അധ്യായം 9
നസറെത്തിൽ വളരുന്നു
മത്തായി 13:55, 56; മർക്കോസ് 6:3
-
യോസേഫിന്റെയും മറിയയുടെയും കുടുംബം വലുതാകുന്നു
-
യേശു ഒരു തൊഴിൽ പഠിക്കുന്നു
യേശു വളരുന്നതു നസറെത്തിലാണ്. അത്ര പ്രാധാന്യമൊന്നും ഇല്ലാത്ത ചെറിയൊരു നഗരമാണ് അത്. അങ്ങു വടക്ക്, ഗലീലക്കടൽ എന്നു വിളിക്കുന്ന വലിയ തടാകത്തിന്റെ പടിഞ്ഞാറുള്ള ഗലീല മലനാട്ടിലാണ് ഈ നഗരം.
യേശുവിന് ഏകദേശം രണ്ടു വയസ്സുള്ളപ്പോഴാണ് യോസേഫും മറിയയും ഈജിപ്തിൽനിന്ന് യേശുവിനെ നസറെത്തിൽ കൊണ്ടുവരുന്നത്. സാധ്യതയനുസരിച്ച് ഈ സമയത്ത് അവർക്ക് യേശു അല്ലാതെ വേറെ മക്കളൊന്നുമില്ല. പിന്നീട് യേശുവിന്റെ അർധസഹോദരന്മാർ ജനിക്കുന്നു, യാക്കോബ്, യോസേഫ്, ശിമോൻ, യൂദാസ് എന്നിവരാണ് അവർ. യോസേഫിനും മറിയയ്ക്കും പെൺകുട്ടികളും ജനിക്കുന്നു, അതായത് യേശുവിന്റെ അർധസഹോദരിമാർ. യേശുവിന് ആറ് ഇളയ സഹോദരീസഹോദരന്മാരെങ്കിലും ഉണ്ട്.
യേശുവിനു മറ്റു ബന്ധുക്കളുമുണ്ട്. എലിസബത്തിനെക്കുറിച്ചും മകൻ യോഹന്നാനെക്കുറിച്ചും നമുക്ക് അറിയാമല്ലോ. അവർ താമസിക്കുന്നത് യഹൂദ്യയിൽ കുറെ കിലോമീറ്റർ തെക്കു മാറിയാണ്. ഗലീലയിൽ അടുത്ത് താമസിക്കുന്നത് സാധ്യതയനുസരിച്ച് ശലോമയാണ്. മറിയയുടെ സഹോദരിയായിരിക്കണം ശലോമ. ശലോമയുടെ ഭർത്താവാണ് സെബെദി. അവരുടെ രണ്ടു മക്കൾ യാക്കോബും യോഹന്നാനും. അങ്ങനെ യേശുവിന് അവരുമായി അടുത്ത ബന്ധമുണ്ട്. ചെറുപ്പത്തിൽ യേശു ആ കുട്ടികളുടെകൂടെ എത്രമാത്രം സമയം ചെലവഴിച്ചു എന്നൊന്നും നമുക്ക് അറിയില്ല. എന്നാൽ പിന്നീട് ആ രണ്ടു പേരും യേശുവിന്റെ ഉറ്റ ചങ്ങാതിമാരായി. യേശുവിന്റെ അപ്പോസ്തലന്മാരായിത്തീർന്നു അവർ.
വളർന്നു വലുതാകുന്ന കുടുംബത്തെ പോറ്റാൻ യോസേഫിന് നന്നായി അധ്വാനിക്കണം. യോസേഫ് ഒരു മരപ്പണിക്കാരനാണ്. സ്വന്തം മോനെപ്പോലെയാണ് യോസേഫ് യേശുവിനെ വളർത്തുന്നത്. അതുകൊണ്ട് ‘മരപ്പണിക്കാരന്റെ മകൻ’ എന്ന് യേശുവിനെ വിളിച്ചിരുന്നു. മത്തായി 13:55) യേശുവിനെയും യോസേഫ് മരപ്പണി പഠിപ്പിച്ചു. യേശു അതു നന്നായി പഠിക്കുകയും ചെയ്തു. “ഇയാൾ ഒരു മരപ്പണിക്കാരനല്ലേ?” എന്നുപോലും ആളുകൾ യേശുവിനെക്കുറിച്ച് പിന്നീടു പറഞ്ഞു.—മർക്കോസ് 6:3.
(യഹോവയുടെ ആരാധനയെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു യോസേഫിന്റെയും കുടുംബത്തിന്റെയും ജീവിതം. ദൈവം ഇസ്രായേല്യർക്കു കൊടുത്ത നിയമത്തിൽ ആവശ്യപ്പെട്ടതുപോലെ യോസേഫും മറിയയും “വീട്ടിലായിരിക്കുമ്പോഴും നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും” മക്കളെ ആത്മീയകാര്യങ്ങൾ പഠിപ്പിക്കുന്നു. (ആവർത്തനം 6:6-9) നസറെത്തിൽ ഒരു സിനഗോഗുണ്ട്. ദൈവത്തെ ആരാധിക്കാനായി യോസേഫ് കുടുംബത്തെ അവിടെയും പതിവായി കൊണ്ടുപോകുന്നു. “എല്ലാ ശബത്തിലും ചെയ്യാറുള്ളതുപോലെ” യേശു സിനഗോഗിൽ പോയി എന്നു പിന്നീടു നമ്മൾ വായിക്കുന്നുണ്ട്. (ലൂക്കോസ് 4:16) യരുശലേമിൽ യഹോവയുടെ ആലയത്തിലേക്കുള്ള പതിവ് യാത്രകളും ഈ കുടുംബത്തിന് എന്ത് ഇഷ്ടമായിരുന്നെന്നോ!