വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 38

യേശു​വിൽനി​ന്നു കേൾക്കാൻ യോഹ​ന്നാൻ ആഗ്രഹി​ക്കു​ന്നു

യേശു​വിൽനി​ന്നു കേൾക്കാൻ യോഹ​ന്നാൻ ആഗ്രഹി​ക്കു​ന്നു

മത്തായി 11:2-15; ലൂക്കോസ്‌ 7:18-30

  • യേശു​വി​ന്റെ പങ്കി​നെ​ക്കു​റിച്ച്‌ സ്‌നാ​പ​ക​യോ​ഹ​ന്നാൻ ചോദി​ക്കു​ന്നു

  • യേശു യോഹ​ന്നാ​നെ പ്രശം​സി​ക്കു​ന്നു

ഏതാണ്ട്‌ ഒരു വർഷമാ​യി സ്‌നാ​പ​ക​യോ​ഹ​ന്നാൻ ജയിലി​ലാണ്‌. പക്ഷേ, യേശു ചെയ്യുന്ന അത്ഭുത​ങ്ങ​ളെ​ക്കു​റി​ച്ചൊ​ക്കെ യോഹ​ന്നാൻ കേൾക്കു​ന്നുണ്ട്‌. നയിനി​ലെ വിധവ​യു​ടെ മകനെ യേശു ഉയിർപ്പിച്ച കാര്യം ശിഷ്യ​ന്മാർ പറയു​മ്പോൾ യോഹ​ന്നാന്‌ എന്തായി​രി​ക്കും തോന്നു​ന്ന​തെന്ന്‌ ആലോ​ചി​ച്ചു നോക്കൂ! പക്ഷേ ഇതി​ന്റെ​യെ​ല്ലാം അർഥം എന്താ​ണെന്ന്‌ യേശു​വിൽനിന്ന്‌ നേരിട്ടു കേൾക്കാൻ യോഹ​ന്നാൻ ആഗ്രഹി​ക്കു​ന്നു. അതു​കൊണ്ട്‌ അദ്ദേഹം രണ്ടു ശിഷ്യ​ന്മാ​രെ അയയ്‌ക്കു​ന്നു. എന്തിനാണ്‌? “വരാനി​രി​ക്കു​ന്ന​യാൾ അങ്ങുത​ന്നെ​യാ​ണോ, അതോ ഇനി മറ്റൊ​രാ​ളെ ഞങ്ങൾ കാത്തി​രി​ക്ക​ണോ” എന്നു യേശു​വി​നോ​ടു ചോദി​ക്കാൻ.​—ലൂക്കോസ്‌ 7:19.

ആ ചോദ്യം വിചി​ത്ര​മായ ഒന്നാ​ണെന്നു തോന്നു​ന്നു​ണ്ടോ? യോഹ​ന്നാൻ ഒരു ദൈവ​ഭ​ക്ത​നാണ്‌. രണ്ടു വർഷം മുമ്പ്‌ യേശു​വി​നെ സ്‌നാ​ന​പ്പെ​ടു​ത്തു​മ്പോൾ ദൈവാ​ത്മാവ്‌ യേശു​വി​ന്റെ മേൽ വരുന്നതു യോഹ​ന്നാൻ കണ്ടതാണ്‌. യേശു​വി​നു ദൈവാം​ഗീ​കാ​രം ഉണ്ടെന്നു പറയുന്ന ശബ്ദം യോഹ​ന്നാൻ കേട്ടതു​മാണ്‌. എന്തായാ​ലും യോഹ​ന്നാ​ന്റെ വിശ്വാ​സം ക്ഷയിച്ചു​പോ​യെന്നു ചിന്തി​ക്കാൻ കാരണ​മൊ​ന്നും ഇല്ല. അല്ലായി​രു​ന്നെ​ങ്കിൽ യോഹ​ന്നാ​നെ​ക്കു​റിച്ച്‌ യേശു ഇപ്പോൾ ഇത്രയ​ധി​കം പുകഴ്‌ത്തി​പ്പ​റ​യി​ല്ലാ​യി​രു​ന്ന​ല്ലോ. പക്ഷേ യോഹ​ന്നാ​നു സംശയ​മൊ​ന്നും ഇല്ലെങ്കിൽ പിന്നെ എന്തിനാണ്‌ യേശു​വി​നെ​ക്കു​റിച്ച്‌ ഇങ്ങനെ ചോദി​ക്കു​ന്നത്‌?

യേശു​വാ​ണു മിശിഹ എന്നതിനു യേശു​വിൽനി​ന്നു​തന്നെ തെളിവു ലഭിക്കാൻ യോഹ​ന്നാൻ ചില​പ്പോൾ ആഗ്രഹി​ക്കു​ന്നു​ണ്ടാ​കും. ജയിലി​ലെ ദുരി​ത​ത്തി​നി​ട​യിൽ ഇതു യോഹ​ന്നാ​നു ശക്തി പകരും. സാധ്യ​ത​യ​നു​സ​രിച്ച്‌ യോഹ​ന്നാൻ ആ ചോദ്യം ചോദി​ക്കു​ന്ന​തി​നു മറ്റൊരു കാരണ​വു​മുണ്ട്‌. ദൈവ​ത്തി​ന്റെ അഭിഷി​ക്തൻ ഒരു രാജാ​വും വിമോ​ച​ക​നും ആകു​മെ​ന്നുള്ള ബൈബിൾ പ്രവച​നങ്ങൾ യോഹ​ന്നാന്‌ അറിയാം. യേശു​വി​നെ സ്‌നാ​ന​പ്പെ​ടു​ത്തി​യിട്ട്‌ ഇപ്പോൾ മാസങ്ങൾ കഴിഞ്ഞി​രി​ക്കു​ന്നു. പക്ഷേ യോഹ​ന്നാൻ ഇപ്പോ​ഴും ജയിലി​ലാണ്‌. അതു​കൊണ്ട്‌ മിശിഹ ചെയ്യു​മെന്നു മുൻകൂ​ട്ടി​പ്പറഞ്ഞ കാര്യ​ങ്ങ​ളൊ​ക്കെ പൂർണ​മാ​യി നിറ​വേ​റ്റാൻ യേശു​വി​ന്റെ പിൻഗാ​മി​യാ​യി​ട്ടു മറ്റൊ​രാൾ വരുമോ എന്നു യോഹ​ന്നാൻ ചോദി​ക്കു​ന്നു.

യോഹ​ന്നാ​ന്റെ ശിഷ്യ​ന്മാ​രോട്‌ ‘തീർച്ച​യാ​യും ആ വരാനി​രി​ക്കു​ന്നവൻ ഞാൻത​ന്നെ​യാണ്‌ ’ എന്നു പറയു​ന്ന​തി​നു പകരം തനിക്കു ദൈവ​ത്തി​ന്റെ അംഗീ​കാ​ര​മു​ണ്ടെന്നു തെളി​യി​ക്കാൻ യേശു എല്ലാ തരം അസുഖ​ങ്ങ​ളും രോഗ​ങ്ങ​ളും ഉള്ള അനേകരെ സുഖ​പ്പെ​ടു​ത്തു​ന്നു. പിന്നെ യേശു ആ ശിഷ്യ​ന്മാ​രോ​ടു പറയുന്നു: “നിങ്ങൾ കാണു​ക​യും കേൾക്കു​ക​യും ചെയ്യു​ന്നത്‌, പോയി യോഹ​ന്നാ​നെ അറിയി​ക്കുക: അന്ധർ കാണുന്നു, മുടന്തർ നടക്കുന്നു, കുഷ്‌ഠ​രോ​ഗി​കൾ ശുദ്ധരാ​കു​ന്നു, ബധിരർ കേൾക്കു​ന്നു, മരിച്ചവർ ഉയിർത്തെ​ഴു​ന്നേൽക്കു​ന്നു, ദരി​ദ്ര​രോ​ടു സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നു.”​—മത്തായി 11:4, 5.

യോഹ​ന്നാ​ന്റെ ചോദ്യം കേൾക്കു​മ്പോൾ, യേശു ഇപ്പോൾ ചെയ്യു​ന്ന​തി​ലും കൂടു​ത​ലാ​യി എന്തെങ്കി​ലും ഒക്കെ ചെയ്യു​മെ​ന്നും ഒരുപക്ഷേ യോഹ​ന്നാ​നെ ജയിലിൽനിന്ന്‌ മോചി​പ്പി​ക്കു​മെ​ന്നും യോഹ​ന്നാൻ പ്രതീ​ക്ഷി​ക്കു​ന്ന​താ​യി തോന്നു​ന്നു. എന്നാൽ താൻ ഇപ്പോൾ ചെയ്യു​ന്ന​തി​ലും കൂടു​ത​ലായ അത്ഭുത​ങ്ങ​ളൊ​ന്നും പ്രതീ​ക്ഷി​ക്ക​രു​തെന്നു യേശു യോഹ​ന്നാ​നോ​ടു പറയുന്നു.

യോഹ​ന്നാ​ന്റെ ശിഷ്യ​ന്മാർ പോകു​മ്പോൾ യോഹ​ന്നാൻ വെറു​മൊ​രു പ്രവാ​ച​കനല്ല എന്ന്‌ യേശു ജനക്കൂ​ട്ട​ത്തോ​ടു പറയുന്നു. മലാഖി 3:1-ൽ യഹോവ മുൻകൂ​ട്ടി​പ്പറഞ്ഞ ‘സന്ദേശ​വാ​ഹ​ക​നാണ്‌’ യോഹ​ന്നാൻ. മലാഖി 4:5, 6-ൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കുന്ന ഏലിയ പ്രവാ​ച​ക​നു​മാണ്‌ അദ്ദേഹം. യേശു വിശദീ​ക​രി​ക്കു​ന്നു: “സ്‌ത്രീ​കൾക്കു ജനിച്ച​വ​രിൽ സ്‌നാ​പ​ക​യോ​ഹ​ന്നാ​നെ​ക്കാൾ വലിയ​വ​നാ​യി ആരും എഴു​ന്നേ​റ്റി​ട്ടില്ല. എന്നാൽ സ്വർഗ​രാ​ജ്യ​ത്തി​ലെ ചെറി​യ​വ​രിൽ ഒരാൾപ്പോ​ലും യോഹ​ന്നാ​നെ​ക്കാൾ വലിയ​വ​നാണ്‌ എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു.”​—മത്തായി 11:11.

സ്വർഗ​രാ​ജ്യ​ത്തി​ലെ ചെറി​യ​വൻപോ​ലും യോഹ​ന്നാ​നെ​ക്കാൾ വലിയ​വ​നാ​ണെന്നു പറഞ്ഞ​പ്പോൾ യോഹ​ന്നാൻ സ്വർഗ​രാ​ജ്യ​ത്തിൽ കാണില്ല എന്നു യേശു വ്യക്തമാ​ക്കു​ക​യാ​യി​രു​ന്നു. യോഹ​ന്നാൻ യേശു​വി​നു വഴി​യൊ​രു​ക്കി​യെ​ങ്കി​ലും സ്വർഗ​ത്തി​ലേക്കു പോകാ​നുള്ള വഴി യേശു തുറക്കു​ന്ന​തി​നു മുമ്പേ യോഹ​ന്നാൻ മരിക്കു​ന്നു. (എബ്രായർ 10:19, 20) യോഹ​ന്നാൻ പക്ഷേ ദൈവ​ത്തി​ന്റെ ഒരു വിശ്വസ്‌ത​പ്ര​വാ​ച​ക​നാണ്‌. ദൈവ​രാ​ജ്യ​ത്തിൽ ഭൂമി​യിൽ താമസി​ക്കുന്ന ഒരു പ്രജയാ​യി​രി​ക്കു​ക​യും ചെയ്യും.