അധ്യായം 111
അപ്പോസ്തലന്മാർ അടയാളത്തെക്കുറിച്ച് ചോദിക്കുന്നു
മത്തായി 24:3-51; മർക്കോസ് 13:3-37; ലൂക്കോസ് 21:7-38
-
നാല് ശിഷ്യന്മാർ അടയാളത്തെക്കുറിച്ച് ചോദിക്കുന്നു
-
ഒന്നാം നൂറ്റാണ്ടിലും അതിനു ശേഷവും ഉള്ള നിവൃത്തികൾ
-
നമ്മൾ ജാഗ്രതയുള്ളവരായിരിക്കണം
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു. നീസാൻ 11 അവസാനിക്കാറായി. യേശുവിന്റെ സജീവമായ പ്രവർത്തനവും അവസാനിക്കാൻപോകുകയാണ്. പകൽസമയത്ത് യേശു ദേവാലയത്തിൽ പഠിപ്പിക്കുകയും രാത്രി നഗരത്തിനു പുറത്തുപോയി താമസിക്കുകയും ചെയ്യും. ആളുകൾക്ക് യേശുവിന്റെ പഠിപ്പിക്കൽ വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ട് അവർ “അതിരാവിലെതന്നെ യേശു പറയുന്നതു കേൾക്കാൻ ദേവാലയത്തിലേക്കു വരുമായിരുന്നു.” (ലൂക്കോസ് 21:37, 38) അതെല്ലാം കഴിഞ്ഞുപോയ കഥകൾ. ഇപ്പോൾ യേശുവിനോടുകൂടെ അപ്പോസ്തലന്മാരായ പത്രോസ്, അന്ത്രയോസ്, യാക്കോബ്, യോഹന്നാൻ എന്നിവർ ഒലിവുമലയിൽ ഇരിക്കുന്നു.
ഇവർ നാലു പേർ സ്വകാര്യമായി യേശുവിന്റെ അടുക്കൽ വന്നിരിക്കുകയാണ്. ദേവാലയത്തെക്കുറിച്ച് കേട്ട കാര്യം അവരെ ആശങ്കപ്പെടുത്തുന്നു. കാരണം ഒരു കല്ലിന്മേൽ മറ്റൊരു കല്ലു കാണാത്ത രീതിയിൽ ആലയത്തെ ഇടിച്ചുതകർക്കുമെന്ന് യേശു തൊട്ടുമുമ്പ് പറഞ്ഞതേ ഉള്ളൂ. എന്നാൽ മറ്റു പല കാര്യങ്ങളും അവരുടെ മനസ്സിനെ അലട്ടുന്നു. യേശു നേരത്തേ അവരെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചിരുന്നു: “മനുഷ്യപുത്രൻ വരുന്നതും നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും. അതുകൊണ്ട് നിങ്ങൾ ഒരുങ്ങിയിരിക്കണം.” (ലൂക്കോസ് 12:40) കൂടാതെ ‘മനുഷ്യപുത്രൻ വെളിപ്പെടുന്ന നാളിനെക്കുറിച്ചും’ യേശു പറഞ്ഞിരുന്നു. (ലൂക്കോസ് 17:30) യേശു ഈ പറഞ്ഞ കാര്യങ്ങൾക്ക് ദേവാലയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ? അപ്പോസ്തലന്മാർക്ക് ആകാംക്ഷയായി. “ഇതെല്ലാം എപ്പോഴായിരിക്കും സംഭവിക്കുക? അങ്ങയുടെ സാന്നിധ്യത്തിന്റെയും വ്യവസ്ഥിതി അവസാനിക്കാൻപോകുന്നു എന്നതിന്റെയും അടയാളം എന്തായിരിക്കും, ഞങ്ങൾക്കു പറഞ്ഞുതരാമോ?” എന്ന് അവർ യേശുവിനോടു ചോദിക്കുന്നു.—മത്തായി 24:3.
അവരുടെ കൺവെട്ടത്തുതന്നെയുള്ള ദേവാലയത്തിന്റെ നാശത്തെക്കുറിച്ചായിരിക്കുമോ യേശു പറഞ്ഞതെന്ന് അവർ ചിന്തിച്ചുകാണും. കൂടാതെ മനുഷ്യപുത്രന്റെ സാന്നിധ്യത്തെക്കുറിച്ചും അവർ ചോദിക്കുന്നു. ഈ സന്ദർഭത്തിൽ “കുലീനനായ ഒരു മനുഷ്യൻ” ‘രാജാധികാരം നേടിയിട്ട് വരാൻ യാത്രയായി’ എന്നു യേശു പറഞ്ഞ ദൃഷ്ടാന്തത്തെക്കുറിച്ചും അവർ ചിന്തിച്ചിരിക്കാം. (ലൂക്കോസ് 19:11, 12) എന്നാൽ ഏറ്റവും പ്രധാനമായി അവരെ അമ്പരപ്പിച്ചിരിക്കാൻ സാധ്യതയുള്ളത് ‘വ്യവസ്ഥിതിയുടെ അവസാനത്തിൽ’ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന കാര്യമായിരിക്കും.
അന്ന് നിലവിലിരുന്ന ജൂതവ്യവസ്ഥിതിയും അവിടത്തെ ദേവാലയവും എപ്പോഴായിരിക്കും നശിപ്പിക്കപ്പെടുക എന്നത് മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു അടയാളം യേശു തന്റെ മറുപടിയിൽ നൽകുന്നു. എന്നാൽ ഈ അടയാളത്തിൽ മറ്റു ചില വിവരങ്ങളും യേശു കൊടുക്കുന്നുണ്ട്. ഈ വിവരങ്ങൾ, എപ്പോഴായിരിക്കും യേശുവിന്റെ ‘സാന്നിധ്യമെന്നും’ വ്യവസ്ഥിതിയുടെ അവസാനമെന്നും മനസ്സിലാക്കാൻ ഭാവിയിൽ ജീവിച്ചിരിക്കുന്ന ക്രിസ്ത്യാനികളെ സഹായിക്കുമായിരുന്നു.
വർഷങ്ങൾ കടന്നുപോയപ്പോൾ, യേശുവിന്റെ പ്രവചനം നിറവേറുന്നത് അപ്പോസ്തലന്മാർ നിരീക്ഷിച്ചു. യേശു പറഞ്ഞ പല കാര്യങ്ങളും അവരുടെ കാലത്തുതന്നെ സംഭവിക്കാൻതുടങ്ങി. അതുകൊണ്ട് 37 വർഷം കഴിഞ്ഞ്, അതായത് എ.ഡി. 70-ൽ ജൂതവ്യവസ്ഥിതിയുടെയും അവരുടെ ദേവാലയത്തിന്റെയും നാശം അടുത്തുവന്നപ്പോൾ അന്ന് ജീവിച്ചിരുന്ന ജാഗ്രതയുള്ള ക്രിസ്ത്യാനികൾക്ക് ഒരുങ്ങിയിരിക്കാനായി. എന്നാൽ യേശു മുൻകൂട്ടിപ്പറഞ്ഞ എല്ലാ കാര്യങ്ങളും ആ കാലത്ത് സംഭവിച്ചില്ല. അപ്പോൾ, ദൈവരാജ്യത്തിന്റെ ഭരണാധികാരിയെന്ന നിലയിൽ യേശുവിന്റെ സാന്നിധ്യം തിരിച്ചറിയിക്കുന്ന അടയാളം എന്തായിരിക്കും? യേശു അപ്പോസ്തലന്മാർക്ക് അതിന്റെ ഉത്തരം വെളിപ്പെടുത്തുന്നു.
“യുദ്ധകോലാഹലങ്ങളും യുദ്ധങ്ങളെക്കുറിച്ചുള്ള വാർത്തകളും” കേൾക്കുമെന്നും “ജനത ജനതയ്ക്ക് എതിരെയും രാജ്യം രാജ്യത്തിന് എതിരെയും എഴുന്നേൽക്കും” എന്നും യേശു മുൻകൂട്ടിപ്പറഞ്ഞു. (മത്തായി 24:6, 7) കൂടാതെ, “വലിയ ഭൂകമ്പങ്ങളും ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ ഭക്ഷ്യക്ഷാമങ്ങളും മാരകമായ പകർച്ചവ്യാധികളും ഉണ്ടാകും” എന്നും യേശു പറഞ്ഞു. (ലൂക്കോസ് 21:11) ‘ആളുകൾ നിങ്ങളെ പിടിച്ച് ഉപദ്രവിക്കും’ എന്ന മുന്നറിയിപ്പും യേശു ശിഷ്യന്മാർക്ക് കൊടുക്കുന്നു. (ലൂക്കോസ് 21:12) കള്ളപ്രവാചകന്മാർ എഴുന്നേറ്റ് പലരെയും വഴിതെറ്റിക്കും, നിയമലംഘനം വർധിക്കും, പലരുടെയും സ്നേഹം തണുത്തുപോകും എന്നിങ്ങനെയുള്ള കാര്യങ്ങളും യേശു പറഞ്ഞു. കൂടാതെ “ദൈവരാജ്യത്തിന്റെ ഈ സന്തോഷവാർത്ത എല്ലാ ജനതകളും അറിയാനായി ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും. അപ്പോൾ അവസാനം വരും” എന്ന കാര്യവും യേശു പറഞ്ഞു.—മത്തായി 24:14.
റോമാക്കാർ യരുശലേമിനെ നശിപ്പിച്ച സമയത്തും അതിനു മുമ്പും യേശുവിന്റെ പ്രവചനം ചെറിയ തോതിൽ നിറവേറിയെങ്കിലും ആ പ്രവചനത്തിന്റെ വലിയൊരു നിവൃത്തി പിന്നീടുണ്ടാകുമെന്ന് യേശു ഉദ്ദേശിച്ചിരുന്നോ? യേശു പറഞ്ഞ അതീവപ്രാധാന്യമുള്ള പ്രവചനത്തിന്റെ വലിയ നിവൃത്തി ഈ ആധുനികനാളുകളിൽ നടക്കുന്നത് നിങ്ങൾക്ക് കാണാനാകുന്നുണ്ടോ?
തന്റെ സാന്നിധ്യത്തിന്റെ അടയാളമായി യേശു പറഞ്ഞ ഒരു കാര്യം “നാശം വിതയ്ക്കുന്ന മ്ലേച്ഛവസ്തു” വിശുദ്ധസ്ഥലത്ത് നിൽക്കും എന്നാണ്. (മത്തായി 24:15) എ.ഡി. 66-ൽ ‘മ്ലേച്ഛവസ്തുവായ’ റോമൻ സൈന്യം യരുശലേമിൽ പാളയമടിച്ചു. വിഗ്രഹാരാധനാപരമായ പതാകകളുമായിട്ടാണ് അവർ അവിടെ എത്തിയത്. അവർ യരുശലേമിനെ വളഞ്ഞ് മതിലുകൾ ഇടിച്ചുതകർക്കാനുള്ള ശ്രമം തുടങ്ങി. (ലൂക്കോസ് 21:20) ജൂതന്മാർ യരുശലേമിനെ ‘വിശുദ്ധസ്ഥലമായി’ കണക്കാക്കിയിരുന്നു. അവിടെയാണ് ഇപ്പോൾ ഈ “മ്ലേച്ഛവസ്തു” വന്നു നിൽക്കുന്നത്.
യേശു ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “ലോകാരംഭംമുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും പിന്നെ ഒരിക്കലും സംഭവിക്കില്ലാത്തതും ആയ മഹാകഷ്ടത അന്ന് ഉണ്ടാകും.” എ.ഡി. 70-ൽ റോമാക്കാർ യരുശലേം നശിപ്പിച്ചു. ദേവാലയം ഉൾപ്പെടുന്ന ജൂതന്മാരുടെ ‘വിശുദ്ധനഗരത്തെ’ പിടിച്ചടക്കി, അനേകായിരങ്ങൾ കൊല്ലപ്പെട്ടു. അത് ഒരു മഹാകഷ്ടതയായിരുന്നു. (മത്തായി 4:5; 24:21) ആ നഗരത്തിനും ജൂതജനതയ്ക്കും ഉണ്ടായിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ ഒരു നാശമായിരുന്നു അത്. നൂറ്റാണ്ടുകളായി ജൂതന്മാർ പിൻപറ്റിപ്പോന്ന സംഘടിതമായ ആരാധന അതോടെ അവസാനിച്ചു. യേശുവിന്റെ വാക്കുകളുടെ വലിയ നിവൃത്തി എത്ര പേടിപ്പെടുത്തുന്ന ഒന്നായിരിക്കും!
മുൻകൂട്ടിപ്പറഞ്ഞ നാളുകളിൽ ധൈര്യത്തോടെ
രാജ്യാധികാരത്തിലുള്ള യേശുവിന്റെ സാന്നിധ്യത്തിന്റെയും ഈ വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാളത്തെക്കുറിച്ചുള്ള യേശുവിന്റെ ചർച്ച അവസാനിച്ചിട്ടില്ല. യേശു ഇപ്പോൾ അപ്പോസ്തലന്മാർക്ക് ‘കള്ളക്രിസ്തുക്കളെയും കള്ളപ്രവാചകന്മാരെയും’ കുറിച്ചുള്ള മുന്നറിയിപ്പ് കൊടുക്കുന്നു. “കഴിയുമെങ്കിൽ തിരഞ്ഞെടുത്തിരിക്കുന്നവരെപ്പോലും” അവർ “വഴിതെറ്റിക്കാൻ” ശ്രമിക്കുമെന്ന് യേശു പറയുന്നു. (മത്തായി 24:24) എന്നാൽ അവർ വഴിതെറ്റിക്കപ്പെടില്ല. കാരണം കള്ളക്രിസ്തുക്കൾ കാണാൻ പറ്റുന്ന രീതിയിലായിരിക്കും വരുന്നത്. എന്നാൽ അതിനു വിപരീതമായി യേശുവിന്റെ സാന്നിധ്യം അദൃശ്യമായിരിക്കും.
ഈ വ്യവസ്ഥിതിയുടെ അവസാനത്തിൽ പൊട്ടിപ്പുറപ്പെടാൻ പോകുന്ന മഹാകഷ്ടതയെ പരാമർശിച്ചുകൊണ്ട് യേശു ഇങ്ങനെ പറഞ്ഞു: “സൂര്യൻ ഇരുണ്ടുപോകും. ചന്ദ്രൻ വെളിച്ചം തരില്ല. നക്ഷത്രങ്ങൾ ആകാശത്തുനിന്ന് വീഴും. ആകാശത്തിലെ ശക്തികൾ ആടിയുലയും.” (മത്തായി 24:29) എന്താണ് കൃത്യമായി സംഭവിക്കാൻ പോകുന്നതെന്ന് അപ്പോസ്തലന്മാർക്ക് ശരിക്കും മനസ്സിലായില്ല. പക്ഷേ യേശുവിന്റെ വാക്കുകൾ അവരെ ഭയപ്പെടുത്തി.
ഈ ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ മാനവകുടുംബത്തെ എങ്ങനെ ബാധിക്കും? യേശു പറയുന്നു: “ആകാശത്തിലെ ശക്തികൾ ആടിയുലയുന്നതുകൊണ്ട് ഭൂലോകത്തിന് എന്തു സംഭവിക്കാൻ പോകുന്നു എന്ന ആശങ്ക കാരണം ആളുകൾ പേടിച്ച് ബോധംകെടും.” (ലൂക്കോസ് 21:26) അതെ, മനുഷ്യചരിത്രത്തിലെ ഏറ്റവും ഇരുളടഞ്ഞ സമയമായിട്ടാണ് യേശു അതിനെ വരച്ചുകാട്ടിയിരിക്കുന്നത്.
എന്നാൽ “മനുഷ്യപുത്രൻ ശക്തിയോടെയും വലിയ മഹത്ത്വത്തോടെയും” വരുന്നത് കാണുന്ന എല്ലാവരും വിലപിക്കില്ലെന്ന് യേശു തന്റെ അപ്പോസ്തലന്മാർക്ക് വ്യക്തമാക്കിക്കൊടുക്കുന്നു. (മത്തായി 24:30) “തിരഞ്ഞെടുക്കപ്പെട്ടവരെപ്രതി” ദൈവം ഇടപെടുമെന്ന് യേശു ഇതിനോടകംതന്നെ സൂചിപ്പിച്ചിരുന്നു. (മത്തായി 24:22) യേശു പറഞ്ഞ ഞെട്ടിക്കുന്ന സംഭവവികാസങ്ങളോട് ആ വിശ്വസ്തശിഷ്യന്മാർ എങ്ങനെ പ്രതികരിക്കണമായിരുന്നു? യേശു തന്റെ അനുഗാമികളെ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു: “ഇതെല്ലാം സംഭവിച്ചുതുടങ്ങുമ്പോൾ, നിങ്ങളുടെ മോചനം അടുത്തുവരുന്നതുകൊണ്ട് നിവർന്നുനിൽക്കുക, നിങ്ങളുടെ തല ഉയർത്തിപ്പിടിക്കുക.”—ലൂക്കോസ് 21:28.
യേശു മുൻകൂട്ടിപ്പറഞ്ഞ ആ നാളുകളിൽ ജീവിക്കുന്ന ശിഷ്യന്മാർക്ക് എങ്ങനെയാണ് അന്ത്യം അടുത്തിരിക്കുന്നെന്ന് മനസ്സിലാക്കാൻ കഴിയുക? അത്തി മരത്തെക്കുറിച്ചുള്ള ഒരു ദൃഷ്ടാന്തം യേശു പറയുന്നു: “അത്തി മരത്തിന്റെ ദൃഷ്ടാന്തത്തിൽനിന്ന് പഠിക്കുക: അതിന്റെ ഇളങ്കൊമ്പു തളിർക്കുമ്പോൾ വേനൽ അടുത്തെന്നു നിങ്ങൾ അറിയുന്നല്ലോ. അതുപോലെ, ഇതെല്ലാം കാണുമ്പോൾ മനുഷ്യപുത്രൻ അടുത്ത് എത്തിയെന്ന്, അവൻ വാതിൽക്കലുണ്ടെന്ന്, മനസ്സിലാക്കിക്കൊള്ളുക. ഇതെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ ഒരു കാരണവശാലും നീങ്ങിപ്പോകില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”—മത്തായി 24:32-34.
യേശു പറഞ്ഞ അടയാളത്തിന്റെ വ്യത്യസ്തസവിശേഷതകൾ നിറവേറുന്നത് കാണുമ്പോൾ അവസാനം അടുത്തിരിക്കുന്നെന്ന
കാര്യം യേശുവിന്റെ ശിഷ്യന്മാർ തിരിച്ചറിയണമായിരുന്നു. ആ നിർണായകനാളുകളിൽ ജീവിക്കുന്ന തന്റെ ശിഷ്യന്മാർക്ക് യേശു ഈ ഉദ്ബോധനം നൽകുന്നു:“ആ ദിവസവും മണിക്കൂറും പിതാവിനല്ലാതെ ആർക്കും, സ്വർഗത്തിലെ ദൂതന്മാർക്കോ പുത്രനുപോലുമോ അറിയില്ല. നോഹയുടെ നാളുകൾപോലെതന്നെ ആയിരിക്കും മനുഷ്യപുത്രന്റെ സാന്നിധ്യവും. ജലപ്രളയത്തിനു മുമ്പുള്ള നാളുകളിൽ, നോഹ പെട്ടകത്തിൽ കയറിയ നാൾവരെ അവർ തിന്നും കുടിച്ചും പുരുഷന്മാർ വിവാഹം കഴിച്ചും സ്ത്രീകളെ വിവാഹം കഴിച്ചുകൊടുത്തും പോന്നു. ജലപ്രളയം വന്ന് അവരെ എല്ലാവരെയും തുടച്ചുനീക്കുന്നതുവരെ അവർ ശ്രദ്ധ കൊടുത്തതേ ഇല്ല. മനുഷ്യപുത്രന്റെ സാന്നിധ്യവും അങ്ങനെതന്നെയായിരിക്കും.” (മത്തായി 24:36-39) ഈ സംഭവത്തെ നോഹയുടെ നാളിൽ നടന്ന ആഗോളപ്രളയം എന്ന ചരിത്രസംഭവവുമായിട്ടാണ് യേശു താരതമ്യപ്പെടുത്തിയത്.
യേശുവിനെ ശ്രദ്ധിച്ചുകൊണ്ട് ഒലിവുമലയിൽ ഇരുന്ന അപ്പോസ്തലന്മാർ ജാഗ്രതയോടെ ഇരിക്കേണ്ടതിന്റെ പ്രാധാന്യം ശരിക്കും മനസ്സിലാക്കിയിട്ടുണ്ടാകണം. യേശു പറയുന്നു: “നിങ്ങളുടെ ഹൃദയം അമിതമായ തീറ്റിയും കുടിയും ജീവിതത്തിലെ ഉത്കണ്ഠകളും കാരണം ഭാരപ്പെട്ടിട്ട്, പ്രതീക്ഷിക്കാത്ത നേരത്ത് ആ ദിവസം പെട്ടെന്നൊരു കെണിപോലെ നിങ്ങളുടെ മേൽ വരാതിരിക്കാൻ സൂക്ഷിക്കണം. കാരണം അതു ഭൂമുഖത്തുള്ള എല്ലാവരുടെ മേലും വരും. അതുകൊണ്ട് സംഭവിക്കാനിരിക്കുന്ന ഇക്കാര്യങ്ങളിൽനിന്നെല്ലാം രക്ഷപ്പെടാനും മനുഷ്യപുത്രന്റെ മുന്നിൽ നിൽക്കാനും കഴിയേണ്ടതിന് എപ്പോഴും ഉള്ളുരുകി പ്രാർഥിച്ചുകൊണ്ട് ഉണർന്നിരിക്കുക.”—ലൂക്കോസ് 21:34-36.
താൻ മുൻകൂട്ടിപ്പറയുന്ന കാര്യങ്ങൾക്ക് വിശാലമായ അർഥമുണ്ടെന്ന കാര്യം യേശു ഒരിക്കൽക്കൂടി കാണിച്ചുകൊടുക്കുന്നു. ഏതാനും ദശാബ്ദങ്ങൾക്കുള്ളിൽ യരുശലേം നഗരത്തിനും ജൂതജനതയ്ക്കും മാത്രം സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചല്ല യേശു മുൻകൂട്ടിപ്പറയുന്നത്. അത് “ഭൂമുഖത്തുള്ള എല്ലാവരുടെ മേലും വരും” എന്നാണ് യേശു പറയുന്നത്.
ജാഗ്രതയോടെ ഉണർന്നിരിക്കാനും തയ്യാറായിരിക്കാനും യേശു ശിഷ്യന്മാരോട് പറയുന്നു. മറ്റൊരു ദൃഷ്ടാന്തത്തിലൂടെ യേശു ഇതേകാര്യം വീണ്ടും എടുത്തുപറയുന്നു: “ഒരു കാര്യം ഓർക്കുക: കള്ളൻ വരുന്ന സമയം വീട്ടുകാരന് അറിയാമായിരുന്നെങ്കിൽ അയാൾ ഉണർന്നിരുന്ന് കള്ളൻ വീടു കവർച്ച ചെയ്യാതിരിക്കാൻ നോക്കില്ലായിരുന്നോ? അതുപോലെതന്നെ, നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും മനുഷ്യപുത്രൻ വരുന്നത്. അതുകൊണ്ട് നിങ്ങളും ഒരുങ്ങിയിരിക്കുക.”—മത്തായി 24:43, 44.
പ്രതീക്ഷയോടിരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ യേശു ശിഷ്യന്മാരോടു പറയുന്നു. താൻ മുൻകൂട്ടിപ്പറഞ്ഞ കാര്യങ്ങൾ നിറവേറുന്ന സമയത്ത് ജാഗ്രതയും ഉത്സാഹവും ഉള്ള ഒരു “അടിമ” ഉണ്ടായിരിക്കുമെന്നു യേശു അവർക്ക് ഉറപ്പ് കൊടുക്കുന്നു. അപ്പോസ്തലന്മാർക്കു പെട്ടെന്നു മനസ്സിലാകുന്ന ഒരു കാര്യം യേശു ഇപ്പോൾ പറയുന്നു: “വീട്ടുജോലിക്കാർക്കു തക്കസമയത്ത് ഭക്ഷണം കൊടുക്കാൻ യജമാനൻ അവരുടെ മേൽ നിയമിച്ച വിശ്വസ്തനും വിവേകിയും ആയ അടിമ ആരാണ്? ഏൽപ്പിച്ച ആ ജോലി അടിമ ചെയ്യുന്നതായി, യജമാനൻ വരുമ്പോൾ കാണുന്നെങ്കിൽ ആ അടിമയ്ക്കു സന്തോഷിക്കാം! യജമാനൻ തന്റെ എല്ലാ സ്വത്തുക്കളുടെയും ചുമതല അയാളെ ഏൽപ്പിക്കും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.” എന്നാൽ ആ “അടിമ” ഒരു ദുഷ്ടനായിത്തീരുകയും മറ്റുള്ളവരോടു മോശമായി പെരുമാറുകയും ചെയ്യുന്നെങ്കിൽ യജമാനൻ വന്ന് ‘അയാളെ കഠിനമായി ശിക്ഷിക്കും.’—മത്തായി 24:45-51; ലൂക്കോസ് 12:45, 46 താരതമ്യം ചെയ്യുക.
തന്റെ അനുഗാമികളിൽ കുറെപ്പേർ ഒരു ദുഷ്ടമനോഭാവം വളർത്തിയെടുക്കുമെന്നല്ല യേശു പറഞ്ഞതിന്റെ അർഥം. പിന്നെ എന്തു കാര്യമാണ് തന്റെ ശിഷ്യന്മാർ മനസ്സിലാക്കാൻ യേശു ആഗ്രഹിച്ചത്? അവർ ജാഗ്രതയോടെയും ശ്രദ്ധയോടും ഇരിക്കണമെന്ന കാര്യം. ഇത് യേശു മറ്റൊരു ദൃഷ്ടാന്തത്തിൽ വ്യക്തമാക്കുന്നു.