാൻ 1:20-25) ഇപ്പോൾ ജയിലിലായിരിക്കുന്ന യോഹന്നാനെക്കുറിച്ച് അവർക്ക് എത്ര മതിപ്പായിരുന്നു എന്ന് ഓർമിപ്പിച്ചുകൊണ്ട് യേശു പറയുന്നു: “അൽപ്പസമയത്തേക്ക് ആ മനുഷ്യന്റെ പ്രകാശത്തിൽ സന്തോഷിക്കാനും നിങ്ങൾ തയ്യാറായി.” (യോഹന്നാൻ 5:35) പക്ഷേ സ്നാപകയോഹന്നാന്റേതിനെക്കാൾ വലിയ തോതിലാണു യേശു സാക്ഷി പറയുന്നത്.
“ഞാൻ ചെയ്യുന്ന . . . പ്രവൃത്തികൾ (തൊട്ടുമുമ്പ് ആ മനുഷ്യനെ സുഖപ്പെടുത്തിയത് ഉൾപ്പെടെയുള്ളവ) പിതാവ് എന്നെ അയച്ചു എന്നതിനു തെളിവാണ്.” കൂടാതെ യേശു ഇങ്ങനെയും പറയുന്നു: “എന്നെ അയച്ച പിതാവ് നേരിട്ടും എന്നെക്കുറിച്ച് സാക്ഷി പറഞ്ഞിരിക്കുന്നു.” (യോഹന്നാൻ 5:36, 37) ഉദാഹരണത്തിന്, സ്നാനസമയത്ത് ദൈവം യേശുവിനെക്കുറിച്ച് സാക്ഷി പറഞ്ഞു.—മത്തായി 3:17.
യേശുവിനെതിരെ കുറ്റാരോപണം ഉന്നയിക്കുന്നവർക്ക് യേശുവിനെ അംഗീകരിക്കാതിരിക്കാൻ ശരിക്കും ഒരു ന്യായവുമില്ല. അവർ അന്വേഷണം നടത്തുന്നതായി അവകാശപ്പെടുന്ന തിരുവെഴുത്തുകൾതന്നെ യേശുവിനെക്കുറിച്ച് സാക്ഷി പറയുന്നു. “നിങ്ങൾ മോശയെ വിശ്വസിച്ചിരുന്നെങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു,” യേശു പറയുന്നു. “കാരണം മോശ എന്നെക്കുറിച്ച് എഴുതിയിട്ടുണ്ട്. മോശ എഴുതിയതു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ പിന്നെ ഞാൻ പറയുന്നത് എങ്ങനെ വിശ്വസിക്കാനാണ്?”—യോഹന്നാൻ 5:46, 47.