അധ്യായം 136
ഗലീലക്കടലിന്റെ തീരത്ത്
-
യേശു കടൽത്തീരത്ത് പ്രത്യക്ഷപ്പെടുന്നു
-
പത്രോസും മറ്റുള്ളവരും ദൈവത്തിന്റെ ആടുകളെ തീറ്റണമായിരുന്നു
അപ്പോസ്തലന്മാരുമൊത്തുള്ള അവസാനദിവസം വൈകുന്നേരം യേശു അവരോട് ഇങ്ങനെ പറഞ്ഞിരുന്നു: “ഉയിർപ്പിക്കപ്പെട്ടശേഷം ഞാൻ നിങ്ങൾക്കു മുമ്പേ ഗലീലയ്ക്കു പോകും.” (മത്തായി 26:32; 28:7, 10) ഇതു മനസ്സിലുണ്ടായിരുന്ന യേശുവിന്റെ അനുഗാമികളിൽ പലരും ഗലീലയിലേക്കു പോകുന്നു. എന്നാൽ അവിടെ ചെന്നിട്ട് എന്തു ചെയ്യണമെന്ന് അവർക്കു നിശ്ചയമില്ലായിരുന്നു.
അങ്ങനെയിരിക്കെ, പത്രോസ് കൂടെയിരുന്ന ആറ് അപ്പോസ്തലന്മാരോടു “ഞാൻ മീൻ പിടിക്കാൻ പോകുകയാണ് ” എന്നു പറഞ്ഞു. “ഞങ്ങളും പോരുന്നു” എന്ന് അവർ പറഞ്ഞു. (യോഹന്നാൻ 21:3) രാത്രി മുഴുവൻ ശ്രമിച്ചിട്ടും അവർക്ക് ഒന്നും കിട്ടിയില്ല. നേരം വെളുക്കാറായപ്പോൾ യേശു കടൽത്തീരത്ത് പ്രത്യക്ഷപ്പെട്ടു. എന്നാൽ അത് ആരാണെന്ന് അവർക്കു മനസ്സിലായില്ല. “മക്കളേ, നിങ്ങളുടെ കൈയിൽ കഴിക്കാൻ വല്ലതുമുണ്ടോ” എന്നു യേശു ചോദിച്ചു. “ഇല്ല” എന്ന് അവർ പറഞ്ഞു. “വള്ളത്തിന്റെ വലതുവശത്ത് വല വീശൂ. അപ്പോൾ നിങ്ങൾക്കു കിട്ടും” എന്നു യേശു അവരോടു പറഞ്ഞു. (യോഹന്നാൻ 21:5, 6) വല വലിച്ചുകയറ്റാൻ പറ്റാത്തത്ര മീൻ അവർക്കു കിട്ടി.
“അതു കർത്താവാണ് ” എന്നു പത്രോസിനോടു യോഹന്നാൻ പറഞ്ഞു. (യോഹന്നാൻ 21:7) ഉടനെതന്നെ, അഴിച്ചുവെച്ചിരുന്ന പുറങ്കുപ്പായവും ചുറ്റി പത്രോസ് കടലിലേക്കു ചാടി, 300 അടി നീന്തി കരയ്ക്ക് എത്തി. മറ്റുള്ളവർ മീൻ നിറഞ്ഞ വലയും വലിച്ചുകൊണ്ട് വള്ളത്തിൽ കരയ്ക്ക് എത്തി.
അവർ കരയിൽ എത്തിയപ്പോൾ, “അവിടെ തീക്കനലുകൾ കൂട്ടി അതിൽ മീൻ വെച്ചിരിക്കുന്നതു കണ്ടു; അപ്പവും അവിടെയുണ്ടായിരുന്നു.” യേശു അവരോട്, “നിങ്ങൾ ഇപ്പോൾ പിടിച്ച കുറച്ച് മീൻ കൊണ്ടുവരൂ” എന്നു പറഞ്ഞു. ശിമോൻ പത്രോസ് വല കരയിലേക്കു വലിച്ചുകയറ്റി. അതിൽ 153 വലിയ മീനുകളുണ്ടായിരുന്നു! അപ്പോൾ, “വരൂ, ഭക്ഷണം കഴിക്കാം” എന്നു യേശു അവരോട് പറഞ്ഞു. “അങ്ങ് ആരാണ് ” എന്നു യേശുവിനോടു ചോദിക്കാനുള്ള ധൈര്യം അവർക്കില്ലായിരുന്നു. കാരണം അതു യേശുവാണെന്ന് അവർക്കു മനസ്സിലായി. (യോഹന്നാൻ 21:9-12) ഇതു മൂന്നാം തവണയാണ് യേശു ശിഷ്യന്മാരുടെ കൂട്ടത്തിന് പ്രത്യക്ഷനാകുന്നത്.
യേശു അവർക്കു കഴിക്കാൻ കുറച്ച് അപ്പവും മീനും കൊടുത്തു. എന്നിട്ട് അവർ പിടിച്ച മീനിലേക്കു നോക്കിക്കൊണ്ടായിരിക്കാം യേശു ചോദിക്കുന്നു: “യോഹന്നാന്റെ മകനായ ശിമോനേ, നീ ഇവയെക്കാൾ എന്നെ സ്നേഹിക്കുന്നുണ്ടോ?” യേശു ഏൽപ്പിച്ച വേലയെക്കാൾ പത്രോസിന് ഇഷ്ടം മീൻപിടുത്തമായിരുന്നോ? എന്തായാലും പത്രോസിന്റെ മറുപടി ഇതായിരുന്നു: “ഉണ്ട് കർത്താവേ, എനിക്ക് അങ്ങയെ എത്ര ഇഷ്ടമാണെന്ന് അങ്ങയ്ക്ക് അറിയാമല്ലോ.” അപ്പോൾ യേശു പത്രോസിനോട്, “എന്റെ കുഞ്ഞാടുകളെ തീറ്റുക” എന്നു പറഞ്ഞു.—യോഹന്നാൻ 21:15.
“യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുണ്ടോ” എന്നു യേശു വീണ്ടും ചോദിച്ചു. പിന്നെയും എന്താണ് ഇങ്ങനെ ചോദിക്കുന്നതെന്നു പത്രോസ് ചിന്തിച്ചുകാണും. പത്രോസ് ആത്മാർഥതയോടെ, “ഉണ്ട് കർത്താവേ, എനിക്ക് അങ്ങയെ എത്ര ഇഷ്ടമാണെന്ന് അങ്ങയ്ക്ക് അറിയാമല്ലോ” എന്നു പറഞ്ഞു. യേശു നേരത്തെ പറഞ്ഞതിനു സമാനമായി ഇങ്ങനെ പറയുന്നു: “എന്റെ കുഞ്ഞാടുകളെ മേയ്ക്കുക.”—യോഹന്നാൻ 21:16.
“യോഹന്നാന്റെ മകനായ ശിമോനേ, നിനക്ക് എന്നോട് ഇഷ്ടമുണ്ടോ” എന്നു യേശു മൂന്നാമതും ചോദിക്കുന്നു. തന്റെ വിശ്വസ്തത യേശു സംശയിക്കുന്നതായി പത്രോസിനു തോന്നിക്കാണും. പത്രോസ് ഇങ്ങനെ തറപ്പിച്ചുപറയുന്നു: “കർത്താവേ, അങ്ങയ്ക്ക് എല്ലാം അറിയാം. എനിക്ക് അങ്ങയെ എത്ര ഇഷ്ടമാണെന്ന് അങ്ങയ്ക്ക് അറിയാമല്ലോ.” അപ്പോൾ, പത്രോസ് ചെയ്യേണ്ടത് എന്താണെന്നു വീണ്ടും വ്യക്തമാക്കിക്കൊണ്ട് യേശു പറയുന്നു: “എന്റെ കുഞ്ഞാടുകളെ തീറ്റുക.” (യോഹന്നാൻ 21:17) അതെ, നേതൃത്വമെടുക്കുന്നവർ ദൈവത്തിന്റെ ആട്ടിൻതൊഴുത്തിലേക്കു വരുന്നവർക്കു ശുശ്രൂഷ ചെയ്യണം.
ദൈവം ഏൽപ്പിച്ച വേല ചെയ്തതുകൊണ്ടാണ് യേശുവിനെ അറസ്റ്റു ചെയ്തതും കൊന്നതും. പത്രോസിന്റെ മരണവും ഇതുപോലെയായിരിക്കുമെന്നു വെളിപ്പെടുത്തിക്കൊണ്ട് യേശു ഇങ്ങനെ പറയുന്നു: “ചെറുപ്പമായിരുന്നപ്പോൾ നീ തനിയെ വസ്ത്രം ധരിച്ച് ഇഷ്ടമുള്ളിടത്തൊക്കെ നടന്നു. എന്നാൽ വയസ്സാകുമ്പോൾ നീ കൈ നീട്ടുകയും മറ്റൊരാൾ നിന്നെ വസ്ത്രം ധരിപ്പിക്കുകയും നിനക്ക് ഇഷ്ടമില്ലാത്തിടത്തേക്കു നിന്നെ കൊണ്ടുപോകുകയും ചെയ്യും.” എങ്കിലും, യേശു പത്രോസിനോട്, “തുടർന്നും എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു.—യോഹന്നാൻ 21:18, 19.
അപ്പോസ്തലനായ യോഹന്നാനെ നോക്കിക്കൊണ്ട്, “കർത്താവേ, ഇയാളുടെ കാര്യമോ” എന്നു പത്രോസ് യേശുവിനോടു ചോദിക്കുന്നു. യേശു വളരെയധികം സ്നേഹിച്ച അപ്പോസ്തലന്റെ ഭാവി എന്തായിരിക്കും? യേശു പറയുന്നു: “ഞാൻ വരുന്നതുവരെ ഇവനുണ്ടായിരിക്കണം എന്നാണ് എന്റെ ഇഷ്ടമെങ്കിൽ നിനക്ക് എന്താണ്?” (യോഹന്നാൻ 21:21-23) മറ്റുള്ളവർ എന്തു ചെയ്യുന്നു എന്നു നോക്കാതെ പത്രോസ് യേശുവിനെ അനുഗമിക്കണമായിരുന്നു. യോഹന്നാൻ മറ്റ് അപ്പോസ്തലന്മാരെക്കാൾ കൂടുതൽ കാലം ജീവിക്കുമെന്നും യേശു രാജ്യാധികാരത്തിൽ വരുന്നതിന്റെ ദർശനം യോഹന്നാനു ലഭിക്കുമെന്നും ആയിരുന്നു യേശു ആ വാക്കുകളിലൂടെ സൂചിപ്പിച്ചത്.
യേശു ചെയ്ത മറ്റ് അനേകം കാര്യങ്ങളുണ്ട്. അതൊക്കെ എഴുതാൻപോയാൽ ചുരുളുകൾ മതിയാവില്ല!