അധ്യായം 14
യേശുവിന്റെ ആദ്യത്തെ ശിഷ്യന്മാർ
-
യേശുവിന്റെകൂടെ ചേരുന്ന ആദ്യശിഷ്യന്മാർ
വിജനഭൂമിയിൽ 40 ദിവസം താമസിച്ചിട്ട് ഗലീലയിലേക്കു തിരിച്ചു പോകുന്നതിനു മുമ്പ് യേശു, തന്നെ സ്നാനപ്പെടുത്തിയ യോഹന്നാന്റെ അടുത്ത് ചെല്ലുന്നു. യേശു വരുന്നതു കാണുമ്പോൾ അദ്ദേഹത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് യോഹന്നാൻ ചുറ്റുമുള്ളവരോട് പറയുന്നു: “ഇതാ, ലോകത്തിന്റെ പാപം നീക്കിക്കളയുന്ന ദൈവത്തിന്റെ കുഞ്ഞാട്! ഇദ്ദേഹത്തെക്കുറിച്ചാണു മുമ്പ് ഞാൻ ഇങ്ങനെ പറഞ്ഞത്: ‘എന്റെ പിന്നാലെ വരുന്ന ഒരാൾ എന്റെ മുന്നിൽ കയറിയിരിക്കുന്നു. കാരണം എനിക്കും മുമ്പേ അദ്ദേഹമുണ്ടായിരുന്നു.’” (യോഹന്നാൻ 1:29, 30) യോഹന്നാൻ യേശുവിനെക്കാൾ അല്പം മൂത്തതാണ്. പക്ഷേ യേശു ഒരു ആത്മവ്യക്തിയായി സ്വർഗത്തിൽ തനിക്കു മുമ്പേ ഉണ്ടായിരുന്നെന്നു യോഹന്നാന് അറിയാം.
ഏതാനും ആഴ്ചകൾക്കു മുമ്പ് യേശു സ്നാനം ഏൽക്കാൻ വന്നപ്പോൾ യേശുവായിരിക്കും മിശിഹയെന്ന് യോഹന്നാന് അത്ര ഉറപ്പില്ലായിരുന്നെന്നു തോന്നുന്നു. “എനിക്കും അദ്ദേഹത്തെ അറിയില്ലായിരുന്നു. എന്നാൽ അദ്ദേഹത്തെ ഇസ്രായേലിനു വെളിപ്പെടുത്തിക്കൊടുക്കാൻവേണ്ടിയാണു ഞാൻ വെള്ളത്തിൽ സ്നാനപ്പെടുത്തുന്നവനായി വന്നത് ” എന്നു യോഹന്നാൻ സമ്മതിക്കുന്നു.—യോഹന്നാൻ 1:31.
യേശുവിനെ സ്നാനപ്പെടുത്തിയപ്പോൾ എന്താണു സംഭവിച്ചതെന്ന് അവിടെ കൂടിയിരുന്നവരോടു യോഹന്നാൻ പറയുന്നു: “ആത്മാവ് പ്രാവുപോലെ ആകാശത്തുനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു. അത് അദ്ദേഹത്തിന്റെ മേൽ വസിച്ചു. എനിക്കും അദ്ദേഹത്തെ അറിയില്ലായിരുന്നു. എന്നാൽ, വെള്ളത്തിൽ സ്നാനപ്പെടുത്താൻ എന്നെ അയച്ച ദൈവം എന്നോട്, ‘ആത്മാവ് ഇറങ്ങിവന്ന് ആരുടെ മേൽ വസിക്കുന്നതാണോ നീ കാണുന്നത് അവനാണു പരിശുദ്ധാത്മാവുകൊണ്ട് സ്നാനപ്പെടുത്തുന്നവൻ’ എന്നു പറഞ്ഞു. ഞാൻ അതു കണ്ടു. അതുകൊണ്ട് ഇദ്ദേഹമാണു ദൈവപുത്രൻ എന്നു ഞാൻ സാക്ഷി പറഞ്ഞിരിക്കുന്നു.”—യോഹന്നാൻ 1:32-34.
പിറ്റേന്ന് യോഹന്നാനും രണ്ടു ശിഷ്യന്മാരും കൂടെ നിൽക്കുമ്പോൾ വീണ്ടും യേശു അങ്ങോട്ടു വരുന്നു. യോഹന്നാൻ പറയുന്നു: “ഇതാ, ദൈവത്തിന്റെ കുഞ്ഞാട്.” (യോഹന്നാൻ 1:36) ഇതു കേൾക്കുമ്പോൾ സ്നാപകയോഹന്നാന്റെ ആ ശിഷ്യന്മാർ രണ്ടുപേരും യേശുവിനെ അനുഗമിക്കുന്നു. ഒരാളുടെ പേര് അന്ത്രയോസ് എന്നാണ്. മറ്റേയാൾ ഈ സംഭവം രേഖപ്പെടുത്തിയ അതേ വ്യക്തിയായിരിക്കണം. അദ്ദേഹത്തിന്റെ പേരും യോഹന്നാൻ എന്നാണ്. ഈ യോഹന്നാൻ യേശുവിന്റെ ഒരു ബന്ധുവാണെന്നു തോന്നുന്നു. കാരണം ശലോമയുടെ മകനാണ് അദ്ദേഹം. സാധ്യതയനുസരിച്ച് ശലോമ മറിയയുടെ സഹോദരിയാണ്. സെബെദിയാണ് ശലോമയുടെ ഭർത്താവ്.
യേശു തിരിഞ്ഞ് നോക്കുമ്പോൾ അന്ത്രയോസും യോഹന്നാനും പിന്നാലെ വരുന്നതു കാണുന്നു. യേശു അവരോട് “നിങ്ങൾക്ക് എന്താണു വേണ്ടത്” എന്നു ചോദിക്കുന്നു.
“റബ്ബീ, അങ്ങ് എവിടെയാണു താമസിക്കുന്നത്” എന്ന് അവർ ചോദിക്കുന്നു.
“എന്റെകൂടെ വരൂ, കാണാമല്ലോ” എന്ന് യേശു മറുപടി പറയുന്നു.—യോഹന്നാൻ 1:37-39.
വൈകുന്നേരം ഏതാണ്ട് നാലു മണിയോടെയാണ് ഇതു നടക്കുന്നത്. അതിനു ശേഷം അവർ അന്ന് യേശുവിന്റെകൂടെത്തന്നെയുണ്ടായിരുന്നു. വലിയ ആവേശത്തിലായിരുന്ന അന്ത്രയോസ് അതിനിടെ തന്റെ സഹോദരനായ ശിമോനെ (പത്രോസ് എന്നും വിളിക്കുന്നു) കണ്ടുപിടിച്ച് “ഞങ്ങൾ മിശിഹയെ കണ്ടെത്തി” എന്നു പറയുന്നു. (യോഹന്നാൻ 1:41) അന്ത്രയോസ് പത്രോസിനെ യേശുവിന്റെ അടുത്തേക്കു കൂട്ടിക്കൊണ്ടു വരുന്നു. പിന്നീടുള്ള സംഭവങ്ങൾ കാണിക്കുന്നത് യോഹന്നാനും തന്റെ സഹോദരനായ യാക്കോബിനെ കണ്ടുപിടിച്ച് യേശുവിന്റെ അടുത്തേക്ക് കൊണ്ടുവന്നു എന്നാണ്. പക്ഷേ യോഹന്നാൻ സംഭവങ്ങൾ രേഖപ്പെടുത്തുമ്പോൾ വ്യക്തിപരമായ ഈ കാര്യം ഉൾപ്പെടുത്തുന്നില്ല.
അടുത്ത ദിവസം യേശു ഫിലിപ്പോസിനെ കാണുന്നു. ഗലീലക്കടലിന്റെ വടക്കേ തീരത്തിന് അടുത്തുള്ള ബേത്ത്സയിദയിൽനിന്നുള്ള ആളാണ് അദ്ദേഹം. അന്ത്രയോസിന്റെയും പത്രോസിന്റെയും നാടും അതുതന്നെയാണ്. യേശു ഫിലിപ്പോസിനോട് “എന്നെ അനുഗമിക്കുക” എന്നു പറയുന്നു.—യോഹന്നാൻ 1:43.
ഫിലിപ്പോസ് ചെന്ന് നഥനയേലിനെ കണ്ടുപിടിക്കുന്നു. അദ്ദേഹത്തിന് ബർത്തൊലൊമായി എന്നും പേരുണ്ട്. ഫിലിപ്പോസ് പറയുന്നു: “മോശയുടെ നിയമത്തിലും പ്രവാചകപുസ്തകങ്ങളിലും എഴുതിയിരിക്കുന്നയാളെ ഞങ്ങൾ കണ്ടെത്തി. യോസേഫിന്റെ മകനായ, നസറെത്തിൽനിന്നുള്ള യേശുവാണ് അത്.” നഥനയേലിനു വിശ്വാസമാകുന്നില്ല. അദ്ദേഹം പറയുന്നു: “അതിന്, നസറെത്തിൽനിന്ന് എന്തു നന്മ വരാനാണ്?”
“നേരിട്ട് വന്ന് കാണൂ,” ഫിലിപ്പോസ് നിർബന്ധിക്കുന്നു. നഥനയേൽ വരുന്നതു കാണുമ്പോൾ യേശു പറയുന്നു: “ഇതാ, ഒരു കാപട്യവുമില്ലാത്ത തനി ഇസ്രായേല്യൻ.”
“അങ്ങയ്ക്ക് എന്നെ എങ്ങനെ അറിയാം” എന്നു നഥനയേൽ ചോദിക്കുന്നു.
“ഫിലിപ്പോസ് നിന്നെ വിളിക്കുന്നതിനു മുമ്പ്, നീ ആ അത്തിയുടെ ചുവട്ടിലായിരിക്കുമ്പോൾത്തന്നെ ഞാൻ നിന്നെ കണ്ടു” എന്ന് യേശു മറുപടി പറയുന്നു.
അത്ഭുതം അടക്കാനാകാതെ നഥനയേൽ പറയുന്നു: “റബ്ബീ, അങ്ങ് ദൈവപുത്രനാണ്, ഇസ്രായേലിന്റെ രാജാവ്.”
“അത്തിയുടെ ചുവട്ടിൽ ഞാൻ നിന്നെ കണ്ടു എന്നു പറഞ്ഞതുകൊണ്ടാണോ നീ വിശ്വസിക്കുന്നത്? ഇതിനെക്കാളെല്ലാം വലിയ കാര്യങ്ങൾ നീ കാണും” എന്ന് യേശു പറയുന്നു. എന്നിട്ട് ഇങ്ങനെ വാഗ്ദാനം ചെയ്യുന്നു: “ആകാശം തുറന്നിരിക്കുന്നതും ദൈവദൂതന്മാർ അവിടേക്കു കയറിപ്പോകുന്നതും മനുഷ്യപുത്രന്റെ അടുത്തേക്ക് ഇറങ്ങിവരുന്നതും നിങ്ങൾ കാണും എന്നു സത്യംസത്യമായി ഞാൻ പറയുന്നു.”—യോഹന്നാൻ 1:45-51.
ഇതു കഴിഞ്ഞ് ഉടനെതന്നെ യേശു യോർദാൻ താഴ്വര വിട്ട് പുതിയ ശിഷ്യന്മാരുമായി ഗലീലയിലേക്കു പോകുന്നു.