അധ്യായം 126
പത്രോസ് യേശുവിനെ തള്ളിപ്പറയുന്നു
മത്തായി 26:69-75; മർക്കോസ് 14:66-72; ലൂക്കോസ് 22:54-62; യോഹന്നാൻ 18:15-18, 25-27
-
പത്രോസ് യേശുവിനെ തള്ളിപ്പറയുന്നു
ഗത്ത്ശെമന തോട്ടത്തിൽവെച്ച് യേശു അറസ്റ്റിലായപ്പോൾ അപ്പോസ്തലന്മാർ യേശുവിനെ ഉപേക്ഷിച്ച് ഓടിപ്പോയി. അവർ വല്ലാതെ ഭയന്നാണ് അവിടം വിട്ട് പോകുന്നത്. എന്നാൽ അവരിൽ രണ്ടു പേർ വീണ്ടും യേശുവിന്റെ പിന്നാലെ ചെല്ലുന്നു. അത് പത്രോസും സാധ്യതയനുസരിച്ച് ‘മറ്റൊരു ശിഷ്യനായ’ യോഹന്നാൻ അപ്പോസ്തലനും ആണ്. (യോഹന്നാൻ 18:15; 19:35; 21:24) അന്നാസിന്റെ വീട്ടിലേക്ക് യേശുവിനെ കൊണ്ടുവന്നപ്പോഴേക്കും അവരും അവിടെ എത്തിക്കാണും. അന്നാസ് യേശുവിനെ മഹാപുരോഹിതനായ കയ്യഫയുടെ അടുത്തേക്ക് അയയ്ക്കുമ്പോൾ പത്രോസും യോഹന്നാനും കുറച്ച് അകലം പാലിച്ച് യേശുവിന്റെ പിന്നാലെ പോകുന്നു. കാരണം തങ്ങളുടെ ജീവൻ അപകടത്തിലാകുമെന്ന് അവർ ഭയപ്പെടുന്നു. എന്നാൽ യേശുവിന് എന്തു സംഭവിക്കുമെന്ന് അറിയണമെന്നും അവർക്കുണ്ട്.
മഹാപുരോഹിതന് അറിയാവുന്ന ആളായിരുന്നു യോഹന്നാൻ. അതുകൊണ്ട് യോഹന്നാന് കയ്യഫയുടെ വീടിന്റെ നടുമുറ്റത്ത് പ്രവേശിക്കാൻ കഴിഞ്ഞു. പക്ഷേ പത്രോസിന് അകത്തേക്കു കടക്കാൻ കഴിഞ്ഞില്ല. യോഹന്നാൻ മടങ്ങിവന്ന് വാതിൽക്കാവൽക്കാരിയായി നിൽക്കുന്ന ദാസിപ്പെൺകുട്ടിയോട് സംസാരിച്ച് പത്രോസിനെയും അകത്തു കയറ്റുന്നു.
രാത്രി നല്ല തണുപ്പായിരുന്നതുകൊണ്ട് നടുമുറ്റത്ത് ആളുകൾ തീ കായുന്നുണ്ടായിരുന്നു. യേശുവിന്റെ വിചാരണയിൽ “എന്തു സംഭവിക്കുമെന്ന് അറിയാൻ” പത്രോസും അവിടെയിരുന്നു. (മത്തായി 26:58) അകത്തേക്കു പ്രവേശിക്കാൻ പത്രോസിനെ അനുവദിച്ച വാതിൽക്കാവൽക്കാരി ഇപ്പോഴാണ് തീയുടെ വെളിച്ചത്തിൽ പത്രോസിനെ ശരിക്കും കാണുന്നത്. “താങ്കളും ഈ മനുഷ്യന്റെ ഒരു ശിഷ്യനല്ലേ” എന്ന് അവൾ ചോദിക്കുന്നു. (യോഹന്നാൻ 18:17) അവൾ മാത്രമല്ല മറ്റുള്ളവരും പത്രോസിനെ തിരിച്ചറിയുന്നു. യേശുവിനോടൊപ്പം പത്രോസും ഉണ്ടായിരുന്നെന്ന് പറഞ്ഞ് അവരും പത്രോസിനെ കുറ്റപ്പെടുത്തുന്നു.—മത്തായി 26:69, 71-73; മർക്കോസ് 14:70.
ഇത് പത്രോസിനെ വല്ലാതെ അസ്വസ്ഥനാക്കി. അതുകൊണ്ട് താൻ യേശുവിനോടൊപ്പം ആയിരുന്നെന്ന കാര്യം പത്രോസ് നിഷേധിക്കുന്നു. ഒരു അവസരത്തിൽ “എനിക്ക് അയാളെ അറിയില്ല. നീ പറയുന്നത് എനിക്കു മനസ്സിലാകുന്നില്ല” എന്നുവരെ പത്രോസ് ആണയിട്ട് പറഞ്ഞു. (മർക്കോസ് 14:67, 68) താൻ പറഞ്ഞ കാര്യം സത്യമല്ലെങ്കിൽ അതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കാൻ തയ്യാറാണെന്ന് സൂചിപ്പിച്ചുകൊണ്ട് പത്രോസ് ‘സ്വയം പ്രാകുകയും’ ചെയ്തു.—മത്തായി 26:74.
ഇതിനിടയിൽ യേശുവിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. സാധ്യതയനുസരിച്ച് കയ്യഫയുടെ വീടിന്റെ മുകളിലത്തെ നിലയിലെ ഒരു മുറിയിൽവെച്ചാണ് വിചാരണ നടക്കുന്നത്. സാക്ഷി പറയാനായി വന്നുപോകുന്നവരെ നടുമുറ്റത്തുള്ള പത്രോസും കൂടെയുള്ളവരും കാണുന്നുണ്ടായിരിക്കാം.
പത്രോസ് ഗലീലക്കാരനാണെന്നു സംസാരരീതിയിൽനിന്ന് അവർക്ക് വ്യക്തമായിരുന്നു. കൂടാതെ അവിടെ കൂടിയിരുന്നവരിൽ ഒരാൾ പത്രോസ് ചെവി മുറിച്ച മൽക്കൊസിന്റെ ബന്ധുവായിരുന്നു. അയാളും പത്രോസിന് എതിരെ തിരിയുന്നു. അയാൾ പറയുന്നു: “ഞാൻ നിന്നെ അയാളുടെകൂടെ തോട്ടത്തിൽവെച്ച് കണ്ടല്ലോ.” എന്നാൽ പത്രോസ് അത് നിഷേധിക്കുന്നു, ഇത് മൂന്നാം പ്രാവശ്യമാണ്. മുൻകൂട്ടിപ്പറഞ്ഞതുപോലെതന്നെ മൂന്നാം പ്രാവശ്യം പത്രോസ് ഇക്കാര്യം നിഷേധിക്കുമ്പോൾ, കോഴി കൂകുന്നു.—യോഹന്നാൻ 13:38; 18:26, 27.
ആ സമയത്ത് യേശു, നടുമുറ്റം കാണാൻ കഴിയുന്ന ഒരു ഭാഗത്തായിരിക്കാം നിന്നിരുന്നത്. കർത്താവ് ഇപ്പോൾ പത്രോസിനെ നോക്കുന്നു. ആ നോട്ടം പത്രോസിന്റെ ഹൃദയം തകർത്തിട്ടുണ്ടാകും. ഏതാനും മണിക്കൂറുകൾക്കു മുമ്പ് യേശു പറഞ്ഞ കാര്യം ഇപ്പോൾ പത്രോസ് ഓർക്കുന്നു. താൻ ചെയ്തതിനെക്കുറിച്ച് ഓർത്തപ്പോൾ പത്രോസ് ആകെ തകർന്നുപോയി! പത്രോസ് പുറത്തുപോയി പൊട്ടിക്കരയുന്നു.—ലൂക്കോസ് 22:61, 62.
അങ്ങനെ സംഭവിക്കാൻ എന്തായിരിക്കും കാരണം? തന്റെ ആത്മീയബലത്തെയും വിശ്വസ്തതയെയും കുറിച്ച് നല്ല ആത്മവിശ്വാസമുണ്ടായിരുന്ന പത്രോസിന് എങ്ങനെ തന്റെ യജമാനനെ തള്ളിപ്പറയാൻ കഴിഞ്ഞു? നിഷ്കളങ്കനായ യേശുവിനോടൊപ്പം പത്രോസിന് നിൽക്കാമായിരുന്നു. എന്നാൽ പത്രോസ് “നിത്യജീവന്റെ വചനങ്ങൾ” ഉള്ള യേശുവിന് പുറംതിരിഞ്ഞു. കാരണം യേശു ഇപ്പോൾ ഒരു നിന്ദ്യനായ കുറ്റവാളിയാണ്. സത്യം വളച്ചൊടിക്കപ്പെട്ടിരിക്കുന്നു.—യോഹന്നാൻ 6:68.
അപ്രതീക്ഷിതമായി വരുന്ന പരിശോധനകളും പ്രലോഭനങ്ങളും നേരിടാൻ വേണ്ടവിധത്തിൽ ഒരു വ്യക്തി തയ്യാറായിരിക്കണം. ഇല്ലെങ്കിൽ എത്ര നല്ല വിശ്വാസവും ഭക്തിയും ഉണ്ടെങ്കിലും അയാളുടെ സമനില തെറ്റിപ്പോയേക്കാം എന്നാണു പത്രോസിന്റെ അനുഭവം കാണിക്കുന്നത്. പത്രോസിന്റെ ഈ അനുഭവം എല്ലാ ദൈവദാസന്മാർക്കും ഒരു മുന്നറിയിപ്പാണ്.