അധ്യായം 22
നാലു ശിഷ്യന്മാർ മനുഷ്യരെ പിടിക്കുന്നവരാകും
മത്തായി 4:13-22; മർക്കോസ് 1:16-20; ലൂക്കോസ് 5:1-11
-
മുഴുവൻ സമയവും തന്റെകൂടെ ആയിരിക്കാൻ യേശു ശിഷ്യന്മാരെ വിളിക്കുന്നു
-
മീൻപിടുത്തക്കാർ മനുഷ്യരെ പിടിക്കുന്നവരാകുന്നു
നസറെത്തുകാർ യേശുവിനെ കൊല്ലാൻ നോക്കിയതിനെ തുടർന്ന് യേശു കഫർന്നഹൂം നഗരത്തിലേക്കു പോകുന്നു. ‘ഗന്നേസരെത്ത് തടാകം’ എന്നും അറിയപ്പെടുന്ന ഗലീലക്കടലിന് അടുത്താണ് ആ നഗരം. (ലൂക്കോസ് 5:1) കടലിന് അടുത്ത് താമസിക്കുന്ന ഗലീലക്കാർ വലിയൊരു വെളിച്ചം കാണുമെന്ന് യശയ്യയുടെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പ്രവചനം അങ്ങനെ നിറവേറുന്നു.—യശയ്യ 9:1, 2.
‘സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു’ എന്നു യേശു ഇവിടെ ഗലീലയിൽ തുടർന്നും പ്രസംഗിക്കുന്നു. (മത്തായി 4:17) തന്റെ നാലു ശിഷ്യന്മാരെ യേശു കണ്ടെത്തുന്നു. അവർ യേശുവിനോടൊപ്പം മുമ്പ് പോയിരുന്നതാണ്. പക്ഷേ യേശുവിന്റെകൂടെ യഹൂദ്യയിൽനിന്ന് മടങ്ങി വന്നപ്പോൾ വീണ്ടും മീൻപിടുത്തം തുടങ്ങി. (യോഹന്നാൻ 1:35-42) ഇനിയുള്ള സമയം അവർ യേശുവിന്റെകൂടെത്തന്നെ ആയിരിക്കണം. യേശു പോയതിനു ശേഷം ശുശ്രൂഷ തുടരാൻ വേണ്ട പരിശീലനം നേടുന്നതിന് അത് ആവശ്യമാണ്.
യേശു കടൽത്തീരത്തുകൂടി നടക്കുമ്പോൾ ശിമോൻ പത്രോസിനെയും സഹോദരൻ അന്ത്രയോസിനെയും അവരുടെകൂടെ ജോലി ചെയ്യുന്ന മറ്റു ചിലരെയും കാണുന്നു. അവർ വല കഴുകുകയാണ്. യേശു അങ്ങോട്ടു ചെന്ന് പത്രോസിന്റെ വള്ളത്തിൽ കയറി, അതു കരയിൽനിന്ന് അൽപ്പം നീക്കാൻ ആവശ്യപ്പെടുന്നു. എന്നിട്ട് അതിലിരുന്ന് ദൈവരാജ്യത്തെക്കുറിച്ചുള്ള സത്യങ്ങൾ അവിടെ കൂടിയ ജനക്കൂട്ടത്തെ പഠിപ്പിക്കാൻതുടങ്ങി.
അതിനു ശേഷം യേശു പത്രോസിനോട് “ആഴമുള്ളിടത്തേക്കു നീക്കി വല ഇറക്കുക” എന്നു പറയുന്നു. അപ്പോൾ പത്രോസ് പറയുന്നു: “ഗുരുവേ, ഞങ്ങൾ രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല. എങ്കിലും അങ്ങ് പറഞ്ഞതുകൊണ്ട് ഞാൻ വല ഇറക്കാം.”—ലൂക്കോസ് 5:4, 5.
അവർ വലയിറക്കുമ്പോൾ വലിയൊരു മീൻകൂട്ടം വലയിൽപ്പെടുന്നു. അതിന്റെ ഭാരം കാരണം വല കീറാൻതുടങ്ങുന്നു! പെട്ടെന്ന് അവർ അടുത്ത വള്ളത്തിലുള്ളവരോടു വന്ന് സഹായിക്കാൻ ആംഗ്യം കാണിക്കുന്നു. രണ്ടു വള്ളങ്ങളും മുങ്ങാറാകുന്നതുവരെ അവർ മീൻ നിറയ്ക്കുന്നു. ഇതു കണ്ട് പത്രോസ് യേശുവിനു മുമ്പാകെ വീണ് ഇങ്ങനെ പറയുന്നു: “കർത്താവേ, ഞാനൊരു പാപിയാണ്. എന്നെ വിട്ട് പോയാലും.” അപ്പോൾ യേശു പറയുന്നു: “പേടിക്കാതിരിക്കൂ! നീ ഇനിമുതൽ മനുഷ്യരെ ജീവനോടെ പിടിക്കും.”—ലൂക്കോസ് 5:8, 10.
യേശു പത്രോസിനോടും അന്ത്രയോസിനോടും പറയുന്നു: “എന്റെകൂടെ വരൂ, ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം.” (മത്തായി 4:19) വേറെ രണ്ടു മീൻപിടുത്തക്കാരെക്കൂടി യേശു വിളിക്കുന്നു. സെബെദിയുടെ പുത്രന്മാരായ യാക്കോബും യോഹന്നാനും ആണ് അത്. ഒരു മടിയുംകൂടാതെ അവരും യേശുവിനെ അനുഗമിക്കുന്നു. അങ്ങനെ നാലു പേരും തങ്ങളുടെ മീൻപിടുത്തം ഉപേക്ഷിച്ച് യേശുവിന്റെ ആദ്യത്തെ മുഴുസമയശിഷ്യന്മാരാകുന്നു.