അധ്യായം 46
യേശുവിന്റെ വസ്ത്രത്തിൽ തൊട്ട് സുഖം പ്രാപിക്കുന്നു
മത്തായി 9:18-22; മർക്കോസ് 5:21-34; ലൂക്കോസ് 8:40-48
-
യേശുവിന്റെ വസ്ത്രത്തിൽ തൊടുമ്പോൾ ഒരു സ്ത്രീയുടെ രോഗം മാറുന്നു
യേശു ദക്കപ്പൊലിയിൽനിന്ന് മടങ്ങിയെത്തി എന്ന വാർത്ത ഗലീലക്കടലിന്റെ വടക്കുപടിഞ്ഞാറേ തീരത്ത് താമസിക്കുന്ന ജൂതന്മാരുടെ ഇടയിൽ പരക്കുന്നു. അടുത്തയിടെ കൊടുങ്കാറ്റുണ്ടായപ്പോൾ യേശു കാറ്റിനെയും കടലിനെയും ശാന്തമാക്കിയ കാര്യം സാധ്യതയനുസരിച്ച് പലരും അറിഞ്ഞിട്ടുണ്ടാകണം. അതുപോലെ ഭൂതബാധിതരെ സുഖപ്പെടുത്തിയ വാർത്തയും ചിലർക്കെങ്കിലും അറിയാം. അതുകൊണ്ട് യേശു തിരിച്ചെത്തിയപ്പോൾ സ്വീകരിക്കാൻ “വലിയൊരു ജനക്കൂട്ടം” കടൽത്തീരത്ത് കൂടിവരുന്നു. കഫർന്നഹൂം പ്രദേശത്തായിരിക്കണം ഇതു നടക്കുന്നത്. (മർക്കോസ് 5:21) യേശു കരയ്ക്കിറങ്ങുമ്പോൾ എല്ലാവർക്കും വലിയ പ്രതീക്ഷയും ആകാംക്ഷയും ആണ്.
യേശുവിനെ കാണാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒരാൾ സിനഗോഗിന്റെ അധ്യക്ഷനായ യായീറൊസാണ്. അദ്ദേഹം യേശുവിന്റെ കാൽക്കൽ വീണ് വീണ്ടുംവീണ്ടും അപേക്ഷിക്കുന്നു: “എന്റെ മോൾക്ക് അസുഖം വളരെ കൂടുതലാണ്. അങ്ങ് വന്ന് അവളുടെ മേൽ കൈകൾ വെക്കണേ. അങ്ങനെ ചെയ്താൽ അവൾ സുഖം പ്രാപിച്ച് ജീവിക്കും.” (മർക്കോസ് 5:23) യായീറൊസിന്റെ ഒരേ ഒരു മകളെ സുഖപ്പെടുത്താനുള്ള ആ അപേക്ഷയോട് യേശു എങ്ങനെ പ്രതികരിക്കുമായിരുന്നു? വെറും 12 വയസ്സുള്ള ആ മോൾ യായീറൊസിന് എല്ലാമെല്ലാമായിരുന്നു.—ലൂക്കോസ് 8:42.
യേശു യായീറൊസിന്റെ വീട്ടിലേക്കു പോകുമ്പോൾ വികാരനിർഭരമായ മറ്റൊരു കാര്യം നടക്കുന്നു. കൂടെയുള്ളവരെല്ലാം വലിയ ആവേശത്തിലാണ്. കാരണം യേശു ഇനിയും അത്ഭുതം ചെയ്യുമോ എന്നു കാണാൻ നോക്കിയിരിക്കുകയാണ് അവർ. പക്ഷേ, അക്കൂട്ടത്തിൽ ഒരു സ്ത്രീയുടെ ശ്രദ്ധ മുഴുവൻ തന്റെ കഠിനരോഗത്തിലാണ്.
നീണ്ട 12 വർഷമായി രക്തസ്രാവം കാരണം കഷ്ടപ്പെടുകയാണ് ഈ ജൂതസ്ത്രീ. അവർ മാറിമാറി പല വൈദ്യന്മാരുടെ അടുത്ത് പോയി. ഓരോരുത്തരും നിർദേശിച്ച ചികിത്സയ്ക്കുവേണ്ടി, ഉള്ള പണമെല്ലാം ചെലവാക്കി. പക്ഷേ ആരോഗ്യസ്ഥിതി “വഷളായതല്ലാതെ” ഒരു ഗുണവുമുണ്ടായിട്ടില്ല.—മർക്കോസ് 5:26.
ഈ രോഗം അവരെ ആകപ്പാടെ ക്ഷീണിപ്പിച്ചിരിക്കുന്നു. അതുണ്ടാക്കുന്ന നാണക്കേടും അസ്വസ്ഥതയും വേറെ. ഇങ്ങനെയൊരു അവസ്ഥയെക്കുറിച്ച് ആരും പൊതുവേ തുറന്നു സംസാരിക്കുകപോലും ഇല്ല. മാത്രമല്ല, ഇസ്രായേല്യർക്കു കൊടുത്ത നിയമമനുസരിച്ച് രക്തസ്രാവം ഒരു സ്ത്രീയെ ആചാരപരമായി അശുദ്ധയാക്കിയിരുന്നു. ആരെങ്കിലും അവരെയോ രക്തം പറ്റിയ വസ്ത്രത്തിലോ തൊട്ടാൽ വസ്ത്രം അലക്കി, കുളിച്ച് വൈകുന്നേരംവരെ അശുദ്ധരായിരിക്കണമായിരുന്നു.—ലേവ്യ 15:25-27.
“യേശു ചെയ്തതിനെക്കുറിച്ചൊക്കെ കേട്ടറിഞ്ഞ” ഈ സ്ത്രീ യേശുവിനെ തേടി കണ്ടെത്തുന്നു. അശുദ്ധയായതുകൊണ്ട് ആരുടെയും ശ്രദ്ധയിൽപ്പെടാതെയാണ് അവർ ജനക്കൂട്ടത്തിന്റെ ഇടയിലൂടെ യേശുവിന്റെ അടുത്തേക്കു നീങ്ങുന്നത്. “യേശുവിന്റെ പുറങ്കുപ്പായത്തിലൊന്നു തൊട്ടാൽ മതി, എന്റെ അസുഖം മാറും” എന്ന് ആ സ്ത്രീയുടെ മനസ്സു പറയുന്നുണ്ടായിരുന്നു. അതാണു സംഭവിച്ചതും! അവർ യേശുവിന്റെ പുറങ്കുപ്പായത്തിൽ തൊട്ട ഉടനെ രക്തസ്രാവം നിലയ്ക്കുന്നു. അങ്ങനെ, അവരെ “വല്ലാതെ വലച്ചിരുന്ന ആ രോഗം” മാറുന്നു.—മർക്കോസ് 5:27-29.
അപ്പോൾ യേശു, “ആരാണ് എന്നെ തൊട്ടത്” എന്നു ചോദിക്കുന്നു. അതു കേട്ടപ്പോൾ ആ സ്ത്രീക്ക് എന്തു തോന്നിക്കാണും? പത്രോസ് ഉടനെ, “ഗുരുവേ, എത്രയോ ആളുകളാണ് അങ്ങയെ തിക്കുന്നത്” എന്ന് അൽപ്പം ശകാരസ്വരത്തിൽ പറയുന്നു. പക്ഷേ, യേശു എന്തുകൊണ്ടാണ് “ആരാണ് എന്നെ തൊട്ടത്” എന്നു ചോദിക്കുന്നത്? “ആരോ എന്നെ തൊട്ടു. കാരണം എന്നിൽനിന്ന് ശക്തി പുറപ്പെട്ടതു ഞാൻ അറിഞ്ഞു” എന്ന് യേശു വിശദീകരിക്കുന്നു. (ലൂക്കോസ് 8:45, 46) അതെ, ആ സ്ത്രീ സുഖം പ്രാപിച്ചപ്പോൾ യേശുവിൽനിന്ന് ശക്തി പുറപ്പെട്ടിരുന്നു.
ഇനി രക്ഷയില്ലെന്ന് ആ സ്ത്രീക്കു മനസ്സിലാകുന്നു. അവർ പേടിച്ചുവിറച്ച് യേശുവിന്റെ കാൽക്കൽ വീണ് എല്ലാവരുടെയും മുമ്പാകെ തന്റെ രോഗത്തെക്കുറിച്ചും എന്നാൽ ഇപ്പോൾ സുഖം പ്രാപിച്ചെന്നും വിവരിക്കുന്നു. യേശു ദയയോടെ അവരെ ആശ്വസിപ്പിച്ചുകൊണ്ട് പറയുന്നു: “മകളേ, നിന്റെ വിശ്വാസമാണു നിന്നെ സുഖപ്പെടുത്തിയത്. സമാധാനത്തോടെ പൊയ്ക്കൊള്ളൂ. നിന്റെ മാറാരോഗം മാറിക്കിട്ടിയല്ലോ. ഇനി ആരോഗ്യത്തോടെ ജീവിക്കുക.”—മർക്കോസ് 5:34.
ഭൂമിയെ ഭരിക്കാൻ ദൈവം തിരഞ്ഞെടുത്ത വ്യക്തി സ്നേഹവും അനുകമ്പയും ഉള്ളവനാണ്. അദ്ദേഹത്തിന് ആളുകളെക്കുറിച്ച് കരുതലുണ്ടെന്നു മാത്രമല്ല അവരെ സഹായിക്കാനുള്ള ശക്തിയും അധികാരവും ഉണ്ട്.