അധ്യായം 90
“പുനരുത്ഥാനവും ജീവനും”
-
ലാസർ മരിച്ചതിനു ശേഷം യേശു എത്തുന്നു
-
“പുനരുത്ഥാനവും ജീവനും”
പെരിയയിൽനിന്ന് യേശു ഇപ്പോൾ ബഥാന്യയുടെ പ്രാന്തപ്രദേശത്ത് എത്തിയിരിക്കുന്നു. യരുശലേമിന് ഏകദേശം മൂന്ന് കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ഇത്. അവിടെ ലാസറിന്റെ പെങ്ങന്മാരായ മറിയയും മാർത്തയും ആങ്ങളയുടെ മരണത്തിൽ ദുഃഖിച്ചിരിക്കുകയാണ്. അവരെ ആശ്വസിപ്പിക്കാൻ പലരും അവിടെ എത്തിയിട്ടുണ്ട്.
യേശു വരുന്നുണ്ടെന്ന് ആരോ മാർത്തയോട് പറയുന്നു. ഇതു കേട്ട് മാർത്ത തിടുക്കത്തിൽ യേശുവിനെ കാണാൻ പോകുന്നു. മാർത്ത യേശുവിനോടു പറയുന്നു: “കർത്താവേ, അങ്ങ് ഇവിടെയുണ്ടായിരുന്നെങ്കിൽ എന്റെ ആങ്ങള മരിക്കില്ലായിരുന്നു.” കഴിഞ്ഞ നാലു ദിവസവും അവർ ഇങ്ങനെതന്നെ ചിന്തിച്ചിട്ടുണ്ടാകും. പക്ഷേ മാർത്തയ്ക്ക് ഇപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു. അതുകൊണ്ട് മാർത്ത ഇങ്ങനെ പറയുന്നു: “അങ്ങ് ചോദിക്കുന്നത് എന്തും ദൈവം തരുമെന്ന് ഇപ്പോൾപ്പോലും എനിക്ക് ഉറപ്പുണ്ട്.” (യോഹന്നാൻ 11:21, 22) തന്റെ ആങ്ങളയെ ഇപ്പോഴും യേശുവിനു സഹായിക്കാൻ കഴിയുമെന്നു മാർത്തയ്ക്ക് തോന്നുന്നു.
യേശു മാർത്തയോട്: “നിന്റെ ആങ്ങള എഴുന്നേറ്റുവരും” എന്നു പറഞ്ഞു. ഇതു കേട്ട മാർത്ത കരുതിയത് ഭാവിയിൽ ഭൂമിയിൽ നടക്കാൻ പോകുന്ന പുനരുത്ഥാനത്തെക്കുറിച്ചാണ് യേശു പറയുന്നത് എന്നാണ്. അബ്രാഹാമും മറ്റു ദൈവദാസരും വിശ്വസിച്ചിരുന്നതുപോലെ മാർത്തയും ആ പുനരുത്ഥാനത്തിൽ വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ് യേശുവിനോട്, “അവസാനനാളിലെ പുനരുത്ഥാനത്തിൽ ലാസർ എഴുന്നേറ്റുവരുമെന്ന് എനിക്ക് അറിയാം” എന്നു മാർത്ത പറഞ്ഞത്.—യോഹന്നാൻ 11:23, 24.
എന്നാൽ യേശുവിന് അവരെ ഇപ്പോൾത്തന്നെ സഹായിക്കാൻ കഴിയുമായിരുന്നോ? ദൈവം മരണത്തിൻമേൽപ്പോലും തനിക്ക് അധികാരം നൽകിയിട്ടുണ്ടെന്ന കാര്യം യേശു ഇങ്ങനെ പറഞ്ഞുകൊണ്ട് മാർത്തയെ ഓർമിപ്പിക്കുന്നു: “എന്നിൽ വിശ്വസിക്കുന്നയാൾ മരിച്ചാലും ജീവനിലേക്കു വരും. എന്നിൽ വിശ്വസിച്ച് ജീവിക്കുന്ന ആരും ഒരിക്കലും മരിക്കുകയുമില്ല.”—യോഹന്നാൻ 11:25, 26.
അന്നു ജീവിച്ചിരുന്ന യേശുവിന്റെ ശിഷ്യന്മാർ ഒരിക്കലും മരിക്കില്ലെന്നല്ല ആ വാക്കുകളുടെ അർഥം. കാരണം, താനും മരിക്കേണ്ട വ്യക്തിയാണെന്ന് യേശു അപ്പോസ്തലന്മാരോടു സൂചിപ്പിച്ചിരുന്നു. (മത്തായി 16:21; 17:22, 23) പിന്നെ എന്തായിരുന്നു അതിന്റെ അർഥം? തന്നിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവൻ നേടാൻ കഴിയുമെന്ന കാര്യത്തിന് യേശു ഊന്നൽ നൽകുകയായിരുന്നു. പുനരുത്ഥാനത്തിലൂടെയായിരിക്കും പലരും ആ നിത്യജീവൻ നേടുന്നത്. എന്നിരുന്നാലും ഈ വ്യവസ്ഥിതിയുടെ അവസാനത്തിൽ ജീവിക്കുന്ന വിശ്വസ്തരായ പലർക്കും ചിലപ്പോൾ ഒരിക്കലും മരിക്കേണ്ടിവരില്ല. ഇതിൽ ഏതു കൂട്ടത്തിൽപ്പെട്ട ആളായാലും യേശുവിൽ വിശ്വാസം അർപ്പിക്കുന്നവരാണെങ്കിൽ അവർക്ക് നിത്യമായ മരണത്തെ നേരിടേണ്ടിവരില്ലെന്ന് ഉറപ്പുണ്ടായിരിക്കാനാകും.
ലാസർ മരിച്ചിട്ട് ഏതാനും ദിവസങ്ങളായിരിക്കുന്നു. “ഞാനാണു പുനരുത്ഥാനവും ജീവനും” എന്നു പറഞ്ഞ യേശുവിന് ലാസറിന്റെ കാര്യത്തിൽ ഇപ്പോൾ എന്തെങ്കിലും ചെയ്യാൻ കഴിയുമായിരുന്നോ? ഇപ്പോൾ യേശു മാർത്തയോടു ചോദിക്കുന്നു: “നീ ഇതു വിശ്വസിക്കുന്നുണ്ടോ?” അതിന് മാർത്ത: “ഉണ്ട് കർത്താവേ, ലോകത്തേക്കു വരാനിരുന്ന ദൈവപുത്രനായ ക്രിസ്തു അങ്ങാണ് എന്നു ഞാൻ വിശ്വസിക്കുന്നു” എന്നു പറഞ്ഞു. യേശു ഇപ്പോൾ തങ്ങൾക്കുവേണ്ടി എന്തെങ്കിലും ചെയ്യുമെന്നുതന്നെ വിചാരിച്ച് മാർത്ത വീട്ടിലേക്ക് ധൃതിയിൽ പോയി. എന്നിട്ട് മറിയയെ വിളിച്ച് സ്വകാര്യമായി പറഞ്ഞു: “ഗുരു വന്നിട്ടുണ്ട്. നിന്നെ അന്വേഷിക്കുന്നു.” (യോഹന്നാൻ 11:25-28) ഇതു കേട്ട മറിയ ഉടനെ വീട്ടിൽനിന്ന് ഇറങ്ങി. മറിയ ലാസറിന്റെ കല്ലറയിലേക്ക് പോയതാകാം എന്നു കരുതി ചിലർ മറിയയുടെ പിന്നാലെ പോയി.
എന്നാൽ മറിയ യേശുവിന്റെ അടുത്തേക്കാണ് പോയത്. യേശുവിനെ കണ്ടപ്പോൾ മറിയ കാൽക്കൽ വീണ് മാർത്ത പറഞ്ഞതുപോലെതന്നെ ദുഃഖത്തോടെ യേശുവിനോട്: “കർത്താവേ, അങ്ങ് ഇവിടെയുണ്ടായിരുന്നെങ്കിൽ എന്റെ ആങ്ങള മരിക്കില്ലായിരുന്നു” എന്നു പറഞ്ഞു. മറിയയും ജനക്കൂട്ടവും കരയുന്നത് കണ്ടപ്പോൾ യേശു മനംനൊന്ത് കരഞ്ഞു. അത് കണ്ട് മറ്റുള്ളവരും വിഷമിച്ചു. എന്നാൽ അവരിൽ ചിലർ: “അന്ധനു കാഴ്ച കൊടുത്ത ഈ മനുഷ്യനു ലാസർ മരിക്കാതെ നോക്കാൻ കഴിയില്ലായിരുന്നോ” എന്നും ചോദിച്ചു.—യോഹന്നാൻ 11:32, 37.