അധ്യായം 139
യേശു ഭൂമിയിൽ വീണ്ടും പറുദീസ കൊണ്ടുവരുന്നു
-
ചെമ്മരിയാടുകൾക്കും കോലാടുകൾക്കും സംഭവിക്കുന്ന കാര്യങ്ങൾ
-
അനേകർ ഭൂമിയിലെ പറുദീസയിൽ ജീവിതം ആസ്വദിക്കും
-
വഴിയും സത്യവും ജീവനും യേശു ആണെന്നു തെളിയുന്നു
യേശു സ്നാനമേറ്റ് അധികം വൈകാതെ, തന്റെ ശുശ്രൂഷ ആരംഭിക്കുന്നതിനു മുമ്പേ, ഒരു ശത്രുവിനെ നേരിട്ടു. തോൽപ്പിക്കാൻ നിശ്ചയിച്ചുറച്ചാണ് ആ ശത്രു വന്നത്. പിശാച് എന്ന ആ ശത്രു യേശുവിനെ പ്രലോഭിപ്പിക്കാൻ പല തവണ ശ്രമിച്ചു. ആ ദുഷ്ടനെക്കുറിച്ച് യേശു പിന്നീട് ഇങ്ങനെ പറഞ്ഞു: “ഈ ലോകത്തിന്റെ ഭരണാധികാരി വരുന്നു. അയാൾക്ക് എന്റെ മേൽ ഒരു അധികാരവുമില്ല.”—യോഹന്നാൻ 14:30.
‘വലിയ ഭീകരസർപ്പത്തിന്, അതായത് പിശാച് എന്നും സാത്താൻ എന്നും അറിയപ്പെടുന്ന ആ പഴയ പാമ്പിന് ’ എന്തു സംഭവിക്കുമെന്ന് അപ്പോസ്തലനായ യോഹന്നാൻ ഒരു ദർശനത്തിൽ കണ്ടു. സ്വർഗത്തിൽനിന്ന് പുറന്തള്ളപ്പെടുന്ന മനുഷ്യരുടെ ആ കൊടിയ ശത്രു തനിക്കു ‘കുറച്ച് കാലമേ ബാക്കിയുള്ളൂ എന്ന് അറിഞ്ഞ് ഉഗ്രേകാപത്തോടെ’ പ്രവർത്തിക്കും. (വെളിപാട് 12:9, 12) ‘കുറച്ച് കാലം’ എന്നു പറഞ്ഞിരിക്കുന്ന ആ സമയത്താണു നമ്മൾ ജീവിക്കുന്നത്. ദൈവരാജ്യത്തിൽ യേശു 1,000 വർഷം ഭരിക്കുന്ന സമയത്ത് ‘ഭീകരസർപ്പമായ ആ പഴയ പാമ്പിനെ’ ഒന്നും ചെയ്യാനാകാത്ത വിധം അഗാധത്തിൽ അടയ്ക്കും. ഇക്കാര്യങ്ങൾ വിശ്വസിക്കാൻ ക്രിസ്ത്യാനികൾക്കു ന്യായമായ കാരണമുണ്ട്.—വെളിപാട് 20:1, 2.
അന്ന് ഭൂമിയിൽ എന്തു സംഭവിക്കും? ആരൊക്കെ ഇവിടെയുണ്ടായിരിക്കും, ഏത് അവസ്ഥയിൽ അവർ ജീവിക്കും? ചെമ്മരിയാടുകളെയും കോലാടുകളെയും കുറിച്ചുള്ള ദൃഷ്ടാന്തത്തിലൂടെ യേശു അതിനുള്ള ഉത്തരം തരുന്നു. ക്രിസ്തുവിന്റെ സഹോദരന്മാരുമായി സഹകരിക്കുകയും അവർക്കു നന്മ ചെയ്യുകയും ചെയ്യുന്ന നീതിമാന്മാർക്കു ഭാവിയിൽ എന്തു സംഭവിക്കുമെന്നു യേശു അതിൽ പറയുന്നു. ഇതിനു വിപരീതമായി പ്രവർത്തിക്കുന്ന കോലാടുതുല്യരായ ആളുകൾക്ക് എന്തു സംഭവിക്കുമെന്നും യേശു വ്യക്തമായി പറയുന്നുണ്ട്. യേശു പറഞ്ഞു: “ഇവരെ (കോലാടുകളെ) എന്നേക്കുമായി നിഗ്രഹിച്ചുകളയും; നീതിമാന്മാർ (ചെമ്മരിയാടുകൾ) നിത്യജീവനിലേക്കും കടക്കും.”—മത്തായി 25:46.
മരണസമയത്ത് തന്റെ അടുത്തുണ്ടായിരുന്ന കുറ്റവാളിയോടു യേശു പറഞ്ഞതിന്റെ അർഥം മനസ്സിലാക്കാൻ ഇതു നമ്മളെ സഹായിക്കും. വിശ്വസ്തരായ അപ്പോസ്തലന്മാരെപ്പോലെ സ്വർഗരാജ്യത്തിന്റെ ഭാഗമായിരിക്കാനുള്ള അവസരമല്ല യേശു ഈ കുറ്റവാളിക്കു വെച്ചുനീട്ടിയത്. പകരം, മാനസാന്തരപ്പെട്ട ആ കുറ്റവാളിക്ക് യേശു ഈ ഉറപ്പാണ് കൊടുക്കുന്നത്: “സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു, നീ എന്റെകൂടെ പറുദീസയിലുണ്ടായിരിക്കും.” (ലൂക്കോസ് 23:43) അങ്ങനെ ഉദ്യാനതുല്യമായ പറുദീസയിൽ ജീവിക്കാനുള്ള അവസരം അദ്ദേഹത്തിനു കിട്ടും. ഭാവിയിൽ യേശു ആളുകളെ ന്യായം വിധിക്കുമ്പോൾ ചെമ്മരിയാടുകളെന്നു കാണുന്നവർക്ക് ‘നിത്യജീവൻ’ ലഭിക്കും. അങ്ങനെ അവരും ആ പറുദീസയിലുണ്ടായിരിക്കും.
ഭൂമിയിലെ അന്നത്തെ അവസ്ഥയെക്കുറിച്ച് അപ്പോസ്തലനായ യോഹന്നാൻ പറഞ്ഞതും ഇതിനു സമാനമാണ്. അദ്ദേഹം പറഞ്ഞു: “ദൈവത്തിന്റെ കൂടാരം മനുഷ്യരുടെകൂടെ. ദൈവം അവരുടെകൂടെ വസിക്കും. അവർ ദൈവത്തിന്റെ ജനമായിരിക്കും. ദൈവം അവരുടെകൂടെയുണ്ടായിരിക്കും. ദൈവം അവരുടെ കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല. പഴയതെല്ലാം കഴിഞ്ഞുപോയി!”—വെളിപാട് 21:3, 4.
പറുദീസയിൽ ജീവിക്കണമെങ്കിൽ ആ കുറ്റവാളി മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കണം. അദ്ദേഹം മാത്രമായിരിക്കില്ല പുനരുത്ഥാനപ്പെടുന്നത്. യേശു ഇങ്ങനെ പറഞ്ഞുകൊണ്ട് ഇത് വ്യക്തമാക്കി: “സ്മാരകക്കല്ലറകളിലുള്ള എല്ലാവരും അവന്റെ ശബ്ദം കേട്ട് പുറത്ത് വരുന്ന സമയം വരുന്നു. നല്ല കാര്യങ്ങൾ ചെയ്തവർക്ക് അതു ജീവനായുള്ള പുനരുത്ഥാനവും മോശമായ കാര്യങ്ങൾ ചെയ്തവർക്ക് അതു ന്യായവിധിക്കായുള്ള പുനരുത്ഥാനവും ആയിരിക്കും.”—യോഹന്നാൻ 5:28, 29.
സ്വർഗത്തിൽ പോകുന്ന വിശ്വസ്തരായ അപ്പോസ്തലന്മാരുടെയും മറ്റുള്ളവരുടെയും കാര്യമോ? ഈ ചെറിയ കൂട്ടത്തെക്കുറിച്ച് ബൈബിൾ പറയുന്നു: “അവർ ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പുരോഹിതന്മാരായിരിക്കും. ക്രിസ്തുവിന്റെകൂടെ അവർ ആ 1,000 വർഷം രാജാക്കന്മാരായി ഭരിക്കുകയും ചെയ്യും.” (വെളിപാട് 20:6) യേശുവിന്റെകൂടെ ഭരിക്കുന്ന ഇവർ ഭൂമിയിൽനിന്നുള്ള സ്ത്രീപുരുഷന്മാരായിരിക്കും. അതുകൊണ്ട് തീർച്ചയായും ഭൂമിയിലുള്ളവരുടെ അവസ്ഥ മനസ്സിലാക്കാൻ കഴിയുന്ന അനുകമ്പയുള്ള ഭരണാധികാരികളായിരിക്കും ഇവർ.—വെളിപാട് 5:10.
കൈമാറിക്കിട്ടിയ പാപം എന്ന ശാപത്തിൽനിന്ന് മനുഷ്യരെ മോചിപ്പിക്കാൻ യേശു തന്റെ ബലിയുടെ മൂല്യം ഉപയോഗിക്കും. യേശുവും സഹഭരണാധികാരികളും വിശ്വസ്തരായ മനുഷ്യരെ പൂർണതയിലേക്ക് എത്തിക്കും. ദൈവം ഉദ്ദേശിച്ചതുപോലുള്ള ഒരു ജീവിതം മനുഷ്യരെല്ലാം അന്ന് ആസ്വദിക്കും. ആദാമിനോടും ഹവ്വയോടും മക്കളെക്കൊണ്ട് ഭൂമി നിറയ്ക്കാൻ പറഞ്ഞപ്പോൾ ഇങ്ങനെയുള്ള ഒരു ജീവിതമാണ് ദൈവം ഉദ്ദേശിച്ചത്. ആദാമിന്റെ പാപത്തിലൂടെ വന്ന മരണംപോലും പിന്നെ ഉണ്ടായിരിക്കില്ല.
യഹോവ തന്നോടു പറഞ്ഞതെല്ലാം യേശു ചെയ്തുതീർക്കും. 1,000 വർഷത്തെ ഭരണത്തിനു ശേഷം യേശു രാജ്യം പിതാവിനെ ഏൽപ്പിക്കും, ഒപ്പം പൂർണതയിലെത്തിയ മനുഷ്യകുടുംബത്തെയും. യേശു ശ്രദ്ധേയമായ ഈ വിധത്തിൽ താഴ്മ കാണിക്കുന്നതിനെക്കുറിച്ച് അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “എന്നാൽ എല്ലാം പുത്രനു കീഴാക്കിക്കൊടുത്തുകഴിയുമ്പോൾ, ദൈവം എല്ലാവർക്കും എല്ലാമാകേണ്ടതിന്, എല്ലാം കീഴാക്കിക്കൊടുത്ത വ്യക്തിക്കു പുത്രനും കീഴ്പെട്ടിരിക്കും.”—1 കൊരിന്ത്യർ 15:28.
ദൈവത്തിന്റെ മഹനീയമായ ഉദ്ദേശ്യങ്ങൾ നടപ്പാക്കുന്നതിലുള്ള യേശുവിന്റെ പങ്ക് വളരെ വലുതാണ്. നിത്യതയിൽ ഉടനീളം അവയോരോന്നും ചുരുളഴിയുമ്പോൾ തന്നെക്കുറിച്ചുതന്നെ യേശു പറഞ്ഞിരിക്കുന്ന വിശദീകരണത്തിനു ചേർച്ചയിൽ യേശു ജീവിക്കും: “ഞാൻതന്നെയാണു വഴിയും സത്യവും ജീവനും.”—യോഹന്നാൻ 14:6.