പ്രവചനം 2. ഭക്ഷ്യക്ഷാമം
പ്രവചനം 2. ഭക്ഷ്യക്ഷാമം
‘ഭക്ഷ്യക്ഷാമങ്ങൾ ഉണ്ടാകും.’—മർക്കോസ് 13:8.
● നൈജറിലുള്ള ക്വാർടേജ് എന്ന ഗ്രാമത്തിൽ ഒരാൾ അഭയം തേടി വന്നു. അദ്ദേഹത്തിന്റെ ബന്ധുക്കളും കൂടപ്പിറപ്പുകളും എല്ലാം ആ രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽനിന്ന് ദാരിദ്ര്യം മൂലം ഈ ഗ്രാമത്തിലേക്ക് കുടിയേറിയവരാണ്. എല്ലാവരും കൂടെത്തന്നെയുണ്ടെങ്കിലും അദ്ദേഹം ഒറ്റയ്ക്ക് വീടിനു വെളിയിൽ കിടക്കുകയാണ്. കാരണം എന്താണ്? “കുടുംബത്തെ പോറ്റാൻ അയാൾക്കു കഴിയുന്നില്ല, അവരുടെ മുഖത്ത് നോക്കാനും പറ്റുന്നില്ല,” ഗ്രാമത്തലവനായ സിദി പറഞ്ഞു.
കണക്കുകൾ കാണിക്കുന്നത്: ലോകമെങ്ങും ഏതാണ്ട് ഏഴിൽ ഒരാൾക്ക് ദിവസവും ആവശ്യത്തിന് ഭക്ഷണം കിട്ടുന്നില്ല. ആഫ്രിക്കയിലെ സഹാറയ്ക്ക് തെക്കുള്ള രാജ്യങ്ങളിലെ സ്ഥിതി ഇതിലും ദയനീയമാണ്! അവിടെ മൂന്നിൽ ഒരാൾ എന്നും പട്ടിണിയിലാണ്. ഇതു മനസ്സിലാക്കാൻ അച്ഛനും അമ്മയും ഒരു കുട്ടിയും ഉള്ള കുടുംബത്തെ മനസ്സിൽ കാണുക. ആ വീട്ടിൽ രണ്ടു പേർക്ക് കഴിക്കാനുള്ള ഭക്ഷണമേ ആകെ ഉള്ളൂ. ആര് പട്ടിണി കിടക്കും? അച്ഛനോ അമ്മയോ അതോ കുട്ടിയോ? എല്ലാ ദിവസവും ഇതൊക്കെ തന്നെയാണ് അവിടത്തെ കുടുംബങ്ങളുടെ അവസ്ഥ.
പൊതുവേ പറയാറുള്ളത്: വേണ്ടതിലധികം ഭക്ഷ്യസാധനങ്ങൾ ഇന്ന് ഭൂമിയിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് എല്ലാവർക്കും കിട്ടുന്ന വിധത്തിൽ വീതിച്ചു കൊടുത്താൽ മതിയാകും.
വസ്തുത എന്താണ്? അത് ശരിയാണ്. ഇന്ന് കൃഷിക്കാർക്ക് മുമ്പെന്നത്തെക്കാളും ഭക്ഷണസാധനങ്ങൾ ഉത്പാദിപ്പിക്കാനും മറ്റു സ്ഥലങ്ങളിലേക്ക് അയയ്ക്കാനും കഴിയും. മനുഷ്യന്റെ വിശപ്പകറ്റാൻ ഗവൺമെന്റുകൾ ഒരു കാര്യം ചെയ്താൽ മതി. ഭക്ഷണസാധനങ്ങൾ ശരിയായ വിധത്തിൽ കൈകാര്യം ചെയ്യുക. വർഷങ്ങളായി ഗവൺമെന്റുകൾ ഇതിനുവേണ്ടി ശ്രമിക്കുന്നുണ്ടെങ്കിലും അവർക്ക് ഈ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.
നിങ്ങൾക്ക് എന്ത് തോന്നുന്നു? മർക്കോസ് 13:8-ലെ പ്രവചനം ഇപ്പോൾ നടക്കുകയാണോ? നമ്മൾ ഇന്ന് സാങ്കേതികമായി വളരെ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും എന്തുകൊണ്ടാണ് ലോകമെങ്ങും ഭക്ഷ്യക്ഷാമം തുടരുന്നത്?
ഭൂകമ്പങ്ങളും ഭക്ഷ്യക്ഷാമങ്ങളും അവസാനനാളുകളുടെ മറ്റൊരു പ്രശ്നത്തിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. അത് എന്താണ്?
[ആകർഷകവാക്യം]
“ഇന്ന് ലോകത്തിൽ ധാരാളം കുട്ടികൾ ന്യുമോണിയയും വയറിളക്കവും മറ്റു രോഗങ്ങളും വന്ന് മരിക്കുന്നുണ്ട്. പോഷകാഹാരക്കുറവു കാരണമാണ് അതിൽ മൂന്നിലൊന്നിൽ കൂടുതൽ കുട്ടികളും മരിക്കുന്നത്.”—ആൻ എം. വെൻമാൻ, യു.എൻ. ശിശുക്ഷേമ ഫണ്ടിന്റെ മുൻ എക്സിക്യൂട്ടിവ് ഡയറക്ടർ.
[ചിത്രങ്ങൾക്ക് കടപ്പാട്]
© Paul Lowe/Panos Pictures