ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
“പിന്നെ ഞാൻ ലോകം നന്നാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല”
ജനനം: 1966
രാജ്യം: ഫിൻലൻഡ്
ചരിത്രം: സാമൂഹികപ്രവർത്തകൻ
എന്റെ പഴയ കാലം:
കുട്ടിക്കാലം മുതലേ ഞാനൊരു പ്രകൃതിസ്നേഹിയായിരുന്നു. ഫിൻലൻഡിന്റെ മധ്യഭാഗത്തുള്ള ജ്യൂവാസ്ക്യൂലാ എന്ന പട്ടണത്തിലാണു ഞാൻ താമസിച്ചിരുന്നത്. അതിനു ചുറ്റും മനോഹരമായ കാടുകളും കണ്ണിനു കുളിർമയേകുന്ന തടാകങ്ങളും ഉണ്ടായിരുന്നു. ഞങ്ങൾ കുടുംബം ഒരുമിച്ച് അവിടെയൊക്കെ ഇടയ്ക്കു പോകാറുണ്ട്. ഞാൻ ഒരു പ്രകൃതിസ്നേഹി മാത്രമല്ല, മൃഗസ്നേഹികൂടി ആയിരുന്നു. കുഞ്ഞായിരിക്കുമ്പോൾ ഏതെങ്കിലും പൂച്ചയെയോ നായയെയോ കണ്ടാൽ എനിക്ക് അതിനെ കെട്ടിപ്പിടിക്കാനും ഉമ്മകൊടുക്കാനും എന്തു കൊതിയായിരുന്നെന്നോ! വലുതായിക്കഴിഞ്ഞപ്പോൾ ആളുകൾ മൃഗങ്ങളെയൊക്കെ ഉപദ്രവിക്കുന്നതു കാണുമ്പോൾ എനിക്കു വലിയ ദേഷ്യവും സങ്കടവും തോന്നുമായിരുന്നു. പിന്നീട്, മൃഗങ്ങളുടെ അവകാശങ്ങളൊക്കെ സംരക്ഷിക്കുന്ന ഒരു സംഘടനയിൽ ഞാൻ ചേർന്നു. അവിടെ, എന്നെപ്പോലെ മൃഗങ്ങളെ സ്നേഹിക്കുന്ന ധാരാളം പേർ ഉണ്ടായിരുന്നു.
മൃഗങ്ങളോട് ചെയ്യുന്ന ക്രൂരതയ്ക്കെതിരെ ഞങ്ങൾ ഒരുമിച്ച് പോരാടി. രോമം കച്ചവടം ചെയ്യുന്ന കടകൾക്ക് എതിരെയും മൃഗങ്ങളെ പരീക്ഷണവിധേയമാക്കുന്ന ലാബുകൾക്ക് എതിരെയും ഞങ്ങൾ പ്രതിഷേധജാഥകളും സമരങ്ങളും നടത്തുമായിരുന്നു. മൃഗങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി പുതിയൊരു സംഘടനതന്നെ ഞങ്ങൾ ഉണ്ടാക്കി. ഞങ്ങൾ ഞങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കിയപ്പോൾ അധികാരികളുമായി മിക്കപ്പോഴും കശപിശകൾ ഉണ്ടായി. എന്നെ പല പ്രാവശ്യം അറസ്റ്റു ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.
മൃഗങ്ങളുടെ കാര്യം മാത്രമല്ല, ലോകത്തു നടക്കുന്ന മറ്റു പല പ്രശ്നങ്ങളും എന്റെ ഉറക്കം കെടുത്തി. ഞാൻ ഒരുപാട് സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, മനുഷ്യാവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ആംനസ്റ്റി ഇന്റർനാഷണൽ, പരിസ്ഥിതി പ്രവർത്തനങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന ഗ്രീൻപീസ് എന്നതുപോലുള്ള സംഘടനകളിൽ. എന്റെ ജീവിതംതന്നെ ഈ പ്രവർത്തനങ്ങൾക്കുവേണ്ടി ഞാൻ മാറ്റിവെച്ചു. പാവപ്പെട്ടവർക്കും പട്ടിണിക്കാർക്കും വേണ്ടി ഞാൻ ശക്തമായി വാദിച്ചു.
ഞാൻ ഇങ്ങനെ ഓടിനടന്നിട്ട് ലോകം ഒന്നും നന്നാകാൻ പോകുന്നില്ലെന്നു പയ്യെപ്പയ്യെ ഞാൻ മനസ്സിലാക്കി. സംഘടനകൾ ചെറിയചെറിയ പ്രശ്നങ്ങൾ ശരിയാക്കുന്നുണ്ടെങ്കിലും വലിയ പ്രശ്നങ്ങൾ അപ്പോഴും വഷളായിക്കൊണ്ടിരിക്കുകയായിരുന്നു. തിന്മ ലോകത്തെ കീഴടക്കുകയാണെന്നും ആർക്കും ഇതെക്കുറിച്ച് ഒരു ചിന്തയും ഇല്ലെന്നും എനിക്കു തോന്നി. ഒന്നും ചെയ്യാനാകാതെ ഞാൻ പകച്ചുനിന്നു.
ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു:
എന്നെക്കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ലെന്നു മനസ്സിലായപ്പോൾ ഞാൻ ദൈവത്തെക്കുറിച്ചും ബൈബിളിനെക്കുറിച്ചും ഒക്കെ ചിന്തിക്കാൻ തുടങ്ങി. ഞാൻ മുമ്പ് യഹോവയുടെ സാക്ഷികളുടെ ഒപ്പം ബൈബിൾ പഠിച്ചിരുന്നതാണ്. സാക്ഷികൾ എന്നോടു കാണിക്കുന്ന സ്നേഹവും ദയയും ഒക്കെ എനിക്കു വലിയ ഇഷ്ടമായിരുന്നു. പക്ഷേ എന്റെ ജീവിതത്തിൽ മാറ്റം വരുത്താൻ ഞാൻ തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോൾ ഞാൻ മാറി ചിന്തിക്കാൻ തുടങ്ങി.
ബൈബിൾ എടുത്ത് വായിക്കാൻ തുടങ്ങിയത് എന്നെ ശരിക്കും ആശ്വസിപ്പിച്ചു. മൃഗങ്ങളോടു ദയ കാണിക്കണമെന്നു പറയുന്ന പല ബൈബിൾവാക്യങ്ങളും ഞാൻ കണ്ടു. ഉദാഹരണത്തിന്, സുഭാഷിതങ്ങൾ 12:10-ൽ ഇങ്ങനെ പറയുന്നു: “നീതിമാൻ തന്റെ വളർത്തുമൃഗങ്ങളെ നന്നായി നോക്കുന്നു.” ലോകത്തിലെ പ്രശ്നങ്ങൾക്കു കാരണക്കാരൻ ദൈവമല്ലെന്നും മിക്കയാളുകളും ദൈവം പറയുന്നത് അനുസരിക്കാത്തതുകൊണ്ടാണു പ്രശ്നം ഇത്രയും വഷളാകുന്നതെന്നും ഞാൻ മനസ്സിലാക്കി. മനുഷ്യരോടുള്ള യഹോവയുടെ സ്നേഹത്തെക്കുറിച്ചും കരുണയെക്കുറിച്ചും മനസ്സിലാക്കിയത് എന്നെ വല്ലാതെ ആകർഷിച്ചു.—സങ്കീർത്തനം 103:8-14.
ആ സമയത്താണ് ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകം പഠിക്കുന്നതിനുള്ള കൂപ്പൺ എനിക്കു കിട്ടിയത്. ഞാൻ അതു പൂരിപ്പിച്ച് അയച്ചു. അധികം വൈകാതെ, യഹോവയുടെ സാക്ഷികളായ ഒരു ദമ്പതികൾ എന്നെ കാണാൻ വന്നു. ബൈബിൾ പഠിപ്പിക്കാമെന്നു പറഞ്ഞു. ഞാൻ അതു സമ്മതിച്ചു. യഹോവയുടെ സാക്ഷികളുടെ മീറ്റിങ്ങുകൾക്കു പോകാനും തുടങ്ങി. അങ്ങനെ എനിക്ക് ബൈബിൾ പറയുന്ന കാര്യങ്ങൾ ഇഷ്ടമായി.
എനിക്കു ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞു. ബൈബിളാണ് അതിന് എന്നെ സഹായിച്ചത്. പുകവലിയും ലക്കുകെട്ട കുടിയും ഞാൻ ഉപേക്ഷിച്ചു. വൃത്തിയോടും വെടിപ്പോടും കൂടെ നടക്കാനും മാന്യമായി സംസാരിക്കാനും ഞാൻ പഠിച്ചു. അധികാരികളോടുള്ള എന്റെ മനോഭാവത്തിനൊക്കെ മാറ്റം വരുത്തി. (റോമർ 13:1) മുമ്പ് കുത്തഴിഞ്ഞ ജീവിതം നയിക്കുന്നതൊന്നും എനിക്ക് ഒരു പ്രശ്നമല്ലായിരുന്നു. പക്ഷേ അക്കാര്യത്തിലും ഞാൻ മാറ്റം വരുത്തി.
മൃഗസംരക്ഷണ സംഘടനകളിൽനിന്നും മനുഷ്യാവകാശ സംഘടനകളിൽനിന്നും മാറുകയെന്നു പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒട്ടും എളുപ്പമായിരുന്നില്ല. അതിന് എനിക്കു നല്ല ശ്രമം വേണമായിരുന്നു. എനിക്ക് ആദ്യം തോന്നിയത് ‘ഈ സംഘടന വിട്ടാൽ ഞാൻ അവരെയൊക്കെ വഞ്ചിക്കുന്നതുപോലെ ആകില്ലേ’ എന്നാണ്. എന്നാൽ പിന്നീടാണ് ഞാൻ മനസ്സിലാക്കിയത്, ദൈവരാജ്യത്തിനു മാത്രമേ ഈ പ്രശ്നങ്ങൾ എന്നെന്നേക്കുമായി പരിഹരിക്കാൻ കഴിയുകയുള്ളൂ എന്ന്. പിന്നെ അങ്ങോട്ട്, ദൈവരാജ്യത്തിനുവേണ്ടി, മറ്റുള്ളവർ ദൈവരാജ്യത്തെക്കുറിച്ച് അറിയുന്നതിനുവേണ്ടി എന്റെ ഊർജം മുഴുവൻ ഉപയോഗിക്കാൻ ഞാൻ തീരുമാനിച്ചു.—മത്തായി 6:33.
എനിക്കു ലഭിച്ച പ്രയോജനങ്ങൾ:
ഒരു സാമൂഹികപ്രവർത്തകനായിരുന്ന സമയത്ത്, ഞാൻ ആളുകളെ രണ്ടു തരക്കാരായി തിരിച്ചിരുന്നു. നല്ലയാളുകളും ചീത്തയാളുകളും. ചീത്തയാളുകൾക്ക് എതിരെ പ്രവർത്തിക്കാൻപോലും ഞാൻ തയ്യാറായിരുന്നു. ബൈബിൾ പഠിച്ചതുകൊണ്ട്, ഇപ്പോൾ എനിക്ക് ആളുകളോടു പണ്ട് ഉണ്ടായിരുന്നതുപോലെയുള്ള കടുത്ത വിദ്വേഷം ഒന്നും ഇല്ല. യേശു പറഞ്ഞതുപോലെ എല്ലാവരെയും സ്നേഹിക്കാൻ ഞാൻ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. (മത്തായി 5:44) ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത മറ്റുള്ളവരെ അറിയിച്ചുകൊണ്ടും ഞാൻ ആ സ്നേഹം കാണിക്കുന്നു. ഈ നല്ല വേല ആളുകൾക്കു സന്തോഷവും സമാധാനവും ഒക്കെ കൊടുക്കുന്നതു കാണുമ്പോൾ എനിക്കും സന്തോഷം തോന്നുന്നു.
ഞാൻ എല്ലാ കാര്യങ്ങളും യഹോവയ്ക്കു വിട്ടുകൊടുത്തു. അത് എനിക്കു സമാധാനം തന്നു. എല്ലാം സൃഷ്ടിച്ച യഹോവ, മൃഗങ്ങളും മനുഷ്യരും ക്രൂരതയ്ക്ക് ഇരയാകാനോ ഈ ഭൂമി ഇതുപോലെ നശിച്ചുകിടക്കാനോ എന്നേക്കും അനുവദിക്കുകയില്ലെന്ന കാര്യം എനിക്കു ബോധ്യമായി. ഇന്ന് കാണുന്ന പ്രശ്നങ്ങളെല്ലാം ദൈവരാജ്യം പരിഹരിക്കുമെന്ന കാര്യവും എനിക്ക് ഉറപ്പായി. (യശയ്യ 11:1-9) ബൈബിളിൽനിന്ന് ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ എനിക്കു സന്തോഷം തന്നു. ഇതൊക്കെ മനസ്സിലാക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതും എനിക്കു സന്തോഷം തരുന്ന കാര്യമാണ്. പിന്നെ ഞാൻ ലോകം നന്നാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല.