വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 118

ആരാണ്‌ വലിയവൻ എന്നതി​നെ​ച്ചൊ​ല്ലി​യുള്ള തർക്കം

ആരാണ്‌ വലിയവൻ എന്നതി​നെ​ച്ചൊ​ല്ലി​യുള്ള തർക്കം

മത്തായി 26:31-35; മർക്കോസ്‌ 14:27-31; ലൂക്കോസ്‌ 22:24-38; യോഹ​ന്നാൻ 13:31-38

  • സ്ഥാനമാ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ യേശു ഉപദേശം നൽകുന്നു

  • പത്രോസ്‌ തന്നെ തള്ളിപ്പ​റ​യു​മെന്നു യേശു മുൻകൂ​ട്ടി​പ്പ​റ​യു​ന്നു

  • സ്‌നേഹം എന്ന ഗുണം യേശു​വി​ന്റെ അനുഗാ​മി​കളെ തിരി​ച്ച​റി​യി​ക്കു​ന്നു

അപ്പോ​സ്‌ത​ല​ന്മാ​രും ഒത്തുള്ള അവസാ​നത്തെ രാത്രി​യിൽ അവരുടെ കാലുകൾ കഴുകി​ക്കൊണ്ട്‌ എളിയ സേവന​ത്തി​ന്റെ ഒരു നല്ല പാഠം യേശു അവരെ പഠിപ്പി​ച്ചു. അത്‌ ആവശ്യ​മാ​യി​രു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? അവരുടെ ബലഹീ​ന​ത​യാ​യി​രു​ന്നു അതിനു കാരണം. അവർ ദൈവ​ത്തിന്‌ അർപ്പി​ത​രാ​യി​രു​ന്നു. എങ്കിലും, ആരാണ്‌ വലിയവൻ എന്ന വിഷയം അവരെ അലട്ടി​ക്കൊ​ണ്ടി​രു​ന്നു. (മർക്കോസ്‌ 9:33, 34; 10:35-37) ആ പ്രശ്‌നം വീണ്ടും തലപൊ​ക്കു​ന്നു.

‘ആരാണു വലിയവൻ എന്നതി​നെ​പ്പറ്റി ചൂടു​പി​ടിച്ച ഒരു തർക്കം അപ്പോ​സ്‌ത​ല​ന്മാർക്കി​ട​യിൽ ഉണ്ടായി.’ (ലൂക്കോസ്‌ 22:24) അവർ കൂടെ​ക്കൂ​ടെ ഇതെക്കു​റിച്ച്‌ ഇങ്ങനെ തർക്കി​ക്കു​ന്നത്‌ യേശു​വി​നെ എന്തുമാ​ത്രം വിഷമി​പ്പി​ച്ചി​രി​ക്കും! യേശു ഇപ്പോൾ എന്തു ചെയ്യുന്നു?

അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പെരു​മാ​റ്റ​ത്തെ​യും മനോ​ഭാ​വ​ത്തെ​യും കുറിച്ച്‌ വഴക്കു പറയു​ന്ന​തി​നു പകരം യേശു ക്ഷമയോ​ടെ അവരോ​ടു ന്യായ​വാ​ദം ചെയ്യുന്നു: “ജനതക​ളു​ടെ മേൽ അവരുടെ രാജാ​ക്ക​ന്മാർ ആധിപ​ത്യം നടത്തുന്നു. അവരുടെ മേൽ അധികാ​രം പ്രയോ​ഗി​ക്കു​ന്നവർ സാമൂ​ഹ്യ​സേ​വകർ എന്നു പേരെ​ടു​ക്കു​ന്നു. നിങ്ങളോ അങ്ങനെ​യാ​യി​രി​ക്ക​രുത്‌. . . . ആരാണു വലിയവൻ? ഭക്ഷണത്തിന്‌ ഇരിക്കു​ന്ന​വ​നോ വിളമ്പി​ക്കൊ​ടു​ക്കാൻ നിൽക്കു​ന്ന​വ​നോ?” എന്നിട്ട്‌ യേശു വെച്ച മാതൃക ഓർമി​പ്പി​ച്ചു​കൊണ്ട്‌ ഇങ്ങനെ പറയുന്നു: “എന്നാൽ ഞാൻ നിങ്ങളു​ടെ ഇടയിൽ വിളമ്പി​ക്കൊ​ടു​ക്കു​ന്ന​വ​നെ​പ്പോ​ലെ​യാണ്‌.”​—ലൂക്കോസ്‌ 22:25-27.

ഇങ്ങനെ അവർക്ക്‌ കുറെ കുറവു​ക​ളൊ​ക്കെ ഉണ്ടായി​രു​ന്നെ​ങ്കി​ലും ബുദ്ധി​മു​ട്ടേ​റിയ പല സാഹച​ര്യ​ങ്ങ​ളി​ലും യേശു​വി​നോ​ടൊ​പ്പം അപ്പോ​സ്‌ത​ല​ന്മാർ നിന്നി​ട്ടുണ്ട്‌. അതു​കൊണ്ട്‌ യേശു ഇങ്ങനെ പറയുന്നു: “എന്റെ പിതാവ്‌ എന്നോട്‌ ഒരു ഉടമ്പടി ചെയ്‌തി​രി​ക്കു​ന്ന​തു​പോ​ലെ ഞാനും നിങ്ങ​ളോട്‌ ഒരു ഉടമ്പടി ചെയ്യുന്നു, രാജ്യ​ത്തി​നാ​യുള്ള ഒരു ഉടമ്പടി.” (ലൂക്കോസ്‌ 22:29) അവരെ​ല്ലാം യേശു​വി​ന്റെ വിശ്വ​സ്‌ത​രായ അനുഗാ​മി​ക​ളാണ്‌. യേശു​വും അവരും തമ്മിലുള്ള ഒരു ഉടമ്പടി​യി​ലൂ​ടെ ദൈവ​രാ​ജ്യ​ത്തിൽ രാജാ​ക്ക​ന്മാ​രാ​യി ഭരിക്കാ​നുള്ള പദവി അവർക്കും ഉണ്ടായി​രി​ക്കു​മെന്നു യേശു ഉറപ്പു കൊടു​ക്കു​ന്നു.

അപ്പോ​സ്‌ത​ല​ന്മാർക്ക്‌ ഈ അവിസ്‌മ​ര​ണീ​യ​മായ അനു​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ലും അവർ ഇപ്പോ​ഴും മാംസ​ശ​രീ​ര​മു​ള്ള​വ​രാണ്‌, കുറവു​ക​ളും ഉള്ളവരാണ്‌. യേശു അവരോ​ടു പറയുന്നു: “സാത്താൻ നിങ്ങ​ളെ​യെ​ല്ലാം ഗോതമ്പു പാറ്റു​ന്ന​തു​പോ​ലെ പാറ്റാൻ അനുവാ​ദം ചോദി​ച്ചി​രി​ക്കു​ന്നു.” (ലൂക്കോസ്‌ 22:31) യേശു അവർക്ക്‌ ഇങ്ങനെ​യും മുന്നറി​യി​പ്പു കൊടു​ക്കു​ന്നു: “ഈ രാത്രി നിങ്ങൾ എല്ലാവ​രും എന്നെ ഉപേക്ഷി​ക്കും. കാരണം, ‘ഞാൻ ഇടയനെ വെട്ടും; ആട്ടിൻകൂ​ട്ട​ത്തി​ലെ ആടുകൾ ചിതറി​പ്പോ​കും’ എന്ന്‌ എഴുതി​യി​ട്ടു​ണ്ട​ല്ലോ.”​—മത്തായി 26:31; സെഖര്യ 13:7.

പത്രോസ്‌ വളരെ ആത്മവി​ശ്വാ​സ​ത്തോ​ടെ യേശു​വി​നോട്‌ ഇങ്ങനെ പറയുന്നു: “മറ്റെല്ലാ​വ​രും അങ്ങയെ ഉപേക്ഷി​ച്ചാ​ലും ഒരിക്ക​ലും ഞാൻ അങ്ങയെ ഉപേക്ഷി​ക്കില്ല.” (മത്തായി 26:33) ഒരു കോഴി ആ രാത്രി രണ്ടു പ്രാവ​ശ്യം കൂകു​ന്ന​തി​നു മുമ്പ്‌ പത്രോസ്‌ തന്നെ തള്ളിപ്പ​റ​യു​മെന്ന്‌ യേശു പറയുന്നു. എന്നാലും യേശു ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “നിന്റെ വിശ്വാ​സം നഷ്ടപ്പെ​ടാ​തി​രി​ക്കാൻ ഞാൻ നിനക്കു​വേണ്ടി പ്രാർഥി​ച്ചി​ട്ടുണ്ട്‌. നീ തിരി​ഞ്ഞു​വ​ന്ന​ശേഷം നിന്റെ സഹോ​ദ​ര​ങ്ങളെ ബലപ്പെ​ടു​ത്തണം.” (ലൂക്കോസ്‌ 22:32) എന്നാൽ പത്രോസ്‌ പിന്നെ​യും ഉറച്ച ബോധ്യ​ത്തോ​ടെ ഇങ്ങനെ പറയുന്നു, “അങ്ങയു​ടെ​കൂ​ടെ മരി​ക്കേ​ണ്ടി​വ​ന്നാ​ലും ശരി ഞാൻ ഒരിക്ക​ലും അങ്ങയെ തള്ളിപ്പ​റ​യില്ല.” (മത്തായി 26:35) മറ്റ്‌ അപ്പോ​സ്‌ത​ല​ന്മാ​രും അതുതന്നെ പറയുന്നു.

യേശു തന്റെ ശിഷ്യ​ന്മാ​രോ​ടു പറയുന്നു: “ഞാൻ ഇനി അൽപ്പസ​മയം മാത്രമേ നിങ്ങളു​ടെ​കൂ​ടെ​യു​ണ്ടാ​യി​രി​ക്കൂ. നിങ്ങൾ എന്നെ അന്വേ​ഷി​ക്കും. എന്നാൽ, ‘ഞാൻ പോകു​ന്നി​ട​ത്തേക്കു വരാൻ നിങ്ങൾക്കു കഴിയില്ല’ എന്നു ഞാൻ ജൂതന്മാ​രോ​ടു പറഞ്ഞതു​പോ​ലെ ഇപ്പോൾ നിങ്ങ​ളോ​ടും പറയുന്നു. നിങ്ങൾ തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കണം എന്ന ഒരു പുതിയ കല്‌പന ഞാൻ നിങ്ങൾക്കു തരുക​യാണ്‌. ഞാൻ നിങ്ങളെ സ്‌നേ​ഹി​ച്ച​തു​പോ​ലെ​തന്നെ നിങ്ങളും തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കണം. നിങ്ങളു​ടെ ഇടയിൽ സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ, നിങ്ങൾ എന്റെ ശിഷ്യ​ന്മാ​രാ​ണെന്ന്‌ എല്ലാവ​രും അറിയും.”​—യോഹ​ന്നാൻ 13:33-35.

താൻ ഇനി അൽപ്പസ​മയം മാത്രമേ അവരു​ടെ​കൂ​ടെ​യു​ണ്ടാ​യി​രി​ക്കൂ എന്നു യേശു പറയു​ന്നത്‌ കേട്ട പത്രോസ്‌, “കർത്താവേ, അങ്ങ്‌ എവി​ടേ​ക്കാ​ണു പോകു​ന്നത്‌ ” എന്നു ചോദി​ച്ചു. യേശു പറഞ്ഞു: “ഞാൻ പോകു​ന്നി​ട​ത്തേക്ക്‌ എന്റെ പിന്നാലെ വരാൻ ഇപ്പോൾ നിനക്കു കഴിയില്ല. എന്നാൽ പിന്നീടു നീ വരും.” കാര്യം പിടി​കി​ട്ടാ​തെ പത്രോസ്‌ യേശു​വി​നോ​ടു ചോദി​ക്കു​ന്നു: “കർത്താവേ, ഇപ്പോൾ എനിക്ക്‌ അങ്ങയുടെ പിന്നാലെ വരാൻ പറ്റാത്തത്‌ എന്താണ്‌? അങ്ങയ്‌ക്കു​വേണ്ടി ഞാൻ എന്റെ ജീവൻപോ​ലും കൊടു​ക്കും.”​—യോഹ​ന്നാൻ 13:36, 37.

തന്റെ അപ്പോ​സ്‌ത​ല​ന്മാ​രെ ഗലീല​യിൽ സുവി​ശേ​ഷ​ഘോ​ഷ​ണ​ത്തി​നു വിട്ട​പ്പോൾ പണസ്സഞ്ചി​യോ ഭക്ഷണസ​ഞ്ചി​യോ എടുക്കാ​തെ പോകണം എന്ന്‌ യേശു പറഞ്ഞി​രു​ന്നു. ആ കാര്യ​ത്തെ​ക്കു​റിച്ച്‌ വീണ്ടും യേശു ഇപ്പോൾ പരാമർശി​ക്കു​ന്നു. (മത്തായി 10:5, 9, 10) യേശു അവരോട്‌, “നിങ്ങൾക്കു വല്ല കുറവും വന്നോ” എന്നു ചോദി​ച്ചു. “ഇല്ല” എന്ന്‌ അവർ പറഞ്ഞു. എന്നാൽ ഇനി വരാൻ പോകുന്ന ദിവസ​ങ്ങ​ളിൽ അവർ എന്തു ചെയ്യണം? യേശു അവർക്ക്‌ ഇങ്ങനെ നിർദേശം കൊടു​ക്കു​ന്നു: “പണസ്സഞ്ചി​യു​ള്ളവൻ അത്‌ എടുക്കട്ടെ. ഭക്ഷണസ​ഞ്ചി​യു​ള്ളവൻ അതും എടുക്കട്ടെ. വാളി​ല്ലാ​ത്തവൻ പുറങ്കു​പ്പാ​യം വിറ്റ്‌ ഒരെണ്ണം വാങ്ങട്ടെ. കാരണം, ഞാൻ നിങ്ങ​ളോ​ടു പറയുന്നു, ‘അവനെ നിയമ​ലം​ഘ​ക​രു​ടെ കൂട്ടത്തിൽ എണ്ണി’ എന്ന്‌ എഴുതി​യി​രി​ക്കു​ന്നത്‌ എന്നിൽ നിറ​വേ​റണം. എന്നെക്കു​റിച്ച്‌ എഴുതി​യി​രി​ക്കു​ന്നത്‌ ഇപ്പോൾ സംഭവി​ക്കു​ക​യാണ്‌.”​—ലൂക്കോസ്‌ 22:35-37.

താൻ ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രോ​ടും നിയമ​ലം​ഘ​ക​രോ​ടും ഒപ്പം സ്‌തം​ഭ​ത്തിൽ തറയ്‌ക്ക​പ്പെ​ടുന്ന സമയ​ത്തെ​ക്കു​റിച്ച്‌ യേശു പറയുന്നു. അതിനു ശേഷം തന്റെ അനുഗാ​മി​കൾ കടുത്ത ഉപദ്രവം നേരി​ടും എന്നും യേശു പറയുന്നു. എന്നാൽ അതൊക്കെ നേരി​ടാൻ തങ്ങൾ തയ്യാറാ​ണെന്ന്‌ ശിഷ്യ​ന്മാർക്കു തോന്നി. അതു​കൊ​ണ്ടാണ്‌ അവർ ഇങ്ങനെ പറയു​ന്നത്‌: “കർത്താവേ, ഇതാ ഇവിടെ രണ്ടു വാളുണ്ട്‌.” “അതു മതി” എന്നു യേശു പറയുന്നു. (ലൂക്കോസ്‌ 22:38) രണ്ടു വാൾ അവരുടെ കൈയി​ലു​ണ്ടാ​യി​രു​ന്നത്‌ മറ്റൊരു പ്രധാ​ന​പ്പെട്ട പാഠം അവരെ പഠിപ്പി​ക്കാ​നുള്ള അവസരം യേശു​വി​നു നൽകുന്നു.